Friday 22 April 2022 04:51 PM IST

വയറിൽ വീക്കം, വെള്ളംകെട്ടുക, അസാധാരണ രക്തസ്രാവം: അവഗണിക്കരുത് ഈ ലക്ഷണങ്ങൾ, മറഞ്ഞിരിക്കും കാൻസർ

Tency Jacob

Sub Editor

cancer-fight

സ്ത്രീകളെ ബാധിക്കുന്ന കാൻസറിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് സ്തനാർബുദമാണെങ്കിലും ഇത് ആരംഭദശയിൽ തന്നെ ഇപ്പോൾ കണ്ടുപിടിക്കുകയും ചികിത്സിച്ചു ഭേദമാക്കുകയും ചെയ്യുന്നുണ്ട്. ലക്ഷണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും കൃത്യമായ അവബോധം ലഭിച്ചതാണ് ഇതിനു പ്രധാന കാരണം. എന്നാൽ സ്ത്രീകളെ ബാധിക്കുന്ന മറ്റു കാൻസറുകളുടെ കാര്യം അങ്ങനെയല്ല. ലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നതു മൂലം ഇവ ഗുരുതരമായി മാറുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഒരു നിശ്ചിത കാലയളവിൽ സമൂഹത്തിൽ എത്ര പേർക്ക് പുതിയതായി കാൻസർ കണ്ടെത്തുന്നു എന്നതിന്റെ കണക്കാണ് പോപുലേഷൻ ബേസ്ഡ് കാൻസർ റജിസ്ട്രേഷൻ. 2020ൽ പ്രസിദ്ധീകരിച്ച പിബിസിആർ പ്രകാരം കേരളത്തിലെ സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന അർബുദങ്ങളിൽ രണ്ടാം സ്ഥാനത്തു വരുന്നത് തൈറോയ്ഡ് കാൻസറാണ്. മൂന്നാമത് ഗർഭാശയത്തിലും ഗർഭാശയഗളത്തിലും കാണപ്പെടുന്നവയാണ്. അ ണ്ഡാശയ കാൻസറും ശ്വാസകോശ കാൻസറുമാണ് തുടർന്നു വരുന്നവ. സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ ചിലതെങ്കിലും ആരംഭദശയിൽ തന്നെ രോഗനിർണയം നടത്തിയാൽ പൂർണമായും ഭേദമാക്കാൻ കഴിയുന്നവയാണ്.

തൈറോയ്ഡ് കാൻസർ

ആരോഗ്യമേഖലയിൽ കേരളം കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ മൂലം തൈറോയ്ഡ് കാൻസർ ആരംഭഘട്ടത്തിൽ കണ്ടുപിടിക്കാൻ സാധിക്കുന്നുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലാണ് തൈറോയ്ഡ് കാൻസർ കൂടുതലായി കണ്ടു വരുന്നത്. എന്താണിതിനു കാരണമെന്ന് കൃത്യമായി കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല.

ലക്ഷണങ്ങൾ

തൈറോയ്ഡ് ഗ്രന്ഥികളിലുണ്ടാകുന്ന വീക്കമാണ് പ്രധാന ലക്ഷണം. പുറമേ നിന്നു നോക്കിയാൽ കഴുത്തിനു മുന്നിൽ സ്ഥിതി ചെയ്യുന്ന തൈറോയ്ഡ് കണ്ടുപിടിക്കാൻ കഴിയാറില്ല. പക്ഷേ, വീക്കം മൂലം കഴുത്തിനു പുറമേക്ക് ഗോയിറ്ററിന്റേതു പോലെ വീർത്തു വരുമ്പോഴാണ് പലരും ഡോക്ടറെ കാണാൻ എത്തുന്നത്. എഫ്എൻഎസി എന്ന കുത്തിവയ്പ് പരിശോധനയിലൂടെ തൈറോയ്ഡിൽ‌ കാൻസർ ഉ ണ്ടോ എന്നു മനസ്സിലാക്കാൻ സാധിക്കും.

ചികിത്സ എങ്ങനെ?

95 ശതമാനവും ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നവയാണ് തൈറോയ്ഡ് കാൻസർ. ഇതിൽ തന്നെ കൂടുതലായി കാണുന്നത് പാപ്പിലോറി കാർസിനോമ തൈറോയ്ഡ്,ഫോളികുലാർ കാർസിനോമ തൈറോയ്ഡ് എന്നിവയാണ്. കാൻസർ ഉള്ള മുഴകളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന തൈറോയിഡക്ടമിയാണ് പ്രധാന ചികിത്സ.

കഴുത്തിലെ മറ്റു കഴലകളിൽ ട്യൂമർ ഉണ്ടോയെന്നു പരിശോധിച്ചു ആവശ്യമുണ്ടെങ്കിൽ അവയും നീക്കം ചെയ്യാറുണ്ട്. സർജറിക്കു ശേഷം ചെറിയ ശതമാനം രോഗികൾക്ക് റേഡിയോ അയഡിൻ തെറപ്പി നൽകേണ്ടി വരാറുണ്ട്. സാധാരണ കാൻസർ ചികിത്സയ്ക്കുള്ള കീമോതെറപ്പിയോ, റേഡിയേഷനോ ഈ കാൻസറിന് ആവശ്യം വരാറില്ല. തൈറോയ്ഡ് പൂർണമായും നീക്കം ചെയ്യുന്നതുകൊണ്ട് തൈറോയ്ഡ് ഹോർമോൺ ഉണ്ടാക്കുന്ന തൈറോക്സിൻ മരുന്ന് പിന്നീടുള്ള കാലം മുഴുവൻ കഴിക്കണം.

cancer-ladies

ഗർഭാശയഗള കാൻസർ

ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും രണ്ടാം സ്ഥാനമാണ് സ്ത്രീകളെ ബാധിക്കുന്ന ഈ അർബുദത്തിനുള്ളത്. വ്യക്തിശുചിത്വവും ലൈംഗികശുചിത്വവും പാലിക്കുന്നതു കൊണ്ടു കേരളത്തിൽ ഇതു കുറഞ്ഞു വരുന്നതായാണ് കാണുന്നത്.

ലൈംഗികബന്ധത്തിലൂടെ പകരുന്ന ഹ്യുമൻ പാപ്പിലോമ വൈറസ് ആണ് ഈ അർബുദത്തിനു കാരണം. കാൻസറിനു കാരണമാകുന്നതും അല്ലാത്തതുമായ വൈറസുകളുണ്ട്. 98 ശതമാനം സെർവിക്കൽ കാൻസറിനും കാരണം ഈ വൈറസുകളാണ്.

വരാതെ നോക്കാം

വൈറൽ അണുബാധ വരാതെ നോക്കുക എന്നതാണ് ഗർഭാശയഗള അർബുദത്തെ പ്രതിരോധിക്കാനുള്ള പ്രതിവിധി. പെൺകുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ ഇതിനെതിരെയുള്ള വാക്സീൻ എടുത്താൻ കാൻസർ വരാതിരിക്കാനുള്ള സാധ്യത 90 മുതൽ 95 ശതമാനം വരെയാണ്. രണ്ടു ഡോസ് വാക്സീൻ എടുത്തിരിക്കണം.

തുടക്കം മുതൽ ലക്ഷണങ്ങൾ

രക്തസ്രാവമാണ് ഗർഭാശയഗള കാൻസറിന്റെ പ്രധാന ലക്ഷണം. ആർത്തവസമയത്തല്ലാതെ വരുന്ന രക്തസ്രാ വം ശ്രദ്ധിക്കണം. ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷമുണ്ടാകുന്ന രക്തസ്രാവം പ്രധാന ലക്ഷണമാണ്.ഡോക്ടറോടു പറയാൻ മടിയായതുകൊണ്ടു സ്ത്രീകൾ ഇതു മറച്ചു വയ്ക്കുകയാണ് പതിവ്. അതുപോലെ ദുർഗന്ധത്തോടു കൂടിയ യോനീസ്രവങ്ങളും ശ്രദ്ധിക്കണം.

തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാൻ പറ്റുന്നതാണ് ഗർഭാശയഗള കാൻസർ. സ്താനാർബുദത്തിന്റെ സ്ക്രീനിങ് ടെസ്റ്റായ പാപ്സ്മിയർ ടെസ്റ്റാണ് ഇതിനും ഉപയോഗിച്ചു കൊണ്ടിരുന്നത്. മോളിക്കുലാർ ടെസ്റ്റും ഫലപ്രദമാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. ഗർഭാശയഗള കാൻസറിനും ചെയ്യുന്നത്. ഗർഭപാത്രത്തിന്റെ തുടക്കത്തിലുള്ള ഭാഗമാണ് ഗർഭാശയഗളം. പ്രത്യേകതരം ബ്രഷ് ഉപയോഗിച്ച് ഇവിടെ നിന്നു കുറച്ചു ഭാഗം ചുരണ്ടിയെടുത്തു ബയോപ്സി ചെയ്യും. പിന്നീട്, സ്കാനിങ്ങിനു ശേഷമേ കാൻസർ ഏതു സ്േറ്റജിലാണെന്നു കണ്ടുപിടിക്കാനും കൃത്യമായ ചികിത്സ തുടങ്ങാനുമാകൂ.

ആരംഭഘട്ടത്തിൽ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ ഇന്റേണൽ റേഡിയേഷൻ കൊണ്ടു ചികിത്സിച്ചു ഭേദമാക്കാൻ കഴിയും. മറ്റു സ്റ്റേജുകളിൽ സർജറിയും കീമോതെറപ്പിയും വേണ്ടി വരും. ആരംഭദശയിൽ കണ്ടുപിടിക്കുകയാണെങ്കിൽ പൂർണമായും ഭേദമാക്കാവുന്നതാണ് ഗർഭാശയഗള കാൻസർ.

അണ്ഡാശയ അർബുദം

പ്രത്യേകിച്ചു ലക്ഷണങ്ങളൊന്നും കാണാത്തതുകൊണ്ട് നിശബ്ദ കൊലയാളിയായാണ് അണ്ഡാശയ അർബുദം അറിയപ്പെടുന്നത്. രോഗം ഗുരുതരമായ ഘട്ടത്തിലാണ് പ ലപ്പോഴും ഇതു തിരിച്ചറിയപ്പെടുക. വയറിനു സുഖമില്ലാത്തതുപോലെ തോന്നുക, പലതരം സ്രവങ്ങൾ,വയറുവേദന എന്നിവയൊക്കെ അനുഭവപ്പെടാം. പക്ഷേ, ഒട്ടുമിക്ക സ്ത്രീകളും അത് അവഗണിക്കുകയാണ് പതിവ്.

പലതരത്തിലുള്ള അണ്ഡാശയ കാൻസറുകളുണ്ട്. അ തിലൊന്നാണ് ജെം സെൽ ഓവേറിയൻ ട്യൂമർ. ഇതു കുട്ടികളിലും ചെറുപ്പക്കാരിലുമാണ് കൂടുതലായി കാണുന്നത്. പ്രായം ചെന്നവരിൽ കൂടുതലായി കാണപ്പെടുന്നത് അഡിനോ കാർസിനോമ ഓഫ് ദ ഓവറി എന്ന വിഭാഗമാണ്.

കുട്ടികളിലും ചെറുപ്പക്കാരിലും സർജറിയാണ് അടിയന്തിരമായി ചെയ്യുന്നത്. പിന്നീട് കീമോതെറപ്പിയും വേണ്ടിവരും. ഈ രോഗം അഡ്വാൻസ്ഡ് സ്േറ്റജിലാണെങ്കിൽ പോലും ചികിത്സിച്ചു പൂർണമായും ഭേദപ്പെടുത്താം.

cancer-ladies-2

ലക്ഷണങ്ങൾ അവഗണിക്കാതിരിക്കുക

മുതിർന്നവരിൽ കാണപ്പെടുന്ന അണ്ഡാശയ കാൻസർ പ്രാരംഭഘട്ടത്തിൽ അപൂർവമായി മാത്രമേ തിരിച്ചറിയപ്പെടാറുള്ളൂ. തിരിച്ചറിയപ്പെടാറുണ്ട്. വയറിൽ വീക്കമുണ്ടാകുന്നതാണ് പ്രധാന ലക്ഷണം. അതുപോലെ വയറിൽ വെള്ളം കെട്ടുക, വയർ വീർത്തു വരിക തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാണ്.

കൂടുതൽ ബുദ്ധിമുട്ടുകൾ വരുമ്പോഴാണ് സ്ത്രീകൾ ഡോക്ടറുടെ അടുത്തെത്തുന്നത്. ബ്ലഡ് ടെസ്റ്റ്, സിടി സ്കാന്‍, അൾട്രാസൗണ്ട് സ്കാൻ എന്നിവ വഴി കണ്ടുപിടിക്കാൻ സാധിക്കും. ആരംഭദശയിലാണെങ്കിൽ സർജറിയും കീമോതെറപ്പിയും ചെയ്യും. അല്ലെങ്കിൽ കീമോതെറപ്പി കൊടുത്ത് അസുഖം കുറച്ചു കൊണ്ടുവന്നതിനു ശേഷമാണ് സർജറി ചെയ്യുക.

സ്ക്രീനിങ് പ്രോഗ്രാം ഇല്ലാത്തതു കൊണ്ടു അണ്ഡാശയ അർബുദം പ്രാരംഭഘട്ടത്തിൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. എന്നാലും സിഎ125 എന്ന രക്തപരിശോധന വഴി അണ്ഡാശയ അർബുദം തിരിച്ചറിയാം. എന്നാൽ, ഇതുകൊണ്ടുമാത്രം ഒവേറിയൻ കാൻസർ എന്നുറപ്പിക്കാനാകുമാകില്ല.

ഈ അർബുദങ്ങളും ശ്രദ്ധിക്കുക

വൻകുടലിലുണ്ടാകുന്ന കാൻസർ, മൾട്ടിപ്പിൾ മൈലോമ, ലിംഫോമ എന്നിവയാണ് ആദ്യ പത്തിൽ ഉൾപ്പെടുന്ന മറ്റു കാൻസറുകൾ. ഇവ പുരുഷന്മാരിലും സ്ത്രീകളിലും ഒരേപോലെയാണ് കാണപ്പെടുന്നത്. മജ്ജയിലുണ്ടാകുന്ന കാൻസറായ മൾട്ടിപ്പിൾ മൈലോമ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ കൂടുതലായി കണ്ടുവരുന്നുണ്ട്.

മജ്ജയിൽ നിന്നാണ് നമ്മുടെ രക്തത്തിലേക്കാവശ്യമായ അണുക്കളെ സൃഷ്ടിക്കുന്നത്. മജ്ജയിൽ കാണുന്ന ഒരുതരം കോശങ്ങളാണ് പ്ലാസ്മ സെല്ലുകൾ. ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്കാവശ്യമായ പ്രോട്ടീൻ ഉത്പാദിപ്പിക്കുകയാണ് ഇവയുടെ പ്രവർത്തനം.

സാധാരണ ഒരു വ്യക്തിയിൽ അഞ്ചുശതമാനത്തിൽ താഴെ മാത്രമേ പ്ലാസ്മാ സെൽ കാണപ്പെടുകയുള്ളൂ. പ്ലാസ്മ സെല്ലിലുണ്ടാകുന്ന കാൻസർ മൂലം ഇതിന്റെ അളവ് കൂടുകയും പ്രോട്ടീൻ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും.

എല്ലുകൾക്ക് ഒടിവ്, കാത്സ്യത്തിന്റെ അളവ് കൂടുക, ഹീമോഗ്ലോബിന്റെ അളവ് കുറയുക, കിഡ്നിയുടെ പ്രവർത്തനത്തിൽ തകരാറ് സംഭവിക്കുക എന്നിവ ഉണ്ടാകാം. ഇതു ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന കാൻസറല്ലെങ്കിലും നിയന്ത്രിച്ചു നിർത്താൻ കഴിയും. പ്രായം കുറഞ്ഞവരിലാണെങ്കിൽ മജ്ജ മാറ്റി വയ്ക്കുകയാണ് ചികിത്സ.

കഴലകളിലുണ്ടാകുന്ന അർബുദമാണ് ലിംഫോമ. പ ത്തു ശതമാനം രോഗികളിൽ കഴലകളിലല്ലാതെ ശരീരത്തിന്റെ അവയവങ്ങളിലും ഇതു കാണപ്പെടും. പ്രധാനമായും ഹോച്കിൻസ് ലിംഫോമയും നോൺ ഹോച്കിൻസ് ലിംഫോമയുമാണ് ഉള്ളത്.അതിൽ തന്നെ വ്യത്യസ്ത ടൈപ്പുകളുണ്ട്. അതിനനുസരിച്ചാണ് ചികിത്സയും നിശ്ചയിക്കപ്പെടുന്നത്. ഗുരുതര ഘട്ടത്തിൽ നിന്നു പോലും രോഗിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ കഴിയും.

വൻകുടലിലും വയറിലും ഈസോഫാഗസിലും ഉണ്ടാകുന്ന കാൻസറും ഇപ്പോൾ സാധാരണമാണ്. ഭക്ഷണം വിഴുങ്ങാനുള്ള പ്രയാസം, മലം പോകുന്നതിനു ബുദ്ധിമുട്ടുണ്ടാകുക, മലത്തിലൂടെ രക്തം പോകുക എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ. ആരംഭഘട്ടത്തിൽ തന്നെ കണ്ടുപിടിക്കാൻ കഴിയുന്ന അർബുദമാണ് ഇവയെല്ലാം. എവിടെ, എത്രത്തോളം ബാധിച്ചിരിക്കുന്നു എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കും ചികിത്സ.

പേടിക്കേണ്ട എൻഡോമെട്രിയൽ കാൻസറിനെ



നാലാം സ്ഥാനത്തു നിൽക്കുന്ന ഗർഭാശയസ്തര കാൻസറിന്റെയും പ്രധാന ലക്ഷണം രക്തസ്രാവമാണ്. ആർത്തവവിരാമം വന്നതിനു ശേഷം ഉണ്ടാകുന്ന രക്തസ്രാവം പോസ്റ്റ് മെനോപ്പോസൽ ബ്ലീഡിങ് എന്നാണ് അ റിയപ്പെടുന്നത്.ഇതിനു പ്രധാന കാരണമായി പറയുന്നത് ഗർഭാശയസ്തരത്തിൽ ഉണ്ടാകുന്ന കാൻസറാണ്.

ആദ്യം വളരെ ചെറിയ സ്പോട്ടിങ് ആണ് കാണപ്പെടുന്നത്. ആർത്തവം തീർന്നാലും ഇടയ്ക്കു ഇങ്ങനെ ഉ ണ്ടാകും എന്ന തെറ്റായ ധാരണ മൂലം പലരും അത് ഗൗരവത്തോടെ എടുക്കാറില്ല. തുടക്കത്തിൽ തന്നെ ഡോക്ടറെ കണ്ടു പരിശോധന നടത്തുകയാണെങ്കിൽ ചികിത്സ അത്രയും വേഗം തുടങ്ങാൻ സാധിക്കും.

ചികിത്സ ഒന്നേയുള്ളൂ

അൾട്രാസൗണ്ട് സ്കാൻ ചെയ്യുന്നതാണ് ആദ്യഘട്ടം. റിപ്പോർട്ടിൽ സംശയം തോന്നുന്നുവെങ്കിൽ ശസ്ത്രക്രിയയ്ക്കു മുൻപ് എംആർഐ സ്കാൻ നടത്തി ഗർഭാശയസ്തരത്തിന്റെ കനം കൂടിയിട്ടുണ്ടോയെന്നു പരിശോധിക്കും. കാൻസർ എത്രത്തോളം വ്യാപിച്ചിട്ടുണ്ട് എന്ന് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും. അതിനുശേഷം ഡിആൻസി നടത്തിയോ അല്ലെങ്കിൽ കോൾപോസ്കോപിയിലൂടെയോ ബയോപ്സി എടുത്തു രോഗനിർണയം നടത്തും.

ശസ്ത്രക്രിയയാണ് ഈ അര്‍ബുദത്തിന്റെ ചികിത്സ. ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യും. പ്രാരം ഭഘട്ടത്തിലാണെങ്കിൽ ഇതുമാത്രം മതിയാകും. ചിലർക്ക് കീമോതെറപ്പിയും ചിലർക്കു റേഡിയേഷനും നിർ ദേശിക്കാറുണ്ട്. ഇന്റേണൽ റേഡിയേഷൻ ആയ ബ്രാക്കിതെറപ്പിയും എക്സ്േറ്റണൽ റേഡിയേഷനും നൽകാറുണ്ട്.

ചികിത്സ തേടേണ്ടത് ഇങ്ങനെ

യോനീസ്രവങ്ങൾ, അസാധാരണമായ രക്തസ്രാവം ഇവ കണ്ടാൽ സ്ത്രീകൾ സാധാരണ ഗൈനക്കോളജി ഡോക്ടറെയാണ് സമീപിക്കുന്നത്. വിശദമായ പരിശോധനകൾക്കും ടെസ്റ്റുകൾക്കും ശേഷം കാൻസർ ആണോയെന്ന നിഗമനത്തിലെത്തും.

എന്നാൽ ശസ്ത്രക്രിയയ്ക്കു ശേഷമായിരിക്കും പലരും കാൻസർ രോഗ ചികിത്സാ വിഭാഗത്തിലെത്തുന്നത്. കാൻസർ ബാധിച്ച അവയവം നീക്കം ചെയ്തിട്ടൂണ്ടാകുമെങ്കിലും കാൻസറിനെ പൂർണമായും നീക്കം ചെയ്തിട്ടുണ്ടാകില്ല. ഇതു മൂലം പലപ്പോഴും കാൻസർ ബാധിച്ച സ്ഥാനത്ത് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടതായി വരാറുണ്ട്.

ഉദാഹരണത്തിന് ഗർഭാശയസ്തര കാൻസറിനുള്ള ശസ്ത്രക്രിയയിൽ ഗർഭപാത്രവും അണ്ഡാശയവും ഫെലോപിയൻ ട്യൂബുമെല്ലാം നീക്കം ചെയ്തിട്ടുണ്ടാകും. പക്ഷേ, അതിനടുത്തുള്ള കഴലകളിൽ ചിലപ്പോൾ കാൻസർ ബാധിച്ചിട്ടുണ്ടാകാം. മാത്രമല്ല, കാൻസർ ഏതു സ്റ്റേജിലാണെന്ന് തിരിച്ചറിഞ്ഞാലേ നൽകേണ്ട ശരിയായ ചികിത്സ തീരുമാനിക്കാൻ സാധിക്കുകയുള്ളൂ.

കാൻസർ സ്ഥിരീകരിക്കുകയോ അല്ലെങ്കിൽ സംശ യിക്കുകയോ ചെയ്യുമ്പോൾ തന്നെ കാൻസർരോഗ ചികിത്സാ വിദഗ്ദ്ധരെ കാണുന്നതാണ് നല്ലത്. മെഡിക്കൽ ഓങ്കോളജിസ്റ്റ്, സർജിക്കൽ ഓങ്കോളജിസ്റ്റ്, റേഡിയേഷൻ ഓങ്കോളജിസ്റ്റ് തുടങ്ങിയവരിലാരുടേയും സ ഹായം തേടാം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ.ബോബൻ തോമസ്

കൺസൽറ്റന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ്

കാരിത്താസ് ഹോസ്പിറ്റൽ

കോട്ടയം