Tuesday 20 July 2021 12:51 PM IST : By സ്വന്തം ലേഖകൻ

'റോസ്ലിന്‍ നിന്നോട് മതംമാറാന്‍ ഞാന്‍ പറഞ്ഞില്ലല്ലോ':ഷമ്മിയില്‍ നിന്നും സുലൈമാന്‍ അലിയില്‍ എത്തി നില്‍ക്കുന്ന ആണ്‍ ഫാസിസം: വേറിട്ട നിരീക്ഷണം

deep

സിനിമമുതല്‍ സിനിമ ഡയലോഗ് വരെ ആസ്വാദകനെ രാഷ്ട്രീയമായി സ്വാധീനിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ ചിത്രം മാലിക്ക്. ചിത്രത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ സോഷ്യല്‍ മീഡിയ ഇഴകീറി പരിശോധിക്കുമ്പോള്‍ വേറിട്ട നിരീക്ഷണം പങ്കുവയ്ക്കുകയാണ് ദീപ്ചന്ദ് മായാ പ്രദീപ്. സ്ത്രീകള്‍ക്ക് അത്യാവശ്യം ഫ്രീഡം കൊടുക്കുന്ന ഒരു മോഡേണ്‍ ഫാമിലിയാണ് ഞങ്ങളുടേതെന്ന് പറഞ്ഞ ഷമ്മയില്‍ നിന്നും 'റോസ്ലിന്‍ നിന്നോട് മതം മാറാന്‍ ഞാന്‍ പറഞ്ഞിലല്ലോ എന്ന് പറയുന്ന സുലൈമാന്‍ അലി വരെ എത്തി നില്‍ക്കുന്ന ആണ്‍ ഫാസിസസത്തെ കുറിച്ചാണ് ദീപ്ചന്ദ് കുറിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് ദീപ്ചന്ദ് കുറിപ്പ് പങ്കുവയ്ക്കുന്നത്. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഷമ്മിയിൽ നിന്ന് സുലൈമാൻ അലിയിൽ എത്തിനിൽക്കുന്ന ആൺ ഫാസിസം.

"സ്ത്രീകൾക്ക് അത്യാവിശ്യം ഫ്രീഡം കൊടുക്കുന്ന ഒരു മോഡേൺ ഫാമിലിയാണ് ഞങ്ങളുടേത്."

"റോസ്‌ലിൻ നിന്നോട് മതം മാറാൻ ഞാൻ പറഞ്ഞിലല്ലോ... അത്കൊണ്ട് എന്റെ മകനെ എന്റെ മതത്തിൽ വളർത്തണം."

ഒന്ന് തിയറിയും മറ്റേത് അതിന്റെ ആപ്ലിക്കേഷനും ആയിട്ടാണ് ഈ ഡയലോഗ് കേട്ടപ്പോൾ തോന്നിയത്.

ഷമ്മി പറയുമ്പോൾ തമാശ രൂപേണ ചിരിച്ചു കളയുന്നു ഈ സംഭാഷണം നമ്മുടെ വീടുകളിൽ നടക്കുന്ന നോർമലൈസ് ചെയ്യപ്പെട്ട സ്ത്രീവിരുദ്ധതയുടെ നേർസാക്ഷ്യം മാത്രമാണ്.

ഇതിൽ നിന്ന് ഒട്ടും വിപരീതമല്ല സുലൈമാൻ അലിയും. മതം എന്ന ഒരു മനുഷ്യന്റെ ഏറ്റവും സ്വകാര്യമായ തീരുമാനം പോലും എന്റെ മനസിന്റെ വലുപ്പം കൊണ്ടു ഞാൻ നിനക്ക് ദാനം തരുന്നു എന്നാണ് ഈ നായകൻ പറയുന്നത്. അതിനു പകരം അയാൾ ചോദിക്കുന്നത് സ്വന്തം മകന്റെ അസ്‌തിത്വമാണ്. അമ്മയ്ക്കു കൂടി തുല്യമായി അവകാശപെട്ട സ്വന്തം മകന്റെ അസ്‌തിത്വം പിടിച്ചടക്കുകയാണ് ഈ നായകൻ.

സമൂഹത്തിലെ സ്ത്രീ വിരുദ്ധതയുടെ വളരെ നിസ്സാരമായ ഉദാഹരണമാണ് നമ്മൾ ശ്രദ്ധിക്കുക പോലും ചെയ്യാതെ നമ്മളെ കടന്നു പോകുന്ന ഈ സംഭാഷണങ്ങൾ. അത് തികച്ചും നോർമൽ ആയി തോന്നിയത് നമ്മളും അതിന്റെ ഭാഗമായിപോയത്കൊണ്ടാണ്. ഒരു മനുഷ്യന്റെ ജന്മവകാശങ്ങൾ പോലും വളരെ ഉദാരമനസോടെ സ്ത്രീയിക്ക്

കോടുക്കുന്നതായി കാണിച്ചിട്ട് അതിന്റെ പേരിൽ പ്രതിഫലം ചോദിക്കുന്ന നിലവാരം കുറഞ്ഞ വെറും കച്ചവടക്കാരൻ മാത്രമായി പോകുന്നു ഇതിലൂടെ ആണുങ്ങൾ.

ഞാൻ അവൾക് നല്ല ഫ്രീഡം കൊടുക്കാറുണ്ട്... ഞാൻ അവളുടെ ഒരു ആഗ്രഹത്തിനും എതിര് നിലക്കാറില്ല... ഈ വചനങ്ങൾ ഒക്കെ പുരോഗമന വാദികൾ എന്ന് സ്വയം വിചാരിക്കുന്നവർ പോലും സർവ സാധാരണമായി ഉപയോഗിക്കാറുണ്ട്. ഭരണഘടന അംഗീകരിച്ചു നൽകിയിട്ടുള്ള അവകാശങ്ങൾ പോലും എന്റെ വിശാല മനസുകൊണ്ട് ഞാൻ നൽകുന്നതാണെന്നു കാണിക്കാനുള്ള മെയിൽ ഈഗോ മാത്രമാണ് ഈ വാചകങ്ങളിൽ കാണുന്നത്. ജന്മവകാശങ്ങൾ പോലും ഇരന്നു വാങ്ങേണ്ട അവസ്ഥയിൽ മാത്രമല്ല, അത് മനസിലാവാത്തവിധം നോർമലൈസ് ചെയ്യപ്പെട്ട ആൺ ഫാസിസത്തിന്റെ ചട്ടകൂടിലാണ് ഇന്ന് സ്ത്രീ എത്തി നില്കുന്നത്.

സ്വാതന്ത്രമില്ലായ്മയെ സ്വാതന്ത്രമായി തെറ്റിദ്ധരിച് അത് അഭിമാനത്തോടെ വിളിച്ചു പറയുന്ന സ്ത്രീകളെയും സമൂഹത്തിൽ കാണാം. എന്റെ ഭർത്താവ് എനിക്ക് "ആവിശ്യത്തിന് " ഫ്രീഡം തരുന്നുണ്ട് എന്നൊക്കെ ഭർത്താവിന്റെ മഹിമയായി വിളിച്ചു പറയുന്ന സ്ത്രീകളും നമുക്ക് ചുറ്റുമുണ്ട് . "എന്റെ ഇക്ക എനിക്ക് വെച്ച റൂൾസ്‌ & റെഗുലേഷൻസ് " എന്ന ഒരു പ്രമുഖ ബ്ലോഗിൽ ഒരു സ്ത്രീ സ്വന്തം അടിമത്വത്തെ ആഘോഷമാക്കുന്നതും അടുത്തിടെ കാണാനായി.

നമ്മൾ വെറുപ്പോടെ കാണുന്ന ഷമ്മിയിൽ നിന്ന് ആരാധിക്കുന്ന സുലൈമാനിലേക് വരുമ്പോഴും പുരുഷാധിപത്യത്തിന് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. അത് മനസിലാവുന്ന നിലയിലേക് എല്ലാ സ്ത്രീകളും വളരേണ്ടിയിരിക്കുന്നു. അവകാശങ്ങൾക്കായുള്ള പോരാട്ടത്തിന്റെ തുടക്കമായ അവകാശനിഷേധത്തിന്റെ തിരിച്ചറിവുകളിലേക് സമൂഹത്തിന്റെ കാഴ്ചകൾ എത്തും എന്ന പ്രതീക്ഷയോടെ ഇനിയും തുടങ്ങേണ്ട ആ മാറ്റത്തിനായി കാത്തിരിക്കുന്നു

-ദീപ്ചന്ദ് മായ പ്രദീപ്‌.