Saturday 05 November 2022 11:43 AM IST : By സ്വന്തം ലേഖകൻ

സീൽ ചെയ്ത ഗ്രീഷ്മയുടെ വീട്ടിൽ അജ്ഞാതൻ! പൂട്ടുപൊളിച്ച നിലയിൽ‌: തെളിവു നശിപ്പിക്കാന്‍ ശ്രമം

greeshma-home

ഷാരോൺ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുന്നതിനെ നാടകീയ രംഗങ്ങൾ. കാമുകന് കഷായത്തിൽ കളനാശിനി ചേർത്തു നൽകി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ വീടിന്റെ പൂട്ടു പൊളിച്ച നിലയിൽ. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരുമായി തെളിവെടുപ്പു നടത്തിയ ശേഷം പൊലീസ് സീൽ ചെയ്ത വീടിന്റെ പൂട്ടാണ് പൊളിച്ചത്. ഷാരോൺ രാജ് കൊലപാതകവുമായി ബന്ധപ്പെട്ട് ഗ്രീഷ്മയുമായി തെളിവെടുപ്പു നടത്താനിരിക്കെയാണ് വീടിന്റെ പൂട്ടു പൊളിച്ച നിലയിൽ കണ്ടെത്തിയത്. പാറശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയുടെ ഭാഗമായ രാമവർമൻചിറ പുപ്പള്ളികോണത്താണ് ശ്രീ നിലയം എന്ന കുറ്റകൃത്യം നടന്ന ഗ്രീഷ്മയുടെ വീട്. ഷാരോണിന്റെ മരണത്തിൽ ഗ്രീഷ്മയുടെ പങ്ക് തെളി‍ഞ്ഞതിനു പിന്നാലെ കഴിഞ്ഞ ദിവസം രാത്രി വീടിനു നേർക്ക് കല്ലേറുണ്ടായിയിരുന്നു. ഞായർ രാത്രി രണ്ടു മണിയോടെ ആണ് അക്രമം നടന്നത്. കല്ലേറിൽ മുൻവശത്തെ ഏതാനും ജനൽ ചില്ലുകൾ തകർന്നു.

ഗ്രീഷ്മയെയും മാതാപിതാക്കളേയും ചോദ്യം ചെയ്യലിനു വിളിച്ചതിനാൽ അന്ന് വീട്ടിൽ ആളുണ്ടായിരുന്നില്ല. ബൈക്കിൽ എത്തിയ രണ്ടു പേരാണ് കല്ലെറിഞ്ഞത്. ശബ്ദം കേട്ട് സമീപവാസികൾ ഉണർന്ന് നോക്കുമ്പോൾ രണ്ട് പേർ കടന്നു പോകുന്നതായി കണ്ടിരുന്നു.

ഷാരോൺ വധക്കേസ് പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കഴിഞ്ഞ ദിവസം തുടങ്ങി. കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ മാതാവ് സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരുടെ ജാമ്യാപേക്ഷ ഇന്നലെ നെയ്യാറ്റിൻകര മജിസ്ട്രേട്ട് കോടതി നമ്പർ രണ്ടിൽ ആണ് ആരംഭിച്ചത്. ഇരു പ്രതികൾക്കും വധത്തിൽ പങ്കില്ലെന്നും തെളിവ് നശിപ്പിച്ചു എന്നതിനാണ് പെ‍ാലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അതിനാൽ ജാമ്യം അനുവദിക്കണം എന്നും പ്രതിഭാഗം വാദിച്ചു. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ദാരുണമായ കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനു കസ്റ്റഡി അപേക്ഷ ക്രൈംബ്രാഞ്ച് നൽകിയതിനാൽ ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കുമ്പോൾ വിശദമായ വാദം കേൾക്കാം എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.