Wednesday 15 June 2022 03:42 PM IST : By സ്വന്തം ലേഖകൻ

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ആ കല്യാണം, 8 വർഷങ്ങൾക്കിപ്പുറം ആ കണ്ണീർ മായ്ച്ച സർപ്രൈസ്: സാക്ഷിയായി മകളും

aneesh-rajitha-wed

ജീവിതത്തിന്റെ റീലുകളിലൂടെ കടന്നു പോയ നിമിഷങ്ങളെ തിരികെ വിളിക്കാനാകുമോ? കാലഭേദങ്ങൾ പിന്നിട്ടു കഴിഞ്ഞാൽ പിന്നെ അവയെല്ലാം ഓർമകൾ മാത്രമാണ്. തിരിച്ചു കിട്ടാത്ത ഓർമകൾ. എന്നാൽ നഷ്ടപ്പെട്ടുപോയി എന്ന് കാലം ഓർമിപ്പിച്ചു കൊണ്ടിരുന്ന ഓർമകളെ അവർ തിരികെ വിളിച്ചു. എന്നിട്ടോ?... മുമ്പത്തേതിലും ഭംഗിയായി അതിനെ പുനരാവിഷ്കരിച്ചു.

തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശികളായ വി. അനീഷ്– ഡോ. വൈ.എസ് രജിത ദമ്പതികളാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിന് റീ ടേക്ക് നൽകിയത്. ഭാര്യയുടെ ആഗ്രഹ സഫലീകരണത്തിനായി 8 വർഷങ്ങൾക്കിപ്പുറം പുതിയ രൂപവും ഭാവവും നൽകിക്കൊണ്ടുള്ള അനീഷിന്റെ സർപ്രൈസ് സോഷ്യൽ മീഡിയയിലും വൈറലായി. ആ കഥയിങ്ങനെ.

കോട്ടു‍കുന്നം മണ്ഡ‍പക്കുന്ന് കിളിക്കൂട്ടിൽ അനീഷിന്റേയും രജിതയുടേയും വിവാഹം കഴിഞ്ഞിട്ട് വർഷം എട്ടാകുന്നു. 2014 ഡിസംബർ 29നായിരുന്നു ഇവരുടെ വിവാഹം. രജിതയുടെ വീട്ടുകാർ എതിർത്ത ആ വിപ്ലവ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹതിരാകുമ്പോൾ ചില നല്ല മൊമന്റുകൾ നഷ്ടമായി.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനീഷ്. രജിത അന്ന് എംകോം വിദ്യാർഥിനി. പ്രണയം തീവ്രമായപ്പോഴും രക്ഷിതാക്കളെ വിട്ട് ഒളിച്ചോ‍ടാൻ ഇരുവരും തയാറായിരുന്നില്ല. അങ്ങനെയാണ് വരന്റെ വീട്ടുകാർ രജിതയുടെ വീട്ടിൽ പെണ്ണ് ചോദി‍ച്ചെത്തുന്നത്. പക്ഷേ രജിതയുടെ വീട്ടുകാർക്ക് വിവാഹത്തോട് എതിർപ്പായിരുന്നു. ഒടുവിവിൽ ചടങ്ങുകൾ ഒന്നും നടത്തില്ല, എന്റെ വീട്ടിൽ നിന്ന് വന്ന് കൂട്ടിക്കൊണ്ടുപൊയ്ക്കോളാനായിരുന്നു അനീഷിനു നിർദേശം. അങ്ങനെ പിറ്റേദിവസം രജിതയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുവന്നു. എതിർപ്പുകൾ അവഗണിച്ച് അനീഷിന്റെ പെണ്ണായി വരണമാല്യം ചൂടിയ രജിതയുടെ മുഖം പുഞ്ചിരിയില്ലാതെ മ്ലാനമായിരുന്നു. . അന്നത്തെ വിവാഹആൽബത്തിൽ കരഞ്ഞുകലങ്ങിയ കണ്ണുമായിട്ടാണ് രജിത നിന്നത്.

കാലം കടന്നുപോകേ സങ്കടഭാരം തളംകെട്ടി നിൽക്കുന്ന ആ കല്യാണ ചിത്രം രജിതയുടെ മനസിൽ വേദനയായി അവശേഷിക്കുന്നുണ്ടെന്ന് അനീഷ് മനസിലാക്കി. ഓരോ വിവാഹ വേദിയിൽ പോകുമ്പോഴും വിവാഹ വേദിയിലെ വധൂവരൻമാരുടെ പുഞ്ചിരി കാണുമ്പോഴും അങ്ങനെയൊന്ന് നമുക്ക് നഷ്ടമായല്ലോ എന്ന് രജിത സങ്കടം പറയുമായിരുന്നു. ആ വേദനയും നഷ്ടബോധവും അനീഷ് തിരിച്ചറിയുന്നിടത്താണ് ട്വിസ്റ്റുകളും സർപ്രൈസുകളും ജനിക്കുന്നത്.

സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ അനീഷിന്റെ ആഗ്രഹം സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനി മീരാ അജിത്കുമാർ മനസ്സിലാക്കുകയും വിവാഹ ഫോട്ടോ ഷൂട്ടിനു സാഹചര്യം ഒരുങ്ങുകയുമായിരുന്നു. തുടർന്ന് ഇരുവരും വധൂവരന്മാരായി അണിഞ്ഞൊരുങ്ങി ക്യാമറയ്ക്കു മുന്നിലേക്ക്.... സേവ് ദ ഡേറ്റ്, പ്രീ വെഡിങ്, പോസ്റ്റ് വെഡിങ് എന്നിവയുടെ ഫോട്ടോ ഷൂട്ടുകൾ തിരുവനന്തപുരം, ആറ്റുകാൽ ക്ഷേത്രം, ശംഖുംമുഖം എന്നിവയുടെ പശ്ചാത്തലത്തിൽ ഷൂട്ട് ചെയ്ത് തങ്ങൾക്ക് നഷ്ടപ്പെട്ടുപോയ ദിനങ്ങൾ മനോഹരമായി ചിത്രീകരിച്ച് ഡിജിറ്റൽ ആൽബമാക്കി. ഫോട്ടോയ്ക്ക് മകളും ചേർന്നതോടെ സംഗതി കളറായി. വിവാഹഫോട്ടോ കാണുമ്പോഴൊക്കെ അവൾ ചോദിക്കുമായിരുന്നു, ഞാനെന്താ ഇല്ലാത്തത്, എന്നെ കൊണ്ടുപോകാതിരുന്നതെന്താണെന്ന്. ഏതായാലും ആ പരാതിയും തീർത്തുകൊടുത്തു. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ ഹിറ്റാണ്.