Monday 22 July 2019 10:49 AM IST : By സ്വന്തം ലേഖകൻ

‘അന്നേ ദിവസം തീരുമാനിച്ചതാണ്, ആൺകുട്ടി ആണെങ്കിൽ ആ പേര് വിളിക്കുമെന്ന്...’! ഇവൻ ഇനി അഭിനന്ദ്

abhinandhan

പാക്കിസ്ഥാൻ സൈന്യത്തിന്റെ കയ്യിലകപ്പെട്ടിട്ടും മരണത്തെ മുഖാമുഖം കണ്ടിട്ടും ധീരതയോടെ തല ഉയർത്തി നിന്ന, രാജ്യത്തിന്റെ അഭിമാനമായി മാറിയ ധീരസൈനികനാണ് വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. ഇന്ത്യ ഒരൊറ്റ വികാരമായി ആ ധീരനെ നെഞ്ചേറ്റുമ്പോൾ ഇതാ തന്റെ മകന് അഭിനന്ദന്റെ പേര് നൽകി ആ ഇഷ്ടവും ആദരവും പ്രകടിപ്പിച്ചിരിക്കുകയാണ് ആർ.ജെ സൂരാജ് എന്ന ചെറുപ്പക്കാരൻ. മകന് സുരാജ് ഇട്ട പേര് ‘അഭിനന്ദ്’ എന്നാണ്. ‘നന്ദൂട്ടൻ’ എന്നു ചെല്ലപ്പേരും.

ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് മകന് അഭിനന്ദന്റെ പേര് നൽകിയെന്ന വിശേഷം സുരാജ് പങ്കുവച്ചത്.

‘ഒരു രാജ്യം മുഴുവൻ പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്ത അഭിനന്ദന്‍ വര്‍ധമാന്‍ എന്ന ധീരനായ ആർമി ഓഫിസർ. ശത്രുക്കൾക്കു മുന്നിൽ പോലും പതറാതെ ചങ്കൂറ്റത്തോടെ നിലകൊണ്ട്, അവസാനം 130 കോടിയിലേറെ
ജനങ്ങളുടെ പ്രാർത്ഥനകളുടെ ഫലമായി ശത്രു രാജ്യത്തു നിന്നു രാജകീയമായ തിരിച്ചുവരവ് നടത്തിയ അന്നേ ദിവസം തീരുമാനിച്ചതാണ് ആൺകുട്ടി ആണെങ്കിൽ ആ പേര് തന്നെ വിളിക്കുമെന്ന്...’ .– സുരാജ് കുറിച്ചു.

സുരാജിന്റെ കുറിപ്പ് വായിക്കാം:

ഒന്ന് അനുഗ്രഹിച്ചു വിട്ടേക്കണേ

ഒരു രാജ്യം മുഴുവൻ പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്ത അഭിനന്തൻ വർത്തമൻ എന്ന ധീരനായ ആർമി ഓഫീസർ, ശത്രുക്കൾക്കു മുന്നിൽ പോലും പതറാതെ ചങ്കൂറ്റത്തോടെ നിലകൊണ്ട്, അവസാനം 130 കോടിയിലേറെ
ജനങ്ങളുടെ പ്രാർത്ഥനകളുടെ ഫലമായി ശത്രു രാജ്യത്തു നിന്നും രാജകീയമായ തിരിച്ചുവരവ് നടത്തിയ അന്നേ ദിവസം തീരുമാനിച്ചതാണ് ആൺകുട്ടീ ആണെങ്കിൽ ആ പേര് തന്നെ വിളിക്കുമെന്ന്...!!

ഒരു ന്യൂ ജൻ കാലമായതുകൊണ്ടും, അപരിഷ്കൃതമായ കുഞ്ഞു മാറ്റം പേരിൽ അനിവാര്യമാണ് എന്ന പ്രീയപെട്ടവരുടെ അഭിപ്രായങ്ങൾ മനസ്സിലാക്കിക്കൊണ്ടും ഈ കൊച്ചു ചെറുക്കനെ ഞങ്ങൾ വിളിച്ചത് " അഭിനന്ദ് " എന്നാണ് സ്നേഹത്തോടെ " നന്ദൂട്ടൻ " എന്നും..!!

അപ്പൊ ഇങ്ങളും അത് തന്നെ വിളിച്ചോളൂ...