Saturday 13 April 2019 03:02 PM IST : By സ്വന്തം ലേഖകൻ

ഇനിയും വൈകിയാൽ അരുതാത്തത് സംഭവിച്ചെന്നിരിക്കും; കാൻസറിന്റെ വേദനയിൽ പിടഞ്ഞ് കുഞ്ഞ് അഭിനവ്; കനിവുകാത്ത് കുടുംബം

abhinav

ഒരു മാസം...ഒരേ ഒരു മാസം...ജീവിതത്തിന്റേയും മരണത്തിന്റേയും തുലാസിനിടയ്ക്ക് അഭിനവ് എന്ന പൊന്നുമോന് ഡോക്ടർമാർ നൽകിയിരിക്കുന്ന സമയ പരിധി അത്രയും മാത്രമേയുള്ളൂ. അതു കഴിഞ്ഞപ്പുറത്തേക്ക് പോയാൽ ഒരു പക്ഷേ അരുതാത്തത് തന്നെ സംഭവിച്ചെന്നിരിക്കും. എന്നാൽ അഭിനവ് ആകട്ടെ ഡോക്ടർമാരുടെ അന്ത്യശാസനങ്ങൾക്കിടെയും ഒന്നുമറിയാതെ പുഞ്ചിരിക്കുകയാണ്. മരത്തിന്റെ നിഴൽ തന്റെയരികിൽ ഉണ്ടെന്നുള്ള സത്യമറിയാതെ.

ചെട്ടിക്കുളങ്ങര സ്വദേശികളായ ഹരിദാസിന്റേയും കവിതയുടേയും രണ്ടാമത്തെ മകൻ അഭിനവ് ഇന്നീ അനുഭവിച്ചു തീർക്കുന്ന വേദനയ്ക്ക് നാളുകളുടെ പഴക്കമുണ്ട്. രണ്ട് വയസ് മാത്രം പ്രായമുള്ളപ്പോൾ കാൻസറിന്റെ രൂപത്തിൽ ഈ കുഞ്ഞിനു മുന്നിൽ വിധി വില്ലനായെത്തി. ഇതിനിടെ പ്രതീക്ഷയുടെ സൂചനകൾ പലവുരു മാറി മറിഞ്ഞെങ്കിലും എല്ലാം അസ്ഥാനത്തായി. കൈയ്യിലുള്ളതെല്ലാം വിറ്റുപെറുക്കി മകനായി ചികിത്സ നടത്തിയത് മാത്രം മിച്ചം. പതിനൊന്നുകാരനായ അഭിനവിന്റെ ജീവന്റെ വിലയായി ഡോക്ടർമാർ ഇട്ടിരിക്കുന്നത് ലക്ഷങ്ങളുടെ വിലയാണ്, അടിയന്തരമായ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ രൂപത്തിൽ. ദിവസങ്ങളുടെ വ്യത്യാസത്തിൽ അത് നടന്നില്ലെങ്കിൽ ഈ പൈതലിന്റെ ജീവൻ തന്നെ അപകടത്തിലാകും. കേവലമൊരു ടെക്സ്റ്റയിൽസ് സെയിൽസ്മാനായ ഹരിദാസിനെക്കൊണ്ട് കൂട്ടിയാൽ കൂടുന്നതല്ല ഈ തുക എന്നത് മറ്റൊരു സത്യം. പ്രതീക്ഷകൾ അസ്തമിക്കാറായ ഈ വേളയിൽ ഈ നിർദ്ധന കുടുംബം ഇനി കണ്ണുവയ്ക്കുന്നത് കരുണയുടെ ഉറവ വറ്റാത്ത ഹൃദയങ്ങിലേക്കാണ്.