Saturday 19 December 2020 04:46 PM IST

കവർ സോങ്ങുകളിലൂടെ വൈറലായി നഫീസ ഹാനിയ...

Shyama

Sub Editor

ggrdff44324

ഇഷ്ടം കൊണ്ട് നെഞ്ചിലേറ്റി വയ്ക്കുന്ന ഓരോ പാട്ടുകൾക്ക് പിന്നിലും ആളുകൾ ചേർത്തു വയ്ക്കുന്ന ചില കഥകൾ കൂടിയുണ്ട്... ആ കഥകളുടെ ഓർമകൾ കൂടിയാണ് പലപ്പോഴും ആ പാട്ടുകളെ തേടി വീണ്ടും പലരും പോകാൻ കാരണം. ചിലപ്പോൾ ആ പാട്ടുള്ള സിനിമയുടെ കഥയോടുള്ള ഇഷ്ടമാം അല്ലെങ്കിൽ ആരുമുല്ലാതിരുന്ന നേരത്ത് ആ പാട്ട് പകർന്ന ആശ്വാസമാകാം അല്ലെങ്കിൽ ഏറെ ഇഷ്ടമുള്ളവരുമായി ചേർന്നിരുന്ന് മൂളിയ ഓർമകളാകാം.... ചില പാട്ടുകളിലേക്ക് നമ്മൾ കാന്തം പോലെ വീണ്ടും വീണ്ടും അടുക്കും. അതുകൊണ്ടു തന്നെ ആ പാട്ടുകൾ കവർ വെർഷനുകളായി വരുമ്പോൾ അതിന്റേതായ റിസ്കുകളുണ്ട്. പാട്ടിന്റെ ഭംഗി ചോരാതെ പാട്ടുമായി നമ്മൾ ചേർത്തു വച്ച കഥകൾക്ക് പോറൽ തട്ടാതെ വരുന്ന കവർ വെർഷനുകൾക്കാണ് എപ്പോഴും സ്വീകാര്യത ഏറുന്നത്. അക്കൂട്ടത്തിലേക്ക് വളരെ ഇമ്പമോടെ കയറിവന്നൊരു പെയ്ജാണ് പലർക്കും Hania.oncover എന്ന ഇൻസ്റ്റാ പെയ്ജ്. എല്ലാ പ്രായക്കാരും ഫോളോ ചെയ്യുന്നുണ്ടെങ്കിലും യങ്ങ്സ്‌റ്റേഴ്സാണ് ഈ പെയ്ജിനെ ആഘോഷമാക്കുന്നത്. പതിനേഴ് വയസ്സുള്ള നഫീസ ഹാനിയ കണ്ണടച്ചു തുറന്നപ്പോൾ സോഷ്യൽ മീഡിയ സ്റ്റാർ ആയ മോസ്റ്റ് പോപ്പുലർ സിങ്കർ തന്നെയാണ്! പത്തും ഇരുപതുമല്ല എൺപത്തിയാറായിരത്തിലധികം ഫോളോവേഴസാണ് ഇന്ന് ഹാനിയയ്ക്ക്....

‘‘എനിക്ക് ചെറുപ്പം തൊട്ടേ പാട്ട് ഭയങ്കര ഇഷ്ടമായിരുന്നു. മറ്റെന്ത് ചെയ്യുന്നതിലും വേഗം പാട്ടിന്റെ വരികൾ പഠിക്കാൻ പറ്റും. പപ്പയും ഉമ്മയും ഒക്കെ പാട്ട് ആസ്വദിക്കുന്ന കൂട്ടത്തിലായതു കൊണ്ട് അവരെപ്പോഴും പാടാനും പ്രോത്സാഹിപ്പിച്ചിരുന്നു.’’ ഹാനിയ ഇതുവരെ പാട്ട് പഠിച്ചിട്ടില്ല സെൽഫ് ടെയ്ൻഡായ ആളാണ് ഓരോ പാട്ടും ഇത്ര മനോഹരമായി പാടുന്നത്.

ddsew3466tf

‘‘കുറേ നാൾ മുൻപാണ് ഇൻസ്റ്റയിൽ പെയ്ജ് തുടങ്ങിയത്. പക്ഷേ, അന്നൊക്കെ പാട്ട് പാടിയിടാൻ പേടിയായിരുന്നു. ആളുകൾ എന്ത് പറയും, അവർ ഇതൊക്കെ സ്വീകരിക്കുമോ എന്നൊക്കെയായിരുന്നു ചിന്ത. ഏതായാലും ലോക്ഡൗൺ തുടങ്ങിയപ്പോഴേക്കും പാട്ട് കുറച്ചൂടെ സീരിയസായെടുത്തു. ദിവസവും പ്രാക്റ്റീസ് ചെയ്തു. എന്നിട്ടാണ് കവറുകൾ ഇടാൻ തുടങ്ങിയത്. അതിന് നല്ല സ്വീകരണവും ഫീഡ്ബാക്കും കിട്ടിയപ്പോ വീണ്ടും പാടിയിടാനുള്ള ഊർജ്ജമായി. ജൂലൈ 20നാണ് ആദ്യ 1000 ഫോളോവേഴ്സ് ആകുന്നത്. പിന്നെ അവിടുന്ന് ഫോളോവേഴ്സ് പെട്ടന്ന് പെട്ടന്ന് കയറി വന്നു. എനിക്ക് വളരെ അത്ഭുതം തോന്നി, ഇത്രയും ഒന്നും പ്രതീക്ഷിച്ചതേയില്ലായിരുന്നു. എന്റെ പാട്ടിഷ്ടപ്പെടുന്നു എന്ന് പറയുന്നു, എന്നാണ് അടുത്ത പാട്ടിടുന്നത് എന്നൊക്കെ ആളുകൾ മെസേജ് അയച്ചു ചോദിക്കുന്നു... ഇതൊക്കെ ഭയങ്കര സന്തോഷം തരുന്നു.

മുസ്ലിം കമ്മ്യൂണിറ്റിയിൽ നിന്നായതു കൊണ്ട് ആദ്യം കുടുംബത്തിൽ ഉള്ള ചില ആളുകൾക്ക് ഞാൻ പാട്ടിലേക്ക് ഇറങ്ങുന്നു എന്നത് അംഗീകരിക്കാനൊരു ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ, സാവധാനം അവരെയൊക്കെ കൺവിൻസ് ചെയ്യാൻ പറ്റി. പാട്ട് പാടുന്നത് എന്റെ സന്തോഷമാണ്. പാട്ടെഴുതാനും പാട്ടുണ്ടാക്കാനും ഒക്കെ എനിക്കിഷ്ടമാണ്.

എടുത്തു പറയാനുള്ള ഒരു കാര്യം ഇതുവരെ നെഗറ്റീവ് കമെന്റുകൾ വളരെ കുറവാണെന്നതാണ്. ഇൻസ്റ്റഗ്രാമിൽ നെഗറ്റീവ് കമന്റുകൾ ഇല്ലെന്ന് തന്നെ പറയാം. പാട്ടുകൾ യൂട്യൂബിലിടുമ്പോഴാണ് ചിലർ ‘തട്ടമിടുന്നില്ലേ’ ‘എന്താണ് കണ്ണടച്ച് പാടുന്നത്’ ‘എന്താ മുടി ഇങ്ങനെ’ എന്നൊക്കെ ചോദിക്കുന്നത്. അതിനൊക്കെ മറുപടിയായി എനിക്ക് പറയാൻ ഇത്രേയൂള്ളൂ ‘ഞാൻ എന്റെ വസ്ത്രധാരണം കാണിക്കാനോ സൗന്ദര്യം കാണിക്കാനോ അല്ല ചാനൽ തുടങ്ങിയത് പാട്ട് പാടാനും അത് കേൾപ്പിക്കാനുമാണ്. അല്ലാത്തതൊക്കെ എന്റെ പേഴ്സനൽ കാര്യമാണ്. പാട്ടിന്റെ ചാനലിൽ അതേക്കുറിച്ചല്ലാത്ത കമന്റ ് ചെയ്യുന്നതെന്തിനാണാവോ...

ഒരാൾ ഒരിക്കെ ഇട്ടൊരു കമന്റ് ‘മുസ്ലിം പേര് മാറ്റണം. അത് കമ്മ്്യൂണിറ്റിക്ക് തന്നെ അപമാനമാണ്’ എന്ന രീതിയിൽ ആയിരുന്നു. അതിന് ഞാൻ ഒരു ഹാർട്ട് മറുപടിയായിട്ട് ആ കമ്ന്റ് പിൻ ചെയ്തു വച്ചു. ഞാനിത് കണ്ടു പക്ഷേ, അതിന് മറുപടി പറയാൻ താൽപര്യമില്ല എന്ന അർഥത്തിലാണ് പിൻ ചെയ്തത്. ബാക്കിയുള്ളവർ അതിന് പ്രതികരിച്ചു, എന്നെ സപ്പോർട്ട് ചെയ്തു. അതോടെ അയാൾ തന്നെ കമെന്റ് റിമൂവ് ചെയ്തു. എൺപതിനായിരം പേർ പാട്ടുമായി ബന്ധപ്പെട്ടുള്ള നല്ല കാര്യങ്ങൾ പറയുമ്പോൾ അതിനിടയിൽ ഒന്നോ രണ്ടോ പേര് അതുമായി യാതൊരു ബന്ധവുമില്ലാത്തെ നെഗറ്റീവ് കാര്യങ്ങൾ പറയുന്നത് എന്നെ ബാധിക്കാറില്ല.

പാട്ടുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പുതിയ വിശേഷം സംഗീത സംവിധായകൻ ഗോപിസുന്ദർ സാറിന്റെ ഒരു തെലുങ്ക് പടത്തിൽ പാടാനുള്ള അവസരം വന്നതാണ്. എന്റെ ആദ്യത്തെ പ്ലേ ബാക്ക് സിങ്ങിങ്ങ് ആകുമത്. ഏറെ ഇഷ്ടപ്പെടുന്നൊരു സംഗീത സംവിധായകനൊപ്പം പാടി തുടങ്ങാൻ പറ്റുന്നതൊരു ഭാഗ്യമായി കാണുന്നു. വേറെയും ഒന്ന് രണ്ട് ഓഫറുകൾ വരുന്നുണ്ട്. അതേക്കുറിച്ചൊന്നും പറയാറായിട്ടില്ല. പിന്നെ എന്റോതായൊരു ഒറിജിനൽ ട്രാക്ക് കൂടി ഇറക്കാനുള്ള പദ്ധതിയുമുണ്ട്.

കണ്ണുരാണ് സ്വദേശമെങ്കിലും വർഷങ്ങളായി കൊച്ചിയിലാണ് താമസം. ഉമ്മയ്ക്കും പപ്പയ്ക്കും ബിസിനസ്സ് ആണ്. ഉമ്മ നൂറിദ സലീൽ, പപ്പ സലീൽ പി.എം. ഒരനിയത്തിയുണ്ട് നഫീസ ഹനീന, പത്തിൽ പഠിക്കുന്നു. ഞൻ കാക്കനാട് രാജഗിരി ക്രിസ്തുജയന്തി സ്കൂളിൽ പ്ലസ്ടുവിനാണ് പഠിക്കുന്നത്. ഹ്യുമാനിറ്റീസ്+ മീഡിയ ആണ് വിഷയം. പഠിത്തവും പാട്ടും തമ്മിൽ കൂട്ടിക്കുഴയ്ക്കാൻ ആഗ്രഹമില്ല. പഠനത്തിന് അതിന്റേതായ ഉത്തരവാദിത്തം കൊടുത്തു ചെയ്യണം എന്നാഗ്രഹമുള്ള ആളാണ് ഞാൻ. ഇഷ്ടത്തോടെ ചെയ്യാനുള്ള എല്ലാ പ്രശ്നങ്ങളും അലിയിച്ചു കളയുന്ന ഇടമാണ് പാട്ട്, അത് അങ്ങനെ തന്നെ നിർത്തണം എന്നാണ് ആഗ്രഹം. പ്ലസ് ടൂ കഴിഞ്ഞ് ഫിലിം മെയ്ക്കിങ്ങ് പഠിക്കണം എന്നാണ് തീരുമാനം. ഫിലിം മെയ്ക്കിങ്ങ്, ഫോട്ടോഗ്രഫി, ജേണലിസം, എഴുത്ത് അതൊക്കെയാണ് താൽപര്യം... ഹാനിയ അടുത്ത പാട്ടിനായി താളം പിടിക്കുന്നു...

Tags:
  • Spotlight
  • Social Media Viral