Tuesday 19 July 2022 05:04 PM IST

പാറയിൽ വിത്തുവിതച്ച് വിജയം കൊയ്തവൾ... പ്രതിസന്ധികൾ മറികടന്ന് ശ്രീവിദ്യയുടെ നൂറുമേനി: കാർഷിക വിജയഗാഥ

Tency Jacob

Sub Editor

sreevidya-farmer

അവരവർക്കു വേണ്ടത് സ്വയം കൃഷി ചെയ്തുണ്ടാക്കണം.’ എന്ന് അച്ഛൻ കുട്ടിക്കാലത്തേ എന്റെയുള്ളിൽ ഇട്ടു തന്ന വിത്താണ്. അവസരം കിട്ടിയപ്പോൾ അതു വിതച്ചു എന്നേയുള്ളൂ.’’ കേരള സർക്കാരിന്റെ 2021 ലെ യുവ കർഷക പുരസ്ക്കാരം നേടിയ കാസർകോട് കൊളത്തൂർ ബറോട്ടിയിൽ എം. ശ്രീവിദ്യ ചെങ്കൽപ്പാറയിൽ നിന്നു വിളവെടുത്ത കൃഷിക്കാരിയാണ്. സ്വന്തമായുള്ള ഭൂമിയിൽ ഒരു തുണ്ടു പോലും പാഴാക്കാതെയുള്ള അധ്വാനം.

‘‘എന്റെ കല്യാണത്തിന്റെ സമയത്താണ് ഞങ്ങളുടെ വീട്ടിൽ വൈദ്യുത കണക്‌ഷൻ ലഭിക്കുന്നത്. ഏകദേശം ആ സമയത്തു തന്നെയാണ് 28 കോൽ ആഴമുള്ള കിണർ കുഴിക്കുന്നതും. അതുവരെ വേനൽക്കാലത്ത് ഒന്നര കിലോമീറ്റർ ദൂരെ നിന്നു വെള്ളം കൊണ്ടുവന്നാണ് കൃഷിയിടം നനച്ചിരുന്നത്. ഭർത്താവ് എം. രാധാകൃഷ്ണന് ദുബായിലാണ് ജോലി. മകൾ രേവതി കൃഷ്ണ, മകൻ ശിവ നന്ദു. ദുബായിൽ താമസിച്ചിരുന്ന കാലത്ത് നാട്ടിൽ നിന്നു വിത്തു കൊണ്ടുപോയി അവിടെയും കൃഷി ചെയ്തിരുന്നു ഞാൻ. പിന്നീട് തിരിച്ചു വന്ന് 2009 ൽ അക്കൗണ്ടന്റായി ജോലിക്കു കയറി. 2015ലാണ് ഞങ്ങൾ ഇവിടെ വീടു വയ്ക്കുന്നത്.

ഭാഗം കിട്ടിയതും വാങ്ങിയതുമൊക്കെയായി അഞ്ച് ഏ ക്കർ ഭൂമിയുണ്ട്. പാറയാണ് പറമ്പു നിറയെ. കൃഷി ചെയ്യാൻ പറ്റാത്തതുകൊണ്ട് ആടു വളർത്തൽ തുടങ്ങാം എന്ന ധാരണയിൽ 50 ആടുകളെ വാങ്ങി. ആ സമയത്തു തന്നെയാണ് ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നു മത്സരസമ്മാനമായി കുറച്ച് രൂപ കിട്ടിയത്. ആ പൈസക്ക് പറമ്പില്‍ നിറയെ മണ്ണ് അടിച്ചു. പിന്നീട് പണം കൂട്ടി വച്ച് കുഴൽകിണർ കുത്തി, 100 നേന്ത്രവാഴ നട്ടു. നിറയെ പച്ചക്കറിയും. കുഴി എടുക്കാൻ മാത്രമാണ് ആളെ കൂട്ടിയത്. ബാക്കി പണികളൊക്കെ ജോലി കഴിഞ്ഞു വന്നു രാത്രി ചെയ്യും. വെളിച്ചം കിട്ടാൻ എമർജൻസി ലാംപുമായാണ് പറമ്പിലേക്കു പോകുക.

പെട്ടെന്നാണ് ആടുകൾ എന്തോ അസുഖം വന്നു ചാകാൻ തുടങ്ങിയത്. പശുവിനും അങ്ങനെ സംഭവിച്ചു. ഒരു ലക്ഷം രൂപ ലോണെടുത്തിരുന്നു. നഷ്ടം വന്നപ്പോൾ അതു വീട്ടാൻ ഭർത്താവ് തിരിച്ചു ദുബായിലേക്കു പോയി. പശുവിനു വേണ്ടി തീറ്റപ്പുൽ നട്ടിടത്ത് ഞാൻ തെങ്ങ്, വാഴ, കപ്പ, ചേമ്പ് തുടങ്ങി എല്ലാ പച്ചക്കറികളും നട്ടു. മഴമറ ഉണ്ടാക്കി ഗ്രോ ബാഗ് വച്ചും പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്.

ഓരോ വർഷവും വിള മാറ്റും. ഒരിക്കൽ, റെഡ് ലേഡി പപ്പായയാണ് നട്ടത്. അതിൽ നല്ല ലാഭം കിട്ടി. ശരിക്കു പറഞ്ഞാൽ 50 പപ്പായ ഉണ്ടെങ്കിൽ ഒരു കുടുംബത്തിന്റെ ചെലവുകൾ നടക്കും. പാഷൻ ഫ്രൂട്ടും നല്ല വരുമാന മാർഗം തന്നെയാണ്.

പ്രതിസന്ധികൾ മറികടന്ന്

ഇലക്ട്രിസിറ്റി സിംഗിൾ ലൈനായതു കൊണ്ടു ഇവിടെ വോൾട്ടേജ് പ്രശ്നമുണ്ട്. പകലൊന്നും വെള്ളത്തിനു വേണ്ടി മോട്ടർ അടിക്കാൻ പറ്റില്ല. നന രാത്രിയാക്കിയാണ് ആ പ്രതിസന്ധി മറികടന്നത്. രാത്രി പത്തരയ്ക്ക് തുടങ്ങുന്ന നന തീരുമ്പോൾ പാതിര കഴിയും.

മീൻകുളവും അക്വാപോണിക്സും ഉണ്ടാക്കിയപ്പോൾ ഞാനതിന്റെ വിഡിയോ വാട്സാപ്പിൽ പങ്കുവച്ചിരുന്നു. അ തു കാസർകോട് ഡപ്യൂട്ടി ഡയറക്ടർ വീണ മാഡം കണ്ടു.അവർ കൃഷി ഓഫിസർമാരെയെല്ലാം കൂട്ടി ഒരു ദിവസം കൃഷിയിടം കാണാൻ വന്നു. 2019ലെ മികച്ച കർഷകയ്ക്കുള്ള പഞ്ചായത്ത് അവാർഡ് കിട്ടി.

ലോക്ഡൗൺ സമയത്താണ് വീണ്ടും പശു, ആട്, കോ ഴി, മുയൽ എന്നിവയെ വാങ്ങുന്നത്. പിന്നെ, ഒന്നൊന്നര പണിയാണ് ചെയ്തു തീർത്തത്.

പാറയിൽ മണ്ണിട്ട് നെൽകൃഷി ചെയ്തു. 120 തരം പ ഴങ്ങളുണ്ട് ഇപ്പോൾ എന്റെ കൃഷിയിടത്തിൽ. ആ സമയത്തു തന്നെയാണ് സർക്കാർ കർഷക അവാർഡിനു ക്ഷണിച്ചത്. പഞ്ചായത്തിൽ നിന്നു പറഞ്ഞതനുസരിച്ചു അപേക്ഷ കൊടുത്തു. ‘‘എന്റെ കൂടെ പഠിച്ചവരെല്ലാം ഉയർന്ന ജോലിയിൽ കയറി. ഞാൻ പിഎസ്‍സി എഴുതി നോക്കിയെങ്കിലും കിട്ടിയില്ല. കൂട്ടുകാരി ഒരിക്കൽ ആശ്വസിപ്പിച്ചു.‘നല്ല കൃഷിക്കാരിയാകുക എല്ലാവർക്കും കഴിയുന്നതല്ലല്ലോ.’ അവാർഡ് കൂടി കിട്ടിയപ്പോൾ സന്തോഷമായി.

ചെറിയൊരു അടുക്കളത്തോട്ടം ഉണ്ടാക്കാൻ ദിവസവും അര മണിക്കൂർ ചെലവഴിച്ചാൽ മതി. തുടർച്ചയായി വിളവു ലഭിക്കണമെന്നുണ്ടെങ്കിൽ ഒരു പച്ചക്കറി തൈ നട്ടു അതിന്റെ വിളവെടുത്തു കഴിയാൻ നോക്കി നിൽക്കരുത്. അതു പൂവിടാൻ തുടങ്ങുമ്പോൾ തന്നെ അടുത്ത സെറ്റ് നടാം.

തുള്ളി നനയാണ് നല്ലത്. വെള്ളം പാഴാകുന്നത് കുറയ്ക്കാം. അതാകുമ്പോൾ ചെടിക്ക് ആവശ്യമായ വെള്ളം കിട്ടി ബാക്കിയുള്ളതാണ് ഭൂമിയിലേക്കു പോകുന്നത്.‌ ചിങ്ങ മാസത്തിലാണ് കൃഷിക്ക് വളം ചെയ്യുന്നത്. ഒരു വീട്ടിലേക്കാവശ്യമായ എല്ലാത്തരം ഭക്ഷണവർഗങ്ങളും വീ ട്ടിലുണ്ടാക്കണം എന്നതാണ് നിലപാട്. പാൽ, പച്ചക്കറി, പ ഴം, മുട്ട, മീൻ എല്ലാം വിളവെടുക്കുന്നുണ്ട്.പച്ചക്കറി തൈകൾ ഉണ്ടാക്കി കൊടുക്കാനായി പൂങ്കാവനം എന്ന പേരിൽ നഴ്സറിയും നാടൻവിത്ത് വിതരണം ചെയ്യുന്ന സീഡ് ബാങ്ക് എന്ന സംരംഭവും ഉണ്ട്. ഏതു പ്രതിസന്ധി വന്നാലും തളരാതെ നിൽക്കാൻ പഠിപ്പിച്ചത് കൃഷിയാണ്.

അനുയോജ്യമായ വിളകൾ

ജൈവകൃഷി രീതി തന്നെയാണ് പിന്തുടരുന്നത്. അ ല്ലാതെ തന്നെ നല്ല വിളവു കിട്ടുന്നുണ്ട്. എന്താണ് കിട്ടുന്നത് അതു മതി എന്നാണ് എന്റെ നിലപാട്. നമ്മുടെ മണ്ണിനു അനുയോജ്യമായ വിളകൾ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം.

പ്രാണിശല്യത്തിനു മഞ്ഞക്കെണി പോലുള്ള പ രമ്പരാഗത രീതിയാണ് ഉപയോഗിക്കുന്നത്. വിത്തിടുന്നതിനു മുൻപ് അടിവളം ഇട്ടു കൊടുക്കും. വിത്തിട്ടു മൂടിയ ശേഷം വീണ്ടും വളം ഇട്ടു കൊടുക്കും. എ ല്ലു പൊടി നല്ല വളമാണ്. ഗോമൂത്രം, ചാണകം, കടല പിണ്ണാക്ക് എന്നിവ ചേർത്ത് സ്ലറി ഉണ്ടാക്കും. അ തു നേർപ്പിച്ചു ആഴ്ചയിലൊരു തവണ ഒഴിച്ചു കൊടുത്താൽ പിന്നീടൊരു വളവും വേണ്ട. തെങ്ങിന്റെ ചുവട്ടിൽ പച്ചിലചപ്പും കുമ്മായവും വളവും എല്ലാമിട്ട് മൂടിയാൽ മതി.

ഫോട്ടോ : വിബി ജോബ്, ജിബിൻ ചെമ്പോല