Monday 14 January 2019 04:27 PM IST : By സ്വന്തം ലേഖകൻ

അഭിമന്യു മനസിൽ കൂടുകൂട്ടിയ സ്വപ്നം; വട്ടവടയിലൊരുങ്ങിയ വീടിന്റെ താക്കോൽ മുഖ്യമന്ത്രി കൈമാറി

abhimanyu

അവൻ സ്വപ്നങ്ങളെ സ്വരുക്കൂട്ടി വച്ചത് ഈയൊരു നിമിഷത്തിനു വേണ്ടിയായിരുന്നു. ഇല്ലായ്മയിലും നുള്ളിപ്പെറുക്കി ചേർത്തുവച്ചത് ഈ സാക്ഷാത്കാരത്തിനു വേണ്ടിയായിരുന്നു. ഒടുവിൽ ആ സ്വപ്നനിമിഷം വന്നെത്തിയപ്പോൾ അവന്റെ സന്തോഷം കാണാൻ കൊതിച്ച എല്ലാവരുമെത്തി, അവനൊഴികെ.

വട്ടവടയുടെ രക്തതാരകം അഭിമന്യുവിന്റെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായ നിമഷമായിരുന്നു കഴിഞ്ഞു പോയത്. വട്ടവടയിൽ രാവിലെ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീടിന്റെ താക്കോൽ അഭിമന്യുവിന്റെ മാതാപിതാക്കൾക്ക് കൈമാറി. അഭിമന്യുവിന്റെ ഓർമ്മകൾ തളംകെട്ടി നിന്ന നിമിഷത്തിൽ കണ്ണീരോടെ അവർ അത് ഏറ്റുവാങ്ങി. അഭിമന്യുവിന്റെ മാതാപിതാക്കളുടെ പേരില്‍ സി പി എം ബാങ്കില്‍ നിക്ഷേപിച്ച 23.75 ലക്ഷം രൂപയും ഇതോടൊപ്പം മുഖ്യമന്ത്രി കൈമാറി. വട്ടവട പഞ്ചായത്ത് സ്ഥാപിച്ച 'അഭിമന്യു മഹാരാജാസ്' ലൈബ്രറിയും പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 

വട്ടവട കൊട്ടക്കമ്പൂരിലെ അഭിമന്യുവിന്റെ നിലവിലെ വീടിന് അരക്കിലോമീറ്റർ അകലെയാണ് പുതിയ വീട്. പത്തര സെന്റ് ഭൂമിയിൽ 1,226 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിർമിച്ചിരിക്കുന്നത്. വീടിനും സ്ഥലത്തിനുമായി സി പി എം 40 ലക്ഷം രൂപയാണ് ചെലവിട്ടത്. വട്ടവട പഞ്ചായത്ത് കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് അഭിമന്യു  സ്മരണാർത്ഥമുള്ള വായനശാല സജ്ജീകരിച്ചിരിക്കുന്നത്. അഭിമന്യുവിനെ സ്നേഹിക്കുന്നവരും സുഹൃത്തുക്കളും സമ്മാനിച്ച നാൽപതിനായിരത്തോളം പുസ്തകങ്ങളാണ് ലൈബ്രറിലുള്ളത്.

വിദ്യാഭ്യാസപരമായി പിന്നിൽ നിൽക്കുന്ന വട്ടവടയെ മുന്നോട്ട് നയിക്കാൻ സ്വന്തമായൊരു വായനശാല. അഭിമന്യു അവസാനമായി പങ്കെടുത്ത ഗ്രാമസഭയിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. അഭിമന്യുവിനെ സ്നേഹിക്കുന്നവരും സുഹൃത്തുക്കളും ഈ ആഗ്രഹം ഏറ്റെടുത്തപ്പോൾ നവീനമായൊരു വായനശാല വട്ടവടയ്ക്ക് സ്വന്തമായി. കേരളത്തിന് പുറമേ ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നുമായിട്ടാണ് ലൈബ്രറി.