Monday 23 May 2022 11:24 AM IST : By സ്വന്തം ലേഖകൻ

കോവിഡ് കാരണം 80 പവനേ നൽകാനായുള്ളൂ... ‘പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെയെന്ന്’ കിരൺ: വിസ്മയയെ കരയിച്ച ക്രൂരത

vismaya

സ്ത്രീധന പീഡനത്തെത്തുടർന്ന് നിലമേൽ സ്വദേശി വിസ്മയ ഭർതൃവീട്ടിൽ ജീവനൊടുക്കിയ കേസിൽ കൊല്ലം അഡിഷനൽ സെഷൻസ് കോടതി ഇന്ന് വിധി പറയാനിരിക്കുമ്പോൾ കേരളക്കരയൊന്നാകെ ഉറ്റുനോക്കുകയാണ്. 2021 ജൂൺ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിന്റെ വിചാരണ വേളയിൽ കിരൺ കുമാറിന്റെ ക്രൂരമായ പെരുമാറ്റം വ്യക്തമാക്കുന്ന ചില തുറന്നു പറച്ചിലുകളുണ്ടായി.

വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരെ ഒന്നാം സാക്ഷിയായി കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.സുജിത്ത് മുൻപാകെ വിസ്തരിക്കുമ്പോഴാണ് വിസ്മയയോടും കുടുംബത്തോടും കിരൺ കാണിച്ച ക്രൂരതയുടെ നേർചിത്രം വ്യക്തമാകുന്നത്.

തന്നോട് സ്ത്രീധനം ചോദിച്ചത് കിരണിന്റെ പിതാവാണെന്നും വിവാഹം ഉറപ്പിക്കുന്ന സമയത്തു സ്ത്രീധനം ആവശ്യപ്പെട്ടെന്നും പിന്നീട് സ്ത്രീധനത്തിന്റെ പേരിൽ കിരൺ വിസ്മയയെ മർദിക്കുമായിരുന്നെന്നും ത്രിവിക്രമൻ നായർ അന്നു മൊഴി നൽകി.

മകൾക്ക് എന്തുകൊടുക്കുമെന്ന് കിരണിന്റെ പിതാവ് വിവാഹം ഉറപ്പിക്കുന്ന സമയത്ത് തന്നോടു ചോദിച്ചു. 101 പവൻ സ്വർണവും 1.2 ഏക്കർ സ്ഥലവും കാറും നൽകാമെന്നു പറഞ്ഞു. കോവിഡ് കാരണം 80 പവൻ നൽകാനേ കഴിഞ്ഞുള്ളു. വിവാഹത്തിന്റെ തലേന്നു വീട്ടിലെത്തിയ കിരൺ വേറെ കാർ വേണമെന്നു വിസ്മയയോടു പറഞ്ഞു.

ആഭരണം ലോക്കറിൽ വയ്ക്കാനായി തൂക്കിയപ്പോൾ അളവിൽ കുറവു കണ്ട് വിസ്മയയെ ഉപദ്രവിച്ചു. കിരൺ തന്നെ ഫോണിൽ വിളിച്ചപ്പോൾ വീട്ടിൽ കൊണ്ടുപോകണമെന്നു കരഞ്ഞു കൊണ്ടു വിസ്മയ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. കിരണിന്റെ മൊബൈൽ ഫോണിൽ നിന്ന് വീണ്ടെടുത്ത സംഭാഷണം കോടതിയിൽ കേ‍ൾപ്പിച്ചു. ഓണക്കാലത്ത് യാത്രയ്ക്കിടെ കിരൺ മർദിച്ചപ്പോൾ ചിറ്റുമലയിൽ ഒരു വീട്ടിൽ വിസ്മയ അഭയം തേടി.

താനും ഭാര്യയും കിരണിന്റെ വീട്ടിൽ എത്തിയപ്പോൾ ‘കൊടുക്കാമെന്നു പറഞ്ഞതു മുഴുവൻ കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ’ എന്നായിരുന്നു മറുപടി. തന്റെ വീട്ടിൽ വച്ച് മകൻ വിജിത്തിനെയും കിരൺ ആക്രമിച്ചു. ‘പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെ’ എന്നു പറ‍ഞ്ഞ്, വിസ്മയ അണിയിച്ച മാല ഊരി തന്റെ മുഖത്ത് എറി‍ഞ്ഞശേഷം ഇറങ്ങിപ്പോയി. വിവാഹം ബന്ധം വേർപ്പെടുത്തുന്നതിനു സമുദായ സംഘടനാ ഭാരവാഹികളുമായി ചർച്ച ചെയ്യാനിരിക്കെയാണ് മകൾ കിരണിനോടൊപ്പം പോയത്. ജൂൺ 21ന് മകൾ ആശുപത്രിയിൽ ആണെന്നു കിരണിന്റെ പിതാവ് വിളിച്ചു പറഞ്ഞു.

ആശുപത്രിയിലേക്ക് പോകുമ്പോഴാണ് മകളുടെ മരണവിവരം അറിയുന്നതെന്നും ത്രിവിക്രമൻനായർ മൊഴി നൽകി. ക്രോസ് വിസ്താരം ഇന്നും തുടരും. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ജി.മോഹൻരാജ്, നീരാവിൽ അനിൽ കുമാർ, ബി.അശ്വിൻ എന്നിവരും പ്രതിഭാഗത്തിനു വേണ്ടി സി.പ്രതാപൻ പിള്ളയും ഹാജരായി.