Friday 20 May 2022 03:22 PM IST : By സ്വന്തം ലേഖകൻ

ഇനിയും തോർന്നിട്ടില്ല ആ കണ്ണീർ... സജാദിനെതിരായ ആരോപണങ്ങളിൽ ഉറച്ച് കുടുംബം: കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു

shahana-mom

മോഡൽ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദിനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് കുടുംബം. ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ലെന്നും സജാദിന് മറ്റൊരാളുടെ സഹായം ലഭിച്ചോയെന്ന് സംശയമുണ്ടെന്നും ഷഹാനയുടെ സഹോദരൻ ബിലാൽ പറഞ്ഞു. അതിനിടെ, കേസിൽ അന്വേഷണസംഘം കാസർകോട് ചെറുവത്തൂരിലെത്തി കുടുംബാഗങ്ങളുടെ മൊഴിയെടുത്തു.

കോഴിക്കോട് മെഡിക്കൽ കോളജ് എസിപിയുടെ നേതൃത്വത്തിലുള്ള മൊഴിയെടുപ്പിൽ കുടുംബം സജാദിനെതിരെയുള്ള ആരോപണം ആവർത്തിച്ചു. പല കാര്യങ്ങളിലുള്ള സംശയങ്ങളും ചോദ്യങ്ങളും കുടുംബാംഗങ്ങൾ ഉന്നയിച്ചു.

.ഷഹാനയുടെ മരണത്തിന് കാരണം ആത്മഹത്യയാണെന്ന് അന്തിമ നിഗമനത്തിലേക്ക് എത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് മെഡിക്കൽ കോളജ് എസിപി പറഞ്ഞു. സജാദിന്റെ സുഹൃത്തുക്കളുടെ ഉൾപ്പെടെ ചോദ്യംചെയ്യും. കുടുംബാംഗങ്ങളുടെ മൊഴി എടുത്തതിനാൽ ഇനി റിമാൻഡിൽ കഴിയുന്ന സജാദിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

ഉമ്മ ഉമൈബ, മൂത്ത സഹോദരൻ ബിലാൽ, ഇളയ സഹോദരൻ നദീം എന്നിവരിൽ നിന്നാണ് മൊഴിയെടുത്തിരിക്കുന്നത്. പ്രാഥമികമായി ഷഹാനയുടേത് ആത്മഹത്യ തന്നെയെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. സജാദിൽ നിന്നും ലഭിക്കുന്ന വിവരങ്ങളും ബന്ധുക്കളുടെ പരാതിയും അടിസ്ഥാനമാക്കി വിശദമായ റിപ്പോർട്ട് നൽകാനാണ് പൊലീസ് ശ്രമിക്കുന്നത്. വരുന്ന തിങ്കളാഴ്ച സജാദിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും.

സജ്ജാദും മോഡലായ ഷഹാനയും  ഒന്നര വർഷം മുൻപാണ് വിവാഹിതരായത്. ഒരു തമിഴ് സിനിമയിലും ഷഹാന അഭിനയിച്ചിരുന്നു. രണ്ടു മാസം മുൻപാണ് പറമ്പിൽ ബസാറിനടുത്തുള്ള വീട്ടിൽ വാടകയ്ക്കു താമസം തുടങ്ങിയത്. ഷഹാനയുടെ ജന്മദിനമായ കഴിഞ്ഞ വ്യാഴാഴ്ചയാണ് ദാരുണമായ സംഭവങ്ങൾ അരങ്ങേറിയത് തലേദിവസം രാത്രി ഇരുവരും വഴക്കിടുന്ന ശബ്ദം അയൽവാസികൾ കേട്ടിരുന്നു.പതിനൊന്നരയോടെ നിലവിളി കേട്ട് വീട്ടുടമയും അയൽവാസിയും എത്തിയപ്പോൾ സജ്ജാദിന്റെ മടിയിൽ കിടക്കുന്ന നിലയിലായിരുന്നു ഷഹാന. ഇവർ അറിയിച്ചതു പ്രകാരമാണ് പൊലീസെത്തി ഷഹാനയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ മരിച്ചതായി കണ്ടെത്തിയതിനെ തുടർന്നു ബന്ധുക്കളെ അറിയിക്കുകയും അവരുടെ പരാതിയിൽ സജ്ജാദിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.