Wednesday 22 January 2020 03:38 PM IST : By സ്വന്തം ലേഖകൻ

‘എനിക്ക് കിട്ടിയില്ലെങ്കില്‍ മറ്റാർക്കും നിന്നെ കിട്ടേണ്ട! പിന്നീട് ഒരു അലര്‍ച്ച മാത്രമായിരുന്നു എന്റെ ഓര്‍മ്മ!’; നീറിപ്പുകയുന്ന അനുഭവം പങ്കിട്ട് യുവതി!

acid-att0098

വ്യക്തികൾ അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും മാത്രമല്ല, മറ്റുള്ളവർക്ക് പ്രചോദനം പകരുന്ന ജീവിതകഥകളും ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക് പേജിൽ വിഷയമാവാറുണ്ട്. ഇപ്പോഴിതാ സഹോദരീ ഭര്‍ത്താവില്‍ നിന്നും ആസിഡ് ആക്രമണത്തെ നേരിട്ട ഒരു പെണ്‍കുട്ടിയുടെ തുറന്നെഴുത്താണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  

യുവതിയുടെ കുറിപ്പ് വായിക്കാം; 

“എന്റെ കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. അതുകൊണ്ട് സഹോദരന്മാരെ മാത്രമേ സ്കൂളിലേക്ക് അയക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്റെ സഹോദരൻ പഠിച്ചു കഴിഞ്ഞശേഷം ആ പുസ്തകങ്ങളോടൊപ്പം ഞാൻ ഇരിക്കുന്നത് ഇപ്പോഴും ഓർത്തുപോകുകയാണ്. എന്റെ അച്ഛൻ മരിച്ചപ്പോൾ സഹോദരൻ കുടുംബത്തിന്റെ തലവനായി ചുമതലയേറ്റു. എനിക്കും അദ്ദേഹത്തെ സഹായിക്കേണ്ടിവന്നു. ഞാനൊരു വീട്ടുജോലിക്കാരിയായി പോയിത്തുടങ്ങി. ഒപ്പം ഞാന്‍ തയ്യല്‍ പഠിക്കണമന്ന നിബന്ധനയും അവര്‍ വച്ചു. നമുക്കു വേണ്ടി സ്വയം എന്തെങ്കിലും ചെയ്യണമെങ്കില്‍ മറ്റ് കഴിവുകള്‍ കൂടി വളര്‍ത്തണമെന്ന് അവരെന്നോട് പറഞ്ഞു. എനിക്ക് അതിലൂടെ നല്ല വരുമാനം കിട്ടിത്തുടങ്ങി. ഒപ്പം ഡിസൈനറാകണമെന്നുള്ള സ്വപ്നവും വളര്‍ന്നു.

2002 ൽ, എന്റെ സഹോദരിയ്ക്ക് ഗർഭാവസ്ഥയിൽ കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു. ഞാനും അമ്മയും അവളെ കാണാൻ പോയി. അവിടെ വച്ച് ഞാനെന്റെ സഹോദരിയുടെ ഭർത്താവിന്റെ സഹോദരനെ കണ്ടു. ഞങ്ങൾക്ക് പരസ്പരം നന്നായി അറിയില്ലായിരുന്നു, എന്നിട്ടും അദ്ദേഹം എന്നോട് വിവാഹാഭ്യർത്ഥന നടത്തി. എനിക്കന്ന് 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിവാഹം കഴിക്കാൻ തയ്യാറല്ല എന്ന് അറിയിച്ചു. ആ വ്യക്തി വിചിത്രനായിരുന്നു. അയാള്‍ ഞാനുമായുള്ള വിവാഹത്തിന് നിര്‍ബന്ധം പിടിച്ചു. അമ്മ ആ ആവശ്യം നിരസിച്ചു, ഞാനും.

ഒരു ദിവസം അയാള്‍ എന്റെ വീട്ടില്‍ വന്നു. എന്തോ ഒന്ന് എന്റെ ശരീരത്തിലേയ്ക്ക് ഒഴിച്ചുകൊണ്ട് അലറി. ‘എനിക്ക് കിട്ടിയില്ലെങ്കില്‍ വേറെയാര്‍ക്കും നിന്നെ കിട്ടേണ്ട’ എന്ന്. ചൂടുവെള്ളമാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷേ, ഒരു അലര്‍ച്ച മാത്രമായിരുന്നു എന്റെ ഓര്‍മ്മ. ആളുകള്‍ ഓടിക്കൂടുകയും ശരീരത്തില്‍ വെള്ളം ഒഴിക്കുകയും ഒക്കെ ചെയ്തിരുന്നു. ഞാൻ വേദന കൊണ്ട് പുളയുകയായിരുന്നു. എത്ര വെള്ളമൊഴിച്ചിട്ടും നീറ്റൽ കുറഞ്ഞില്ല. അപ്പോഴേക്കും എന്റെ ബോധം നഷ്ടപ്പെട്ടിരുന്നു.

പൊലീസ് കേസ് ഭയന്ന് എന്നെ ആരും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായില്ല. ഒടുവിൽ അമ്മയെത്തി എന്നെ ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിച്ചു. ഞങ്ങള്‍ എത്തിയപ്പോള്‍ രാത്രിയായിരുന്നു. അതുകൊണ്ട് ഡോക്ടറെ കാണണമെങ്കില്‍ അടുത്ത ദിവസം രാവിലെ വരെ കാത്തിരിക്കണമെന്നായി. എന്റെ കരച്ചില്‍ മറ്റ് രോഗികള്‍ക്ക് ശല്യമാകുമെന്ന് പറഞ്ഞ് അവരെന്നെ ഐസൊലേഷന്‍ വാര്‍ഡില്‍ കിടത്തി. പിന്നീടുള്ള മൂന്ന് വര്‍ഷങ്ങള്‍ വേദനയുടേതായിരുന്നു. സര്‍ജറികള്‍, പലതരം ചികിത്സകള്‍. ചുറ്റുമുള്ളവരെല്ലാം എന്നെ ചികിത്സിക്കുന്നത് നഷ്ടമാണെന്ന് വീട്ടുകാരോട് പറഞ്ഞുതുടങ്ങി. കുടുംബത്തിന്റെ മാനം കളഞ്ഞവള്‍ എന്നായിരുന്നു അവര്‍ കരുതിയത്. പക്ഷേ, എന്റെ സഹോദരനും അമ്മയും എനിക്കൊപ്പം നിന്നു.

എനിക്ക് എന്റെ ജീവിതം തിരിച്ചു വേണമായിരുന്നു. സാധാരണ ആളുകളെപ്പോലെ ജീവിക്കണമായിരുന്നു. വിവാഹവും കുടുംബവും സ്വപ്നം കണ്ടു. പക്ഷേ, ആരുമന്നെ സ്വീകരിക്കാന്‍ തയ്യാറായില്ല. 2010 ലാണ് ഞാനയാളെ കണ്ടുമുട്ടിയത്. ഞങ്ങള്‍ വിവാഹിതരായി. ഒരു മകന്‍ പിറന്നു. പക്ഷെ, അയാളുടെ സ്വഭാവം മനസ്സിലാക്കാന്‍ ഞാന്‍ വൈകിപ്പോയിരുന്നു. എന്റെ സഹോദരന് അയാളെകൂടി തീറ്റിപോറ്റേണ്ട അവസ്ഥയായി. ഒടുവിൽ ഞങ്ങള്‍ പിരിഞ്ഞു. ആ വിവാഹത്തില്‍ നിന്ന് എനിക്ക് ലഭിച്ച നിധിയാണ് എന്റെ മകന്‍, എന്റെ അഭിമാനവും സന്തോഷവും!

ജോലി കണ്ടെത്തുന്നത് അസാധ്യമാണെന്ന് തോന്നിയെങ്കിലും, 2014 ല്‍ പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ് എന്റെ ജീവിതത്തില്‍ വെളിച്ചം പകര്‍ന്നത്. ആസിഡ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരെ നിയമിക്കുന്ന ഒരു റസ്റ്റോറന്റിനെക്കുറിച്ച് ഒരു ലേഖനം കണ്ടെത്തി. ഷീറോസ് എന്ന സംഘടനയിലൂടെ ഞാനെന്റെ കഥ ആദ്യമായി ലോകത്തോട് പറഞ്ഞു. മുൻപ് പുറത്തിറങ്ങാന്‍ ഞാന്‍ ഭയന്നിരുന്നു. എന്റെ മുഖവും ശരീരം മുഴുവനും മൂടിയാണ് പുറത്തിറങ്ങിയിരുന്നത്. ഇപ്പോള്‍ ഞാന്‍ സ്വയംപര്യാപ്തയാണ്. മകന് വേണ്ടതെല്ലാം ഞാന്‍ ചെയ്ത് കൊടുക്കുന്നു. അവനു വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. അവന്റെ കൂട്ടുകാര്‍ എന്നെ കളിയാക്കുമ്പോള്‍ അവനവരെ തിരുത്താറുണ്ട്. ഞാന്‍ എങ്ങനെയാണ് ജീവിതത്തെ നേരിട്ടതെന്ന് പറഞ്ഞ് കൊടുക്കാറുണ്ട്. ഞാൻ കണ്ണാടിയിൽ നോക്കുമ്പോഴെല്ലാം, അതാണ് കാണുന്നത് - ഒരു അമ്മ, അതിജീവിച്ചയാൾ, ഒരു യോദ്ധാവ്... ഇരയല്ലാതെ അങ്ങനെയെല്ലാം.”

Tags:
  • Spotlight
  • Inspirational Story