Saturday 18 June 2022 01:01 PM IST : By സ്വന്തം ലേഖകൻ

40 വർഷത്തെ സ്വപ്നം... 48–ാം വയസിൽ അരങ്ങേറ്റം: മകളോടൊപ്പം വേദിയിൽ നിറഞ്ഞാടി അധ്യാപിക

dance-debute

നാൽപതുവർഷമായി ഒപ്പം കൊണ്ടു നടക്കുന്ന ആഗ്രഹമായിരുന്നു ചിലങ്ക കെട്ടി അരങ്ങേറ്റം കുറിക്കണമെന്നത്. എട്ടു വയസ്സുള്ള  മകളോടൊപ്പം 48 -ാം വയസിലാണ് അതിനു ഭാഗ്യം ലഭിച്ചത്. അയിരൂപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക തോന്നയ്ക്കൽ‍ സബർമതിയിൽ ബീന സന്തോഷത്തിലാണ്.

മകൾ സാരംഗിക്കൊപ്പം കരിക്കകം ചാമുണ്ഡി ക്ഷേത്ര വേദിയിൽ കഴിഞ്ഞ ദിവസം ബീന ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചു. എട്ടു വയസ്സു മുതൽ ആഗ്രഹമുണ്ടായിട്ടും കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത മുലം നൃത്ത പഠനം മതിയാക്കേണ്ടി വരികയായിരുന്നു.  വയസ്സ് ഒരു പ്രശ്നമാക്കേണ്ടതില്ലെന്നും ആത്മാർഥമായി ശ്രമിച്ചാൽ എന്തും നേടിയെടുക്കാനാകുമെന്ന ആത്മ വിശ്വാസം മറ്റുളളവർക്കു കൂടി പ്രചോദനമാകട്ടെയെന്നും ബീന പറയുന്നു. പരീക്ഷാ ഭവനിൽ ഉദ്യോഗസ്ഥനായ ഭർത്താവ് വിജയകുമാറും മകൻ സാരഥും പ്രോത്സാഹനവുമായി ഒപ്പമുണ്ട്. 

More