Monday 27 April 2020 05:19 PM IST

"വുഹാൻ ഞങ്ങളുടെ സെക്കന്റ്‌ ഹോം; അവിടേക്ക് തിരികെയെത്താൻ ഞങ്ങൾ കാത്തിരിക്കുന്നു..." അനുഭവം വെളിപ്പെടുത്തി വിദ്യാർഥികൾ

Tency Jacob

Sub Editor

Wuhan

ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഒരു വൈറസ് ലോകത്തെ മുഴുവൻ കടന്നാക്രമിക്കുകയും ജനജീവിതം നിശ്ചലമാക്കുകയും ചെയ്തു. ചൈനയിലെ വുഹാൻ പ്രവിശ്യയെ ആയിരുന്നു അത് ഏറ്റവും കൂടുതൽ ആക്രമിച്ചത്. വുഹാൻ എന്നും ചൈന എന്നും കേൾക്കുമ്പോൾ ഇന്ന് ഏതൊരാൾക്കും പേടി ഉണരുമെങ്കിലും ഇവർക്ക് അങ്ങനെയല്ല. " ഞങ്ങൾക്ക് പ്രിയപ്പെട്ട ഒരു സ്ഥലമാണത്. ഞങ്ങളുടെ സെക്കൻഡ് ഹോം. എങ്ങനെയെങ്കിലും അവിടേക്ക് തിരികെ എത്തണം. അതിനായി ഞങ്ങൾ കാത്തിരിക്കുന്നു." വുഹാൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ പഠിക്കുന്ന വിനയചന്ദ്രൻ,അഖില, ജിത്തു, ദുരൈ, മണി, റാബിൻ എന്നിവരാണ് വിശേഷങ്ങൾ പങ്കു വെച്ചത്.

"ഞങ്ങളവിടെ വുഹാൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നവരാണ്. ഫൈനൽ സെമസ്‌റ്റർ എത്തിയവരും മൂന്ന്, നാല് സെമസ്റ്ററിൽ പഠിക്കുന്നവരുമുണ്ട്. നമ്മുടെ നാട്ടിലെ വാട്സ്ആപ്പ് പോലെ അവിടെ ഉപയോഗിക്കുന്ന വി ചാറ്റിലൂടെ അവിടുത്തെ അധ്യാപകരും സുഹൃത്തുക്കളുമായി നിരന്തരം കോൺടാക്ട് ചെയ്ത് വിവരങ്ങൾ അറിയുന്നുണ്ട്. ജനുവരി 23ന് ആയിരുന്നു അവിടെ ലോക്‌ ഡൗൺ ചെയ്തത്. 76 ദിവസത്തിനുശേഷം ഏപ്രിൽ എട്ടിന് അത് നീക്കിയിട്ടുണ്ട്. എങ്കിലും കഴിഞ്ഞ ദിവസമാണ് ട്രാം സർവീസെല്ലാം തുടങ്ങിയത്. ചൈനീസ് മീഡിയം സ്കൂളുകൾ തുറന്നെങ്കിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി കിട്ടിയിട്ടില്ല. അധ്യാപകരോട് സംസാരിച്ചപ്പോൾ അവർക്കെല്ലാം രണ്ടാം ഘട്ടവും കോവിഡ് വരുമോ എന്ന ഭയമുണ്ട്. അതുപോലെ കോവിഡ്, ലക്ഷണങ്ങൾ ഇല്ലാതെയും പ്രത്യക്ഷപ്പെടുന്നതും ആശങ്ക ഉണ്ടാക്കുന്നുണ്ട്. ദിവസവും 20 30 രോഗികൾ അങ്ങനെ വരുന്നുണ്ട് എന്നാണ് കേൾക്കുന്നത്. ഇടയ്ക്ക് ഒരു ദിവസം നൂറിലധികം രോഗികൾ ഉണ്ടായി എന്ന് കേട്ടു.എങ്കിലും കൊറോണയെ നിയന്ത്രണത്തിലാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് ബാധിച്ച്‌ സുഖമായവർക്ക് വീണ്ടും ബാധിച്ചു എന്ന് ചൈനയിൽ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല എന്നാണ് അറിഞ്ഞത്." അവരെല്ലാം ശുഭാപ്തി വിശ്വാസത്തിലാണ്.

"ഡിസംബർ 31നാണ് ഞങ്ങൾ ഈ വൈറസിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. ആ സമയത്ത് പരീക്ഷ നടക്കുന്നതുകൊണ്ട് കാര്യമായി ശ്രദ്ധിച്ചില്ല. എൻറെ സഹോദരനും ചൈനയിൽ തന്നെയാണ് പഠിക്കുന്നത്.അവൻ ജനുവരി ഏഴിന് നാട്ടിലേക്ക് പോകാൻ എയർപോർട്ടിൽ എത്തിയപ്പോൾ അവിടെ ചെക്കിങ് ഉണ്ടായിരുന്നു എന്നു പറഞ്ഞു.പിന്നീട് വാർത്തകൾ കേട്ട് തുടങ്ങിയപ്പോൾ ചെറുതായി പേടി തുടങ്ങിയിരുന്നു." കൊല്ലം പുത്തൂരുള്ള വിനയചന്ദ്രൻ പറഞ്ഞു തുടങ്ങി."ലോക്‌ ഡൗൺ ആയിട്ട് 8 ദിവസം അവിടെ ഉണ്ടായിരുന്നു. ജനുവരി 23 പുലർച്ചെ ഒരു മണിക്കാണ് ലോക്‌ ഡൗൺ ആകാൻ പോകുന്നു എന്ന് മെസ്സേജ് വരുന്നത്. കാലത്ത് 10 മണിക്കുള്ളിൽ എല്ലാം നിശ്ചലമായി.ഞങ്ങൾ നാട്ടിലേക്ക് വരാൻ നോക്കിയിട്ട് മറ്റൊരു പ്രൊവിൻസിലേക്ക് കടക്കാൻ പോലും പറ്റിയില്ല. അത്രയ്ക്ക് ജനത്തിരക്ക് ആയിരുന്നു. പിന്നീട് ജനുവരി 31 ന് പുലർച്ചക്കാണ് ഞങ്ങൾ അവിടെ നിന്ന് പോരുന്നത്. ആ ദിവസമത്രയും നല്ല രീതിയിലാണ് അവർ കാര്യങ്ങൾ ചെയ്തു തന്നത്. ഒരുപക്ഷേ നാട്ടിലേത്തെതിനേക്കാൾ നന്നായി തന്നെ. യൂണിവേഴ്സിറ്റിയിൽ ഞങ്ങളുടെ ഡീനിനും ഏഷ്യൻ എജുക്കേഷൻ കൺസൾട്ടന്റ്‌ ആയ ഡോ. നിയാസ് സാറിന് ആയാലും യൂണിവേഴ്സിറ്റിയിൽ നല്ല അധികാരമുണ്ട്.അതുകൊണ്ടുതന്നെ ഞങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. ഞങ്ങളുടെ ഡോർമിറ്ററിയിൽ 24 മണിക്കൂറും മെഡിക്കൽ സർവീസ് ഉണ്ടായിരുന്നു. എക്സാം കഴിഞ്ഞ് ജനുവരി 12 മുതൽ ഒരുമാസത്തെ വെക്കേഷൻ തുടങ്ങിയിരുന്നുതുകൊണ്ട് കുറെ പേരൊക്കെ അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങി പോയിരുന്നു.സമ്മർ വെക്കേഷൻ രണ്ടുമാസം ഉള്ളതുകൊണ്ട് മലയാളി വിദ്യാർഥികൾ കൂടുതലും ആ സമയത്താണ് നാട്ടിൽ വരുന്നത് . ചൈനയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സിറ്റികളിലെല്ലാം കോവിഡ് നന്നായി ബാധിച്ചെങ്കിലും വുഹാനെയാണ് കാര്യമായി ആക്രമിച്ചത്.പേടി കൊണ്ടും ആളുകൾ ഹോസ്പിറ്റൽ എത്തിയിരുന്നു.

വന്നവരിൽ 80 ശതമാനത്തിനും കോവിഡ് ബാധിച്ചിരുന്നു എന്നാണ് ഞങ്ങളുടെ കൂടെയുള്ള സീനിയേഴ്സും ഹൗസ് സർജൻസി ചെയ്യുന്നവരെല്ലാം പറഞ്ഞത്.ഹോസ്പിറ്റലിലെ വിവിധ വിഭാഗങ്ങൾ എല്ലാം ക്ലോസ് ചെയ്ത് ഒറ്റ ഗേറ്റിലൂടെ എമർജൻസി ഡിപ്പാർട്ട്മെൻറ് എന്നുപറഞ്ഞ് തുറക്കുകയായിരുന്നു ചെയ്തത്. അതുപോലെ പോലെ ലോക്‌ ഡൗൺ എന്ന് പറഞ്ഞാൽ ഇവിടത്തെ പോലെ സത്യവാങ്മൂലം കാണിച്ചു പുറത്തുപോകാൻ ഒന്നും പറ്റില്ല. മുറിയിൽ നിന്ന് പുറത്തിറങ്ങാനേ പറ്റില്ല. മിലിറ്ററി ഓഫീസേഴ്സിന്റെ നിയന്ത്രണത്തിലായിരുന്നു അവിടമെല്ലാം. ഭക്ഷണം കൊണ്ടുതരാൻ വോളണ്ടിയേഴ്സ് ഉണ്ട്.

ഇനി എന്തെങ്കിലും വാങ്ങണമെങ്കിൽ തന്നെ ഇവർ ആരെങ്കിലും നമ്മുടെ കൂടെ വരും. തുറന്നുവെച്ച ഷോപ്പുകളിൽ സാധനം വാങ്ങാൻ വന്ന ആളുടെ താപനിലയും വന്ന സമയവും രേഖപ്പെടുത്തിയതിനുശേഷം മാത്രമേ സാധനം കൊടുക്കാൻ പാടുള്ളൂ.ടെമ്പറേച്ചറിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അപ്പോൾ തന്നെ ഐസോലേറ്റ് ചെയ്യും. അത്രയ്ക്ക് കർശനമായിരുന്നു നിയമങ്ങൾ. വുഹാനിൽ വീടുകളെക്കാൾ കൂടുതൽ ഫ്ലാറ്റുകൾ ആയിരുന്നു. അതുകൊണ്ട് ലോക് ഡൗൺ കർശനമാക്കാൻ എളുപ്പമായിരുന്നു. ആ പ്രവിശ്യയിലേക്ക് വരാനായി പ്രധാനപ്പെട്ട ഒരു ഗേറ്റ് ഉണ്ട്. കർണാടക ചെയ്തതുപോലെ വുഹനിലേക്കുള്ള പ്രവേശന കവാടം മണ്ണിട്ട് അടയ്ക്കുകയാണ് അവരും ചെയ്തത്.

ഞങ്ങൾ ഇവാക്വേഷനിലൂടെയാണ് അവിടെ നിന്ന് വന്നത്. 634 ഇന്ത്യക്കാർ ഉണ്ടായിരുന്നു. പത്തൊൻപത് ദിവസം ഡൽഹിയിൽ ഐസലേഷനിലായിരുന്നു. പെൺകുട്ടികൾ ഡൽഹിയിലും പുരുഷന്മാർ ഹരിയാനയിലെ മാനൈസർ എന്ന മിലിറ്ററി ക്യാമ്പിലുമായിരുന്നു കഴിഞ്ഞത്.22 പേർ വീതം കൃത്യ അകലം പാലിച്ച് ഓരോ ബരാക്കുകളിൽ ആയിട്ടായിരുന്നു അവിടെ താമസിച്ചത്. അങ്ങനെ 30 ബരാക്കുകൾ ഉണ്ടായിരുന്നു. വളരെ നന്നായാണ് അവരും ഞങ്ങളെ നോക്കിയത്. ഫെബ്രുവരി 19ന് നാട്ടിലെത്തി. മാർച്ച് മൂന്നാം തീയതി വരെ വീട്ടിൽ ഐസൊലേഷനിൽ കഴിഞ്ഞു.

ഞങ്ങളിൽ പലരുടെയും വിസ കാലാവധി തീർന്നു. യൂണിവേഴ്സിറ്റിയിൽനിന്ന് അതിന് അപേക്ഷിക്കേണ്ടതുണ്ട്. തിരിച്ചുപോകാൻ സെപ്റ്റംബർ ആവും എന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരം. ഓൺലൈൻ ക്ലാസുകൾ ഇപ്പോൾ നടക്കുന്നുണ്ടെങ്കിലും അത്ര കാര്യമായിട്ട് ഇല്ല. ഈ ക്ലാസുകൾ മുഴുവൻ തിരിച്ചു ചെന്ന് കഴിഞ്ഞ് വീണ്ടും എടുക്കും എന്നാണ് കേട്ടത്. അതുപോലെ ഇനി വെക്കേഷൻ ഉണ്ടാവില്ല.ഒഴിവു ദിവസങ്ങളായിരുന്ന ശനിയും ഞായറും ക്ലാസ് ഉണ്ടാവും എന്നും കേട്ടു.പല യൂണിവേഴ്സിറ്റികളും ഓൺലൈൻ എക്സാമിന് തയ്യാറെടുക്കുന്നുണ്ട് എങ്കിലും ഞങ്ങൾ വിദ്യാർത്ഥികൾ ഓൺലൈൻ എക്സാം വേണ്ട എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. പിന്നീടുള്ള തുടർ വിദ്യാഭ്യാസത്തിനെ അത് ബാധിച്ചെങ്കിലോ എന്ന പേടി കൊണ്ടാണ്. ചൈനയിൽ ഞങ്ങൾ പോയി പഠിക്കുന്നതിനെ ഇവിടെ പലരും കളിയാക്കുന്നത് കണ്ടു. ചൈനയിൽ പോയി വിദ്യാഭ്യാസം നേടുന്നതിനേക്കാൾ അന്തസ്സ് ചന്തയിൽ പോയി മീൻ വാങ്ങുന്നതാണെന്നെല്ലാം മാധ്യമങ്ങളിൽ എഴുതി യവരുണ്ട്.

വുഹാൻ യൂണിവേഴ്സിറ്റിയടക്കം ചൈനയിലെ രണ്ടുമൂന്ന് യൂണിവേഴ്സിറ്റികളിലാണ് ഏറ്റവും കൂടുതൽ വിദേശ വിദ്യാർത്ഥികൾ പഠിക്കുന്നത്. ചൈനീസ് അധ്യാപകർ ആണെങ്കിലും അവർ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി ഒക്കെ ഉള്ളവരാണ്. ഇംഗ്ലീഷിലാണ് ഞങ്ങൾക്ക് ക്ലാസ്സ് എടുക്കുന്നത്. അവിടുത്തെ രീതികൾ പരിചയപ്പെടാൻ മെഡിക്കൽ ചൈനീസ് ഒരുവർഷം പഠിക്കുന്നുണ്ട്. നാട്ടിൽ കിട്ടുന്ന അതേ വിദ്യാഭ്യാസം ഞങ്ങൾക്ക് അവിടെ കിട്ടുന്നുണ്ട്. ചൈനയിലെ ഒന്നിനും ഗ്യാരണ്ടി ഇല്ല എന്ന് പറയും. പക്ഷേ, വിദ്യാഭ്യാസത്തിനായി അവിടെ പോയി, അവിടെ നിന്ന് പഠിക്കുന്ന ഞങ്ങൾക്ക് ആ അഭിപ്രായമില്ല."

"ഞാൻ ആദ്യം ഇൻറർനാഷണൽ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ആയിരുന്നു എംബിബിഎസിന് ചേർന്നത്. എനിക്കവിടെ ശരിയാവാത്തതുകൊണ്ട് ആദ്യ വർഷം കഴിഞ്ഞപ്പോൾ അവസാനിപ്പിച്ച് വൂഹാനിൽ വന്നുചേർന്നു.ആദ്യത്തെ യൂണിവേഴ്സിറ്റിയേക്കാൾ നൂറിരട്ടി മനസ്സിലാക്കി പഠിക്കാൻ പറ്റുന്നത് ഇവിടെയാണ് എന്നാണ് എൻറെ അനുഭവം." വിനയചന്ദ്രൻ പറഞ്ഞു നിറുത്തി. ഞങ്ങൾ പി ജി ചെയ്യുന്നതും ഇവിടെ തന്നെയായിരിക്കും. ഉറപ്പ് അത്രയ്ക്ക് ഇഷ്ടമാണ് ഞങ്ങൾക്ക് അവിടം. ചൈനയിലേക്ക് ആദ്യം ഉയരുന്ന ഫ്ലൈറ്റിൽ തന്നെ ഞങ്ങൾ ഉണ്ടാകും. ഞങ്ങൾ കാത്തിരിക്കുന്നു...