Thursday 17 November 2022 12:23 PM IST

‘ഏട്ടനു വേണ്ടി ഞാൻ പ്രാർഥിക്കാത്ത ദൈവങ്ങളില്ല, ഇപ്പോഴും ഓരോ ഫോൺ ബെല്ലിലും ‍ഞാൻ പ്രതീക്ഷിക്കും, പക്ഷേ...’

Roopa Thayabji

Sub Editor

kodiyeri-vanitha ഓർമകളുടെ ഫ്രെയിമിൽ – കോടിയേരി ബാലകൃഷ്ണൻ, വിനോദിനി, ബിനോയ്, ബിനീഷ്

വിവാഹം കഴിഞ്ഞ് നാലു വർഷത്തിനു ശേഷമാണ് കോടിയേരി ബാലകൃഷ്ണനും വിനോദിനിയും പുതിയ വീട്ടിലേക്കു മാറിയത്. തലശ്ശേരിയിലെ കോടിയേരി തറവാടിനോടു ചേർന്നു പണിത, ഒരു മുറിയും ഹാളും അടുക്കളയുമുള്ള കൊച്ചുസ്വർഗം. കഷ്ടിച്ച് ഒരു വയസ്സേയുള്ളൂ അന്ന് ബിനീഷിന്. ബിനോയിക്ക് മൂന്നര വയസ്സും. മക്കൾ വളരുന്നതിനൊപ്പം വീടു വളർന്നു. മരുമക്കളും കൊച്ചുമക്കളുമായി സന്തോഷവും ചിരിയും നിറഞ്ഞ ആ വീട്ടിൽ ഇപ്പോൾ വിനോദിനി മാത്രമേയുള്ളൂ. വീടിന്റെ സന്തോഷം മാഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സ്നേഹത്തിന്റെ കാണാച്ചരടു കൊണ്ട് കൂട്ടിക്കെട്ടിയ നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. അതിനേക്കാൾ ആർദ്രതയോടെ അദ്ദേഹം കുടുംബത്തെ ചേർത്തുനിർത്തി. ആ ഓർമകൾ പറയുമ്പോൾ വിനോദിനി ബാലകൃഷ്ണന്റെ വാക്കുകൾ മുറിഞ്ഞു.

‘‘എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ബാലകൃഷ്ണേട്ടനെ കാണുന്നത്. തലശ്ശേരി എംഎൽഎ കൂടിയായ എന്റെ അച്ഛൻ രാജു മാസ്റ്ററെ കാണാൻ വീട്ടിൽ വന്നതാണ്. സ്നേഹം കലർന്ന വാത്സല്യത്തോടെ ‘നല്ല പയ്യൻ’ എന്ന് അച്ഛൻ പറയുന്നതു കേട്ട് ആ മുഖം എന്റെ മനസ്സിൽ പതിഞ്ഞു.

അധ്യാപകനായ അച്ഛനും സ്കൂളിൽ ജോലിയുള്ള അമ്മയ്ക്കും മക്കളെ നന്നായി പഠിപ്പിക്കണമെന്നു നിർബന്ധമായിരുന്നു. ഞങ്ങൾ ആറു മക്കളാണ്. രണ്ടാമത്തെയാളാണ് ഞാൻ. പത്താം ക്ലാസ്സു കഴിഞ്ഞ് എന്നെ ബെംഗളൂരുവിൽ ടിടിസിക്കു ചേർത്തു. അവിടേക്കു പോകുമ്പോഴേ വിവാഹം പറഞ്ഞു വച്ചിരുന്നു. നാലു ചേച്ചിമാരുടെ കുഞ്ഞനിയനാണ് ബാലകൃഷ്ണേട്ടൻ. ചേച്ചിമാരൊക്കെ വിവാഹം കഴിഞ്ഞ് മ ക്കളുണ്ടായ ശേഷമാണത്രേ അമ്മ ഏട്ടനെ പ്രസവിച്ചത്.

ഒരു ദിവസം അച്ഛൻ വിളിച്ചു പറയുന്നു, ‘1980 ഏപ്രിൽ 27നാണു വിവാഹം.’ ജാതകപ്പൊരുത്തമൊന്നും നോക്കിയില്ല. 15 ദിവസത്തെ ലീവിനു ‍നാട്ടിലെത്തി.

kodiyeri-vinodini

വിവാഹദിവസം ഒറ്റയ്ക്ക്

തലശ്ശേരി ടൗൺ ഹാളിൽ വച്ചായിരുന്നു വിവാഹം. താലി കെട്ടി, മാലയിട്ടു. അന്നു മന്ത്രിമാരായിരുന്ന എ.സി. ഷണ്‍‌മുഖദാസും എം.വി. രാഘവനും കെ.ടി. കുഞ്ഞമ്പു മാഷുമൊക്കെ വിവാഹത്തിൽ പങ്കെടുത്തു. വീട്ടിലെത്തിയ പാടേ ഏട്ടൻ പോയി, പാ ർട്ടി സമ്മേളനത്തിന്. രാത്രി ഉറക്കമിളച്ചു കാത്തിരുന്ന എന്നോടു ചേച്ചിയാണ് പറഞ്ഞത്, ‘ഇന്നിനി വരുമെന്നു തോന്നുന്നില്ല, ഉറങ്ങിക്കോ.’ ‌അമ്മയാണ് കൂട്ടുകിടന്നത്. പിറ്റേന്നു വെളുപ്പിന് ഒന്നും സംഭവിക്കാത്ത മട്ടിൽ അതാ വരുന്നു നവവരൻ. അന്നു വൈകിട്ട് തലശ്ശേരിയിലെ പഴയ മുകുന്ദ് ടാക്കീസിൽ പോയി സിനിമ കണ്ടു, ‘അങ്ങാടി.’

അഭിമുഖത്തിന്റെ പൂർണരൂപം വനിത നവംബർ ആദ്യ ലക്കത്തിൽ