Wednesday 18 May 2022 11:34 AM IST : By സ്വന്തം ലേഖകൻ

കൊച്ചിയിൽ തന്നെ ഒന്നര വർഷത്തിനകത്ത് അഞ്ചാമത്തെ മരണം... തുടരുന്ന ദുരൂഹമരണങ്ങൾ: വിടി ബൽറാമിന്റെ കുറിപ്പ്

sherin-vt

ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നും ഒരു വ്യക്തികൂടി ആത്മഹത്യ ചെയ്തിരിക്കുന്നു. കാവാലം സ്വദേശിയും നടിയും മോഡലുമായ ഷെറിനാണ് ആത്മഹത്യ ചെയ്തത്. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്നുള്ള വേദനിപ്പിക്കുന്ന ഇത്തരം തുടർമരണങ്ങളുടെ പശ്ചാത്തലത്തിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് മുൻ എംഎൽഎയും സാമൂഹ്യ പ്രവർത്തകനുമായ വിടി ബൽറാം. കേവലം ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് എഴുതിത്തള്ളാതെ സവിശേഷമായ സാമൂഹിക ശ്രദ്ധയും പഠനവും ആവശ്യമുള്ള ഗൗരവതരമായ ഒരു വിഷയമായി ഇതിനെ കാണാൻ നമുക്ക് കഴിയണമെന്ന് വിടി ബൽറാം പറയുന്നു. ട്രാൻസ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം, അധികാര സ്ഥാപനങ്ങളിലടക്കം ഇപ്പോഴും നിലനിൽക്കുന്ന സ്റ്റിഗ്മ, പലതരം ചൂഷണങ്ങൾ, വിവേചനങ്ങൾ, രൂക്ഷമായ തൊഴിലില്ലായ്മ, എന്നിങ്ങനെ പലതരം പ്രശ്നങ്ങളും ഇനിയും വേണ്ട രീതിയിൽ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ലെന്നും വിടി ബൽ‌റാം ഓർമിപ്പിക്കുന്നു. ഫെയ്സ്ബുക്കിലാണ് കുറിപ്പ് പങ്കുവച്ചത്.

എറണാകുളം ചക്കരപ്പറമ്പിൽ ട്രാൻസ് കമ്മ്യൂണിറ്റിയിൽ ഉൾപ്പെട്ടവർ താമസിക്കുന്ന ഫ്ലാറ്റിലാണ് ഷെറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ആലപ്പുഴ കാവാലം സ്വദേശിയായ ഷെറിൻ മോഡലെന്ന നിലയിലും നടിയെന്ന നിലയിലും ശ്രദ്ധേയയാണ്. തമിഴ് സംവിധായകൻ പാ രഞ്ജിത്തിന്റെ പുറത്തു വരാനിരിക്കുന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഷെറിന്റെ വിയോഗത്തിൽ നിരവധി സുഹൃത്തുക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

കൊച്ചിയിൽ ഒരു ട്രാൻസ്ജെൻഡർ വ്യക്തിയേക്കൂടി മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഇതുപോലുള്ള ദുരൂഹമരണങ്ങളും ആത്മഹത്യകളും ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്ന് നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൊച്ചിയിൽത്തന്നെ ഒന്നര വർഷത്തിനകത്ത് ഇത് അഞ്ചാമത്തെ മരണമാണ്.

കേവലം ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് എഴുതിത്തള്ളാതെ സവിശേഷമായ സാമൂഹിക ശ്രദ്ധയും പഠനവും ആവശ്യമുള്ള ഗൗരവതരമായ ഒരു വിഷയമായി ഇതിനെ കാണാൻ നമുക്ക് കഴിയേണ്ടതുണ്ട്. ട്രാൻസ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം, അധികാര സ്ഥാപനങ്ങളിലടക്കം ഇപ്പോഴും നിലനിൽക്കുന്ന സ്റ്റിഗ്മ, പലതരം ചൂഷണങ്ങൾ, വിവേചനങ്ങൾ, രൂക്ഷമായ തൊഴിലില്ലായ്മ, എന്നിങ്ങനെ പലതരം പ്രശ്നങ്ങളും ഇനിയും വേണ്ട രീതിയിൽ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഈ മരണത്തേക്കുറിച്ചുള്ള

പോലീസിന്റെ കേസന്വേഷണത്തിനപ്പുറം സാമൂഹിക നീതി വകുപ്പ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ ഇതിനെ ഒരു പൊതു വിഷയമായിക്കണ്ട് ഗൗരവമുള്ള പഠനത്തിനും അതനുസരിച്ചുള്ള ഇടപെടലുകൾക്കും ഇനിയും മടിച്ചു നിൽക്കരുത്. സമൂഹത്തിലെ ഓരോ വ്യക്തിയും പൂർണാർത്ഥത്തിൽ ഉൾക്കൊള്ളപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് നാമേവരുടേയും ഉത്തരവാദിത്തമാണ്.

മരണപ്പെട്ട ഷെറിൻ സെലിൻ മാത്യുവിന് ആദരാഞ്ജലികൾ.