Monday 11 April 2022 10:52 AM IST : By സ്വന്തം ലേഖകൻ

മൂത്രമൊഴിക്കുന്നതിലെ ബുദ്ധിമുട്ട്, മജ്ജയിലേക്കും അർബുദം പടർന്നു; ദുരിതക്കയത്തിൽ ഒരു കുടുംബം, അഭയിനു വേണം കൈത്താങ്ങ്

trivandrum-abhay.jpg.image.845.440

പതിനൊന്നു വയസ്സുള്ള അർബുദ ബാധിതനായ മകന് അടിയന്തിര ശസ്ത്രക്രിയ അടക്കമുള്ള ചികിത്സയ്ക്കു വേണ്ട 70 ലക്ഷത്തോളം രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ പകച്ച് മുണ്ടയ്ക്കൽ മുരുക്കുംപുഴ വത്സല ഭവനിൽ ഷിബിൻ– താര ദമ്പതികൾ. മകൻ അഭയിന് 2 വർഷം മുൻപാണ് വൃഷണങ്ങളിൽ അർബുദം സ്ഥിരീകരിക്കുന്നത്. മൂത്രമൊഴിക്കുന്നതിലെ ബുദ്ധിമുട്ടിന് ചികിത്സയ്ക്കായി വെല്ലൂരിൽ എത്തിയപ്പോഴാണ് മജ്ജയിലേക്കും അർബുദം പടർന്നതായി കണ്ടെത്തുന്നത്. രണ്ടു ശസ്ത്രക്രിയകളാണ് നിർദേശിച്ചിരിക്കുന്നത്.

മജ്ജ മാറ്റിവയ്ക്കൽ എത്രയും വേഗം ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്. തിയറ്റർ ജീവനക്കാരനായ ഷിബിൻ കരൾ ചുരുങ്ങുന്ന രോഗത്തെത്തുടർന്ന് ഒരു മാസമായി ചികിത്സയിലാണ്. ഷിബിന്റെ ശമ്പളമായിരുന്നു കുടുംബത്തിന്റെ ഏക വരുമാനം. അമ്മ താര  നഴ്സായി ജോലി നോക്കിയിരുന്നെങ്കിലും രോഗത്തെത്തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടി വന്നു. താരയും അർബുദബാധിതയായിരുന്നു. കുടുംബം ഇപ്പോൾ കൊല്ലം കിളികൊല്ലൂരിൽ  വാടകയ്ക്ക് താമസിക്കുകയാണ്.  നവംബറിലുണ്ടായ വാഹനാപകടത്തിൽ താരയ്ക്കും ഷിബിനും ഗുരുതരമായി പരുക്കേറ്റിരുന്നു.

അന്ന് ഫോൺ നഷ്ടപ്പെട്ടതോടെ കോയിക്കൽ ജിഎച്ച്എസിലെ വിദ്യാർഥിയായ അഭയുടെ ഓൺലൈൻ ക്ലാസുകളും മുടങ്ങി. അഞ്ചു വയസ്സുകാരി അൻവികയാണ് അഭയിന്റെ സഹോദരി. അഭയിനെയും കുടുംബത്തെയും ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാൻ സമൂഹം കൈകോർക്കുമെന്നാണ് മാതാപിതാക്കളുടെ പ്രതീക്ഷ. താര ഷിബിന്റെ അക്കൗണ്ട് നമ്പർ: 12730100252723, ഐഎഫ്എസ് കോഡ്: FDRL0001273, ഉമയനല്ലൂർ ബ്രാഞ്ച്. മൊബൈൽ: 8137965672. (ഈ നമ്പരിൽ ഗൂഗിൾ പേ ലഭ്യമാണ്)

Tags:
  • Spotlight