Friday 14 January 2022 04:02 PM IST : By സ്വന്തം ലേഖകൻ

‘മാസങ്ങൾക്കു ശേഷം രുചികരമായ ഭക്ഷണം കഴിച്ചു, വെള്ളം കുടിച്ചു, സമാധാനമായി ഉറങ്ങി’; സുധീഷിന് ആശ്വാസമായി ‘സേവനം’

sudheesh-gulf-news

അബുദാബിയിൽ രണ്ടു ദിവസം അവധി എടുത്തതിന്റെ പേരിൽ ജോലിയിൽനിന്നും, താമസസ്ഥലത്തു നിന്നും ഇറക്കിവിട്ട സുധീഷിന് ആശ്വാസം. കൊടുംതണുപ്പിൽ പാർക്കിൽ അഭയം തേടിയ സുധീഷ് പച്ചവെള്ളം കുടിച്ചാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇപ്പോഴിതാ മാസങ്ങൾക്കുശേഷം രുചികരമായ ഭക്ഷണം കഴിച്ചു, ദാഹം തീർന്ന് വെള്ളം കുടിച്ചു, സമാധാനമായി ഉറങ്ങി.

സേവനം യുഎഇ പ്രസിഡന്റ് എംകെ രാജന്റെ വീട്ടിലാണ് തിരുവനന്തപുരം വർക്കല ചെറുന്നിയൂർ താന്നിമൂട് സ്വദേശി സുധീഷ് കഴിഞ്ഞ ദിവസം അന്തിയുറങ്ങിയത്. സുധീഷിന്റെ തെരുവിലെ ജീവിതം വാർത്തയായതിനെ തുടർന്ന് രാജൻ പാർക്കിലെത്തി സുധീഷിനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. സുധീഷിനും കുടുംബത്തിനും ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകിയ അദ്ദേഹം ഇന്നു രാത്രി വിമാനത്താവളത്തിൽ എത്തിക്കുന്നതുവരെ സംരക്ഷിക്കുമെന്നും പറഞ്ഞു.

വിമാന ടിക്കറ്റിനും സാധനങ്ങൾ വാങ്ങാനുമുള്ള തുക രാജേട്ടൻ തന്നുവെന്നും സ്വന്തം അച്ഛന്റെ സ്നേഹവാത്സല്യത്തോടെ തന്നെ പാർക്കിൽനിന്നു കൂട്ടിക്കൊണ്ടുപോയപ്പോൾ കണ്ണുനിറഞ്ഞതായും സുധീഷ് പറയുന്നു. തനിക്കുവേണ്ടി കമ്പനിയിൽ സംസാരിച്ച് യാത്രാ നടപടികൾ വേഗത്തിലാക്കിയ സാമൂഹിക പ്രവർത്തകൻ അമീർ കല്ലമ്പലത്തിനും സഹായിച്ച എല്ലാവർക്കും സുധീഷ് പ്രത്യേകം നന്ദി പറഞ്ഞു. അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ഇല്കട്രീഷ്യനായിരുന്നു സുധീഷ്. 

Tags:
  • Spotlight