Monday 23 May 2022 11:38 AM IST : By സ്വന്തം ലേഖകൻ

നെഞ്ചുനീറി ആ പാവം പറഞ്ഞു, എനിക്കിനി വയ്യ... ഇപ്പോഴും മുഴങ്ങുന്നു അവളുടെ നെഞ്ചുപിളർക്കുന്ന നിലവിളി

vismaya-4

മരിച്ചുപോയൊരാളുടെ നെഞ്ചു പിളർക്കുന്ന നിലവിളി വിചാരണാ വേളയിൽ വീണ്ടും വീണ്ടും മുഴങ്ങിക്കേൾക്കുക എന്ന അപൂർവതയും വിസ്മയ കേസിന്റെ ഭാഗമായി. വിസ്മയ ബന്ധുക്കളോടും സുഹൃത്തുക്കളോടും താൻ നിരന്തരം സ്ത്രീധനത്തിന്റെ പേരിൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് പറയുന്ന ശബ്ദസന്ദേശങ്ങളും ഫോൺ സംഭാഷണങ്ങളുമായിരുന്നു കേസിലെ നിർണായക തെളിവുകൾ. മർദനത്തിലും അപമാനത്തിലും മനം നൊന്ത് ‘എനിക്കിനി വയ്യെ’ന്ന് വിസ്മയ കരഞ്ഞു പറഞ്ഞത് പലവട്ടം കോടതി മുറിയിൽ മുഴങ്ങി. കേട്ടു നിൽക്കുന്നവരെ കൂടി കരയിപ്പിക്കുന്നതായിരുന്നു അത്.

‘വണ്ടി കൊള്ളില്ല എന്നു പറഞ്ഞ് എന്നെ തെറി വിളിച്ചു. അച്ഛനെ കുറേ പച്ചത്തെറി വിളിച്ചു. എന്റെ മുടിയിൽപ്പിടിച്ചു വലിച്ചു. ദേഷ്യം വന്നാൽ എന്നെ അടിക്കും. മിനിഞ്ഞാന്ന് എന്റെ മുഖത്ത് ചവിട്ടി. ഞാൻ ഒന്നും ആരോടും പറഞ്ഞില്ല. ഞാൻ അടികൊണ്ട് കിടന്നപ്പോൾ കാലുകൊണ്ട് മുഖത്ത് അമർത്തി.’ – വിസ്മയ ബന്ധുവിന് അയച്ച ശബ്ദ സന്ദേശങ്ങളിലൊന്നായിരുന്നു ഇത്..

വിസ്മയയെ കിരൺ ഉപദ്രവിക്കുന്നതിന് സാക്ഷിയായ ഹോസ്റ്റൽ വാർഡൻ, ഡ്രൈവർമാർ, വിസ്മയ അടികൊണ്ട് ഓടിക്കയറിയ വീട്ടിലെ ഹോം ഗാർഡ്, സ്ത്രീധന പീഡന വിവരങ്ങൾ പങ്കുവച്ചിരുന്ന കൗൺസലർ, വിസ്മയയുടെ സുഹൃത്തുക്കൾ എന്നിവരെല്ലാം സ്വമേധയാ സാക്ഷികളാവാനും മുന്നോട്ടു വന്നു. പലയിടങ്ങളിൽ വച്ച് വിസ്മയയ്ക്ക് മർദനമേറ്റിരുന്ന കാര്യം അതു വഴി ഉറപ്പായി.

വിസ്മയ കേസ് നാൾവഴി

∙ ജൂൺ 21 – പുലർച്ചെ വിസ്മയ‌യെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നു. അന്ന് സന്ധ്യയോടെ ഭർത്താവ് കിരൺ കുമാർ ശൂരനാട് സ്റ്റേഷനിൽ കീഴടങ്ങുന്നു.

∙ ജൂൺ 22 – അറസ്റ്റ് രേഖപ്പെടുത്തുന്നു. കിരണിന്റെ വീട്ടിലെത്തിച്ചു ചോദ്യം ചെയ്യുന്നു. അന്ന് വൈകിട്ട് റിമാൻഡ്, കൊട്ടാരക്കര സബ് ജയിലിലേക്ക്.
∙ ജൂൺ 28 – കിരൺകുമാറിനെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
∙ ജൂൺ 29 – വിസ്മയയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ കിരണിന്റെ വീട്ടിലെത്തി, വിസ്മയയെ മരിച്ച നിലയിൽ കണ്ട സ്ഥലത്ത്, കിരണിന്റെ സാന്നിധ്യത്തിൽ പരിശോധന നടത്തുന്നു. ചീഫ് ഫൊറൻസിക് ഡയറക്ടർ ഡോ. ശശികലയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

∙ ജൂൺ 30– പൊലീസ് കസ്റ്റഡിയിലുള്ള കിരൺ കോവിഡ് പോസിറ്റീവ് ആകുന്നു.
∙ ജൂലൈ 1– സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കത്ത് നൽകുന്നു.
∙ ജൂലൈ 5 – കിരൺകുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി.
∙ ജൂലൈ 9– കേസ് കെട്ടിച്ചമച്ചതാണെന്നും അന്വേഷണം സ്റ്റേ ചെയ്യണമെന്നുമുള്ള കിരണിന്റെ ആവശ്യം കോടതി നിരസിക്കുന്നു. അഡ്വ. ആളൂരാണ് കിരണിന് വേണ്ടി ഹാജരായത്.

∙ ജൂലൈ 26 – കിരൺകുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി.
∙ ഓഗസ്റ്റ് 1 – അഡ്വ.ജി.മോഹൻരാജിനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കുന്നു.
∙ ഓഗസ്റ്റ് 6 – അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരണിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
∙ സെപ്റ്റംബർ 3 – കിരൺകുമാറിന്റെ ജാമ്യാപേക്ഷ വീണ്ടും ജില്ലാ സെഷൻസ് കോടതി തള്ളി.
∙ സെപ്റ്റംബർ 10 – കുറ്റപത്രം സമർപ്പിക്കുന്നു.

∙ ഒക്ടോബർ 8 – കിരണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
∙ ജനുവരി 10 – വിചാരണ ആരംഭിച്ചു.
∙ മാർച്ച് 2 – കിരണിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.
∙ മേയ് 17 – വിചാരണ പൂർത്തിയായി.
∙ മേയ് 23 (ഇന്ന്) – കിരൺ കുമാർ കേസിൽ കുറ്റക്കാരൻ, വിധി നാളെ