Friday 25 November 2022 03:03 PM IST : By സ്വന്തം ലേഖകൻ

3 കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കിൽ തള്ളി! നാലാമത് കല്യാണം കഴിക്കാൻ സുനിതയെ ചുട്ടുകൊന്നു: അന്ന് സംഭവിച്ചതെന്ത്?

Murder.jpg.image.784.410

സുനിത കൊല്ലപ്പെട്ട് 9 വർഷങ്ങൾക്കു ശേഷം യഥാർത്ഥത്തിൽ കൊല്ലപ്പെട്ടതു സുനിതയാണോ എന്നു തിരിച്ചറിയാൻ  കുട്ടികളുടെ രക്തസാമ്പിളുകൾ കോടതി മുഖാന്തിരം ശേഖരിച്ചു. ആനാട് വേങ്കവിള വേട്ടമ്പളളി സ്വദേശി സുനിതയെ ചുട്ടുകൊന്ന കേസിലെ ശാസ്ത്രീയ തെളിവായ ഡിഎൻഎ പരിശോധനാ ഫലത്തിനു വേണ്ടി  സുനിതയുടെ മക്കളും കേസിലെ  സാക്ഷികളുമായിരുന്ന ജോമോൾ,ജീനമോൾ എന്നിവരുടെ  രക്തസാമ്പിളുകളാണ്  കോടതിയുടെ മേൽനോട്ടത്തിൽ  ശേഖരിച്ചു ഫൊറൻസിക് ലാബിൽ അയച്ചത്.

ജനറൽ ഹോസ്പിറ്റൽ അസിസ്റ്റന്റ് സർജൻ ഡോ. ജോണി. എസ്.പെരേരയാണു  കോടതി മുറിക്കുള്ളിൽ  വച്ചു കുട്ടികളുടെ രക്തം ശേഖരിച്ചത്. കേസിലെ സുപ്രധാന ശാസ്ത്രീയ തെളിവായ ഡിഎൻഎ പരിശോധനാ ഫലം കേസിൽ നിർണായകമാണ് . അന്വേഷണ വേളയിൽ പൊലീസ് അതു ശേഖരിച്ചിരുന്നില്ല. പൊലീസിന്റെ ഈ ഗുരുതര വീഴ്ച പരിഹരിക്കാനാണു  മക്കളുടെ രക്ത സാമ്പിളുകൾ ശേഖരിച്ച് ഡിഎൻ എ പരിശോധന നടത്താൻ അഡീഷനൽ സെഷൻസ് കോടതി ഉത്തരവിട്ടത്. 2013 ഓഗസ്റ്റ് മൂന്നിനു  പ്രതി ജോയി ആന്റണി സുനിതയെ മണ്ണെണ്ണ ഒഴിച്ചു ചുട്ട് കൊന്നതായാണ് കേസ്.

സ്ത്രീധന കൂടുതലിനായി നാലാമതു വിവാഹം കഴിക്കാൻ ജോയി ആന്റണി തന്റെ മൂന്നാം ഭാര്യയായ സുനിതയെ ചുട്ട് കൊന്നു 3 കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കിൽ തളളിയെന്നാണു പ്രോസിക്യൂഷൻ കേസ്. 2 ആഴ്ചകൾക്കു ശേഷം സുനിതയുടെ ശരീര അവശിഷ്ടങ്ങൾ ജോയി ആന്റണിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് ആർഡിഒ യുടെ നേതൃത്വത്തിൽ പൊലീസ് കണ്ടെടുത്തിരുന്നു.

കുറ്റപത്രം സമർപ്പിച്ച അന്നത്തെ നെടുമങ്ങാട് സിഐ  എസ്.സുരേഷ് കുമാർ, കൊല്ലപ്പെട്ടതു സുനിത ആണെന്നു സ്ഥാപിക്കുന്ന ഒരു ശാസ്ത്രീയ തെളിവും കോടതിയിൽ ഹാജരാക്കിയിരുന്നില്ല.  ഈ തെളിവ് ഇല്ലാത്തിടത്തോളം 'സുനിത ഇപ്പോഴും ജീവിച്ചിരിയക്കുന്നു' എന്ന പ്രതിഭാഗം വാദം വിജയിക്കുമെന്നു ബോധ്യമായതിനെ തുടർന്നാണു സർക്കാർ അഭിഭാഷകൻ എം.സലാഹുദ്ദീൻ കൊല്ലപ്പെട്ട സുനിതയുടെ ശരീര അവശിഷ്ടങ്ങൾ ഇപ്പോഴും ഫൊറൻസിക് ലാബിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അവ കൊല്ലപ്പെട്ട സുനിതയുടെ മക്കളുടെ ഡിഎൻഎയുമായി ഒത്തു ചേരുമോ എന്നു പരിശോധിക്കാൻ അനുവദിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടത്.

More