Monday 23 May 2022 12:18 PM IST : By സ്വന്തം ലേഖകൻ

ചിരിനിറഞ്ഞ അവളുടെ ചിത്രങ്ങൾ... അതിനരികെ ആ സ്റ്റെതസ്കോപ്പ്: ഇടനെഞ്ചിലെ തുടിപ്പായി വിസ്മയ

vismaya-home-pictures

വിസ്മയയുടെ ചിരി നിറഞ്ഞ ചിത്രങ്ങളാണ് വീടു നിറയെ. സഹോദരൻ വിജിത്തിന്റെ ഭാര്യ രേവതി 5 മാസം ഗർഭിണിയായിരിക്കുമ്പോഴാണ് വിസ്മയയുടെ മരണം. വിസ്മയ കാണാതെ പോയ കുഞ്ഞിനെ വിസ്മയ എടുത്തു നിൽക്കുന്നതായി വരപ്പിച്ചെടുത്ത ഒരു ചിത്രമാണ് വീടിനുള്ളിൽ ഏറ്റവും വലുതായുള്ളത്. സെൽഫിയെടുക്കാനും ചിത്രങ്ങൾക്ക് പോസ് ചെയ്യാനുമൊക്കെ മറ്റാരെയും പോലെ വിസ്മയയ്ക്കും  വലിയ ഇഷ്ടമായിരുന്നു  ഇനി കാണാനാവാത്ത ചിരിയെ ചിത്രങ്ങളായെങ്കിലും കൂടെ നിർത്താനാണ് മരണ ശേഷം വിസ്മയയുടെ ഒരുപാട് ചിത്രങ്ങൾ ഫ്രെയിം ചെയ്തു വച്ചതെന്ന് പറയുന്നു, അമ്മയും അച്ഛനും.

മുകൾ നിലയിലെ വിസ്മയയുടെ മുറിയിൽ പുസ്തകങ്ങൾക്കും റെക്കോഡുകൾക്കും ഒപ്പം ചിത്രത്തിന് മുന്നിൽ വിസ്മയ ഉപയോഗിച്ചിരുന്ന സ്റ്റെതസ്കോപ്പും അനക്കാതെ വച്ചിട്ടുണ്ട്. ഡോക്ടറാവുക എന്ന സ്വപ്നത്തിന് ഇത്തിരി ദൂരം മാത്രം ബാക്കി വച്ചായിരുന്നല്ലോ വിസ്മയയുടെ അടക്കം. വീടിന് അൽപം മാത്രം മാറിയാണ് വിസ്മയയുടെ കുഴിമാടം. അവിടെപ്പോയി അൽപനേരം നിൽക്കാൻ പോലും അച്ഛൻ ത്രിവിക്രമന് കഴിഞ്ഞിട്ടില്ല. മകൾ ഇടനെഞ്ചിലെ തുടിപ്പായുള്ളപ്പോൾ എങ്ങനെ കഴിയും!

 സ്ത്രീധന പീഡനത്തെത്തുടര്‍ന്നു നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും. സ്ത്രീധനപീഡനം (ഐപിസി 304ബി), ആത്മഹത്യാപ്രേരണ (306), ഗാർഹിക പീഡനം (498എ) എന്നീ കുറ്റങ്ങൾ തെളിഞ്ഞു. കിരണിന്റെ ജാമ്യം കോടതി റദ്ദാക്കി. 323, 506 കുറ്റങ്ങൾ കോടതി പറഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

കൊല്ലം അഡിഷനല്‍ സെഷന്‍സ് കോടതിയാണു വിധി പറഞ്ഞത്. വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. അമ്മ ഉള്‍പ്പെടെ വീട്ടിലിരുന്നാണ് വിധി കേട്ടത്.

ആദ്യനാൾ മുതൽ പീഡനം ശബ്ദരേഖ പുറത്ത്

കൊല്ലം ∙ വിവാഹത്തിന്റെ ആദ്യ ദിവസം മുതൽ തന്നെ വിസ്മയ സ്ത്രീധനത്തിന്റെ പേരിൽ ശാരീരിക മാനസിക പീഡനങ്ങൾക്ക് ഇരയായിരുന്നെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്. വിവാഹം കഴിഞ്ഞ് ഒൻപതാം ദിവസം വിസ്മയ അച്ഛൻ ത്രിവിക്രമനോട് ഇങ്ങനെ തുടരാൻ വയ്യെന്നും താൻ ആത്മഹത്യ ചെയ്തു പോകുമെന്നും കരഞ്ഞു പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സംഭാഷണം ഇങ്ങനെ;

‘‘ഇവിടെ നിർത്തിയിട്ടു പോകുവാണെങ്കിൽ എന്നെ കാണത്തില്ല നോക്കിക്കോ.. ഞാനെന്തെങ്കിലും ചെയ്യും അച്ഛാ.. എന്നെക്കൊണ്ട് പറ്റത്തില്ല..
എനിക്കങ്ങ് വരണം അച്ഛാ.. എനിക്കിവിടെ പേടിയാ..’’
‘‘ഇങ്ങ് പോര്.. കുഴപ്പമില്ല’’
‘‘എന്നെ അടിക്കും അച്ഛാ.. എനിക്ക് പേടിയാ..’’
‘‘ഇങ്ങ് പോര്.. പോര്’’
‘‘എനിക്കിവിടെ വയ്യ അച്ഛാ.. എന്നെ അടിക്കും അച്ഛാ, ഇവിടുന്ന് ഇറങ്ങി പോവാനൊക്കെ പറഞ്ഞൂ..’’
‘‘അതൊക്കെ ദേഷ്യം വരുമ്പോ പറയുന്നതല്ലേ.. അങ്ങനൊക്കെ തന്നെ മക്കളെ ജീവിതം’’
‘‘എന്നെ അടിക്കും അച്ഛാ..’’
‘‘അത് നേരത്തെയല്ലേ..?’’
‘‘എന്നെക്കൊണ്ട് പറ്റൂല്ല അച്ഛാ.. ഇവിടെ നിർത്തിയിട്ടു പോയാൽ എന്നെ കാണില്ല’’

2020 മേയ് 30 നാണ് അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കിരൺകുമാർ വിസ്മയയെ വിവാഹം കഴിക്കുന്നത്. 2021 ജൂൺ 21 നാണ് കിരണിന്റെ കൊല്ലം പോരുവഴിയിലെ വീട്ടിൽ വിസ്മയയെ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്.