Wednesday 07 September 2022 12:02 PM IST : By സ്വന്തം ലേഖകൻ

ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ദേഹത്തിന് വിലയില്ലെന്നാണോ? നിങ്ങൾക്കു പറ്റില്ലെങ്കിൽ പറ... മക്കളെ ഞങ്ങൾ തന്നെ കണ്ടെടുക്കാം

boat-accident ബോട്ടപകടത്തിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതോടെ അപകടസ്ഥലത്തേക്ക് എത്തിയ നാട്ടുകാർ

‘ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ദേഹത്തിന് വിലയില്ലെന്നാണോ കരുതിയത്? നിങ്ങൾക്കു പറ്റില്ലെങ്കിൽ പറ.. കടലിൽ ഇറങ്ങാൻ ഞങ്ങളെ അനുവദിക്കണം..’ ബോട്ടപകടം നടന്ന മുതലപ്പൊഴിയിൽ തിങ്ങിക്കൂടിയ നാട്ടുകാർ അധികൃതരോട് വിളിച്ചു പറഞ്ഞത് ഇങ്ങനെ.ബോട്ടപകടം നടന്ന് നേരത്തോടു നേരം കഴിഞ്ഞിട്ടും തിരച്ചിൽ എങ്ങുമെത്താതെ നിശ്ചലമായപ്പോഴാണ് അതു വരെ നിശബ്ദരായി നിന്ന നാട്ടുകാരും മത്സ്യത്തൊഴിലാളികളും ആത്മരോഷത്തോടെ പ്രതികരിക്കാൻ ആരംഭിച്ചത്.

രാവിലെ 7ന് കൊച്ചിയിൽ നിന്നെത്തിയ അഞ്ചംഗ നേവി സംഘം തിരച്ചിൽ തുടങ്ങിയെങ്കിലും ശക്തമായ തിരയടി മൂലം കടലിൽ മുങ്ങി പരിശോധിക്കാനായില്ല. പാറക്കല്ലിൽ ഉടക്കിയ മത്സ്യബന്ധന ബോട്ടിന്റെ വല കയറിട്ട് കുരുക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.  നാവികസേനയുടെയും തീര സംരക്ഷണ സേനയുടെയും 2 ചെറു കപ്പലുകൾ എത്തിയെങ്കിലും അപകടം നടന്ന സ്ഥലത്തേക്ക് എത്താനായില്ല. താഴ്ത്തി പറത്തിയ നേവിയുടെ ഹെലികോപ്റ്ററിൽ തൂങ്ങി വല കുരുക്കാനുള്ള ശ്രമവും പരാജയമായതോടെ തിരച്ചിൽ അനിശ്ചിതാവസ്ഥയിലായി. രക്ഷാപ്രവർത്തനത്തിൽ ജില്ലാ ഭരണകൂടം പരാജയപ്പെട്ടുവെന്ന് ആരോപിച്ച്  കൂടുതൽ മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി. എംഎൽഎമാരായ വി.ജോയി, വി.ശശി, പി.പി. ചിത്തരഞ്ജൻ എന്നിവർ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും നാട്ടുകാരുടെ  പ്രതിഷേധത്തിനു മുന്നിൽ നിശബ്ദരായി.

ജില്ലാ ഭരണകൂടത്തെ പ്രതിനിധീകരിച്ച് സബ് കലക്ടർ എം.എസ്. മാധവിക്കുട്ടി മാത്രമാണ് എത്തിയത്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ  പ്രതിഷേധം സബ് കലക്ടർക്കു നേരെയായി.  പൊലീസ് ചുറ്റിനും നിന്നാണ് അവരെ സുരക്ഷിതമായ ഇടത്തിലേക്കു മാറ്റിയത്. തങ്ങളെ കടലിൽ തിരച്ചിലിന് ഇറക്കണമെന്ന് മത്സ്യത്തൊഴിലാളികൾ  ആവശ്യപ്പെട്ടെങ്കിലും അനുമതി ഇല്ലെന്ന് സബ് കലക്ടർ അറിയിച്ചു. ഉച്ചയായിട്ടും തിരച്ചിൽ മുന്നോട്ടു നീങ്ങാതായതോടെ പ്രതിഷേധം അതിശക്തമായി. ചർച്ചയെ തുടർന്ന് ഒന്നരയോടെ മത്സ്യത്തൊഴിലാളികളെ തിരച്ചിലിനായി അനുവദിച്ചു. രണ്ടു ചെറുബോട്ടുകളിലായി അപകടസ്ഥലത്തു ചെന്ന് വല കുരുക്കാനുള്ള ഇവരുടെ ശ്രമവും കടൽ പ്രക്ഷുദ്ധമായതോടെ നീണ്ടുപോയി.

കാണുന്നില്ലേ, ഞങ്ങളുടെ ദുരിതങ്ങൾ 

ചിറയിൻകീഴ് ∙ കേരളത്തിൽ ഇത്രമാത്രം അവഗണനയും ദുരിതവും അനുഭവിക്കുന്ന ജനവിഭാഗം വേറെയേതുണ്ട് ? എന്തുകൊണ്ടാണ് മത്സ്യത്തൊഴിളികളുടെ കണ്ണീര് കാണാൻ അധികാരികൾ മടിക്കുന്നത്? അഞ്ചുതെങ്ങ് ഫൊറോന വികാരി ജസ്റ്റിൻ ജൂഡിന്റെ ചോദ്യത്തിനു മുന്നിൽ ആർക്കും ഉത്തരമുണ്ടായില്ല. കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ വല്ലാതെ നീണ്ടുപോയപ്പോഴാണ് അതിൽ പ്രതിഷേധിച്ച നാട്ടുകാർക്കു വേണ്ടി ഫാ. ജസ്റ്റിൻ ജൂഡിൻ അധികൃതരോട് ഇതു ചോദിച്ചത്.

തിരച്ചിൽ എങ്ങനെ വേണമെന്ന കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന് കൃത്യമായ ധാരണയില്ലാത്തത് സ്ഥിതി വഷളാക്കി.  സംഭവസ്ഥലത്തെത്തിയ ഓരോരുത്തരും അഭിപ്രായം പറയുകയും ആ രീതിയിൽ തിരച്ചിലിനു ശ്രമം നടത്തുകയും പരാജയമടയുന്നതും ആവർത്തിച്ചു. നാവികസേനയ്ക്കും കോസ്റ്റ് ഗാർഡിനും പുറമേ പൊലീസും നടത്തിയ നീക്കങ്ങളും പാളി. ശാസ്ത്രീയമായ തിരച്ചിൽ നടപടികളുണ്ടായില്ലെന്ന നാട്ടുകാർ ആരോപണം ശരി വയ്ക്കുന്നതായിരുന്നു അധികൃതരുടെ നിസ്സഹായാവസ്ഥ.

മരണപ്പൊഴിയായി മുതലപ്പൊഴി തുടരുമ്പോഴും സർക്കാരിന്റെ അലംഭാവം   നീതികരിക്കാനാവില്ലെന്ന് ഫാ. ജസ്റ്റിൻ ജൂഡിൻ പറഞ്ഞു. മുതലപ്പൊഴി നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന ആവശ്യത്തിനും പരിഹാരമായിട്ടില്ല. അപകടത്തെ തുടർന്നുള്ള നടപടികൾ ഫലപ്രദമല്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രധാന റോഡുകളെല്ലാം വടം വലിച്ചു കെട്ടി ഉപരോധിച്ചു. പെരുമാതുറ, അഴൂർ പാലം, മുന്നമൂട് എന്നിവിടങ്ങളിൽ ഗതാഗതം സ്തംഭിച്ചു.

More