Tuesday 05 October 2021 11:43 AM IST : By സ്വന്തം ലേഖകൻ

പുറത്തിറക്കിയത് ഭർത്താവ്: കരിയിലക്കുഴിയിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയ്ക്കു ജാമ്യം

abandoned-baby

കരിയിലക്കുഴിയിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തിൽ പ്രതിയായ അമ്മയ്ക്കു ജാമ്യം. കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മയ്ക്ക് (22) ആണ്  അറസ്റ്റിലായി 90 ദിവസത്തിനകം പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ  സ്വാഭാവിക ജാമ്യം ലഭിച്ചത്. ഭർത്താവ്‌ വിഷ്‌ണുവാണു ജാമ്യത്തിൽ ഇറക്കിയതെന്നു പൊലീസ് പറഞ്ഞു. പാരിപ്പള്ളി പൊലീസ് സ്‌റ്റേഷൻ പരിധി വിട്ടുപോകരുതെന്ന ഉപാധിയോടെയാണിത്. 

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു രേഷ്മ. ഈ മാസം പരവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണു പൊലീസ് നീക്കം. ഫെയ്സ്ബുക്കിന്റെ അമേരിക്കയിലെ സെർവറിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കാത്തതാണു കുറ്റപത്രം വൈകാൻ കാരണം. നവജാത ശിശുവിനെ ഉപേക്ഷിക്കാൻ  ചാറ്റിലൂടെ  ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങളാണു ഫെയ്‌സ്‌ബുക്കിൽനിന്നു തേടുന്നത്. 

പ്രസവിച്ച ഉടൻ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ ഡിഎൻഎ പരിശോധനയെ തുടർന്നു കഴിഞ്ഞ ജൂൺ 22നാണു രേഷ്മ അറസ്റ്റിലാകുന്നത്. പാരിപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ കൊലപാതകത്തിനാണു കേസ്.  ജനുവരി 5നാണു  വീട്ടിലെ കുളിമുറിക്കു പിന്നിലെ റബർ തോട്ടത്തിൽ കരിയിലക്കുഴിയിൽ  ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്. കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലും തിരുവനന്തപുരം എസ്എടിയിലും പ്രവേശിപ്പിച്ചെങ്കിലും സന്ധ്യയോടെ കുഞ്ഞു മരിച്ചു. 

കാമുകനൊപ്പം ജീവിക്കണമെന്ന ലക്ഷ്യത്തോടെയാണു രഹസ്യമായി പ്രസവിച്ചു കുഞ്ഞിനെ ഉപേക്ഷിച്ചതെന്നു രേഷ്മ മൊഴി നൽകിയിരുന്നു. അനന്തു എന്ന പേരിൽ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്ന അടുത്ത ബന്ധുക്കളായ  കല്ലുവാതുക്കൽ മേവനക്കോണം തച്ചക്കോട്ട് വീട്ടിൽ ആര്യ (23), രേഷ്മ ഭവനിൽ ഗ്രീഷ്മ (22) എന്നിവരെ ഇതിനു പിന്നാലെ ഇത്തിക്കരയാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.

More