Thursday 03 December 2020 02:43 PM IST : By സ്വന്തം ലേഖകൻ

‘ഇവിടെ നിനക്കെന്താ മലമറിക്കുന്ന പണി?’;അമ്മയെ കണ്ടു വളരുന്ന ആൺമക്കൾ ഇങ്ങനെ കുറ്റം പറയില്ല; കുറിപ്പ്

achu-house-wife ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്/ വരുൺ അടുത്തില ഫൊട്ടോഗ്രഫി

കുടുംബത്തിന് വേണ്ടി അധ്വാനിക്കുന്നത് ആണുങ്ങൾ മാത്രമാണെന്ന് കേമത്തം വിളമ്പുന്നവർക്ക് ഹൃദ്യമായ കുറിപ്പിലൂടെ മറുപടി നൽകുകയാണ് അച്ചു വിപിൻ. പെണ്ണുങ്ങൾ വീട്ടിൽ ഇരുന്നു വെറുതെ സുഖിക്കുന്നു എന്ന് ചുമ്മാ വിചാരിക്കുന്ന പുരുഷ കേസരികളോടാണ് അച്ചു നിലപാട് വ്യക്തമാക്കുന്നത്. ‘വീട്ടുപണി എടുക്കുന്ന സ്ത്രീക്ക് എന്നെങ്കിലും ലീവ് ലഭിക്കാറുണ്ടോ എന്നും’ ഉദ്യോഗസ്ഥരായ ഭർത്താക്കൻമാരെ അച്ചു ഓർമ്മിപ്പിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

"ജോലിക്കൊന്നും പോകാതെ വെറുതെ വീട്ടിലിരുന്നു ഫുഡും ഉണ്ടാക്കി പിള്ളേരേം നോക്കി അടുത്ത വീട്ടിലുള്ളോരോട് സൊറയും പറഞ്ഞിരിക്കുന്ന പെണ്ണുങ്ങടെ സുഖമൊന്നും പണിക്കു പോകുന്ന ആണിന് ഒരിക്കലും കിട്ടില്ല"

കഴിഞ്ഞ ദിവസം ഞാനിട്ട ഒരു പോസ്റ്റിനു താഴെ വന്ന ഒരു ചേട്ടന്റെ കമന്റ്‌ ആണിത്.. അദ്ദേഹത്തോടും പെണ്ണുങ്ങൾ വീട്ടിൽ ഇരുന്നു വെറുതെ സുഖിക്കുന്നു എന്ന് ചുമ്മാ വിചാരിക്കുന്ന ബാക്കി ഉള്ള ആണുങ്ങളോടും മാത്രം എനിക്ക് പറയാനുള്ള മറുപടിയാണിത്.(കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന നല്ലവരായ ആണുങ്ങൾ എന്നോട് ദയവായി ക്ഷമിക്കുക. ഇത് നിങ്ങളെ കുറിച്ചുള്ള പോസ്റ്റല്ല)

ചേട്ടന്മാരെ ഒന്നര വയസ്സുള്ളതും രണ്ടര വയസ്സുള്ളതും ആയ കുഞ്ഞു മക്കളെ നിങ്ങളെ നോക്കാൻ ഏല്പിച്ചു നിങ്ങടെ ഭാര്യ രാവിലെ തന്നെ ഒരു പണിയും ചെയ്യാതെ ദൂരെ ഒരു സ്ഥലത്തൊരു കല്യാണത്തിന് പോകുന്നതായി വെറുതെ ഒന്ന് സങ്കൽപ്പിക്കുക..ആ ദിവസം വീട്ടിലെ പണി മുഴുവൻ നിങ്ങൾ ചെയ്യണം.

രാവിലെ ഉറക്കം എണീക്കുന്ന കുഞ്ഞുങ്ങളെ പല്ല് തേപ്പിച്ചു കുളിപ്പിച്ച് അതുങ്ങടെ പുറകെ കുറഞ്ഞത് ഒന്നര മണിക്കൂർ എങ്കിലും ഓടി നടന്നൊരു പ്രകാരത്തിൽ നിങ്ങൾ രാവിലത്തെ ഫുഡ്‌ കൊടുക്കണം..

ഇളയ കൊച്ചിനെ നിങ്ങൾ എങ്ങനെയെങ്കിലും ഉറക്കി (അതിനും വേണം അര മണിക്കൂർ)മറ്റേ കൊച്ചു എണീറ്റോടി നടക്കുന്നതിനിടയിൽ വീട്ടിലെ തൂക്കൽ,തുടക്കൽ,അടിക്കൽ,കറിക്കുള്ള പച്ചക്കറി അരിയൽ, അരി വെക്കൽ, മീൻ വെട്ടൽ ഇതൊക്കെ നടത്തുന്നതിനിടക്ക് ഇളയ കുട്ടി ഉറക്കം മതിയാക്കി എണീറ്റു ബഹളം വക്കും അപ്പൊ രാവിലത്തെ നിങ്ങളുടെ ബ്രേക് ഫാസ്റ്റ് കഴിക്കൽ സ്വാഹ...

ഒരു പ്രകാരത്തിൽ ഇളയ കുട്ടിയെ എടുത്തു അശ്വസിപ്പിച്ചു കരച്ചിൽ നിർത്തി മൂത്ത കുഞ്ഞിന്റെ അടുത്തു കളിക്കാൻ ഇരുത്തിയ ശേഷം നിങ്ങൾ ബാക്കി പണിക്കു പോകണം അപ്പൊ മൂത്തത് ഇളയതിനെ കടിക്കും മറ്റേത് തിരിച്ചു മാന്തും ആകെ ബഹളമയം അത് മാത്രമോ ഈ പിള്ളേര് രണ്ടും കൂടി ഹാളിൽ വെച്ചിരിക്കുന്ന സകല സാധനവും എന്തിനേറെ അവരുടെ ടോയ്‌സ് അടക്കം എടുത്തു വലിച്ചു വാരി നിലത്തിടും (ഈ വലിച്ചു വാരിയിടൽ പ്രക്രിയ രാവിലെ മുതൽ വൈകിട്ട് വരെ തുടരും.നോട്ട് ദി പോയിന്റ് ) അന്നേരം നിങ്ങൾ കരയുന്ന പിള്ളേരെ അവിടിരുത്തി ബാക്കി പണി ചെയ്യാൻ പോയാൽ വിവരമറിയും.

പിള്ളേരെ സമാധാനിപ്പിച്ചിരുത്തുന്നതിനിടയിൽ നിങ്ങൾക്ക് അപ്പിയിടാൻ മുട്ടണം. ടോയ്‌ലെറ്റിൽ പോയാൽ മക്കൾ ബഹളം വെക്കും പരസ്പരം അടി കൂടും,ഇളയ കുഞ്ഞ് എവിടേലും പിടച്ചു കയറി താഴെ വീഴും അത് കാരണം നിങ്ങൾക്ക് ടോയ്‌ലെറ്റിൽ പോകാനും വയ്യ പോകാതിരിക്കാനും വയ്യാത്ത അവസ്ഥ വരും. ആഹാ പരമ സുഖം അന്നേരം നിങ്ങൾ നിൽക്കുന്ന അവസ്ഥയെ പറയുന്ന പേരാണ് "ത്രിശങ്കു സ്വർഗം"

ഒടുക്കം സഹിക്കാൻ പറ്റാതെ നിങ്ങൾ ടോയ്‌ലെറ്റിലേക്കു ഒരോട്ടമുണ്ട്.വാതിൽ അടക്കാൻ മക്കൾ സമ്മതിക്കില്ല, വാതിൽക്കൽ കാവലായി നിങ്ങൾ അപ്പിയിടുന്നതും നോക്കി നിങ്ങളുടെ മക്കൾ നിൽക്കും ഇടയ്ക്കവർ അകത്തേക്ക് ഓടി വരും ബക്കറ്റിൽ പിടിച്ചു വലിക്കും പൈപ്പ് ഓണാക്കും അന്നേരത്തെ നിങ്ങടെയാ ബുദ്ധിമുട്ട് ഞാൻ പറഞ്ഞു തരേണ്ടല്ലോ അല്ലെ?അതങ്ങനെ കഴിഞ്ഞു..

ഒടുക്കം കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പിള്ളേരെയും വെച്ചൊരു പ്രകാരത്തിൽ എന്തേലും പേരിനു വെച്ചുണ്ടാക്കിയ ശേഷം ഉച്ചക്കത് രണ്ടു മക്കൾക്കും കൊടുത്ത ശേഷം ക്ഷീണിച്ചവശനായി നിങ്ങൾ എന്തേലും തിന്നാനായി മേശപ്പുറത്തു വന്നിരിക്കുo മുൻപിൽ പ്ലേറ്റിൽ ഇരിക്കുന്ന ചോറ് കുഴച്ചു വായിലേക്ക് വയ്ക്കുന്ന ആ കൃത്യ സമയം ഇളയ കൊച്ചപ്പിയിടും

"ആഹാ സ്വർഗം വീണ്ടും "

അന്നേരം നിങ്ങൾക്ക് അപ്പി വാരി കളിക്കുന്ന കൊച്ചിനെയുമെടുത്തോണ്ട് പോകാതെ നിവർത്തിയില്ല ഒടുക്കം അതിനെയുമെടുത്തു കഴുകിച്ചു വന്ന ശേഷം കുഴച്ചു വെച്ച ബാക്കി ചോറെടുത്തു വായിലേക്ക് വക്കുന്ന നിമിഷമുണ്ടല്ലോ ഉറപ്പായും നിങ്ങൾ നിങ്ങടെ ഭാര്യയെ സ്മരിക്കും. ഭക്ഷണത്തിൽ ഒരു മുടി കണ്ടാൽ ഭാര്യയെ ചീത്ത വിളിക്കുന്ന നിങ്ങളാ ചോറ് തിന്നാൽ പറയാം തിന്നുവെന്ന്.

തീർന്നിട്ടില്ല പോകല്ലേ ഇനിയും ഉണ്ട്. വീട്ടിലിരുന്നു കളിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞുങ്ങൾ മാറി മാറി പല തവണ മുള്ളും. അതിനിപ്പോ അവർക്കു പ്രത്യേക സ്ഥലമൊന്നുമില്ല അത് കിടക്കയിലാവാം നിലത്താവാം,സോഫയിലാവാം അങ്ങനെ അങ്ങനെ, അങ്ങനെ....common everybody.

സ്വയം ഒന്ന് കുളിക്കാൻ പോലും പറ്റാതെ കൊച്ചിന്റെ മൂത്രത്തുണി,കിടക്ക വിരി, സോഫ കവർ ഇതൊക്കെ നിങ്ങൾ അലക്കിയിടണം ഇല്ലെങ്കിൽ അതിരുന്നു നാറും അങ്ങനെ ഒക്കെ അലക്കിപ്പെറുക്കി വൈകുന്നേരം ആകുമ്പഴേക്കും നിങ്ങൾ ജീവനോടെയുണ്ടെങ്കിൽ അയൽക്കാരോട് പോയി വല്ലതും സൊറ പറഞ്ഞിരിക്കാട്ടൊ.അതേയ് പിള്ളേര് നിലത്തു നിങ്ങടെ ചന്തിയൊന്നുറപ്പിക്കാൻ അവസരം തന്നാൽ ദൈവത്തോട് നന്ദി പറയാം.

അങ്ങനെ നിങ്ങൾ കഷ്ടപ്പെട്ട് പിള്ളേരെയും നോക്കി വെച്ചുണ്ടാക്കി വെച്ചത് രാത്രി പരിപാടി കഴിഞ്ഞു വരുന്ന നിങ്ങടെ ഭാര്യ എടുത്തു കഴിച്ച ശേഷം അയ്യേ! എന്താ ഈ ഉണ്ടാക്കി വെച്ചിരിക്കുന്നത് യാതൊരു സ്വാദുമില്ല. നിങ്ങൾക്കെന്തായിരുന്നു ഇവിടെ മല മറിക്കുന്ന പണി, ഈ പിള്ളേരെ നോക്കി വെറുതെ ഫോണും തോണ്ടി ഇരിക്കുവായിരുന്നല്ലേ? എന്നവൾ പുച്ഛത്തോടെ ചോദിക്കുമ്പോൾ നിങ്ങടെ മനസ്സിൽ തോന്നുന്ന ഒരു വികാരം ഉണ്ട്.. അത് ഞാൻ പറയാതെ ഊഹിക്കാമല്ലോ അല്ലെ?

പിള്ളേരെ നോക്കുന്നത് അത്ര ഈസിയൊന്നുമല്ല ചേട്ടമ്മാരെ കണ്ണിൽ എണ്ണയൊഴിച്ചു തിരിയിട്ട് കത്തിച്ചാണ് ഓരോ അമ്മയും മക്കൾക്ക് കാവൽ ഇരിക്കുന്നത്,മക്കൾ തനിയെ വലുതാവില്ല..

കുറ്റം പറഞ്ഞു രസിക്കുന്ന ചേട്ടന്മാർക്ക് ജോലിയെടുത്തു വയ്യാതായാൽ ഒരു ദിവസം ലീവെടുക്കാം. ലീവെടുത്തു വീട്ടിലിരിക്കുന്ന ദിവസം ഭാര്യയെല്ലാം മുൻപിൽ എത്തിക്കും.. "വീട്ടുപണി എടുക്കുന്ന സ്ത്രീക്കെവിടെ ആണ് ലീവ്".. രാവിലേ മുതൽ രാത്രി കിടക്കുന്നത് വരെയവർക്ക് കൊലപ്പണിയാണ്.കൊച്ചു മക്കൾ ഉള്ള അമ്മമാർ ഒന്നിരുന്നാൽ പറയാം ഇരുന്നുവെന്നു.

രാത്രി ആകുമ്പോൾ രാവിലത്തേക്കുള്ള ദോശമാവ് വരെ അരച്ചു വെച്ച ശേഷം എങ്ങനെയെങ്കിലും ഒന്ന് കിടന്നാൽ മതിയെന്ന് കരുതി അകത്തേക്ക് വരുമ്പോൾ ചില ആണുങ്ങടെ വക ഒരു പരാക്രo കൂടി ഉണ്ട് അതും കഴിഞ്ഞു പാൽ കുടിക്കാൻ ഇടയ്ക്കിടക്കു എണീക്കുന്ന കൊച്ചു കുഞ്ഞുണ്ടെങ്കിൽ പറയേം വേണ്ട.. പാൽ കുടിക്കാൻ എണീക്കുന്ന കുഞ്ഞ് അത്ര പെട്ടന്നൊന്നും പിന്നെ ഉറങ്ങില്ല ഒരുപാടു സമയം എടുത്തതിനെ എങ്ങനെയെങ്കിലും ഒന്നുറക്കിയ ശേഷം തളർന്നു കിടന്നുറങ്ങുന്ന ഒരുപാടു സ്ത്രീകൾ ഇപ്പഴും ഉണ്ട്. കൊച്ചിന് രാത്രി പനി വന്നാലോ ചുമ വന്നാലോ എന്തസുഖം വന്നാലോ അമ്മമാർ ആണ് എണീറ്റിരിക്കുന്നത് മിക്ക അച്ഛന്മാരും തിരിഞ്ഞു കിടന്നുറങ്ങാറാണ് പതിവ് ഇല്ലെന്നു പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല ട്ടൊ..(സഹായിക്കുന്ന ആണുങ്ങളും ഉണ്ട് ഇല്ല എന്ന് ഞാൻ പറയില്ല)

വീട്ടിലിരിക്കുന്ന സ്ത്രീകൾക്ക് ഇത്രേം ബുദ്ധിമുട്ടെങ്കിൽ പുറത്ത് ജോലിക്ക് പോകുന്ന സ്ത്രീകൾ എന്തൊക്കെ അനുഭവിക്കണം.രാവിലെ വീട്ടിലുള്ള പണി മുഴുവൻ ചെയ്ത ശേഷം ജോലിക്ക് പോകണം എന്നിട്ട് ജോലി കഴിഞ്ഞു തിരിച്ചു വീട്ടിലേക്കു ബസിൽ പോരുന്ന വഴി കണ്ടവന്മാരുടെ തോണ്ടൽ,പിടിക്കൽ, ഇക്കിളിയിടൽ, കയ്യിൽ പിടിച്ചു ഞെക്കൽ ഒക്കെ സഹിക്കണം. അങ്ങനെ ഒരു പ്രകാരത്തിൽ വീട്ടിൽ വന്നാൽ വൈകിട്ട് കിടക്കുന്നത് വരെ ദേ പിന്നെയും പണി.

സ്ത്രീകളെ കുറ്റം പറയാൻ നാവു പൊക്കുന്ന,വീട്ടിൽ ഭക്ഷണം കഴിക്കുമ്പോൾ സ്വന്തം പാത്രം പോലും കഴുകാതെ തിന്നിട്ടു എണീറ്റു പോകുന്ന ചേട്ടന്മാർ ഉണ്ടെങ്കിൽ ഇനിയെന്നാണ് നിങ്ങൾക്ക് ബോധം വെക്കുക. കുറ്റം പറയാൻ ആർക്കും പറ്റും അംഗീകരിക്കാൻ ആണ് പ്രയാസo.അതുകൊണ്ട് മേലിൽ ഇമ്മാതിരി ഊള വർത്താനം ആയി വന്നേക്കരുത്.."വീട്ടിലെ അമ്മയെ കണ്ടു വളരുന്ന മനസാക്ഷി ഉള്ള മക്കൾ ഇതുപോലൊന്നുo പറയില്ല".

സ്ത്രീകളുടെ മഹത്വം ആരുടെ മുന്നിലും വിളമ്പണ്ട ചേട്ടന്മാരെ പക്ഷെ അവരുടെ കഷ്ടപ്പാടിനെ വില കുറച്ചു കാണരുത്.പകലന്തിയോളം ഒരിക്കലും കിട്ടാത്ത റെസ്റ്റിനെ പറ്റി ആലോചിക്കാതെ കുടുംബത്തിന് വേണ്ടി ശമ്പളം പോലുമില്ലാതെ പണിയെടുക്കുന്ന വീട്ടമ്മമാർ ഭർത്താവിന്റെ കാശുകൊണ്ട് അടിച്ചുപൊളിച്ചു വെറുതെ തിന്നിരിക്കുന്നു എന്ന് പറയുന്നത് കേൾക്കുമ്പോൾ നല്ലോണം ദണ്ണം തോന്നും.

NB:സ്ത്രീകൾ ചത്തു കിടന്നു പണിതാലും വീട്ടിൽ ഒരു പണിയുമില്ലാതെ വെറുതെയിരിക്കുന്നു എന്ന് പറയുന്ന ആളുകളോട് ഞാൻ ചോദിക്കുന്നു "എന്നവസാനിപ്പിക്കും നിങ്ങടെയീ കുറ്റം പറച്ചിൽ"??

അച്ചു വിപിൻ