Friday 08 October 2021 04:19 PM IST : By സ്വന്തം ലേഖകൻ

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മകൾ, ദുരന്തത്തിന്റെ ആഴമറിയാതെ നാലു വയസ്സുകാരൻ; അച്ഛനെയും അമ്മയെയും ബൈക്ക് ഇടിച്ചു തെറിപ്പിക്കുന്നത് കാണേണ്ടി വന്ന മക്കൾ, നൊമ്പരക്കാഴ്ച

dennisss4455ghuuhg

അച്ഛനെയും അമ്മയെയും ബൈക്ക് ഇടിച്ചു തെറിപ്പിക്കുന്നതു റോഡിനിപ്പുറത്തുനിന്ന് കാണേണ്ടി വന്ന മക്കൾ, മരുമകനെ ആശുപത്രിയിൽനിന്നു കൊണ്ടുവരാൻ മകൾക്കു കൂട്ടുപോയി, ഒടുവിൽ മറ്റൊരു ആശുപത്രിയിൽ രണ്ടുപേരും മരണത്തിനു കീഴടങ്ങുന്നത് നോക്കിനിൽക്കേണ്ടി വന്ന മാതാപിതാക്കൾ, മരണവിവരം ഉറ്റ ബന്ധുക്കളെ അറിയിക്കുന്നതെങ്ങനെയെന്ന ആശങ്കയിൽ കഴിച്ചുകൂട്ടിയ നാട്ടുകാർ. തിരുവനന്തപുരം പഴവങ്ങാടിയിൽ രണ്ടുപേരുടെ മരണത്തിനു കാരണമായ ബൈക്ക് അപകടമുണ്ടാക്കിയത് വലിയ ആഘാതം.

ബുധനാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ വടക്കേ മൈലക്കാട് വിളയിൽ വീട്ടിൽ ഡെന്നീസും ഭാര്യ നിർമലയുമാണ്  മരിച്ചത്. അപകടത്തെ തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ‘ബൈക്ക് തട്ടിയതല്ലേ, കുഴപ്പമില്ല’ എന്ന് ആശ്വസിച്ച ബന്ധുക്കൾക്കിടയിലേക്ക് ആദ്യമെത്തിയത് ഡെന്നീസിന്റെ മരണവാർത്തയാണ്. പിന്നീട് നിർമലയും മരണത്തിനു കീഴടങ്ങി. അപകടത്തിന് സാക്ഷിയായ മകൾ ഡെനീല (13) ഇന്നലെ പകൽ മുഴുവൻ അമ്മയെ തിരയുകയായിരുന്നു. അച്ഛന്റെ മരണമറിഞ്ഞ് കരഞ്ഞു കലങ്ങിയ കണ്ണുമായിരുന്ന ഡെനീലയെ നിർമല മരിച്ച വിവരം ബന്ധുക്കൾ ഏറെ വൈകിയും അറിയിച്ചില്ല.

അപകടം നേരിൽ കണ്ടെങ്കിലും ഡെനീലയുടെ അനുജൻ ഡയാന് (4) ഇപ്പോഴും ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായിട്ടില്ല. ഡെന്നീസ് പുതുതായി വാങ്ങിക്കൊടുത്ത കിടക്കവിരിയാണ് അന്തിമകർമങ്ങൾക്കായി താൻ വിവരിക്കുകയെന്ന് പറയുമ്പോൾ നിർമലയുടെ അച്ഛൻ യേശുദാസിന്റെ ശബ്ദമിടറി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡെന്നീസ് നാട്ടിലെത്തിയത്. അബുദാബിയിൽ ഡ്രൈവറായിരുന്ന ഡെന്നീസിന് കോവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് എടുത്തതോടെ തളർച്ച അനുഭവപ്പെട്ടു. അവിടെയുള്ള ആശുപത്രിയിൽ ചികിത്സ നടത്തി. എങ്കിലും കാലിന്റെ വേദന വിട്ടുമാറിയില്ല. തുടർചികിത്സയ്ക്കാണു നാട്ടിലെത്തിയത്. വെള്ളിയാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ആരംഭിച്ചു.

ബുധനാഴ്ചയോടെ ആശുപത്രി വിട്ടു. തിരികെ വീട്ടിലേക്കുള്ള യാത്രയിലാണ് അപകടം. പെട്ടെന്നു നാട്ടിൽ വരേണ്ടി വന്നതിനാൽ വീട്ടുകാർക്കായി ഒന്നും വാങ്ങാനായില്ലെന്നു പറഞ്ഞ്, ആശുപത്രിയിൽനിന്നു വരുംവഴി വസ്ത്രങ്ങളും കിടക്കവിരിയും വാങ്ങി. പഴവങ്ങാടി എത്തിയപ്പോൾ ശീതളപാനീയം ഉണ്ടാക്കാനുള്ള പൊടി വാങ്ങാനായി ഡെന്നീസും നിർമലയും കാറിൽ നിന്നിറങ്ങി. സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നു മരുന്നുകളും വാങ്ങി. ഒരു മരുന്ന് കുറവുണ്ടായിരുന്നതിനാൽ റോഡിന് എതിർവശത്തു കണ്ട മറ്റൊരു മെഡിക്കൽ സ്റ്റോറിലേക്കു പോയി വരാമെന്നു പറഞ്ഞ് ഇരുവരും കൈകൾ കോർത്തു പിടിച്ച് റോഡ് മുറിച്ചു കടക്കാൻ നിൽക്കവെയാണ് ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്.

ശബ്ദവും നിലവിളിയും കേട്ട് യേശുദാസ് ഓടിയെത്തിയപ്പോൾ ഇരുവരും രക്തത്തിൽ കുളിച്ചു കിടക്കുന്നു. ഉടൻ അവരെയും കൊണ്ട് ആശുപത്രിയിലേക്കു പാഞ്ഞു. അപകടം നടന്ന് ഒരുമണിക്കൂറിനു ശേഷം ഡെന്നീസിന്റെ മരണവിവരം അറിഞ്ഞതോടെ യേശുദാസും ഭാര്യ ലൈലയും കുഴഞ്ഞു വീണു. മകളെയും മടക്കി വിളിക്കല്ലേ എന്ന പ്രാർഥനയുമായി ആ രാത്രി മുഴുവൻ ആശുപത്രിയിൽത്തന്നെ കഴിഞ്ഞു. എന്നാൽ, പുലർച്ചെ നിർമലയുടെ മരണവാർത്തയെത്തി.

ബൈക്ക് കസ്റ്റഡിയിൽ; ദൃശ്യങ്ങൾ പരിശോധിക്കുന്നു

തിരുവനന്തപുരം പഴവങ്ങാടിയിൽ അപകടം നടന്നതിനു സമീപം മറിഞ്ഞുകിടന്ന ബൈക്ക് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇതിലുണ്ടായിരുന്ന രണ്ടു യുവാക്കൾക്കും പരുക്കുണ്ട്. ഈ ബൈക്ക് മറിഞ്ഞു വീഴുന്നതായുള്ള സിസിടിവി ദൃശ്യം  ലഭിച്ചിട്ടുണ്ട്. എന്നാൽ അപകടത്തിനിടയാക്കിയതു മറ്റൊരു ബൈക്കാ​ണെന്നാണ് ഇവരുടെ വിശദീകരണം. അപകടമുണ്ടാക്കിയതു കസ്റ്റഡിയിലെടുത്ത വാഹനമാണോ എന്നറിയാൻ പൊലീസ് ഫൊറൻസിക് പരിശോധന നടത്തും. രണ്ടാമത്തെ ബൈക്കിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Tags:
  • Spotlight