ദേ... പത്താം ക്ലാസ്സിലാണെന്ന് ഓർമ വേണം. നിന്റെ ജീവിതത്തിലെ ആദ്യ വഴിത്തിരിവു സംഭവിക്കാൻ പോകുകയാണ്. അതുകൊണ്ട് ഉള്ള സമയത്തു നാലക്ഷരം ഇരുന്നു പഠിക്കാൻ നോക്ക്. ’ ഈ ഡയലോഗ് പറയാത്ത അച്ഛനമ്മമാരും കേൾക്കാത്ത പത്താംക്ലാസ്സുകാരും ചുരുക്കമാകും.
എന്നാൽ, ‘ഞങ്ങളെ ഓർത്തു ടെൻഷൻ അടിക്കല്ലേ. എല്ലാത്തിനും കൃത്യമായ പ്ലാനുണ്ട് ’ എന്നാണു കുട്ടികൾ പറയുന്നത്. പറച്ചിൽ മാത്രമല്ല, എങ്ങനെ പഠിക്കണം, എത്ര മണിക്കൂർ പഠിക്കണം, ഏതൊക്കെ വിഷയങ്ങൾക്കു പ്രത്യേക ശ്രദ്ധവേണം തുടങ്ങി പരീക്ഷാചോദ്യങ്ങളെ എങ്ങനെ സമീപിക്കണം എന്നുവരെ കൃത്യമായ ധാരണ നമ്മുടെ കുട്ടികൾക്കുണ്ട്.
ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയി ൽ മിന്നും വിജയം കരസ്ഥമാക്കിയ നാല് മിടുക്കിക്കുട്ടികൾ അവരുടെ പഠന രീതികളും സക്സസ് മന്ത്രയും പങ്കുവയ്ക്കുന്നു.
ഒപ്പമുണ്ടായിരുന്നു അഗതാ ക്രിസ്റ്റിയും അനിമേഷനും: ആദ്യ
പരീക്ഷാച്ചൂടു കൂടിവരുമ്പോഴും ആദ്യ ഒട്ടും ടെൻഷനടിച്ചില്ല. പഠനത്തിന്റെ തിരക്കുകളിലേക്കു കടക്കുന്നതിനു മുൻപ് പ്രിയ കഥാകാരി അഗതാക്രിസ്റ്റിയുടെ ‘ആൻഡ് ദെൻ ദെയർ വെയർ നൺ’ എന്ന പുസ്തകം വായിക്കാനും സമയം കണ്ടെത്തി.
‘‘ടെൻഷൻ അടിച്ചാൽ കാര്യങ്ങൾ കൂടുതൽ കുഴപ്പമാകില്ലേ? അതുകൊണ്ട് ഞാൻ വളരെ ഈസി ആയാണ് പഠിച്ചത്. പാഠഭാഗങ്ങൾ കവർ ചെയ്യാൻ പരമാവധി ശ്രമിക്കാറുണ്ടെങ്കിലും ചിലപ്പോൾ കുറച്ചു പിന്നിലായി പോകാറുണ്ട്. പക്ഷേ, അടുത്ത ദിവസങ്ങളിൽ അതു പഠിച്ചെടുക്കും. ഒരു ഭാഗം പഠിക്കാതെ അടുത്തതിലേക്കു കടക്കാറില്ല. അവധി ദിവസങ്ങളിൽ മുൻപു പഠിച്ച ടോപിക്കുകൾ വീണ്ടും വായിച്ചുനോക്കും. എന്തെങ്കിലും മറന്നു പോയിട്ടുണ്ടോ എന്നറിയാൻ ഈ റിവിഷൻ പ്രയോജനപ്പെട്ടു.’’
‘ഉന്നതവിജയം പ്രതീക്ഷിക്കുന്നു’ എന്ന പ്രഷർ നൽകാതെ ആദ്യയുടെ അച്ഛൻ ഡോ. ആശിഷ് കാർത്തിക്കും അ മ്മ ഡോ. ദിവ്യ സതീഷും മകൾക്കൊപ്പം നിന്നു.
ഹിസ്റ്ററി പഠനം സിനിമ പോലെ
സോഷ്യൽ സയൻസിൽ കുറച്ചധികം പഠിക്കാനുണ്ടായിരുന്നു. ഹിസ്റ്ററിയിൽ വർഷങ്ങളൊക്കെ ഓർത്തിരിക്കാൻ ബുദ്ധിമുട്ടി. ഇതു മറികടക്കാൻ സഹായിച്ചതു യൂട്യൂബിലെ ഫ്രീ ക്ലാസുകളാണ്. അനിമേഷൻ വിഡിയോയിലൂടെയും ഇൻഫോഗ്രാഫിക്സിലൂടെയും പാഠഭാഗങ്ങൾ വിശദീകരിക്കുമ്പോൾ എളുപ്പത്തിൽ മനസ്സിലാകും. ഇംഗ്ലിഷ്, സയൻസ് തുടങ്ങിയ വിഷയങ്ങളും ഇങ്ങനെയാണു പഠിച്ചത്.
സ്റ്റഡി ലീവ് പരമാവധി പ്രയോജനപ്പെടുത്തിയായിരുന്നു പഠനം. മുൻ വർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ സോൾവ് ചെയ്യുക വഴി സമയം നഷ്ടപ്പെടാതെ ഉത്തരമെഴുതി.
പഠിക്കുന്ന സമയത്ത് എന്തു സംശയമുണ്ടായാലും വിളിച്ചോളൂ എന്നാണ് അധ്യാപകർ പറഞ്ഞത്. സംശയങ്ങൾക്കു മറുപടി തരാൻ ഒരു ഫോൺ കോളിനപ്പുറം അധ്യാപകർ ഉണ്ടെന്നതു വലിയ ആശ്വാസമായിരുന്നു. ’’
അഞ്ജലി അനിൽകുമാർ