Friday 16 April 2021 12:57 PM IST : By സ്വന്തം ലേഖകൻ

ആദ്യം കാൻസർ ഭാര്യയെ കൊണ്ടുപോയി, ഇപ്പോൾ കത്തിമുനയിൽ പിടഞ്ഞുവീണ് മകനും: തീരാനോവായി അഭിമന്യു

abhimanyu

പടയണിവെട്ടത്ത്  ഉത്സവത്തിനിടയിൽ  എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു (15) കുത്തേറ്റ്  മരിച്ചത് പത്തിലധികം പേർ ചേർന്നു നടത്തിയ ആക്രമണത്തിൽ.  സംഘം അമ്പലത്തിനു സമീപം ഇരുട്ടിന്റെ മറവിൽ  അഭിമന്യുവിനെയും കൂട്ടുകാരെയും ആക്രമിക്കുകയായിരുന്നു. കുത്തേറ്റ അഭിമന്യു നിലത്തു വീണു. പരുക്കേറ്റ മറ്റു രണ്ടുപേർ അടുത്തുള്ള ഹോമിയോ ആശുപത്രിയുടെ പടിയിൽ വീഴുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.

സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ അഭിമന്യുവിന്റെ അച്ഛൻ അമ്പിളി കുമാറിനെ വീട്ടിലെത്തി ആശ്വസിപ്പിക്കുന്നു. പി.പി.ചിത്തരഞ്ജൻ, സി.എസ്.സുജാത തുടങ്ങിയവർ സമീപം.

ഉത്സവസ്ഥലത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ എത്തിയാണ് മൂവരെയും ആശുപത്രിയിലേക്കു മാറ്റിയത്.  അഭിമന്യുവിനു വയറിനു പിൻഭാഗത്ത് ആഴത്തിലേറ്റ കുത്താണ് മരണകാരണം. ബുധനാഴ്ച രാത്രി വൈകിയും പ്രദേശം സംഘർഷഭരിതമായിരുന്നു. സംഘർഷത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ മർദനമേറ്റു.  എസ്എഫ്ഐ പ്രവർത്തകർക്കു നേരെ സംഘടിച്ചെത്തിയ ആർഎസ്എസ് പ്രവർത്തകരാണ് ആക്രമിച്ചതെന്നു സിപിഎം ആരോപിച്ചു. സംഭവത്തിൽ പങ്കില്ലെന്നു ബിജെപി, ആർഎസ്എസ് നേതാക്കൾ പറഞ്ഞു. കൊലപാതകത്തിൽ പ്രതിഷേധിച്ച് വള്ളികുന്നം പഞ്ചായത്തിലും ചാരുംമൂട് മേഖലയിലും സിപിഎം ഹർത്താൽ നടത്തി.  മുൻപും ഇതേ സംഘങ്ങൾ പലയിടങ്ങളിലായി ഒന്നിലധികം തവണ ഏറ്റുമുട്ടിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

മുൻപും കേസുകൾ

മരിച്ച അഭിമന്യുവിന്റെ സഹോദരൻ അനന്തു ഡിവൈഎഫ്ഐ പ്രവർത്തകനാണ്. മുൻപും ഇതേ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷം സംബന്ധിച്ച് അനന്തു ഉൾപ്പെട്ട രണ്ടു കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞതവണ ഉത്സവം നടന്നതിനിടയിലുണ്ടായ സംഘർഷമാണ് ഇതിലൊന്ന്. മറ്റൊന്ന് അടിപിടിക്കേസാണെന്നും രാഷ്ട്രീയബന്ധമില്ലായിരുന്നെന്നും പൊലീസ് പറയുന്നു. ദൃക്സാക്ഷിമൊഴിയനുസരിച്ചല്ല, പരുക്കേറ്റവരിൽ ഒരാളുടെ പിതാവിന്റെ പരാതി അനുസരിച്ചാണു നിലവിൽ അന്വേഷണമെന്നും പൊലീസ് വ്യക്തമാക്കി.

നഷ്ടങ്ങളിൽ ആദ്യം ഭാര്യ ,പിന്നെ മകൻ

ഭാര്യ മരിച്ചതിനു ശേഷം മക്കൾക്കു താങ്ങും തണലുമായി നിന്ന അമ്പിളികുമാറിനു ഇളയ മകൻ അഭിമന്യുവിന്റെ വേർപാട് തീരാനൊമ്പരമായി. വർഷങ്ങളായി വിദേശത്തായിരുന്ന അമ്പിളികുമാർ ഭാര്യ ബീനയുടെ ചികിത്സയ്ക്കായി 2 വർഷം മുൻപാണ്  നാട്ടിലെത്തിയത്. കാൻസർ ബാധിതയായിരുന്നു ബീന. വീടു പുതുക്കിപ്പണിതതും രണ്ടുവർഷം മുൻപാണ്. എന്നാൽ പുതിയ വീട്ടിലേക്കു വിരുന്നെത്തിയതു സങ്കടങ്ങളാണ്. ഒരു വർഷം മുൻപ് ബീന മരിച്ചു. തുടർന്നു മക്കൾക്കൊപ്പം കഴിയാൻ, വിദേശത്തെ ജോലി ഉപേക്ഷിച്ച് അമ്പിളി ഓട്ടോറിക്ഷാ ഡ്രൈവറായി. അഭിമന്യുവിനെയും നഷ്ടമായതോടെ ആകെ തകർന്നിരിക്കുകയാണ് അമ്പിളികുമാർ .

അനുജന്റെ വേർപാട് കണ്ട ആഘാതത്തിൽ അനന്തു

അനുജന്റെ വേർപാടു നേരിട്ടുകണ്ട ആഘാതത്തിൽ നിന്നു കരകയറാനാവാത്ത സ്ഥിതിയിലാണ് അഭിമന്യുവിന്റെ സഹോദരൻ അനന്തു. സംഘർഷത്തിനിടെ അഭിമന്യുവിന്റെ ഒപ്പമുണ്ടായിരുന്ന  അനന്തു ഇതുവരെ സാധാരണനില വീണ്ടെടുത്തിട്ടില്ല.  അനന്തുവിനൊപ്പം ഉത്സവപ്പറമ്പിൽ നിൽക്കുമ്പോഴാണു സംഘർഷമുണ്ടായതും   അഭിമന്യുവിനു കുത്തേറ്റതും.  കൺമുന്നിൽ സഹോദരനെയും സുഹൃത്തുക്കളെയും കുത്തി വീഴ്ത്തുന്നതു കണ്ട ആഘാതത്തിൽ  അബോധാവസ്ഥയിലായ അനന്തുവിനെ  വീട്ടിൽ നിന്നു തൊട്ടടുത്ത ബന്ധുവീട്ടിലേക്ക്  മാറ്റി.

അന്വേഷണം:10 അംഗ പൊലീസ് സംഘത്തിന് ചുമതല

വള്ളികുന്നം ∙ ചെങ്ങന്നൂർ ഡിവൈഎസ്പി ആർ.ജോസ്, വള്ളികുന്നം സിഐ ഡി.മിഥുൻ എന്നിവരുടെ നേതൃത്വത്തിലുള്ള 10 അംഗ പൊലീസ് സംഘം വള്ളികുന്നം കൊലപാതക കേസ് അന്വേഷിക്കും. സംഭവത്തിലെ പ്രതികളെ പറ്റി സൂചന ലഭിച്ചിട്ടുണ്ടെന്നും അഞ്ചിലധികം പ്രതികൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ശാസ്ത്രീയ പരിശോധനകൾ നടത്തി തെളിവുകൾ ശേഖരിച്ചു. സ്ഥലം ഉൾപ്പെടെ സംഘർഷം ഉണ്ടാകാൻ ഇടയുള്ള പ്രദേശങ്ങളിൽ പൊലീസ് ക്യാംപ് ഏർപ്പെടുത്തി.

കൂടുതൽ വാർത്തകൾ