Friday 24 April 2020 01:25 PM IST

ഒൻപതാം വയസ്സിൽ കാഴ്ച പോയെങ്കിലും അച്ചു തളർന്നില്ല! അധ്യാപകൻ, കരാട്ടെ ബ്ലാക് ബെൽറ്റ്, ബാൻഡ് ഉടമ... നേട്ടങ്ങളുടെ പട്ടിക നീളുന്നു

Delna Sathyaretna

Sub Editor

achu

എട്ടോ ഒൻപതോ വയസിൽ അച്ചുവിനെ കാണുമ്പോൾ, കീബോർഡ് വായിച്ചു കുസൃതി ചിരിയുള്ള ചുള്ളൻ ആൺകുട്ടിയെന്നെ തോന്നിയിട്ടുള്ളൂ. ഒരു പൂചെണ്ട് കയ്യിലുണ്ടായിരുന്നെങ്കിൽ അത് അച്ചുവിന് കൊടുത്തിട്ട്  നിനക്ക് ബ്രൈറ്റ് ഭാവിയുണ്ടെന്നു പറഞ്ഞേനെ. പക്ഷേ.. പതിനഞ്ചു വർഷങ്ങൾക്കു ശേഷം കണ്ടത്, തെളിച്ചം നഷ്‌ടമായ അച്ചുവിന്റെ കണ്ണുകളും വെളിച്ചം കൂടിയ അവന്റെ നിശ്ചയ ദാർഢ്യവുമാണ്.

അച്ചുവെന്ന അഖിൽ വിനയ്  ഇരുപത്തിനാലു വയസുള്ള  തിരുവനന്തപുരത്തുകാരനാണ്. ഒൻപതാം വയസിൽ റെറ്റിനൈറ്റിസ് പിഗ്മെന്റോസായെന്ന അസുഖം തിരിച്ചറിഞ്ഞു. പത്തു വർഷം കൊണ്ട് കാഴ്ച പൂർണമായി നഷ്ടപ്പെട്ടു. കണ്ണ് തുറന്നാൽ അഖിൽ കാണുന്നത് പ്രതീക്ഷകൾ നഷ്ടമായതിന്റെ ഇരുട്ടല്ല. എന്തും സാധ്യമെന്നു തെളിയിക്കുന്ന അനന്തതയുടെ വെളുപ്പാണ്. വെറും വെളുപ്പല്ല.. മത്താപ്പ് കത്തിച്ച പോലെ തിളക്കമുള്ള വെളുപ്പ്. ധൈര്യത്തോടെ,  സ്വന്തം കഴിവുകളും കുടുംബത്തിന്റെ പിന്തുണയും കൊണ്ട് അതിരില്ലാ വിജയങ്ങൾ കൈയിലൊതുക്കാൻ വിധി കിട്ടിയവൻ. 

തില്ലാന മ്യൂസിക് സ്കൂളിലെ സംഗീത അധ്യാപകൻ,  സ്വാതി തിരുനാൾ സംഗീത കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർഥി, ഇതിലൊന്നും അഖിലിന്റെ ഐഡന്റിറ്റി ഒതുങ്ങുന്നില്ല. കരാട്ടെ ബ്ലാക്ക് ബെൽറ്റ് ചാമ്പ്യനും, ഭിന്നശേഷി വിഭാഗത്തിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പ്രൈവറ്റ് സെക്ടർ എംപ്ലോയീ അവാർഡ് ജേതാവുമാണ് ഈ ചെറുപ്പക്കാരൻ. അക്കൗസ്റ്റിക്ക എന്ന സംഗീത ബാൻഡും അഖിലിന് സ്വന്തമായുണ്ട്.

achu2

ടെൻ കണക്കിന് അകപ്പെല്ലാ എന്ന അഖിലിന്റെ ആൽബം യൂട്യൂബിൽ വൈറലായിരുന്നു.

കാഴ്ചയില്ലാത്തതിന്റെ പരിമിതികളെ കേൾവി കൂടുതൽ കൂർമമാക്കി അതിജീവിക്കാനും, അതിജീവനത്തിൽ കരുത്തുറ്റ സാരഥിയാകാനുമാണ് അഖിൽ കരാട്ടെ പഠിക്കാൻ തീരുമാനിച്ചത്. കുടുംബത്തിന്റെ പൂർണ പിന്തുണ കിട്ടിയതോടെ അച്ചുവിന്റെ കണ്ണുകളിൽ പടർന്ന വെളുപ്പിന് ആത്മവിശ്വാസത്തിന്റെ വർണ്ണ ചാർത്തു കൂടെയായി. 

കർണാടിക് സംഗീതത്തിലേക്ക് അഖിലിനെ മൂന്നാം വയസിൽ കൈ പിടിച്ചുയർത്തിയതും കുടുംബത്തിന്റെ ഹൃദയത്തുടിപ്പുകൾ തന്നെയായിരുന്നു. കല്ലിനു മുകളിൽ കയറി മൈക്കിൽ പാടും പോലെ അഭിനയിക്കുന്ന മകനോടുള്ള കരുതലിന്റെ ആർദ്രതയുള്ള തുടിപ്പ്.