Saturday 15 June 2019 04:27 PM IST : By സ്വന്തം ലേഖകൻ

അഭിനന്ദനെ പരിഹസിച്ചതിന് മധുര പ്രതികാരം; പാക് ജഴ്സിയണിഞ്ഞ യുവാവിനെ അടപടലം തേച്ചൊട്ടിച്ച് കിടിലൻ പരസ്യം!

pak-tv-ad

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച് പാക് ടെലിവിഷനില്‍ വന്ന പരസ്യത്തിന് കിടിലൻ മറുപടിയുമായി ഇന്ത്യ. ഇന്ത്യൻ ജഴ്‌സിയും പാകിസ്ഥാൻ ജഴ്‌സിയുമണിഞ്ഞ രണ്ടുപേർ തമ്മിൽ ബാർബർ ഷോപ്പിൽ വച്ചു നടക്കുന്ന നർമ്മ സംഭാഷണവും ഒടുവിൽ പാകിസ്ഥാൻ ജഴ്സിയണിഞ്ഞ യുവാവിനെ അടപടലം തേച്ചൊടിക്കുന്നതുമാണ്‌ വിഡിയോയിൽ. ഏറ്റവും ഒടുവിൽ സംഭവിക്കുന്ന കിടിലൻ ട്വിസ്റ്റാണ് വിഡിയോയുടെ ഹൈലൈറ്റ്.

ജൂണ്‍ 16 ന് നടക്കുന്ന ഇന്ത്യ - പാക് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തില്‍ ‘മോക്ക മോക്ക’ വിഡിയോയ്ക്ക് സമാനമായ തരത്തിലാണ് പാക് ചാനലായ ജാസ് ടിവി പരസ്യം തയാറാക്കിയത്. പാക് സൈന്യത്തിന്റെ പിടിയിലായ അഭിനന്ദനെ ചോദ്യം ചെയ്യുന്നതിന്റെ വിഡിയോയിൽ ചായ കുടിച്ചുകൊണ്ടാണ് സൈനികരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം പറയുന്നത്. ഇതിന്റെ അനുകരണമാണ് പരിഹസിക്കുന്ന രീതിയിലുള്ള പരസ്യം. 

അഭിനന്ദന്‍ വര്‍ധനമാനെ പോലെ മീശ വച്ച അഭിനേതാവാണ് പരസ്യ ചിത്രത്തിലുള്ളത്. ഇന്ത്യന്‍ ടീമിന്റെ ജഴ്സിയോട് സാമ്യമുള്ള നീല ടീഷര്‍ട്ടാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്. ഇയാളോട് ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാല്‍ ഇന്ത്യന്‍ ടീം സ്വീകരിക്കാന്‍ പോകുന്ന തന്ത്രങ്ങളെ കുറിച്ചും ചോദിക്കുമ്പോൾ ‘ക്ഷമിക്കണം, ഇതിനെക്കുറിച്ച് നിങ്ങളോട് എനിക്ക് വെളിപ്പെടുത്താനാവില്ല’ എന്നാണ് മറുപടി. അവസാനം ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് കൊള്ളാം എന്നും പരസ്യത്തിലെ ആള്‍ പറയുന്നു. പിന്നീട് ഇയാളെ പോകാന്‍ അനുവദിക്കുന്നു. 

രക്ഷപ്പെട്ട ആശ്വാസത്തില്‍ പുറത്തേക്ക് പോകാന്‍ ഒരുങ്ങുന്ന ഇയാളെ തടഞ്ഞുനിര്‍ത്തി ചായക്കപ്പ് തിരികെ വാങ്ങുന്നതും പരസ്യത്തിലുണ്ട്. ചായക്കപ്പിനെ ലോകകപ്പായാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. ഈ കപ്പ് നമുക്ക് നേടാം എന്ന ഹാഷ് ടാഗോടെ പരസ്യം പൂര്‍ണമാകുന്നു. ഇതിനെതിരെയാണ് ഇന്ത്യൻ ആരാധകർക്കിടയിൽ പ്രതിഷേധം പുകഞ്ഞത്.