Tuesday 25 September 2018 10:58 AM IST : By സ്വന്തം ലേഖകൻ

‘പരുക്ക് ശരീരത്തിനാണ്, മനസ്സിനു നല്ല കരുത്തുണ്ട്; അവൻ ഇനിയും യാത്ര പോകട്ടെ': പിന്തുണയേകി അഭിലാഷിന്റെ പിതാവ്

abhilash-tomys-father.jpg.image.784.410

‘പരുക്ക് ശരീരത്തിനാണ്. അവന്റെ മനസ്സിനു നല്ല കരുത്തുണ്ട്. പരുക്കു മാറി വീണ്ടും സാഹസികയാത്രകൾക്കൊരുങ്ങട്ടെ. ഞങ്ങൾ പൂർണമായും പിന്തുണയ്ക്കും’– പറയുന്നതു മുൻ ലഫ്റ്റനന്റ് കമാൻഡർ വി.സി. ടോമി; അഭിലാഷ് ടോമിയുടെ പിതാവ്. തൃപ്പൂണിത്തുറ കണ്ടനാട് വെല്യാറ വീട്ടിൽ വി.സി. ടോമിയും അഭിലാഷിന്റെ അമ്മ വൽസമ്മയും സങ്കടക്കടലിൽനിന്ന് ആശ്വാസ തീരത്തെത്തിയ ദിവസമായിരുന്നു ഇന്നലെ.

അഭിലാഷിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന വാർത്ത ആശ്വാസം പകരുന്നതായി ടോമി പറഞ്ഞു. സഹായത്തിനെത്തിയ ഇന്ത്യൻ നാവികസേനയ്ക്കും മറ്റു രാജ്യങ്ങളിൽനിന്നുള്ളവർക്കും അദ്ദേഹം നന്ദി പറഞ്ഞു. ടോമിയെ ഓസ്ട്രേലിയയിൽ എത്തിക്കുമെങ്കിൽ അവിടെ പോകാനാണു തീരുമാനം. അടിയന്തര സഹായത്തിനായി അനുജൻ അനീഷ് ടോമി ഓസ്ട്രേലിയയിൽ ഉണ്ട്. അഭിലാഷിന്റെ കോട്ടയം നെടുംകുന്നത്തുള്ള വല്യമ്മ അന്നമ്മ (84) ഉൾപ്പെടെ മറ്റു ബന്ധുക്കളും ഇന്നലെ ഉച്ചയോടെ രക്ഷാവാർത്തയെത്തിയപ്പോൾ പ്രാർഥനകൾ ഫലം കണ്ടതിന്റെ ആശ്വാസത്തിലായിരുന്നു.

അമ്മവീടായ ഇവിടെയാണ് അഭിലാഷ് ജനിച്ചത്. അന്നമ്മയും അഭിലാഷിന്റെ മാതൃസഹോദരൻ പി.പി. ജോസഫിന്റെ ഭാര്യ സെലീനാമ്മയും രക്ഷാദൗത്യം വിജയിച്ചതു സംബന്ധിച്ച വാർത്ത ടിവിയിൽ കണ്ടു. ഈ നിമിഷത്തിനുവേണ്ടിയാണു തങ്ങൾ എല്ലാവരും പ്രാർഥിച്ചിരുന്നതെന്ന് ഇരുവരും പറഞ്ഞു. അപകടം പറ്റിയെന്നല്ലാതെ വിശദാംശങ്ങൾ അന്നമ്മയോടു പറഞ്ഞിരുന്നില്ല. പത്രത്തിൽ അഭിലാഷിന്റെ ഫോട്ടോ തുടർച്ചയായി വന്നുകണ്ടപ്പോൾ അവർക്ക് ആധിയേറി. കഴിഞ്ഞ ദിവസം ടോമിയും വൽസമ്മയും ഫോണിൽ വിളിച്ചു പ്രാർഥിക്കണമെന്നു പറഞ്ഞിരുന്നു.

രക്ഷയായത് ‘ഗോഡ് ഓഫ് ലൈഫ്’

അഭിലാഷ് ടോമിയെ രക്ഷിച്ച ഫ്രഞ്ച് കപ്പലിന്റെ പേര് ഒസിരിസ്. ഈജിപ്ഷ്യൻ ഐതിഹ്യത്തിൽ ജീവിതം, പുനർജന്മം, മരണാനന്തരജീവിതം എന്നിവയുടെയൊക്കെ ദൈവമാണ് ഒസിരിസ്. സെയ്ഷൽസിന്റെ മൽസ്യബന്ധനക്കപ്പലായിരുന്ന ഒസിരിസ് 2003 ൽ ഫ്രഞ്ച് നാവികേസന പിടിച്ചെടുത്തു മൽസ്യബന്ധന നിരീക്ഷണ യാനമാക്കുകയായിരുന്നു.

abhilash-tomy-thuriya.jpg.image.784.410

more...