Saturday 04 February 2023 12:53 PM IST : By സ്വന്തം ലേഖകൻ

‘മറുക്, കാക്ക പുള്ളി, അരിമ്പാറ എന്നിവയുടെ നിറത്തിലുണ്ടാകുന്ന വ്യതിയാനം’: കാൻസറിനു മുമ്പ് ശരീരം നൽകും സൂചനകൾ

cancer-day-2023

എല്ലാ വർഷവും ഫെബ്രുവരി 4, ലോക അർബുദദിനമായി ആചരിക്കപ്പെടുന്നു. അർബുദത്തിനെതിരെ 120 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ UICC (യൂണിയൻ ഫോർ ഇൻ്റർനാഷണൽ കാൻസർ കൺട്രോൾ) ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കാൻസറിനെതിരായുള്ള പോരാട്ടവും അവബോധവും മുൻനിർത്തി ഡോ. ദീപ്തി ടിആർ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. കാൻസറിന്റെ ലക്ഷണങ്ങൾ, ജീവിത രീതി, ചികിത്സ, പോരാട്ടം എന്നിവ സ്പർശിച്ചു കൊണ്ടാണ് ഡോക്ടറുടെ കുറിപ്പ്.

വനിത ഓൺലൈനുമായി പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:

*കാൻസർ

യാതൊരു നിയന്ത്രണവുമില്ലാതെ ശരീര കോശങ്ങൾ പെറ്റു പെരുകുന്ന അസുഖങ്ങൾക്ക് പൊതുവെ പറയുന്ന പേരാണ് കാൻസർ.

*കാൻസറിന്റെ ലക്ഷണങ്ങൾ

ഉണങ്ങാത്ത വ്രണങ്ങൾ, (പ്രത്യേകിച്ച് വായയിൽ)

ശരീരത്തിൽ ഉണ്ടാകുന്ന മുഴകളും തടിപ്പും,

അസാധാരണവും ആവർത്തിച്ചുമുള്ള രക്തസ്രാവം,

തുടരെത്തുടരെയുള്ള ദഹനക്കേട്, വയറു വേദന, ആഹാരം ഇറക്കാനുള്ള പ്രയാസം,

തുടർച്ചയായുള്ള ശബ്ദമടപ്പും ചുമയും (പ്രത്യേകിച്ച് പുകവലിക്കാരിൽ),

നീണ്ടുനിൽക്കുന്ന പനി,

സാധാരണയിൽ നിന്നും വ്യത്യസ്തമായി മലമൂത്ര വിസർജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ (രക്തം, പഴുപ്പ് മുതലായവ),

മറുക്, കാക്ക പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും വലിപ്പത്തിലും ഉണ്ടാകുന്ന വ്യതിയാനം.

ഇവ എല്ലാം പൂർണമായും കാൻസറിന്റെ ലക്ഷണങ്ങൾ ആകണമെന്നില്ല. എന്നാൽ ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ചികിത്സയ്ക്കു ശേഷവും 15 ദിവസത്തിൽ കൂടുതലായും കാണുകയാണെങ്കിൽ ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടേണ്ടതാണ്.

*കാൻസറിന്റെ വർഗീകരണം

കാൻസറിനെ മൂന്നായി തരം തിരിക്കാം.

1)പ്രതിരോധിക്കാനാവുന്നവ

80 ശതമാനം വായിലെ കാൻസറും 85 ശതമാനം ശ്വാസകോശ കാൻസറും മറ്റു പല കാൻസറുകളും പ്രതിരോധിക്കാനാവുന്നവയാണ്. പുകയിലയും മദ്യവും വർജിച്ചും മറ്റും അത്തരം കാൻസറുകളെ തടയാം.

2. നേരത്തെ കണ്ടെത്തി ചികിത്സിച്ചു ഭേദമാക്കുന്നവ

വായിലെ കാൻസർ ,സ്തനാർബുദം, ഗർഭാശയഗള കാൻസർ, മലശയത്തിലെയും വൻ കുടലിലെയും ക്യാൻസർ ഇവയെല്ലാം നേരത്തെ കണ്ടെത്തി ചികിത്സിക്കാവുന്നവയാണ്.

3) രണ്ടും സാധ്യമല്ലാത്തവ-

ചിലതരം രക്താർബുദം , അപൂർവം ചില ട്യൂമറുകൾ പലപ്പോഴും നേരത്തെ കണ്ടെത്താനോ പ്രതിരോധിക്കുവാനോ സാധ്യമല്ലാത്തവയാണ്. ഇത്തരം കേസുകളിൽ സാന്ത്വന ചികിത്സ നൽകി പരിചരിക്കാറാണ് പതിവ്.

രോഗത്തിൻറെ ഫലമായി സംയുക്ത കോശങ്ങളിൽ വരുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട വർഗീകരണം (Histopathological classification)

കാർസിനോമ(CARCINOMA)

സാർക്കോമ(SARCOMA)

മെലെനോമ(MELANOMA)

ലിംഫോമ(LYMPHOMA)

ലുക്കിമിയ(LEUKEMIA)

*കാൻസർ കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകൾ



കാൻസർ രോഗം നിർണയിക്കുന്നതിനും അത് ശരീരത്തിൽ എത്രമാത്രം വ്യാപിച്ചിരിക്കുന്നു എന്ന് കണ്ടുപിടിക്കാനും വിവിധതരം പരിശോധനകളും രോഗനിർണയ ഉപാധികളും ആവശ്യമാണ്. കാൻസർ എന്നത് വിവിധ ഭാഗങ്ങളിൽ വിവിധ രീതിയിൽ ബാധിക്കുന്നതുകൊണ്ട് ഈ പരിശോധനകൾ ഓരോ രോഗിക്കും വ്യത്യസ്തമായിരിക്കും

രക്തത്തിലെ വിവിധ അണുക്കളുടെ എണ്ണം ഒരു പ്രധാന സൂചികയാണ്. പലതരത്തിലുള്ള ചികിത്സകളും രക്തത്തിലെ അണുക്കളെ ഉല്പാദിപ്പിക്കുന്ന bone marrow അഥവാ അസ്ഥിക്കുള്ളിലെ മജ്ജയെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ചില അവസരങ്ങളിൽ വളരെ കൂടുതൽ പ്രാവശ്യം രക്തം പരിശോധിക്കേണ്ടതായി വരാറുണ്ട്. ചില രക്ത പരിശോധനകൾ ശരീരത്തിലെ കാൻസറിന്റെ വ്യാപ്തി അറിയാൻ സഹായിക്കുന്നു. ഇവ"ട്യൂമർ മാർക്കേഴ്സ് " എന്നറിയപ്പെടുന്നു. റേഡിയോ ആക്ടിവിറ്റി ഉപയോഗിച്ചുള്ള ഈ പരിശോധനകൾ സാധാരണ പരിശോധനയേക്കാളും കൂടുതൽ സമയം എടുക്കാറുണ്ട്. വൃഷണങ്ങളുടെ കാൻസർ തുടങ്ങിയ ചില കാൻസറുകളിൽ ഈ പരിശോധന ഒരു നിശ്ചിത കാലയളവിനുള്ളിൽ തുടർച്ചയായി ചെയ്തുകൊണ്ടിരിക്കണം (Eg.PSA tests)

*ബയോപ്സി

ശരീര കോശങ്ങളെടുത്ത് മൈക്രോസ്കോപ്പിലൂടെ പരിശോധിക്കുകയാണ് ഇതിലൂടെ ചെയ്യുക. ഇത് രോഗനിർണയത്തിന്

മാത്രമല്ല ചികിത്സാരീതി തീരുമാനിക്കാനും വിജയ സാധ്യതകൾ പ്രവചിക്കാനും സഹായകരമാകുന്നു.

*സൈറ്റോളജി/സൈറ്റോ പാത്തോളജി

FNAC

ഒരു ചെറിയ സൂചി കൊണ്ട് കട്ടിയോ തടിപ്പോ ഉള്ള ശരീര ഭാഗത്തിൽ നിന്ന് കോശങ്ങൾ കുത്തി എടുത്ത് പരിശോധിക്കുന്നു.

*പാപ് സ്മിയർ ടെസ്റ്റ്

ഗർഭാശയത്തിൽ നിന്ന് കൊഴിഞ്ഞു വീഴുന്ന കോശങ്ങൾ സ്പാച്ചുല എന്നൊരു ഉപകരണം കൊണ്ട് ശേഖരിച്ച് ഒരു ഗ്ലാസ് സ്ലൈഡിൽ പരത്തി കെമിക്കൽ റീ ഏജന്റുകൾ കൊണ്ട് നിറം നൽകി മൈക്രോസ്കോപ്പിലൂടെ പരിശോധിച്ച് മാറ്റങ്ങൾ കണ്ടു പിടിക്കുന്നു. 10 വർഷം കഴിഞ്ഞ് കാൻസറായി മാറാൻ സാധ്യതയുണ്ടെങ്കിൽ ഇതിലൂടെ മനസിലാക്കി ചികിൽസ ലഭ്യമാക്കാം.

*ENDOSCOPY/COLONOSCOPY

ശരീരത്തിനുള്ളിലെ വിവിധ ഭാഗങ്ങൾ കാണുകയും അവയിൽ നിന്ന് കോശം പരിശോധന നടത്തുന്നതിനും വേണ്ടി വിവിധ തരം endoscopy(ആന്തരാവയവങ്ങളെ ദർശിക്കുക) പരിശോധനകൾ ആവശ്യമാണ്. ഇവ അന്നനാളം, ആമാശയം, വൻകുടൽ എന്നീ ഭാഗങ്ങളെയും ശ്വാസകോശം മുതലായ ഭാഗങ്ങളെയും പരിശോധിക്കാൻ സഹായിക്കും.

വിവിധതരം എക്സ്-റേ പഠനങ്ങളും കാൻസർ നിർണയത്തിന് ആവശ്യമാണ്. പ്ലെയിൻ എക്സറേ കൂടാതെ മരുന്നുകൾ കൊടുത്ത ശേഷം എടുക്കുന്ന CT,MRI പോലുള്ള സ്കാനുകൾ ശരീര ആന്തരിക ഭാഗങ്ങളെ കാണുന്നതിന് സഹായിക്കും.

മാമോഗ്രാം എന്ന പരിശോധനയിലൂടെ സ്തനങ്ങളുടെ എക്സ്-റേ എടുക്കുകയും അതു വഴി കൈകൊണ്ട് അറിയാൻ കഴിയുന്നതിനേക്കാളും സൂക്ഷ്മമായ മാറ്റങ്ങൾ കണ്ടുപിടിക്കാനും സാധിക്കും.

*PET scan PET scan(Positron Emission Tomography)

പെറ്റ് സ്കാൻ ഓരോ അവയവത്തിലും നടക്കുന്ന വിവിധ ബയോകെമിക്കൽ പ്രവർത്തനങ്ങളാണ് കണ്ടുപിടിക്കുന്നത്. ഏതെങ്കിലും രോഗമോ ട്യൂമറോ അവയവങ്ങളിൽ എന്തെങ്കിലും ഘടനാ പരമായ മാറ്റO ഉണ്ടാക്കുന്നതിനു മുമ്പ് കണ്ടുപിടിക്കാൻ സാധിക്കും എന്നതാണ് പെറ്റ് സ്കാനിന്റെ പ്രത്യേകത.

കാൻസർ ചികിത്സ

കാൻസർ ചികിത്സയ്ക്ക് ഒന്നിലധികം ചികിത്സാവിധികൾ പ്രയോഗിക്കേണ്ടി ഇരിക്കുന്നു .ഈ കാരണത്താൽ ഒരു രോഗിക്ക് ഒന്നിൽ കൂടുതൽ ചികിത്സാ വിധികൾ നൽകേണ്ടതായി വരാം.

ശസ്ത്രക്രിയ അഥവാ സർജറി കാൻസറിൻ്റെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായി വരുന്നു. പല കാൻസറുകളും പരിപൂർണ്ണമായി സുഖ പ്പെടുത്തുവാൻ ശസ്ത്രക്രിയയ്ക്ക് സാധിക്കും . രോഗം മൂർച്ചിച്ച അവസ്ഥയിലും ഭക്ഷണം കൊടുക്കാനും ശ്വാസ തടസ്സം, മലമൂത്ര വിസർജനം എന്നിവയുടെ തടസ്സം നീക്കാനും ശസ്ത്രക്രിയ ആവശ്യമാണ്.

*റേഡിയോതെറാപ്പി



കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത അണുപ്രസരണങ്ങൾ കാൻസർ ബാധിച്ച ഭാഗത്ത് പതിപ്പിച്ചു കോശങ്ങളെ നശിപ്പിക്കുന്ന ചികിത്സ ക്രമമാണ് റേഡിയോ തെറാപ്പി.

Xray എടുക്കുന്ന അതേ കിരണങ്ങൾ കൂടുതൽ ശക്തിയോടെ ഉല്പാദിപ്പിച്ച് ഈ ചികിത്സ ചെയ്യുന്നു .

*കീമോതെറാപ്പി

മരുന്നുകൾ കൊണ്ടുള്ള ഈ ചികിത്സ ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു. മറ്റു അവയവങ്ങളിലേക്കു വ്യാപിക്കാൻ സാധ്യതയുള്ള ക്യാൻസറുകൾക്ക് ഈ ചികിത്സ രീതി ഫലപ്രദമാണ്. കാൻസറിന്റെ രോഗ സ്വഭാവമനുസരിച്ച് ഇത്തരം മരുന്നുകൾ നിശ്ചിത സമയങ്ങളിൽ കൊടുക്കുന്നു. ശരീരത്തിലെ രക്താണുക്കളുടെ അളവ് ,

മറ്റു അവയവങ്ങളിലെ പ്രവർത്തനക്ഷമത എന്നിവ കൃത്യമായി നിരീക്ഷിച്ച് കൊണ്ടാണ് കീമോതെറാപ്പി മരുന്നുകൾ നൽകുന്നത്.

*ഇമ്മ്യൂണോ തെറാപ്പി

കാൻസർ ചികിത്സയിൽ നമുക്ക് സുപരിചിതമായ കീമോതെറാപ്പിയുടെ പൊതുതത്വം അർബുദകോശങ്ങൾ പോലെ ശരീരത്തിൽ അതിവേഗം വളരുന്ന കോശങ്ങളെ നശിപ്പിക്കുക എന്നതാണ്. കാൻസർ കോശങ്ങളെ തിരിച്ചറിയുന്നതിനും അവയെ നേരിടുന്നതിനും ഉള്ള ജോലി മികച്ച രീതിയിൽ ചെയ്യാൻ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുക എന്നതാണ് ഇമ്മ്യൂണോതെറാപ്പി ലക്ഷ്യമിടുന്നത്. അതുവഴി അവയെ ആക്രമിക്കാനും നശിപ്പിക്കുവാനും കഴിയും. പ്രായോഗികമായി പറഞ്ഞാൽ കാൻസറിനെ പ്രത്യേകമായി ലക്ഷ്യമിടുന്ന ഒരു കൂട്ടം ടി സെല്ലുകൾ(T cells) സൃഷ്ടിക്കുക എന്നതാണ് ഇമ്മ്യൂണോതെറാപ്പിയുടെ ആത്യന്തിക ലക്ഷ്യം.

മെലനോമ, ലിംഫോമ, ശ്വാസകോശ അർബുദം എന്നിവയുൾപ്പെടെയുള്ള ചിലതരം അർബുദങ്ങളെ ചികിത്സിക്കുന്നതിലും ഇമ്മ്യൂണോതെറാപ്പി അംഗീകരിച്ചിട്ടുണ്ട്.

*ഇൻറർവെൻഷൻ റേഡിയോളജി

റേഡിയോളജിയുടെ ഒരു വിഭാഗമായിത്തന്നെ കാൻസർ കണ്ടെത്താനും ചികിത്സിക്കാനും കഴിയുന്നു. CT MRI

Fluroscopy ചിത്രങ്ങളുടെ സഹായത്തോടെ റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ , കീമോ മൊബിലൈസേഷൻ എന്നിവയെല്ലാം ചെയ്യുന്നു..

ആശുപത്രിയിൽ ചിലവഴിക്കുന്ന സമയം, ശസ്ത്രക്രിയയുടെ പാർശ്വഫലങ്ങൾ എന്നിവ കുറയ്ക്കാനും ഇതു സഹായിക്കുന്നു.

*ചികിത്സയ്ക്കു ശേഷമുള്ള കരുതൽ

കാൻസർ രോഗികളുടെ ചികിത്സക്ക് ശേഷം രോഗ വിമുക്തർക്ക് കൃത്യമായ തുടർ പരിശോധനയും ദുശ്ശീലങ്ങൾ ഒഴിവാക്കിയുള്ള ചിട്ടയായ ജീവിതശൈലിയും കൊണ്ട് ആരോഗ്യത്തോടെയുള്ള ജീവിതം സാധ്യമാണ്.

*കാൻസറിനെ അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുകയിലയുടെ ഉപയോഗവും മദ്യപാനവും വർജിക്കുക.

ഭക്ഷണത്തിൽ ധാരാളം പച്ചക്കറിയും പഴവർഗങ്ങളും ഉൾപ്പെടുത്തുക, കരിഞ്ഞതും പൊരിച്ചതുമായ ഭക്ഷണങ്ങളും, പൂപ്പൽ വന്നവയും ഒഴിവാക്കുക.

ചുവന്ന വിഭാഗത്തിൽപ്പെട്ട ഇറച്ചിയുടെ (ബീഫ്, മട്ടൻ, പോർക്ക്) ഉപയോഗം കുറയ്ക്കുക.

എല്ലാ ദിവസവും ഒരു മണിക്കൂർ വ്യായാമം ജീവിതത്തിൻറെ ഭാഗമാക്കുക

മാനസിക പിരിമുറുക്കം ഒഴിവാക്കിയുള്ള ദിനചര്യ പാലിക്കാൻ ശ്രദ്ധിക്കുക.

കൃത്യമായ വിശ്രമം,ആറ് മുതൽ എട്ടു മണിക്കൂർ വരെ രാത്രി സുഖനിദ്ര ശീലമാക്കുക.

ശരീരത്തിൽ മാറ്റം വരുന്ന മുഴകൾ, ശരീരത്തിലെ വിവിധ ദ്വാരങ്ങളിൽ നിന്നുണ്ടാകുന്ന രക്തസ്രാവം, ദീർഘമായുള്ള അസാധാരണ മലമൂത്ര വിസർജനം തുടങ്ങിയവ കണ്ടാൽ ഉടനെ പരിശോധന നടത്തുക.

സ്ത്രീകൾ എല്ലാ മാസവും സ്വയം സ്തന പരിശോധന ശീലമാക്കുക, 40 വയസ്സ് കഴിഞ്ഞ സ്ത്രീകൾ ആവശ്യമെങ്കിൽ മാമോഗ്രാം പരിശോധന നടത്തുക,

മാസത്തിലൊരിക്കൽ വായ പരിശോധിച്ചു വെള്ളയോ ചുമപ്പോ ആയ പാടുകളോ വ്രണങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.

30 വയസ്സ് കഴിഞ്ഞ സ്ത്രീകൾ ഗർഭാശയഗള ക്യാൻസർ പരിശോധന മൂന്നുവർഷത്തിലൊരിക്കൽ നടത്തുക. 14 വയസ്സിന് താഴെയുള്ള കുട്ടികൾ എച്ച് .പി. വി വാക്സിൻ കുത്തിവെക്കുക.

45 വയസ്സ് കഴിഞ്ഞവർ ഹെൽത്ത് ചെക്കപ്പ് നടത്തി രോഗം വരാനുള്ള സാധ്യത അറിയുക. രോഗം ഉണ്ടെന്ന് കണ്ടാൽ ഉടനെ ചികിത്സിക്കുക