Thursday 13 August 2020 12:50 PM IST

‘കുടിക്കാനും ഗാർഗിൾ ചെയ്യാനും ചൂടുവെള്ളം, കഴിക്കാൻ നല്ല ചൂടുള്ള ഭക്ഷണം’; ആശുപത്രിയിലെ കോവിഡ് അനുഭവം പറഞ്ഞ് ആനി ജോൺസൺ

Tency Jacob

Sub Editor

coviddvhgvhftd6664321

ചാവക്കാട് താലൂക്കാശുപത്രിയിൽ ആശാ വർക്കറായി ജോലി ചെയ്യുകയാണ് തൃശൂർ മമ്മിയൂരുള്ള ആനി ജോൺസൺ. ഇപ്പോഴും സമ്പർക്ക വിലക്ക് കാലം കഴിഞ്ഞിട്ടില്ല.

‘‘ജൂൺ ഒൻപതിനു ഡ്യൂട്ടിക്കു ചെന്നപ്പോൾ ആശാ വർക്കർമാർ എല്ലാവരും കോവിഡ് പരിശോധനയ്ക്കുള്ള സ്രവം എടുക്കണമെന്നു അറിയിപ്പു വന്നു. ഞാനും എന്റെ കൂട്ടുകാരി ശൈലജയും കൂടിയാണ് പോയത്. അസുഖലക്ഷണങ്ങൾ ഇല്ലാത്തതു കൊണ്ട് പിറ്റേന്നും ഡ്യൂട്ടിക്കു പോയി. ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ വീടിന്റെ പിൻവശത്തെ കുളിമുറിയിൽ വസ്ത്രങ്ങൾ അരമണിക്കൂർ ക്ലോറിൻ വെള്ളത്തിൽ മുക്കി വച്ചു കഴുകി, കുളിച്ചതിനു ശേഷമാണ് വീടിനുള്ളിലേക്ക് കയറുന്നത്.  

പതിനൊന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഫോൺ വരുന്നത്.‘നിങ്ങൾ ക്വാറന്റീനിലാണോ’ എന്നു ചോദിച്ച്. ‘അല്ല’ എന്നു പറഞ്ഞപ്പോൾ ‘പുറത്തേക്കൊന്നും പോകണ്ട’ എന്നു നിർദേശവും തന്നു. ആറര മണിയായപ്പോൾ ഹെൽത്ത് ഇൻസ്പെക്ടർ വിളിച്ചു. ‘ഡ്രസ്സെല്ലാം പായ്ക്ക് ചെയ്തു വയ്ക്കണം. ഏഴു മണിയാകുമ്പോൾ ആംബുലൻസ് വരും’ 

എനിക്ക് മൂന്നു മക്കളാണ്.രണ്ടു ദിവസം കഴിഞ്ഞാൽ മൂത്ത മകന്റെ മനസ്സമ്മതം നിശ്ചയിച്ചിരുന്നു. എല്ലാ ഒരുക്കങ്ങളും നടത്തി കഴിഞ്ഞതാണ്. പെട്ടെന്നു പുറപ്പെടാൻ പറഞ്ഞപ്പോൾ വിഷമമായി. അവരെല്ലാം കൂടി എന്നെ ധൈര്യപ്പെടുത്തി. ദൈവം എന്തോ ശക്തി തന്നതുപോലെ...

കൂടെയുണ്ടായിരുന്നു...

ഏഴു മണിക്ക് ആംബുലൻസു വന്നു. വാതിൽ തുറന്നു തന്നു കയറാൻ നോക്കുമ്പോഴുണ്ട് ശൈലജ വണ്ടിയിലിരിക്കുന്നു. മാസ്ക്കും ഗ്ലൗസും ധരിച്ച് ആംബുലൻസിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്കാണ് കൊണ്ടുപോയത്. ഞാനും ശൈലജയും ഒരു റൂമിലായിരുന്നു.

കുടിക്കാനും ഗാർഗിൾ ചെയ്യാനും ചൂടുവെള്ളം, കാലത്ത് ഒന്‍പത് മണിയാകുമ്പോൾ പ്രഭാതഭക്ഷണവും ചായയും. ഉച്ചയ്ക്ക് ചോറിനു കറിയായി സാമ്പാറും തോരനുമൊക്കെയുണ്ടാകും. നാലു മണിക്ക് കാപ്പി. വൈകീട്ട് ചപ്പാത്തിയും കറിയും. എല്ലാം നല്ല ചൂടുള്ള ഭക്ഷണം. വൈറ്റമിൻ ഡി ഗുളികകൾ രണ്ടുനേരം. എന്നും രണ്ടു മാസ്ക്കും ഗ്ലൗസും തരും. എപ്പോഴും നഴ്സുമാരോ ഡോക്ടർമാരോ വന്നു അന്വേഷിക്കും. 

അടുത്ത ടെസ്റ്റിൽ റിസൽറ്റ് നെഗറ്റിവായപ്പോൾ അഞ്ചു ദിവസം കഴിഞ്ഞ് മെഡിക്കൽ കോളജിനു തൊട്ടടുത്തുള്ള ആശുപത്രിയിലെ വാർഡിലേക്കു മാറ്റി. പിന്നീട് അഞ്ചു ദിവസം കഴിഞ്ഞപ്പോൾ വീട്ടിലേക്കും. ഭർത്താവിന്റെയും മക്കളുടെയും കോവിഡ് റിസൽറ്റ് നെഗറ്റിവായിരുന്നു. എല്ലാം കഴിഞ്ഞിട്ടു വേണം മകന്റെ മനസ്സമ്മതം നടത്താൻ.

Tags:
  • Spotlight