Thursday 28 July 2022 12:50 PM IST

മോതിരം വച്ചു തൊഴുന്ന അപൂർവ വഴിപാട്: പരശുരാമൻ പ്രതിഷ്ഠ നടത്തിയ ശ്രീരാമ സന്നിധി: പുണ്യം നിറയും തിരുവങ്ങാട് ക്ഷേത്രം

V R Jyothish

Chief Sub Editor

thiruvangad-temple

നേരം പുലരാൻ ഇനിയുമുണ്ട് ഏതാനും നാഴിക! മിഥുനമഴ രാമായണം വായിക്കുന്ന വെളുപ്പാൻകാലം. മഴ നനഞ്ഞ് മൂടിപ്പുതച്ചുറങ്ങുകയാണു ക്ഷേത്രക്കുളം. കേരളത്തിലെ ഏറ്റവും പ്രാചീനമായ ശ്രീരാമസ്വാമിക്ഷേത്രങ്ങളിൽ ഒന്നിന്റെ തിരുമുറ്റമാണിത്. തലശ്ശേരിക്കടുത്തുള്ള തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം. ഐതിഹ്യപ്പെരുമ കൊണ്ടും വാസ്തുശൈലി വിശേഷം കൊണ്ടും വേറിട്ടു നിൽക്കുന്നു ഈ ക്ഷേത്രം. കർക്കടകമാസത്തിന്റെ രാമായണപുണ്യം നിറയുന്ന ശ്രീരാമസന്നിധി.

ക്ഷേത്രാങ്കണത്തിന്റെ നാലു മൂലകളിലും നാല് ആൽമരങ്ങൾ. രണ്ടു മതിലകങ്ങളുണ്ട് ക്ഷേത്രത്തിന്. അമൃതസരോവരം പോലെ ക്ഷേത്രക്കുളം. ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് പടവുകൾ കയറിയെത്തുന്നത് ക്ഷേത്രാങ്കണത്തിലെ ഗജമണ്ഡപത്തിലേക്ക്. ആറേഴ് ആനകൾക്കു നിരന്നുനിൽക്കാവുന്നത്രയും വലുപ്പമുള്ള ഗജമണ്ഡപം.

രാവിലെ നാലുമണിക്ക് ഇവിടെ നിന്നു കൂട്ടുമണിനാദം ഉയരും. അഞ്ചു മണിയോടെ നട തുറക്കും. പിന്നെ, ഉഷഃപൂജയും ശീവേലിയും. വിശാലമാണ് വാതിൽമാടം. അതിന്റെ മുകൾ മച്ചിൽ രാമായണം ബാലകാണ്ഡത്തെ അ ടിസ്ഥാനമാക്കിയുള്ള കഥാശിൽപങ്ങളിൽ നിന്നാണു തുടക്കം. നമസ്കാര മണ്ഡപത്തിന്റെ മച്ചിലാണ് മറ്റുഭാഗങ്ങളുടെ കഥാശിൽപങ്ങൾ. ഇരുനിലകളിൽ പണിത് ചെമ്പ് പാളികൾ മേഞ്ഞ ശ്രീകോവിലിനു മുന്നിലെത്തിയപ്പോൾ ഇതാ മുന്നിൽ ചതുർബാഹുവായ ശ്രീരാമസ്വാമി. ഖരദൂഷണന്മാരെ വധിച്ചശേഷം ശാന്തചിത്തനായി നിൽക്കുന്ന ശ്രീരാമചന്ദ്രന്റെ കൃഷ്ണശിലാവിഗ്രഹം.

ഒരു കയ്യിൽ ശംഖ്, മറുകയ്യിൽ ചക്രം, മൂന്നാമത്തെ കയ്യിൽ തല തിരിച്ചുപിടിച്ച ഗദ, ഭക്തർക്ക് അനുഗ്രഹവർഷം ചൊരിയുന്ന അഭയമുദ്രയോടെ നാലാമത്തെ കൈ. രാമപ്പെരുമാളിന്റെ ഇടതുവശത്ത് അഗ്രമണ്ഡപത്തി ൽ ഭക്താന്വിതനായി നിൽക്കുന്ന സാക്ഷാൽ ആഞ്ജനേയ സ്വാമിയുടെ പഞ്ചലോഹവിഗ്രഹം. അവിലാണ് ഹനുമാൻ സ്വാമിയുടെ ഇഷ്ടനിവേദ്യം.

‘‘ആഞ്ജനേയൻ സന്തോഷിച്ചാൽ ഭഗവാനും പ്രസാദിച്ചുവെന്നാണ് വിശ്വാസം. പേരും നക്ഷത്രവും വിളിച്ചു െചാല്ലിയുള്ള നാമാർച്ചന, നെയ്യമൃത്, കളഭം ചാർത്ത്, നിറമാല തുടങ്ങി രാമപ്രീതിക്കുവേണ്ട വഴിപാടുകൾ ധാരാളം. ആഞ്ജനേയ സ്വാമികൾക്കുള്ള അവിൽ നിവേദ്യത്തിന് പ്രത്യേക കണക്കുണ്ട്. നൂറ്റൊന്നു നാഴി അവിലാണ് ഒരു നേർച്ച, അര നൂറ്റൊന്നുനാഴി, കാൽനൂറ്റൊന്നുനാഴി ഇങ്ങനെയാണ് വഴിപാടിന്റെ അളവുകൾ.

രാമസ്വാമിക്ക് വലിയ വട്ടളപ്പായസമാണ് വഴിപാട്. ചെമ്പിനെക്കാൾ വലുപ്പമുണ്ട് ഉരുളിയുടെ ആകൃതിയുള്ള വട്ടളയ്ക്ക്.’’ ക്ഷേത്രം മേൽശാന്തിയായ ശ്രീധരൻ വാരിക്കാട് വഴിപാട് വിവരങ്ങൾ പറഞ്ഞുതന്നു.

ഐതിഹ്യങ്ങൾ നിറമാല ചാർത്തിയ തിരുവങ്ങാട് ശ്രീരാമസ്വാമിക്ക് വടക്കായാണ് വടക്കേടത്തു ശിവക്ഷേത്രം. രാമസ്വാമി പ്രതിഷ്ഠ നടത്തിയത് അഗസ്ത്യ ശിഷ്യനായ ശ്വേതമുനിയാണെന്നും അതല്ല പരശുരാമനാണെന്നും വാദങ്ങളുണ്ട്. വടക്കേടത്ത് ശിവക്ഷേത്രത്തിലെ ചൈതന്യവർധനവ് മൂലമാണത്രേ അഭിമുഖമായി മറ്റൊരു ശിവപ്രതിഷ്ഠ കൂടി നടത്തിയതെന്നാണ് ഐതിഹ്യം.

ദാരുശിൽപ്പങ്ങളുടെ രാമായണം

ശിൽപ ഗാംഭീര്യത്തിന്റെ പര്യായമാണ് ഇവിടുത്തെ നമസ്കാര മണ്ഡപം. സഹസ്രദാരു ശിൽപങ്ങളുടെ മഹാമേളയെന്നു പറയാം. ബാലകാണ്ഡം മുതൽ വനവാസവും യുദ്ധകാണ്ഡവും പിന്നെ, പട്ടാഭിഷേകം വരെ ഇവിടെ ശിൽപങ്ങളായി പുനർജ്ജനിക്കുന്നു. സീതാസ്വയംവരവും സീതാപഹരണവും ബാലിസുഗ്രീവയുദ്ധവും രാമ രാവണയുദ്ധവുമെല്ലാം ശിൽപങ്ങൾക്കുള്ള വിഷയങ്ങൾ. കേരളീയ ദാരുശിൽപപാരമ്പര്യത്തിന് പെരുന്തച്ചന്മാരുടെ ആദരവ്.

കഴകപ്പുരയിലെ ചുമർചിത്രങ്ങളും എടുത്തു പറയേണ്ടതാണ്. ചുറ്റമ്പലത്തിന്റെ അകത്തുമുണ്ട് പഴയതും പുതിയതുമായ ചുമർചിത്രങ്ങൾ. പഴയ ചുമർചിത്രങ്ങളുടെ ചരിത്രം അധികമാർക്കും അറിയില്ല. എന്നാൽ പുതിയ ചിത്രങ്ങൾ വരച്ചത് ക്ഷേത്രോപാസകനും കളരി ഗുരുക്കളുമായ സി. വി. ബാലൻ നായരാണ്.

ഇവിടെ ശ്രീരാമസന്നിധിയിലെ ബലിപീഠം കൃഷ്ണശിലയിലാണ്. ഏഡി ഒൻപതാം നൂറ്റാണ്ടിലാണ് ഇതിന്റെ നിർമിതി. ഇതിന്റെ സാക്ഷ്യപത്രമായി ബലിപീഠത്തിൽ വട്ടെഴുത്തുള്ള ലിഖിതം കാണാം. ആകാശത്തേക്കുയർന്നു നിൽക്കുന്ന കൊടിമരത്തിനു കാലം സാക്ഷിയാക്കി കാവലിരിക്കുന്നത് മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡൻ.

thiruvangad-1 മാതൃസമിതിയുടെ നേതൃത്വത്തിൽ രാമായണപാരായണം

മോതിരം വച്ചുതൊഴൽ

ഒരു അടയാളമോതിരത്തിന് എന്തുമാത്രം പ്രസക്തിയുണ്ടെന്ന് രാമായണം വായിക്കുന്നവർക്കറിയാം. നഷ്ടപ്പെട്ടു എന്നു കരുതിയ ആളിനെ തിരിച്ചുകിട്ടുന്നത്രയും തീവ്രമാണ് ആ അടയാളമോതിരത്തിന്റെ പ്രസക്തി. അതുകൊണ്ടാകണം തിരുവങ്ങാട് ശ്രീരാമസ്വാമിക്കു മുന്നിൽ ‘മോതിരം വച്ചു തൊഴൽ’ എന്ന അപൂർവമായ വഴിപാട് ഭക്തജനങ്ങൾ നടത്തുന്നത്. ഉത്സവകാലയളവിൽ മാത്രമാണ് മോതിരം വച്ചു തൊഴാനുള്ള സൗകര്യമുള്ളത്. ക്ഷേത്രമതിൽക്കെട്ടിനകത്ത് വടക്കുകിഴക്കു കാണുന്ന കെട്ടിടമാണ് കഴകപ്പുര. ഉത്സവനാളുകളിൽ കഴകപ്പുരയിൽ എത്തിക്കുന്ന പെരുമാളിന്റെ വിഗ്രഹത്തിനു മുന്നിലാണ് മോതിരം വച്ചു പ്രാർഥിക്കുന്നത്. ‘‘അഭീഷ്ടസിദ്ധിക്കായി നടത്തുന്ന മോതിരം വച്ചുപ്രാർത്ഥനയ്ക്ക് എല്ലാ ഉത്സവകാലത്തും തിരക്കു കൂടുന്നതായാണ് അനുഭവം.’’ ശ്രീരാമ സേവാസമിതി പ്രസിഡന്റ് കൊളക്കോട്ട് ഗോപാലകൃഷ്ണൻ പറയുന്നു.

ബന്ധനസ്ഥയായ ശ്രീപോർക്കിലി

ശ്രീകോവിലിനു വടക്കുഭാഗത്ത് ഗണപതിയും ദക്ഷിണാമൂർത്തിയും. വേറെയുമുണ്ട് രണ്ടു ഗണേശപ്രതിഷ്ഠകൾ. തിടപ്പള്ളിയിൽ അകത്ത് ബലിവട്ടത്തിൽ സുബ്രഹ്മണ്യനും വനശാസ്താവും. നമസ്കാര മണ്ഡപത്തിൽ തൂണിനോടു ചേർന്നാണ് ശ്രീപോർക്കിലി ഭഗവതിയുടെ കണ്ണാടി പ്രതിഷ്ഠ.

കോട്ടയം കോവിലകത്തിന്റെ കുലദേവതയും ആട്ടക്കഥാകർത്താവായ കോട്ടയം തമ്പുരാന്റെ വാഗീശ്വരിയുമായ സാക്ഷാൽ മൃദംഗശൈലേശ്വരിയെന്ന പോർക്കലിയാണ് ഈ ഭഗവതി സങ്കൽപം. മരക്കൂടിനുള്ളിലാണ് ശ്രീപോർക്കലി പീഠം. മരക്കൂടിനുള്ളിൽ ദേവി ബന്ധനസ്ഥയാണ് എന്നാണു സങ്കൽപം.

ഇതു സംബന്ധിച്ചുള്ള ഐതിഹ്യം ഇങ്ങനെയാണ്; ക്ഷേത്രത്തിലെ പാണിവാദകനും ശാന്തിക്കാരനും തമ്മിൽ നടന്ന വാദപ്രതിവാദത്തിനിടയിൽ താൻ പാണി കൊട്ടി ദേവിയെ വരുത്തുമെന്ന് പാണിവാദകനും അങ്ങനെയാണെങ്കിൽ നിവേദ്യം കൊടുക്കുമെന്ന് ശാന്തിക്കാരനും പറഞ്ഞു. പാണിവാദകൻ ബീജമന്ത്രം കൊട്ടിയതോടെ ഉഗ്രരൂപിണിയായ ഭഗവതിയുടെ ചിലങ്കയുടെ ശബ്ദം കേട്ടു.

പരിഭ്രാന്തനായ ശാന്തിക്കാരൻ അടുത്തിരുന്ന അരിയെടുത്തു നനച്ച് അത് നിവേദ്യമാക്കി നൽകി. ചൈതന്യമേറിയ ദേവിയുടെ ‘സഞ്ചാരം’ ബുദ്ധിമുട്ടുകളുണ്ടാക്കിയതിനെ തുടർന്നാണത്രേ മരക്കൂടിനുള്ളിൽ പീഠമൊരുക്കിയത്. ഇന്നും ആ നില തുടരുന്നു. മാത്രമല്ല, നനച്ച അരിയാണ് ഇവിടുത്തെ പ്രധാന നിവേദ്യം. ഇതിനെ പ്രാദേശികമായി ‘അരി ത്ളാവൽ’ എന്നാണു പറയുന്നത്.

ദേവതകളും ഉപദേവതകളും ധാരാളമുണ്ടെങ്കിലും ഇ വിടെ സീതാദേവിക്ക് പ്രത്യേക പ്രതിഷ്ഠയില്ല. വനവാസകാലത്ത് സീതാദേവിയെ സുരക്ഷിതയായി ഗുഹയിൽ ഇ രുത്തിയശേഷം ശ്രീരാമൻ പാക്കിണം അഥവാ മാറാപ്പ് അഴിച്ചുവച്ച് ഖരദൂഷണന്മാരുമായി യുദ്ധത്തിൽ ഏർപ്പെട്ടു. അ പ്പോൾ ദേവി ഒപ്പമുണ്ടായിരുന്നില്ല.

thiruvangad-2 അമ്പലം ചുറ്റിയുള്ള ഉച്ചശീവേലിക്കാഴ്ച

ഗുഹാക്ഷേത്രവും സീതാപ്രതിഷ്ഠയും

ഇവിടെ നിന്ന് കുറച്ചകലെ പൊക്കിണശ്ശേരി എന്ന തറവാടും അവിടെയൊരു ഗുഹാക്ഷേത്രവും അതിൽ സീതാപ്രതിഷ്ഠയുമുണ്ട്. ശ്രീരാമൻ തന്റെ മാറാപ്പ് അഴിച്ചുവച്ച സ്ഥലമാണിത് എന്നാണു വിശ്വാസം. ഖരവധവിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ക്ഷേത്രത്തിൽ ഇന്നേവരെ ഖരവധം കഥകളി അവതരിപ്പിച്ചിട്ടില്ല.

രാ‌മപ്പെരുമാളിന്റെ കഥ കേട്ടിരുന്നപ്പോൾ ഉച്ചശീവേലിക്കുള്ള സമയമായി. അന്നദാനപ്രഭുവായ ശ്രീരാമചന്ദ്രൻ ഭ ക്തർക്ക് ആഹാരം കൊടുത്ത ശേഷമേ നേദ്യം സ്വീകരിക്കൂ എന്നാണ് വിശ്വാസം. ഇവിെട ഉച്ചപൂജയ്ക്കു മുൻപ് ഇ പ്പോഴും ഒരു ബ്രാഹ്മണനെങ്കിലും ആഹാരം വിളമ്പിയതിനുശേഷം മാത്രമേ നിവേദ്യമെടുക്കാറുള്ളൂ. മിക്കവാറും കീഴ്ശാന്തിയായി നിൽക്കുന്ന ഗ്രാമപ്പിള്ളയായിരിക്കും ഭഗവാന്റെ പ്രസാദം ഊട്ടിന് തിരഞ്ഞെടുക്കപ്പെടുന്നത്.

ശീവേലി കഴിഞ്ഞാൽ പെരുമാൾക്ക് വിശ്രമം. ആറരയോടെ െനയ്‌വിളക്കുകൾ ഒന്നൊന്നായി തെളിയും. ദീപാരാധനയ്ക്കാണ് ഏറ്റവും തിരക്ക്. അത്താഴശീവേലി കഴിഞ്ഞ് നട അടയ്ക്കുമ്പോൾ ഏകദേശം ഒൻപതു മണി.

‘‘തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം പണ്ട് ഭരണസിരാകേന്ദ്രം കൂടിയായിരുന്നു. അതിനുകാരണം കോലത്തിരി രാജാക്കന്മാരുടെയും കോട്ടയം കടത്തനാട് രാജാക്കന്മാരുടെയും സംഗമസ്ഥാനമായതുകൊണ്ടുകൂടിയായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നാട്ടുരാജാക്കന്മാരുമായുള്ള പല ഉടമ്പടികളും ഒപ്പുവച്ചത് ഇവിടെ വച്ചാണ്. ബ്രിട്ടീഷ് സൈന്യത്തിന്റെ ഇടത്താവളം കൂടിയായിരുന്നു ഈ ക്ഷേത്രാങ്കണം. ദേശസ്േനഹികൾ അത്ര സന്തോഷത്തോടെ കേൾക്കുന്ന പേരല്ല തോമസ് ഹാർവേ ബേബർ. അതിനുകാരണം, പഴശ്ശിരാജയെ വധിക്കാൻ നേതൃത്വം നൽകിയ ബ്രിട്ടീഷുകാരനാണ് തോമസ് ഹാർവേ ബേബർ. എന്നാ ൽ മലബാർ സബ് കലക്ടറായിരുന്ന ബേബറിന് ശാശ്വതമായൊരു സ്മാരകം തിരുവങ്ങാട് ക്ഷേത്രത്തിലുണ്ട്. ക്ഷേത്രപുറംമതിൽ പണിതത് ബേബറാണ്. 1815-ൽ അന്നത്തെ മലബാർ സബ് കലക്ടറായിരുന്ന ബേബറിന്റെ പേര് മതിലിനോടു ചേർന്ന ശിലാലിഖിതത്തിൽ കാണാം.’’ ചരിത്ര ഗവേഷകനും ചിത്രകാരനുമായ കെ. കെ. മാരാ‍ർ.

‘‘കാലപ്പഴക്കം തളർത്തിയ നിർമിതികളെ പുനരുദ്ധരിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. ക്ഷേത്രപുനരുദ്ധാരണത്തിനായി കമ്മിറ്റി രൂപീകരിച്ചു. മലബാർ ദേവസ്വത്തിന്റെ കീഴിലാണ് ക്ഷേത്രം. സർക്കാർ സഹായത്തിനായും ശ്രമിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ഭക്തരുടെ സഹായവും പ്രതീക്ഷിക്കുന്നു.’’ ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിയുടെ ജനറൽ കൺവീനർ എൻ.കെ. പ്രദീപ് കുമാർ പറയുന്നു.

വീണ്ടും മണിനാദം മുഴങ്ങി. അത്താഴശീവേലിക്കു സമയമായി. ഭഗവാന് അത്താഴപൂജ. ഇനി നെയ്‌വിളക്കുകൾ ഒന്നൊന്നായി തിരി താഴ്ത്തും. നടയടച്ച് മേൽശാന്തി പടിയിറങ്ങും. പെരുമാളും ഉപദേവതമാരും യോഗനിദ്രയിലേക്കു കടക്കും. ഭക്തജനങ്ങൾ ചെറുസംഘങ്ങളായി ക്ഷേത്രമൈതാനം വിട്ട് പുറത്തേക്കിറങ്ങി. അവരുടെ കണ്ണുകൾ ഭക്തിസാന്ദ്രമായിരുന്നു. ചുണ്ടുകളിൽ ശ്രീരാമനാമം.

മിഥുനമഴ അപ്പോഴും രാമായണം വായിക്കുകയായിരുന്നു.

വി. ആർ. ജ്യോതിഷ്

ഫോട്ടോ: ശ്രീകുമാർ എരുവട്ടി