Thursday 17 September 2020 11:28 AM IST : By സ്വന്തം ലേഖകൻ

‘ഇറക്കം കുറഞ്ഞ ഡ്രസ്സ് ഇട്ട് ഞങ്ങടെ ആൺപിള്ളേരെ വഴിതെറ്റിക്കല്ലേ’; കരുതൽ കൂടിയവർക്ക് കുറിക്കു കൊള്ളുന്ന മറുപടി; കുറിപ്പ്

achu-

ചോദ്യങ്ങൾക്കും വിചാരണകൾക്കും പരിഹാസങ്ങൾക്കും നടുവിലായിരിക്കും ഒരു ശരാശരി മലയാളിപ്പെണ്ണിന്റെ ജീവിതം. കൗമാരത്തിലും യൗവനത്തിലും തുടങ്ങി വാർധക്യം വരെ നീളുന്ന ചോദ്യശരങ്ങൾ. ‘കല്യാണമായില്ലേ... ചെക്കനെ കിട്ടിയില്ലേ... പിള്ളേരൊന്നും ആയില്ലേ’ എന്നിങ്ങനെ പരിഹാസത്തിലും കുത്തുവാക്കിലും ചാലിച്ച ചോദ്യങ്ങളുമായെത്തുന്ന സദാാരക്കാരെയും കുടുംബക്കാരെയും ചുറ്റും ഏറെ കാണാനുണ്ടാകും. ഇത്തരം ചോദ്യം ചെയ്യലുകൾക്കെതിരെ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് അച്ചു വിപിൻ. സമകാലിക സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ഫെയ്സ്ബുക്കിലൂടെയാണ് അച്ചു കുറിപ്പ് പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഒരു സ്ത്രീ ജീവിതത്തിൽ നേരിടേണ്ടി വരുന്ന കുറച്ചു കൊനിഷ്ടു ചോദ്യങ്ങളും അവക്കു കൊടുക്കാൻ പറ്റിയ ഉത്തരങ്ങളും. സമയമുണ്ടെങ്കിൽ വായിച്ചോളൂ?

ചോദ്യം 1.പത്തിരുപത്തിരണ്ടു വയസ്സായല്ലോ കല്യാണം ഒന്നും കഴിക്കുന്നില്ലേ? ഒരുപാടു പ്രായം ആയാൽ ചെറുക്കനെ കിട്ടാൻ പ്രയാസമാ...

ഉത്തരം:കിട്ടാൻ അത്രയ്ക്ക് പ്രയാസമാകാൻ ചെറുക്കൻ നാഗമാണിക്യം വല്ലതും ആണോ? പിന്നെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്‌ഷ്യം കല്യാണമല്ല ഹേ...വേണെങ്കി കല്യാണം കഴിക്കാതെയും ജീവിക്കാം?

ചോദ്യം 2.രാത്രി വീട്ടിൽ കാറ് വരുന്ന കാണാല്ലോ?ഇൻഫോപാർക്കിലാണോ ജോലി?ഈ രാത്രിയിലുള്ള പോക്കത്ര ശരിയല്ലട്ടോ?

ഉത്തരം:രാത്രി ജോലിക്കു പോകുന്നത് കാണുമ്പോൾ നിങ്ങൾക്കത്രക്കു ദണ്ണം തോന്നുന്നെങ്കിൽ മാസം പതിനയ്യായിരം രൂപ ശമ്പളമുള്ള ഒരു ജോലി നിങ്ങള് വാങ്ങി താ ഞാൻ പകല് പണിക്കു പൊക്കോളാം?

ചോദ്യം 3.കല്യാണം കഴിഞ്ഞു പിള്ളേര് രണ്ടായില്ലേ ഇനി അതുങ്ങളെ നോക്കി വീട്ടിലിരിക്കു അതാ നല്ലത്

ഉത്തരം:ഞാൻ കഷ്ടപ്പെട്ട് പഠിച്ചത് പിള്ളേരെ നോക്കി വീട്ടിലിരിക്കാനല്ല.പിള്ളേര് വലുതായി അവരുടെ പാട്ടിനു പോകും പിന്നെ എനിക്ക് പത്തു കാശു വേണെങ്കി ഞാൻ കൈ നീട്ടി വല്ലവരോടും ഇരക്കേണ്ടി വരും അതിനു തല്ക്കാലം എനിക്ക് മനസ്സില്ല?.

ചോദ്യം 4.ഇതുപോലത്തെ ഇറക്കം കുറഞ്ഞ ഡ്രസ്സ് ഒക്കെ ഇട്ടു നടക്കണതെന്തിനാ ഞങ്ങടെ വീട്ടിൽ ആൺപിള്ളേരുള്ളതാ വെറുതെ അവരെ വഴി തെറ്റിക്കരുത്?

ഉത്തരം:ആണ്മക്കളോടു എന്റെ വസ്ത്രത്തിന്റെ നീളം നോക്കാതെ നേരെ നോക്കി നടക്കാൻ പറയു അതല്ലേ നല്ലത്?..

ചോദ്യം 5.പ്രസവശേഷം നീ നല്ലോണം തടിച്ചൂട്ടോ കാണുമ്പോൾ എന്തോ പോലെ ഇത്രേം വണ്ണം വെച്ചാൽ ഭർത്താവിന് താല്പര്യം കുറയില്ലേ?

ഉത്തരം:എന്നോടിപ്പോ താല്പര്യം കുറവാണെന്നു എന്റെ ഭർത്താവെപ്പഴാ നിങ്ങളോടു പറഞ്ഞെ?ശെടാ നിങ്ങടെ വീട്ടിൽ നിന്നും തിന്നല്ലല്ലോ ഞാൻ വണ്ണം വെച്ചത് അതോണ്ട് തല്ക്കാലം എന്റെ വണ്ണം കുറക്കാൻ മനസ്സില്ല..നിങ്ങക്കു എന്നെ കാണുന്നത് ബുദ്ധിമുട്ടാണെങ്കി എന്റെ നേരെ നോക്കണ്ട പോരെ?

ചോദ്യം 6.കല്യാണം കഴിഞ്ഞിട്ടിത്രേം വർഷമായില്ലേ ഒരു കുഞ്ഞിനെ താലോലിക്കാൻ നല്ല കൊതി കാണുമല്ലേ?ഹോ അതോർത്തിട്ടെനിക്ക് സങ്കടം വരുന്നു?

ഉത്തരം:ആഹാ അത്രക്കും സങ്കടം തോന്നുന്നെങ്കിൽ നിങ്ങടെ ഒരു കൊച്ചിനെ എന്നെന്നേക്കുമായി എനിക്കങ്ങു തന്നേക്കു ഞാൻ മടിയിൽ ഇരുത്തി താലോലിച്ചോളാം..എന്താ പറ്റുമോ?

ചോദ്യം 7:രാത്രി ഒരുപാടു നേരമായല്ലോ ഇപ്പഴും ഓൺലൈൻ ഉണ്ടല്ലോ ?ഒന്ന് പോയി കിടന്നുറങ്ങു പെണ്ണെ?..

ഉത്തരം:അത് തനിക്കും ആകാം..എന്റെ ഇൻബോക്സിൽ കിടന്നെനിക്കു താരാട്ടു പാടാൻ നിക്കാതെ താൻ ആദ്യം പോയി കിടന്നുറങെടോ?

ചോദ്യം 8:നീയൊരു പെണ്ണല്ലേ പോയാലും എത്രത്തോളം നീ പോകും..ഭർത്താവ് എന്ത് ചെയ്താലും നീ ക്ഷമിക്കുക സഹിക്കുക അല്ലാതെ വേറെ വഴിയില്ല എന്തേലും സംഭവിച്ചാൽ നഷ്ടം നിനക്കാണ്?

ഉത്തരം:ഒരു നഷ്ടോമില്ല..ആണിനെ പോലെ തന്നെ പെണ്ണിനും ദൈവം രണ്ടു കാലും കയ്യും സംസാരിക്കാൻ നാക്കും തന്നിട്ടുണ്ട് അന്തസ്സായി കൂലിപ്പണി എടുത്തിട്ടാണെങ്കിലും ജീവിക്കും.. മുന്നോട്ടു ജീവിക്കാൻ കൂടെ ആൺതുണ വേണമെന്നില്ല?

ചോദ്യം 9.കാണുന്നവരോടൊക്കെ തൊട്ടതിനും പിടിച്ചതിനും തർക്കിക്കുന്നത് കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾക്ക് ചേർന്ന പണിയല്ല..

ഉത്തരം:സോറി ഞാൻ കുടുംബത്തല്ല ആശുപത്രിയിൽ ആണ് ജനിച്ചത് ന്യായം എന്റെ ഭാഗത്താണെങ്കിൽ ഉറപ്പായും ഞാൻ തർക്കിക്കും..

ചോദ്യo 10:നിങ്ങളീ ഫേസ് ബുക്കിൽ കുത്തിയിരുന്നു ഇമ്മാതിരി പോസ്റ്റ് ഇടുന്ന സമയത്തു അടുക്കളയിൽ പോയി വല്ല പണിയും ചെയ്തൂടെ തള്ളെ?

ഉത്തരം:സൗകര്യമില്ല..ഞാൻ എഴുതുന്നത് എന്റെ ചിന്തകളാണ് നിങ്ങടെയല്ല?

അച്ചു വിപിൻ