Wednesday 12 September 2018 11:52 AM IST : By സ്വന്തം ലേഖകൻ

കോടീശ്വരരായ മാതാപിതാക്കളുടെ മകൻ, ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കർഷകനായി; അതിശയിപ്പിക്കും അഭിഷേകിന്റെ കഥ

abhishek

മദ്രാസ് ഐ.ഐ.ടിയിൽ പഠനം, ബഹുരാഷ്ട്ര കമ്പനിയിൽ ലക്ഷം ശമ്പളത്തിന്റെ ജോലി,കോടീശ്വരരായ മാതാപിതാക്കൾ. പക്ഷേ അതൊന്നും കൊൽക്കത്തക്കാരൻ അഭിഷേക് സിങ്കാനിയ എന്ന ചെറുപ്പക്കാരനെ ആകർഷിച്ചില്ല. അവൻ തീരുമാനിച്ചത് ഒരു കൃഷിക്കാരനാകാൻ. കേൾക്കുന്നവർ ചോദിച്ചേക്കാം:

‘‘വട്ടാണല്ലേ ?’’

കാശിന്റെ ധാരാളിത്തത്തിൽ തോന്നിയ വെറും കൗതുകമല്ല അഭിഷേകിന്റെ കൃഷിയോടുള്ള ഇഷ്ടം എന്ന് മനസ്സിലാകുന്നതോടെ ആ ചോദ്യത്തിന്റെ മുന ഒടിയും.

കൊല്‍ക്കത്തയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ മൂന്നേക്കര്‍ സ്ഥലം വാങ്ങി ജൈവകൃഷി നടത്തി വിജയിച്ചിരിക്കുകയാണ് അഭിഷേക്. ഭാവി തലമുറയ്ക്ക് പ്രചോദനമാണ് അഭിഷേകിന്റെ ജീവിതം എന്നതിൽ ഇനി തർക്കമില്ലല്ലോ...

ബഹുരാഷ്ട്ര കമ്പനിയായ ‘പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സില്‍’ ആയിരുന്നു അഭിഷേകിന് ജോലി. 2010 ല്‍ ഐ.ഐ.ടിയിൽ പഠിക്കുമ്പോഴാണ് വിദര്‍ഭയിലെ തുടരെയുള്ള കര്‍ഷക ആത്മഹത്യകള്‍ അഭിഷേകിന്റെ ശ്രദ്ധയില്‍ പെടുന്നത്. അത് അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കി. പഠന ശേഷം ജോലിക്ക് കയറിയ അഭിഷേകിനെ 2012ല്‍ ‘പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്’ കമ്പനി ഒരു പ്രോജക്റ്റിനായി സൗദി അറേബ്യയിലേക്ക് വിട്ടു.

സൗദിയില്‍ എത്തിയെങ്കിലും നാട്ടിലെ കര്‍ഷക ദുരിതം മനസില്‍ നിന്ന് മാഞ്ഞില്ല. അവധിയെടുത്ത് നേരെ നാട്ടിലേക്ക് തിരിച്ചു. കൃഷി തുടങ്ങുക എന്നതായിരുന്നു ലക്ഷ്യം. ആദ്യ പടിയായി കൊൽക്കത്തയിലെ കർഷകരുടെ അടുത്തെത്തി എന്താണ് അവർ കൃഷിയില്‍ ചെയ്യുന്നത്, എന്താണ് അവരുടെ പ്രശ്നങ്ങള്‍ എന്നീ കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. ഈ പഠനത്തിൽ മഹാരാഷ്ട്രയില്‍ നിന്ന് വ്യത്യസ്തമായി ബംഗാളില്‍ വെള്ളമുണ്ടെന്നും മണ്ണ് ഫലഭൂയിഷ്ടമാണെന്നും അദ്ദേഹം മനസ്സിലാക്കി. അപ്പോഴും തിടുക്കം കാട്ടിയില്ല.

2015 മാര്‍ച്ചില്‍ ഐ.ഐ.ടി ഖരഗ്പൂരിലെ പ്രഫസര്‍മാര്‍ നടത്തുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായി, നാടന്‍ കൃഷി രീതികള്‍ പഠിക്കാന്‍ ഇന്ത്യ മുഴുവന്‍ സന്ദര്‍ശിച്ചു. അങ്ങനെയാണ് ജൈവകൃഷിയുടെ സാധ്യതകളെ പറ്റി മനസ്സിലാക്കുന്നത്. ട്രാക്ടറോടിക്കാനും ചാണകവും ഗോമൂത്രവും ഉപയോഗിച്ച് ജൈവവളമുണ്ടാക്കാനും ഇക്കാലയളവില്‍ പഠിച്ചു. ശേഷം മത്സ്യക്കൃഷി പരിശീലിക്കാന്‍ കൊല്‍ക്കത്ത സി.ഐ.എഫ്.ഇയിലും ആട് വളര്‍ത്തല്‍ പഠിക്കാന്‍ മഥുര സി.ഐ.ആര്‍.ജിയിലും എത്തി. അതോടെ സ്വന്തം കൃഷിയിടം ഒരുക്കാനുള്ള സമയമായി എന്നുറപ്പായി.

കൊല്‍ക്കത്തയില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരത്തില്‍ ടോണ എന്ന ഗ്രാമത്തില്‍ മൂന്നേക്കര്‍ സ്ഥലം വാങ്ങി. അവിടെ തന്നെ താമസവും തുടങ്ങി. എക്കോസ് എന്നാണ് ഈ തോട്ടത്തിന്റെ പേര്. ഒമ്പതു മാസം കൊണ്ട് കാബേജ്, കോളിഫ്ളവര്‍, കാപ്സിക്കം, കുക്കുംബര്‍, ചീര, കടുക്, ചെറുപയര്‍ എന്നിവ വിളവെടുത്തു. ഗ്രാമത്തില്‍ ആദ്യമായി ഡെറാഡൂണ്‍ ബസ്മതിയും കൃഷി ചെയ്തു. മാവ്, വാഴ, പപ്പായ, മുരിങ്ങ, വെറ്റില, പ്ലാവ്, സപ്പോട്ട, ഓറഞ്ച്, നാരങ്ങ, പ്ലം, കശുവണ്ടി തുടങ്ങിയവയും തോട്ടത്തില്‍ വിളയിച്ചു. ഒപ്പം നാച്ചുറിസ്റ്റ എന്ന ബ്രാന്‍ഡില്‍ ഗോതമ്പ് പുല്ല്, അലോവേര, ചിറ്റമൃത്, നെല്ലിക്ക, തുളസി എന്നീ ആരോഗ്യ ഉൽപ്പന്നങ്ങളും അഭിഷേക് ഉണ്ടാക്കുന്നു. വ്യക്തമായ കാഴ്ചപ്പാടുകളോടെ കൃഷിയിലേക്ക് ഇറങ്ങിയാൽ അതൊരു വട്ടാകില്ല എന്ന് ഈ ചെറുപ്പക്കാരന്റെ ജീവിത വിജയം തെളിയിക്കുന്നു.

ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാലെന്താ ഇപ്പോൾ അതിലും കൂടുതൽ വരുമാനം അഭിഷേക് നേടുന്നുണ്ട്.