Wednesday 18 May 2022 02:26 PM IST : By സ്വന്തം ലേഖകൻ

ആ കാർ സ്ത്രീധനമല്ല, പെൺവീട്ടുകാർ നൽകിയ സമ്മാനമെന്ന് പ്രതിഭാഗം വാദം: കേസിൽ വിധി 23ന്

vismaya-case-741

സ്ത്രീധന പീഡനത്തെ തുടർന്നു ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ  പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായി.  23നു വിധി പറയും. ‌ഇന്ത്യൻ ശിക്ഷാ നിയമം 304 ബി (സ്ത്രീധന മരണം), 498 എ (സ്ത്രീധന പീഡനം), 306 (ആത്മഹത്യാ പ്രേരണ), 323 (ഉപദ്രവം), 506 (1) ( ഭീഷണിപ്പെടുത്തുക), സ്ത്രീധന നിരോധന നിയമത്തിലെ സെക്‌ഷൻ 3, 4 (സ്ത്രീധനം ആവശ്യപ്പെടുക, സ്വീകരിക്കുക) എന്നീ വകുപ്പുകൾ ആണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

സംഭവം നടന്ന് ഒരു വർഷം പൂർത്തിയാകുന്നതിനു മുൻപാണു വിചാരണ നടപടികൾ പൂർത്തിയാക്കി വിധി പറയുന്നത്. കൊല്ലം ഒന്നാം അഡിഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.സുജിത്ത് മുൻപാകെയായിരുന്നു വാദം. വിസ്തരിച്ച 42 സാക്ഷികൾ, 120 രേഖകൾ, 12 മുതലുകൾ എന്നിവയിൽ നിന്നു കുറ്റകൃത്യം പൂർണമായി തെളിഞ്ഞതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻ രാജ് കോടതിയിൽ വാദിച്ചു. പ്രതിഭാഗത്തു നിന്നു 2 സാക്ഷികളെയും 40 രേഖകളും ഹാജരാക്കി. മാധ്യമപ്രവർത്തകരെ പ്രതിഭാഗം സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും വിസ്തരിച്ചില്ല.

സർക്കാർ ഉദ്യോഗസ്ഥനായ പ്രതി വിവാഹ കമ്പോളത്തിൽ താൻ വിലകൂടിയ ഉൽപന്നമാണെന്നും സ്ത്രീധന സമ്പ്രദായം ശരിയാണെന്നും കരുതുന്നത് കേസിന്റെ ഗൗരവം വർധിപ്പിക്കുന്നതായി പ്രോസിക്യൂഷൻ വാദിച്ചു. കിരൺകുമാർ, വിസ്മയയുടെ മാതാവ്, ബാല്യകാല സുഹൃത്ത് വിദ്യ എന്നിവരുടെ ഫോണുകളിൽ റെക്കോർഡ് ചെയ്തിരുന്ന വിസ്മയയുടെ സംഭാഷണങ്ങൾ  സ്ത്രീധന പീഡനത്തെക്കുറിച്ചുള്ള വിവരങ്ങളും ശാരീരിക ഉപദ്രവങ്ങളും വ്യക്തമാക്കുന്നതായി പ്രോസിക്യൂഷൻ വാദിച്ചു. 

ഫോണിലെ സംഭാഷണങ്ങൾ വിസ്മയയുടെയും ഭർത്താവ് കിരണിന്റെയും ആണെങ്കിലും അതു തെളിവായി സ്വീകരിക്കാൻ പാടില്ലെന്നു പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ള വാദിച്ചു. വിസ്മയയുടെ പിതാവ് നൽകിയ കാർ ഒരു സമ്മാനമാണെന്നും അത് സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്നും പ്രതിഭാഗം വാദിച്ചു. വിസ്മയയുടെ പിതാവ് ഇൻസ്റ്റഗ്രാമിലൂടെ അസഭ്യം പറഞ്ഞതാണ് ജീവനൊടുക്കാൻ കാരണമെന്ന പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷൻ എതിർത്തു.

വിസ്മയയുടെ പേരിൽ ഫെയ്സ്ബുക്കിൽ വ്യാജ പ്രൊഫൈൽ

കൊല്ലം ∙ വിസ്മയയുടെ പേരിൽ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് തുടങ്ങി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഫ്രൻഡ് റിക്വസ്റ്റ് അയയ്ക്കുന്നതായി പരാതി. വിസ്മയയുടെ ബന്ധുക്കൾ റൂറൽ എസ്പിക്ക് ഇതു സംബന്ധിച്ചു പരാതി നൽകി. വിസ്മയ–വിജിത്ത് എന്ന പേരിൽ വിസ്മയ, സഹോദരൻ വിജിത്ത്, വിജിത്തിന്റെ ഭാര്യ ഡോ. രേവതി എന്നിവരുടെ പടം ഉപയോഗിച്ച് വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് ഉണ്ടാക്കിയാണ് സുഹൃത്തുക്കളെ ക്ഷണിക്കുന്നത്.

വിസ്മയയുടെ സഹോദരനോ സഹോദര ഭാര്യയോ സുഹൃത്തുക്കളുടെ പട്ടികയിൽ ഇല്ലാത്ത അക്കൗണ്ടിൽ എണ്ണൂറോളം പേർ സുഹൃത്തുക്കളായുണ്ട്. വിസ്മയയുടെ ബന്ധുക്കൾക്കു ഫ്രൻഡ് റിക്വസ്റ്റ് അയച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പരാതി നൽകിയത്. പരാതി സംബന്ധിച്ചു സൈബർ സെൽ അന്വേഷണം നടത്തുമെന്നു റൂറൽ എസ്പി കെ.ബി.രവി ഉറപ്പു നൽകിയതായി ബന്ധുക്കൾ അറിയിച്ചു.

More