Thursday 02 June 2022 04:54 PM IST

‘ഇതെന്റെ വിശ്രമം... ഭർത്താവും മക്കളും അതിൽ കൂട്ടുചേരാറില്ല’: തൂവൽ പോലെ പറന്ന് ഷീബ

Tency Jacob

Sub Editor

sheeba-travel ഡോ. ഷീബ മനോജ് പൊഖ്റയിലെ ശാന്തി സ്തൂപത്തിനടുത്ത്

മറ്റാരോ തെളിക്കുന്ന വഴികളിലൂടെ സഞ്ചരിച്ചു മടുത്തിട്ടാകണം നമ്മുടെ പെണ്ണുങ്ങൾ ഇപ്പോൾ ‘യാത്രകൾ ഒറ്റയ്ക്കു മതി’ യെന്ന് തീരുമാനിക്കുന്നത്. മനസ്സ് പതറി നിൽക്കുമ്പോൾ, വീട്ടിലെയും ജോലി സ്ഥലത്തെയും വേഷങ്ങൾ തീർത്തും മടുക്കുമ്പോൾ, പേരറിയാ സങ്കടം വന്നു പൊതിയുമ്പോൾ, സങ്കടദിനങ്ങൾ കരഞ്ഞു തീർക്കുന്നത് പഴങ്കഥ.

ചേഞ്ച് വേണമെന്നു തോന്നിയാൽ സഞ്ചിയും തൂക്കി ഇറങ്ങുകയായി. ‘കൂടെ വാ’ എന്നു പറഞ്ഞ് കൈ പിടിക്കുന്നത് മറ്റാരെയുമല്ല തന്നെത്തന്നെയാണ്.ഇത്തിരി ദിവസം തനിച്ചു നടന്ന് ഒത്തിരി ദിവസത്തേക്കുള്ള ഊർജം സമ്പാദിക്കുന്ന അവരുടെ അദ്ഭുത സഞ്ചാരവഴികളും.‌

ഞാനൊരു പൊൺതൂവലായ്....

ഡോ. ഷീബ മനോജ്

(ക്വാളിറ്റി ലീഡ് ഇൻ ക്ലിനിക്കൽ റിസർച്ച് ഇൻഡസ്ട്രി)

ചില സ്ഥലത്ത് നമുക്ക് കൂടുതൽ സമയം ചെലവഴിക്കാൻ തോന്നും. കൂടെയുള്ളവർക്ക് അങ്ങനെ തോന്നണമെന്നില്ല. അതുകൊണ്ടെപ്പോഴും തനിച്ചാണ് യാത്ര കൾ പോകുന്നത്. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ ഞാൻ എനിക്കു വേണ്ടി എടുക്കുന്ന വിശ്രമമാണത്. ഭർത്താവ് മനോജും മക്കൾ അഭിഷേകും അനുഗ്രഹും അതിൽ കൂട്ടു ചേരാറില്ല. വളരെ സുഖകരമായി നടത്തിയ ആയിരം ഉല്ലാസയാത്രയേക്കാൾ ഒാർമയുടെ ഒന്നാംബെഞ്ചിൽ നി ൽക്കുന്നത് ഒരൊറ്റ സാഹസിക യാത്രയാണ്.

പറവയായ് ബൻജീ ജംപിങ്

നേപ്പാളിലേക്ക് തനിച്ചാണ് പോയത്. ലോകത്തിലെ ത ന്നെ ഉയരം കൂടിയ രണ്ടാമത്തെ ബൻജീ ജംപിങ് സ്ഥലമാണ് നേപ്പാളിലെ കുസുമ. രണ്ടു മലയിടുക്കുകൾക്കു താഴെ അഗാധമായ ഗർത്തം പോലെ നദി. ഈ രണ്ടു മലകളെ ത മ്മിൽ കൂട്ടിയിണക്കുന്നത് ഒരു പാലമാണ്. ആ പാലത്തിനു നടുക്കു നിന്നാണ് നമ്മൾ ബൻജീ ജംപിങ് ചെയ്യേണ്ടത്. ചാടുന്നതിനു മുൻപ് കൃത്യമായ പരിശീലനത്തിലൂടെ ആത്മവിശ്വാസം നൽകും.

ആകാശത്തിൽ നിരത്തി വച്ച പലകകൾ എന്നു തോന്നുന്ന ഒരിടത്തേക്കു നമ്മളെ കൂട്ടിക്കൊണ്ടു പോകും. ആദ്യത്തെ ആവേശമെല്ലാം അവിടെച്ചെന്നു നിൽക്കുമ്പോൾ ത കർന്നു തരിപ്പണമാകും. ‘കുറച്ചു കൂടി മുന്നോട്ടു പോകൂ’ എന്നു ട്രെയിനർമാർ പറയുമ്പോൾ മനസ്സിൽ ഭയം കൂടു കൂട്ടും.

ധൈര്യത്തെ തേടിപിടിച്ചു വരുമ്പോഴേക്കും നമ്മൾ ചാ ടി കഴിഞ്ഞിരിക്കും. കാലുകൾ രണ്ടും ലോക്ക് ചെയ്തു വച്ചിരിക്കുന്നതു കൊണ്ട് തലകുത്തനെയാണ് ആഴത്തിലേക്ക് വീഴുക. ആ സമയത്ത് പേടികൊണ്ട് നമ്മുടെ ഹൃദയം കുതികൊള്ളും. പിന്നെ, മെല്ലെ ആസ്വദിക്കാൻ തുടങ്ങും. ശരീരത്തിന്റെ ഭാരം അറിയുകയേയില്ല.

ഒരു തൂവൽപോലെ പറന്നുപറന്ന്. അപ്പോൾ കാണുന്ന കാഴ്ചകളെ മനസിൽ നിന്ന് മായ്ച്ചാലും മായില്ല. അ വർ നമ്മുടെ കാലിലെ ലോക്ക് വിടുവിച്ചു കഴിഞ്ഞാൽ തല ഉയർത്തിപ്പിടിക്കാം. അപ്പോഴേക്കും ആ പക്ഷിപ്പറക്കൽ നമുക്ക് ഇഷ്ടമായി തുടങ്ങും. രണ്ടുമൂന്നു തവണ താഴ്ത്തിയും ഉയർത്തിയും അവർ നമ്മളെ രസിപ്പിക്കും. വായുവിൽ ഞാൻ മാത്രമായ നിമിഷം. തിരിച്ചു കയറുമ്പോൾ സങ്കടം തോന്നി.

കണ്ണൂരാണ് വീടെങ്കിലും ജോലിയോടനുബന്ധിച്ച് ബെംഗളൂരുവിലാണ് താമസം. കൊറോണ തുടങ്ങിയതിനു ശേ ഷം എല്ലാ മാസവും ഒരു യാത്രയുണ്ട്. വീട്ടിലിരുന്നു ജോലി ചെയ്യുന്നതു കൊണ്ട്് അതിനുള്ള സാഹചര്യമുണ്ട്. യാത്ര ചെയ്തു തിരിച്ചു വരുമ്പോൾ ജോലിയിലായാലും വീട്ടിലായാലും 100 ശതമാനം ഊർജത്തോടെ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നാണ് അനുഭവം. യാത്രയ്ക്കിടയിൽ എന്തു പ്രതിസന്ധികളുണ്ടായാലും ഒറ്റയ്ക്ക് കൈകാര്യം ചെയ്യും. അത് ആത്മവിശ്വാസം കൂട്ടാനും സഹായിച്ചിട്ടുണ്ട്.

ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ ഞാൻ യാത്ര ചെയ്യാറില്ല. പക്ഷേ, ജീവിതം എന്നിൽ നിന്ന് രക്ഷപ്പെടാതിരിക്കാനാണ് എന്റെ യാത്രകളെല്ലാം.