Wednesday 21 July 2021 09:18 AM IST : By സ്വന്തം ലേഖകൻ

‘സർജറി ചെയ്ത ഭാഗം അവർ പ്രൊഫൈൽ ചിത്രമാക്കി, വളരെ ഭീകരമായിരുന്നു അത്’: ആ നീതി എളുപ്പം അവർക്കു കിട്ടുമെന്ന പ്രതീക്ഷ എനിക്കില്ല: ആദിയുടെ കുറിപ്പ്

aadi

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്‌സിനെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്നലെ രാത്രിയാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ലിംഗമാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ട അനന്യ നേരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ആരോപണം ഉയര്‍ത്തിയിരുന്നു.

ഇപ്പോഴിതാ, ഈ സംഭവത്തെക്കുറിച്ച് കവിയും വിദ്യാർ‌ത്ഥിയുമായ ആദി ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.

‘ഇത് എഴുതാതിരിക്കാൻ എനിക്ക് കഴിയുന്നില്ല.

കഴിഞ്ഞ മാസമാണ് ട്രാൻസ് സ്ത്രീയായ ശ്രീധന്യയെ വൈറ്റിലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമെങ്കിലും മൃതദേഹത്തിനുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി ശ്രീധന്യയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. അയൽവാസികളായ സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നതെന്നാണ് അറിഞ്ഞത്. പോലീസ് അന്വേഷണത്തിൽ ശ്രീധന്യ ആശുപത്രിയിൽ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും വിവരം ലഭിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ന്യുമോണിയ മൂർച്ഛിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തി. ശ്രീധന്യയുടെ മരണത്തിന്റെ ഉത്തരവാദിയായി സ്റ്റേറ്റിനെ ആരും കുറ്റപ്പെടുത്തുകയില്ല. കോവിഡ് കാലം എത്ര രൂക്ഷമായാണ് ക്വിയർ മനുഷ്യരെ ബാധിച്ചിരിക്കുന്നതെന്ന് ആരും ചർച്ച യ്ക്കെടുക്കുകയുമില്ല.

ഇന്ന്,അനന്യയുടെ മരണവാർത്ത കേൾക്കുമ്പോൾ വീണ്ടും ഞെട്ടിപ്പോകുന്നുണ്ട്. ഈ മരണം തികച്ചും അപ്രതീക്ഷിതമാണ്. അനന്യ ( Anannyah Kumari Alex ) വളരെ ബോൾഡായിരുന്നുവെന്നേ എനിക്കറിയൂ. 2019 ലെ ക്വിയർ പ്രൈഡ് ആംഗർ ചെയ്യുന്ന അനന്യയെയാണ് ആദ്യം ഞാൻ കാണുന്നത്.

കുറച്ച് ദിവസം മുന്നേ രാത്രി,ക്ലബ് ഹൗസ്സിൽ അനന്യയുള്ള ഒരു ചർച്ച കേട്ടത്. അനന്യയുടെ സർജറിയിൽ വന്ന വീഴ്ച്ചകളെ കുറിച്ചാണ് അനന്യ സംസാരിച്ചത്.മൂത്രമൊഴിക്കാനോ,ചിരിക്കാനോ പോലും പറ്റുന്നില്ലെന്നും,വല്ലാത്ത വേദനയാണെന്നും അനന്യ പറഞ്ഞു. സർജറി ചെയ്ത ഭാഗം അവർ പ്രൊഫൈൽ ചിത്രമാക്കി. വളരെ ഭീകരമായിരുന്നു അത്.

എത്ര കഷ്ടപ്പെട്ടാകും അവർ ഈ സർജറിക്കായുള്ള പണമുണ്ടാക്കിയത് ? എന്നിട്ടും വേണ്ട വിധത്തിലുള്ള റിസൾട്ട് അവർക്ക് കിട്ടിയില്ല’.– ആദിയുടെ കുറിപ്പിൽ പറയുന്നു.

അനന്യയ്ക്ക് വേണ്ടി മെഴുകുതിരി കത്തിക്കാൻ ഞാനില്ലെന്നും അനന്യ ഉയർത്തിവിട്ട പ്രശ്നം പരിഹരിക്കപ്പെട്ടാൽ മാത്രമേ അവരുടെ മരണത്തോടെങ്കിലും നീതി കാണിക്കാനാകൂ. ഇവിടെ ആ നീതി വളരെ എളുപ്പം അവർക്ക് കിട്ടുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ലെന്നും ആദി കുറിക്കുന്നു.