Friday 30 September 2022 10:59 AM IST : By സ്വന്തം ലേഖകൻ

‘എന്നോട് ചേർന്ന് നിന്നവർ എല്ലാം കോടീശ്വരൻമാർ’: ഈ വാക്ക് വിശ്വസിച്ചവർക്ക് പണംപോയി: തട്ടിയത് 500 കോടി

financial-fraud 500 കോടിയുടെ തട്ടിപ്പുകേസിൽ പിടിയിലായ രാജേഷ് മലാക്കയും ഷിജോ പോളും

ക്രിപ്റ്റോ കറൻസി, സ്വർണം, വെള്ളി, ക്രൂഡ് ഓയിൽ ഇടപാടുകളിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതമായി ഇരട്ടി കൊടുക്കാ മെന്നു വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ഫ്യൂച്ചർ ട്രേഡ് ലിങ്ക് ഡയറക്ടറെയും പ്രമോട്ടറെയും കോയമ്പത്തൂരിലെ ഒളിത്താവളത്തിൽ നിന്നു പൊലീസ് പിടികൂടി. തട്ടിപ്പ് സംഘത്തിലെ പ്രധാനിയും സ്ഥാപനത്തിന്റെ ഡയറക്ടറുമായ വടക്കാഞ്ചേരി മലാക്ക കണ്ടരത്ത് രാജേഷ് മലാക്ക (കെ.ആർ. രാജേഷ്),

പ്രമോട്ടർ അരണാട്ടുകര പല്ലിശേരി ഷിജോ പോൾ എന്നിവരെയാണ് ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ പി. ലാൽ കുമാറും സംഘവും പിടികൂടിയത്. 500 കോടി രൂപയുടെയെങ്കിലും തട്ടിപ്പ് നടന്നതായാണു കണക്കാക്കുന്നത്. നിക്ഷേപം നടത്തി 55,000 രൂപ നഷ്ടപ്പെട്ടതായി പഴുവിൽ സ്വദേശിയും 1,11,000 രൂപ തട്ടിയെടുത്തതായി കല്ലൂർ സ്വദേശിയും നൽകിയ പരാതികളിലാണ് അറസ്റ്റ്. ആയിരക്കണക്കിന് ആളുകളിൽ നിന്ന് കോടിക്കണക്കിനു രൂപ രാജേഷ് തട്ടിയെടുത്തതായി സംശയിക്കുന്നു.

അറസ്റ്റ് അറിഞ്ഞ് കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി നിരവധി നിക്ഷേപകരാണു പൊലീസിനെ ബന്ധപ്പെടുന്നത്. സ്ഥാപന ത്തിന്റെ മറ്റു പ്രമോട്ടർമാരായ മലപ്പുറം കാളികാവ് പാലക്കാത്തൊടി മുഹമ്മദ് ഫസൽ, പെരിങ്ങോട്ടുകര കുന്നത്തു പടിക്കൽ കെ.ആർ.പ്രസാദ്, എരുമപ്പെട്ടി ഷങ്കേരിക്കൽ ലിജോ എന്നിവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെയും ഉടൻ പിടികൂടുമെന്നു പൊലീസ് അറിയിച്ചു.

‘ഫ്യൂച്ചർ ട്രേഡ് ലിങ്ക്’ നിക്ഷേപത്തട്ടിപ്പ്, ഇല്ലാത്ത കോടീശ്വരന്മാരെ സൃഷ്ടിക്കുന്ന തട്ടിപ്പിന്റെ മൾട്ടി ലിങ്ക്

 ‘‘എന്നോട് ചേർന്നു നിന്നിരുന്നവർ എല്ലാം കോടീശ്വരന്മാരാണ്. ഈശ്വരനു തുല്യമായ വാക്കാണ് ഈ പറയുന്നത്. 200 കോടീശ്വരന്മാരെ സൃഷ്ടിച്ച ശേഷമാണ് ഇതു പറയുന്നത്.’’– നിക്ഷേപ തട്ടിപ്പിന് അറസ്റ്റിലായ രാജേഷ് മലാക്ക തന്റെ സ്ഥാപനത്തിൽ പണം നിക്ഷേപിക്കാൻ എത്തുന്ന ആളുകളോട് പറഞ്ഞിരുന്ന വാചകമാണ് ഇത്. ക്രിപ്റ്റോ കറൻസി വിനിമയത്തിലൂടെയും സ്വർണം, വെള്ളി, ക്രൂഡ് ഓയിൽ ട്രേഡിങ് എന്നിവയിൽ നിക്ഷേപിച്ചും അതിൽ നിന്നു ലഭിക്കുന്ന പണമാണ് നിക്ഷേപത്തിന്റെ ഇരട്ടിയായി 10 മാസം കൊണ്ട് നിക്ഷേപകർക്ക് തിരിച്ചു നൽകുന്നത് എന്നാണ് ഇയാൾ വിശ്വസിപ്പിച്ചിരുന്നത്.

പുതിയ നിക്ഷേപകരെ കണ്ടെത്താൻ ഇവർ വലിയ ഹോട്ടലുകളിലാണ് യോഗങ്ങൾ സംഘടിപ്പിച്ചിരുന്നത്. മൈ ക്ലബ് ട്രേഡിങ് എന്ന മലേഷ്യൻ കമ്പനിയുടെ ശാഖ എന്ന നിലയിൽ 2021 മാർച്ചിൽ ആരംഭിച്ച സ്ഥാപനമാണ് ജൂൺ മാസം ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്നു പേരു മാറ്റിയത്. ഡോളർ നിരക്കിൽ മാത്രമാണ് ഇവർ കണക്കുകൾ അവതരിപ്പിച്ചിരുന്നത്. 750 ഡോളർ നിക്ഷേപിച്ചവർക്ക് 500 രൂപ, 1,500 ഡോളർ രൂപ നിക്ഷേപിച്ചവർക്ക് 1,000 രൂപ, 3,500 ഡോളർ നിക്ഷേപിച്ചവർക്ക് 2,500 രൂപ എന്ന ക്രമത്തിൽ ഓരോ ദിവസവും കിട്ടുന്ന തുക 210 ദിവസം കൊണ്ട് തിരിച്ച് ഒന്നിച്ച് അക്കൗണ്ടിലേക്ക് നൽകുന്നുവെന്നാണ് ഇവർ പറയുന്നത്.

ആഴ്ചയിൽ 5 ദിവസമാണ് വരുമാനം. ആയതിനാൽ 210 ദിവസത്തെ വരുമാനം കിട്ടാൻ 10 മാസം കഴിയണം. പുതിയ ആൾക്കാരെ ചേർക്കുന്നവർക്ക് അവർ നിക്ഷേപിക്കുന്ന തുകയുടെ 10% വരെ കമ്മിഷൻ ലഭിക്കുമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. ‘മൈ ക്ലബ് ട്രേഡിങ്’ എന്ന മലേഷ്യൻ കമ്പനിയുടെ ഡയറക്ടർമാരെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് തൃശൂരിലെ ബിസിനസ് രാജേഷ് മലാക്ക ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്ന പേരിലേക്ക് മാറ്റിയത്.

നിക്ഷേപകരുടെ കയ്യിൽ നിന്നു പണം നേരിട്ട് വാങ്ങുന്ന ഇവർ അതിന് രസീതോ മറ്റ് രേഖകളോ നൽകിയിരുന്നില്ല. ഓരോ ആഴ്ചയിലും പലിശത്തുക കൈമാറിയിരുന്നത് വിശ്വാസ്യത വർധിപ്പിച്ചു. ഈ പണം നേരിട്ട് കൈവശം കൊടുക്കുകയാണ് പതിവ്. അക്കൗണ്ട് ഇടപാടുകൾ ഒഴിവാക്കാൻ ശ്രദ്ധിച്ചിരുന്നു. 10 എക്സിക്യൂട്ടീവ് ഏജന്റുമാരും അവരുടെ കീഴിൽ ആയിരത്തോളം വരുന്ന ഏജന്റുമാരും ഉണ്ടെന്നാണ് സൂചന.

ആഡംബര താവളം, കാവലിന് തോക്കുധാരി

രാജേഷ് മലാക്കയുടെയും കൂട്ടാളിയുടെയും കോയമ്പത്തൂരിലെ ആഡംബര ഒളിത്താവളം വളരെ രഹസ്യമായാണ് പൊലീസ് നിരീക്ഷിച്ചു വന്നത്. ഇയാളുടെ തോക്കുധാരിയായ അംഗരക്ഷകനെ മറികടന്നതു സാഹസികമായിട്ടാണ്. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ലാൽകുമാർ, വെസ്റ്റ് ഇൻസ്പെക്ടർ ടി.പി. ഫർഷാദ്, സബ് ഇൻസ്പെക്ടർ എ.ആർ. നിഖിൽ, സിവിൽ പൊലീസ് ഓഫിസർമാരായ പി.ഹരീഷ് കുമാർ, വി.വി. ദീപക്, സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ് സിവിൽ പൊലീസ് ഓഫിസർമാരായ പ്രദീപ്, സുനീപ് എന്നിവരാണ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

മണി ചെയിൻ തട്ടിപ്പുകൾ: ശ്രദ്ധിക്കുക

 മോഹിപ്പിക്കുന്ന വരുമാനം വാഗ്ദാനം ചെയ്ത് മൾട്ടി ലവൽ മാർക്കറ്റിങ് എന്ന പേരിൽ നടത്തുന്ന തട്ടിപ്പുകളിൽ ജനങ്ങൾ വഞ്ചിതരാകരുത്.

 മൾട്ടി ലവൽ മാർക്കറ്റിങ് സ്ഥാപനങ്ങൾ വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പണം സ്വീകരിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

 ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകുക.

 മൾട്ടി ലവൽ മാർക്കറ്റിങ്ങിൽ കൂടുതൽ ആളുകളെ ചേർക്കുമ്പോഴാണ് വരുമാനം കൂടുന്നത്. സ്വാഭാവികമായും ഇത്തരത്തിൽ ചേ‍ർക്കപ്പെടുന്നവരുടെ ഉത്തരവാദിത്തവും ചേർക്കുന്നവർക്കായിരിക്കും.

More