Saturday 25 July 2020 02:58 PM IST

‘ആ നിമിഷം നിഴലു പോലെ മരണം അരികിലുണ്ടാകും, പിന്നെയവർ വിഷാദം പൂക്കുന്ന നദിയായ് ഒഴുകിപ്പോകും’; വിഷാദത്തെ എങ്ങനെ തുടക്കത്തിലേ തിരിച്ചറിയാം?

Tency Jacob

Sub Editor

dep88999sing

സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യ വാർത്ത കേട്ട് പലരും ചിന്തിച്ചു. ‘എല്ലാമുണ്ട്, എന്നിട്ടും എന്തിനായിരുന്നു?’ ഒറ്റ ഉത്തരമേയുള്ളൂ, കഠിനമായ വിഷാദരോഗം. 2020 ലെ പ്രധാന ആരോഗ്യഭീഷണിയെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തുന്ന വിഷാദത്തെ എങ്ങനെ തുടക്കത്തിലേ തിരിച്ചറിയാം?

‘നിങ്ങൾക്കപ്പോൾ മരിക്കണമെന്നു തോന്നിയില്ലേ?’’ മകൻ അച്ഛനോടു ചോദിച്ചു.

‘ഒരിക്കലുമില്ല, ശരിക്കും ആ തോൽവി ഒരു വിജയമായിരുന്നു.’

സുശാന്ത് സിങ് രാജ്പുത് എന്ന ബോളിവുഡ് നടന്റെ ഒടുവിലിറങ്ങിയ സിനിമ ‘ചിച്ചോരെ’യിലെ ഒരു രംഗമാണ്. പരീക്ഷയിൽ പരാജയപ്പെട്ടതിനു ആത്മഹത്യയ്ക്കു ശ്രമിച്ചു ഗുരുതരനിലയിലായ മകൻ. അവനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ അച്ഛനും അമ്മയും സുഹൃത്തുക്കളും ചേർന്നു കോളജ് കാലഘട്ടത്തിലെ ജീവിതത്തോളം തന്നെ വാശിയേറിയ ഒരു മത്സരത്തിന്റെ കഥ പറയുകയായിരുന്നു.

കഠിനമായി പരിശ്രമിക്കുകയും തീവ്രമായി ആഗ്രഹിക്കുകയും ചെയ്തിട്ടും പരാജയം രുചിച്ചെങ്കിലും  നിരാശപ്പെടാതെ ജീവിതത്തിലേക്കു നടന്നു കയറിയ  നായകനായിരുന്നു സിനിമയിലെ സുശാന്ത്. അയാളാണ് സ്വന്തം ജീവിതത്തിൽ മരണമെന്ന വഴി തിരഞ്ഞെടുത്തത്. ഇൻസ്റ്റഗ്രാമിൽ 11.1 ദശലക്ഷവും ട്വിറ്ററിൽ 1.9 ദശലക്ഷവും ആളുകൾ ഫോളോ ചെയ്യുന്ന സുശാന്ത് യഥാർഥത്തിൽ തനിച്ചായിരുന്നു. സുശാന്ത് ഡിപ്രഷനു മരുന്നു കഴിച്ചിരുന്നുവെന്നു വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോൾ വിഷാദരോഗവും അതിനെതുടർന്നുള്ള ആത്മഹത്യയും വീണ്ടും ചർച്ചയാകുന്നു.

ലോകാരോഗ്യ സംഘടന 2020 വർഷത്തോടെ ഏറ്റവും പ്രധാന ആരോഗ്യഭീഷണിയായി കണക്കാക്കുന്നത് വിഷാദരോഗമാണ്. ആത്മഹത്യയുടെ ഏറ്റവും ഫലപ്രദമായി തടയാൻ പറ്റുന്ന സർവ്വസാധാരണമായ കാരണമാണ് വിഷാദം. വിഷാദരോഗങ്ങൾ തിരിച്ചറിഞ്ഞ് കൃത്യമായി ചികിത്സിച്ച് ഭേദമാക്കിയാൽ ആത്മഹത്യകൾ തടയാം.

വിഷാദത്തിന്റെ ലക്ഷണങ്ങൾ

വെയിൽ വീണു പ്രകാശിക്കുന്നിടത്തു നിഴൽ വന്നു മൂടുന്ന പോലെയാണത്. ഒരു കാരണവുമില്ലാതെ അല്ലെങ്കിൽ ചെറുകാരണങ്ങൾ കൊണ്ടു, എല്ലാവരിൽ നിന്ന് ഒറ്റപ്പെട്ട്, അവർ വിഷാദം പൂക്കുന്ന നദികളാകും. ആരും കൈപിടിക്കാനില്ലെങ്കിൽ മെല്ലെ മരണത്തിലേക്ക് ഒഴുകി പോകും. സാധാരണരീതിയിൽ മൂഡ് സ്വിങ്ങും  ഉത്കണ്ഠയുമെല്ലാം എല്ലാവർക്കുണ്ടാകും. എന്നാൽ പ്രതീക്ഷകളില്ലാതെ (Hopeless), ആരും എന്നെ മനസ്സിലാക്കാനില്ല (Helpless), എന്നെക്കൊണ്ട് ഈ ലോകത്തിനു ഒരു ഗുണവുമില്ല  (Worthless) എന്നീ ചിന്തകളോടെയുള്ള സങ്കടം രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ അയാൾ വിഷാദരോഗത്തിന് അടിമയാണ് എന്നു കരുതാം. വായന, സിനിമ കാണൽ, വ്യായാമം, കൂട്ടുകാരോട് സംസാരിച്ചിരിക്കൽ ഇങ്ങനെ ഇഷ്ടമുണ്ടായിരുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഈ സമയങ്ങളിൽ മുഖം തിരിക്കും. പുറംലോകത്തിൽ നിന്നു ഉൾവലിഞ്ഞ് ഒരു തോടിനുള്ളിലേക്കൊതുങ്ങും.

വിഷാദരോഗത്തിനു ജൈവികമായ ഒരു പ്രകൃതമുണ്ട്. നമ്മളറിയാതെ തന്നെ മെല്ലെപ്പോക്കുകാരാക്കും. ക്ഷീണവും എപ്പോഴും കിടക്കണം എന്ന ചിന്തയും വിഷാദരോഗികൾക്കുണ്ടാകും. മുറിയിൽ പ്രകാശം കടന്നുവരാൻ അനുവദിക്കാതെ, ശബ്ദങ്ങളൊന്നുമുണ്ടാക്കാതെ ഒരേ കിടപ്പാണ്. കൂടുതലുറങ്ങുകയും തീരെ ഉറങ്ങാതിരിക്കുകയും ചെയ്യാം. ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടാത്തവരും  നന്നായി ഭക്ഷണം കഴിക്കുന്നവരുമുണ്ട്. അതുമൂലം ശരീരഭാരം വളരെ കുറയുകയോ കൂടുകയോ ചെയ്യാം. ശരീരത്തിൽ വേദന അനുഭവപ്പെടുന്നു എന്നെപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. ചിലർ ലൈംഗികതയോടു മുഖം തിരിച്ചുകളയും.

ഓർമ കുറയുന്നതുപോലെ കാണപ്പെടുന്നതിനൊപ്പം അത്യാവശ്യകാര്യങ്ങളിൽ പോലും ശ്രദ്ധ നിലനിറുത്താൻ സാധിക്കുകയുമില്ല. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിന്നിരുന്ന ഒരാളായിരുന്നെങ്കിലും,ചെയ്യുന്നത് ശരിയാകുമോ അല്ലെങ്കിൽ വിജയിക്കുമോ എന്നൊരു സംശയം പിടികൂടും.

കുട്ടികളാണ് വിഷാദരോഗിയെങ്കിൽ സ്കൂളിൽ പോകാനും പഠിക്കാനും മടി കാണിക്കും. അകാരണമായ ദേഷ്യവും ഭയവും അസ്വസ്ഥതയുണ്ടാക്കുന്ന പെരുമാറ്റവും അവർ പ്രകടിപ്പിക്കും. ജോലി ചെയ്യുന്നവരാണെങ്കിൽ ഓഫിസിൽ പോകുക എന്നത് അവർക്ക് വളരെയധികം മടുപ്പുണ്ടാക്കുന്ന കാര്യമാണ്. മരിക്കാനുള്ള പലവിധ വഴികൾ തേടിക്കൊണ്ടേയിരിക്കും.

ജീവിത പങ്കാളി നഷ്ടപ്പെട്ട വാർധക്യത്തിലെ ഒറ്റപ്പെടലും വിഷാദത്തിലേക്കു നയിക്കാം. ദീർഘനേരം ചിന്തയിൽ മുഴുകി ഇരിക്കുക, ‘എന്റെ ജീവിതം ഇങ്ങനെയായി പോയല്ലോ’ എന്നു എപ്പോഴും പരിതപിച്ചു കൊണ്ടിരിക്കുക,  രോഗങ്ങൾക്ക് ചികിത്സ എടുക്കാതിരിക്കുക, വീടിനുള്ളിൽ തന്നെ ഒതുങ്ങിക്കൂടുക, ഇഷ്ടമുള്ളവരെ കാണുമ്പോഴും വിഷാദഭാവത്തിൽ തന്നെയായിരിക്കുക ഇതെല്ലാം ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഡിപ്രഷനു പറയുന്ന എല്ലാ ലക്ഷണങ്ങളും ഒരാൾക്കുണ്ടാകണമെന്നില്ല. ഇതിലേതെങ്കിലും അഞ്ചു ലക്ഷണങ്ങൾ രണ്ടാഴ്ചയിലധികം നീണ്ടു നിൽക്കുന്നുണ്ടെങ്കിൽ ആ വ്യക്തിക്ക് വിഷാദരോഗമുണ്ടെന്നു സംശയിക്കാം.

പുരുഷനിലും സ്ത്രീകളിലും വിഷാദലക്ഷണങ്ങൾക്ക് വ്യത്യസ്തതയുണ്ട്. സ്ത്രീകളിലാണ് ഡിപ്രഷൻ വരാനുള്ള സാധ്യത കൂടുതൽ. ജീവിതത്തിലെ മൂന്നു ഘട്ടങ്ങളിൽ അവർ വിഷാദാവസ്ഥയിലേക്ക് പെട്ടെന്നു വഴുതി വീഴും. ഓരോ മാസവും ആർത്തവം വരുന്നതിനു മുമ്പുള്ള ഒരാഴ്ച ഹോർമോൺ വ്യതിയാനം കൊണ്ട് വിഷാദം വരാം. പ്രസവശേഷം വരുന്ന പോസ്റ്റ്പാർട്ടം ഡിപ്രഷനും ആർത്തവവിരാമ സമയങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

deprre44556fgfyhf

വിഷാദം ഉണ്ടാകുന്നത്

വിഷാദരോഗത്തിനു കൃത്യമായ കാരണം പറയാൻ സാധിക്കില്ല. ജീവശാസ്ത്രപരമായ കാരണങ്ങൾ കൊണ്ട് വിഷാദരോഗികളാകുന്നവരുണ്ട്. പാരമ്പര്യമായി കൈമാറി കിട്ടിയവരുണ്ട്. തൈറോയ്ഡ് പോലെ ഹോർമോൺ വ്യതിയാനം ഉണ്ടാക്കുന്ന അസുഖങ്ങളും ജീവിതത്തിൽ നിരന്തരമായുണ്ടാകുന്ന സമ്മർദ സാഹചര്യങ്ങളും വിഷാദരോഗത്തിനു കാരണമാകാം. മക്കൾക്ക് എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്ന അല്ലെങ്കിൽ ‘മക്കൾ െചയ്താൽ ശരിയാകില്ല’ എന്നു ചിന്തിക്കുന്ന, ‘ഹെലികോപ്റ്റർ പാരന്റിങ്ങിൽ’ വളരുന്ന മക്കൾ പിന്നീട് ത നിയെ കാര്യങ്ങൾ ചെയ്യേണ്ടി വരുമ്പോൾ വിഷാദത്തിലേക്ക് പോകാം. മദ്യപാനം കൂടിയാലും ഡിപ്രഷൻ വരാം.

എല്ലാവരും എന്നെ സ്നേഹിക്കണം, ഇഷ്ടപ്പെടണം എന്ന ചിന്തയിൽ നിന്നാണ് ഒരു വ്യക്തിയിൽ വിഷാദം ഉടലെടുക്കുന്നത്. ചെറുതായി തോൽവിയുടെ രുചിയറിയുമ്പോഴേക്കും ‘ഞാൻ പരാജയത്തിന്റെ ആകെത്തുകയാണ്’ എന്നു ഇവർ വിധിയെഴുതി കഴിഞ്ഞിരിക്കും. വിജയിച്ചാൽ നല്ലത് എന്നു നിർമമതയോടെ സാധാരണ വ്യക്തികളെപ്പോലെ ചിന്തിക്കാൻ ഇവർക്കു കഴിയില്ല. പലരുടെയും നെഗറ്റിവ് ചിന്തകളെ പിന്തുടർന്നു പോകുമ്പോഴാണ് മുൻപ് എപ്പോഴോ അവരിൽ സംഭവിച്ച ആഘാതങ്ങൾ ഡോക്ടർമാർക്ക് തിരിച്ചറിയാൻ കഴിയുക.

സാമ്പത്തിക ബുദ്ധിമുട്ടുകൾ, ജോലിയിലുള്ള പ്രശ്നങ്ങൾ,കുറ്റപ്പെടുത്തലുകൾ, കളിയാക്കലുകൾ, പ്രണയഭംഗങ്ങൾ, പെ ട്ടെന്നുണ്ടാകുന്ന അസുഖങ്ങൾ, ഉറ്റവരുടെ വേർപാട്  ഇതെല്ലാം വിഷാദത്തിലേക്കു നയിക്കുന്ന കാരണങ്ങളാണ്. വിഷാദത്തിന് അടിമപ്പെടുന്നവരുടെ പ്രശ്നങ്ങളും സങ്കടങ്ങളും സാധാരണയിൽ നിന്നു വിട്ടു തീവ്രമായിരിക്കും. ഒരു ബലൂൺ വീർപ്പിക്കുന്ന പോലെ അവരതിനെയെല്ലാം ഊതി പെരുപ്പിക്കും. വിജയങ്ങളെല്ലാം ‘ഭാഗ്യം കൊണ്ടു കിട്ടിയതാണെന്ന’ അഭിപ്രായത്തിൽ ചെറുതാക്കി കാണിക്കും. ഉറുമ്പുകൾ വരിവരിയായി നിരയൊപ്പിച്ചു വരുന്നതു പോലെ അവരിലേക്ക് നെഗറ്റീവ് ചിന്തകൾ വന്നുകൊണ്ടേയിരിക്കും.

ചിലരുണ്ട്, ലോകത്തെ നോക്കി ചിരിക്കുന്നുണ്ടായിരിക്കും. പക്ഷേ, കണ്ണുകളിൽ വേദന ഓളം വെട്ടി കിടക്കും. ‘ഇവരെന്തിന് ആത്മഹത്യ ചെയ്തതെന്നു’ മറ്റുള്ളവർ അമ്പരക്കും. പണം, പ്രശസ്തി, വിദ്യാഭ്യാസം എല്ലാമുണ്ടായിരുന്നല്ലോ, ഇവർക്കെന്തായിരുന്നു കുറവ് എന്നു ചോദ്യങ്ങളുയരും. അവർ വിഷാദ രോഗികളാണ് എന്നതു മാത്രമാണ് അതിനുള്ള ഉത്തരം.

‘എനിക്കൊന്നും നേരിടാനുള്ള കഴിവില്ല’, ‘മരിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരും’ എന്ന ചിന്തയിൽ നിന്നാണ് ആത്മഹത്യയിലേക്ക് അവർ എത്തുന്നത്. ആ സമയത്ത് ഒരാൾ കേൾക്കാൻ ഉണ്ടായാൽ മതി അതിൽനിന്നു പിന്തിരിപ്പിച്ചു ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി ചികിത്സിച്ചു വിഷാദരോഗം മാറ്റിയെടുക്കാൻ കഴിയും.

ചികിത്സാമാർഗങ്ങൾ

‘‘എന്റെ പണി പാളിയിരിക്കാണ്. ശരിക്ക് കൈയീന്നു പോയിട്ടുണ്ട്. നീ എന്നെ ഒന്നു ഹോസ്പിറ്റലിൽ കൊണ്ടു പോവോ.’

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ സൗബിൻ അവതരിപ്പിച്ച സജി എന്ന കഥാപാത്രം അനിയനോടു അപേക്ഷിക്കുന്നുണ്ട്.

സാധാരണ ഇത്തരം സന്ദർഭങ്ങളിൽ വീട്ടുകാരും ബന്ധുക്കളും ‘ഇതെല്ലാം തനിയെ മാറും’ എന്നു ചിന്തിക്കുന്നവരാണ്.അല്ലെങ്കിൽ ‘എല്ലാം നിന്റെ തോന്നലാണ്’ എന്നു ആശ്വസിപ്പിക്കും. ‘ അവനു വട്ടാണ്, സൈക്കോയാണ്’ എന്നെല്ലാം കുറ്റപ്പെടുത്തും. ഇങ്ങനെയെല്ലാം നിസാരവൽക്കരിക്കുന്നത് അപകടസാധ്യത കൂട്ടുകയാണ് ചെയ്യുന്നത്.

കുടുംബാംഗങ്ങളുടെ മാനസിക പിന്തുണക്കൊപ്പം ഡിപ്രഷനു കൃത്യമായ ചികിത്സ തന്നെ വേണം. കൗൺസലിങ്, സൈക്കോ തെറപി, മരുന്ന് ഇവയിലേതാണ് രോഗിക്കു വേണ്ടതെന്നു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനോ സൈക്യാട്രിസ്റ്റിനോ ആണ് നിർദേശിക്കാനാകുക. ഉപദേശിച്ചാലോ, ശിക്ഷ നൽകിയാലോ വിഷാദരോഗത്തെ പുറത്തെടുത്തു കളയാൻ പറ്റില്ല എന്നു മനസ്സിലാക്കുക തന്നെ വേണം.

വിഷാദരോഗികൾക്ക് കൊഗ്‌നിറ്റിവ് ബിഹേവിയർ തെറപ്പി (സി ബി ടി)യാണ് കൂടുതലായി ഉപയോഗിക്കുന്നത്.നമ്മുടെ ചിന്തകൾ നെഗറ്റിവാകുമ്പോൾ നമ്മുടെ വികാരങ്ങളും പെരുമാറ്റവുമെല്ലാം നെഗറ്റിവാകും.  കറുത്ത കൂളിങ് ഗ്ലാസ്സിലൂടെ നോക്കും പോലെയാണത്. സങ്കടത്തിനുള്ള കാരണങ്ങൾ കണ്ടെത്തി വിഷാദത്തിൽനിന്നു പുറത്തു കടക്കാനുള്ള വഴികൾ പറഞ്ഞു കൊടുക്കുകയാണ് സിബിടിയിൽ ചെയ്യുന്നത്.

കോവിഡ് കാലത്തെ വിഷാദം

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെടുമെന്ന പേടിയും ബിസിനസ്സിലും മറ്റും ഉണ്ടായ നഷ്ടവും കൊണ്ട് വിഷാദരോഗം കൂടിയിട്ടുണ്ട്. പ്രതീക്ഷയോടെ മുൻകൂട്ടി കരുതിയിരുന്ന കാര്യങ്ങൾ ലോക്ഡൗൺ മൂലം മാറി പോയതുകൊണ്ട് വിഷാദം വരാം.കോവിഡ് വരുമോയെന്നു ടെൻഷൻ കൂടി കൂടി ഡിപ്രഷനിലേക്ക് പോകാം. ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതു പോലെത്തന്നെ മനസ്സിന്റെ ആരോഗ്യവും ഈ കാലഘട്ടത്തിൽ ശ്രദ്ധിക്കണം.

sushantthhhg5544

വിഷാദത്തിന്റെ മൂന്നു ഘട്ടങ്ങൾ

ഡിപ്രഷൻ തന്നെ മൈൽഡ്, മോഡറേറ്റ്, സിവിയർ എന്നിങ്ങനെ മൂന്നു തരമുണ്ട്. വിഷാദരോഗത്തിന്റെ തുടക്കത്തിൽ ചെറിയ ലക്ഷണങ്ങളാണ് പ്രകടമാകുക. വ്യായാമങ്ങൾ കൊണ്ടും കൗൺസലിങ്  കൊണ്ടും  അതു  മാറ്റിയെടുക്കാൻ കഴിയും. മോഡറേറ്റ് ഡിപ്രഷൻ ഘട്ടത്തിലുള്ളവർ പെട്ടെന്നു തന്നെ ചികിത്സ തേടിയാൽ ആത്മഹത്യയിലെത്താതെ നോക്കാം. സിവിയർ ഡിപ്രഷൻ ഉള്ളവർ എല്ലാറ്റിൽ നിന്ന് ഒറ്റപ്പെട്ട് തനിച്ചായിട്ടുണ്ടാകും. അവർക്ക്  വികാരങ്ങളെ നിയന്ത്രിക്കാനേ കഴിയില്ല.ചികിത്സ വളരെ അത്യാവശ്യം.

ഡിപ്രഷൻ വന്ന വ്യക്തി തന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞു ചികിത്സ വേണം എന്നാവശ്യപ്പെടാൻ സാധ്യത കുറവാണ്. ഒപ്പമുള്ളവരാണ് ഇതു തിരിച്ചറിയേണ്ടതും അവരെ ചികിത്സ നടത്താൻ പ്രേരിപ്പിക്കേണ്ടതും. അവർക്ക് മനസ്സ് തുറന്ന് സംസാരിക്കാനുള്ള അവസരം ഒരുക്കുക. മുൻവിധികളില്ലാതെ, അനുഭാവപൂർവമായിരിക്കണം അവരോട് സംസാരിക്കേണ്ടത്. ആത്മവിശ്വാസം പകർന്നതു കൊണ്ടും കൗൺസലിങ് കൊടുത്തതു കൊണ്ടും മാത്രം ഇവരെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ കഴിയില്ല. അവരുടെ സംസാരത്തിൽ തുടർച്ചയായി ആത്മഹത്യ വിഷയമായി കടന്നുവരുന്നുണ്ടെങ്കിൽ ഒട്ടും വൈകാതെ ചികിൽസ തേടുക.

ഡോക്ടർ മാത്രം വിചാരിച്ചാൽ ഇവരെ ജീവിതത്തിലേക്കു തിരികെ നടത്താൻ കഴിയില്ല. ഉറ്റവരും സുഹൃത്തുക്കളും ചുറ്റുമുള്ളവരും ഒരുപോലെ കരുതിയാൽ മാത്രമേ അതു സാധ്യമാകൂ. പ്രാണഭയത്തിനിടയിൽ ഒരു കച്ചിത്തുരുമ്പിൽ പിടിച്ചു കയറുന്ന പോലെയാണ്, ഒരു വിരൽത്തുമ്പു നീട്ടി പിന്തുണ കൊടുത്താൽ മാത്രം മതി. അവർ ജീവിതത്തിലേക്കും വെളിച്ചത്തിലേക്കും കയറി വരും.

ചേർത്തു പിടിക്കണം: പാർവതി തിരുവോത്ത്, അഭിനേത്രി

ആത്മസംഘർഷങ്ങളിലൂടെയും സങ്കടങ്ങളിലൂടെയും കടന്നു പോകാത്തവരില്ല. അതിൽ പ്രശസ്തിയും സമ്പത്തും വിദ്യാഭ്യാസവും ഒന്നും ഘടകങ്ങളല്ല. അത്തരം സമയങ്ങളിൽ ഉറ്റവരോടോ അടുത്ത സുഹൃത്തുക്കളോടോ അതു പങ്കു വയ്ക്കുന്നതിൽ മടി കാണിക്കുന്നതെന്തിനാണ്? ഒരു ഫോൺവിളി അല്ലെങ്കിൽ മെസ്സേജ്. ജീവിതത്തിലേക്കു തിരികെ  കയറാൻ അതു മതിയാകും. ഞാൻ അത് അനുഭവിച്ചിട്ടുണ്ട്.  മറ്റുള്ളവർക്ക് അതേ കരുതൽ കൊടുക്കുന്നുമുണ്ട്. തളരുമ്പോൾ ചേർത്തു പിടിക്കുക എന്നത് അമൂല്യമാണ്.

ഈ പോരാട്ടത്തിൽ തോൽക്കരുത്: മിഥുൻ മാനുവൽ തോമസ്, സംവിധായകൻ

കടുത്ത ആങ്സൈറ്റി ഡിസോർഡറും ഡിപ്രഷനും അലട്ടിയ സമയത്തു ഞാൻ ചെയ്ത സിനിമയാണ് ആട് 2. സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപ് എന്തോ അകാരണമായ സങ്കടം എന്നെ പിടികൂടി.ആഗ്രഹിച്ചതെല്ലാം ഏറെക്കൂറെ നേടിയിട്ടുണ്ട്. സാമ്പത്തികമായി സുരക്ഷിതനാണ്,കുടുംബത്തിൽ പ്രശ്നങ്ങളില്ല. എന്നിട്ടുമെന്തിനാണ് ഈ പേരറിയാ സങ്കടെമന്നു എനിക്കു മനസ്സിലായില്ല. തൊട്ടുപിന്നാലെ നെഗറ്റീവ് ചിന്തകളും പലതരം ഭയങ്ങളും കയറി വന്നു.തലച്ചോറിൽ കടന്നലുകൾ കൂടുകൂട്ടിയ പോലെ.

ആ സമയത്ത് നെഗറ്റിവ് ചിന്തകളെ പൊസിറ്റിവ് ചിന്ത കൊണ്ട് മറികടക്കാൻ കഴിയാത്തത്ര നിസ്സഹായരായി പോകും നമ്മൾ. തികച്ചും പ്രഫഷനൽ ആയ ഒരാളുടെ സഹായം കൊണ്ടു മാത്രമേ നമുക്കിതിനെ മറികടക്കാനാവൂ എന്നു തിരിച്ചറിയുക. ലഹരികളുപയോഗിച്ചാൽ ഇതു കുറയും എന്നു ചിന്തിക്കുന്നവർ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്. താൽക്കാലിക ആശ്വാസത്തിനപ്പുറം കാര്യങ്ങൾ കൈവിട്ടു പോകാനാണ് സാധ്യത. ഉത്കണ്ഠ കുറയ്ക്കാൻ ശ്വസന വ്യായാമങ്ങൾ വളരെ നല്ലതാണ്. മനസ്സ് പിണങ്ങി നിൽക്കുമെങ്കിലും ക്രിയാത്മകമായ എന്തിലെങ്കിലും എപ്പോഴും വ്യാപൃതരാവുക. സമൂഹത്തിൽ സജീവമായി ഇടപെടുക.

പോരാട്ടത്തിൽ തോൽക്കില്ല എന്നു നാം തീരുമാനിക്കുന്നിടത്താണ് ശരിക്കും ചികിത്സ ആരംഭിക്കുന്നത്.നെഗറ്റിവ് ചിന്തകൾ നിറഞ്ഞ മനസ്സിന്റെ പകുതിയെ പൊസിറ്റിവ് നിറഞ്ഞ മറുപകുതി കൊണ്ട് ഞാൻ നേരിട്ടു. ഈ തുരങ്കത്തിന്റെ അറ്റത്തുള്ള വെളിച്ചത്തിലേക്ക് നടന്നെത്തിയിരിക്കും എന്നു തീരുമാനമെടുത്തു. അനുവാദം ചോദിക്കാതെ നമ്മോടൊപ്പം കൂടെക്കൂടിയ വിഷാദത്തിനോട് ‘ഇതല്ല, ഇതിലപ്പുറം ചാടിക്കടന്നവനാണ് ഈ കെ കെ ജോസപ്പ് ’ എന്നു പറയാൻ കഴിഞ്ഞതിൽ എനിക്കെന്നോടു തന്നെ അഭിമാനം തോന്നുന്നു.

സങ്കടം പറയാൻ വിളിക്കാം

വൈകാരികമായി പിന്തുണ വേണ്ട സമയത്ത് ഒറ്റപ്പെട്ടു പോയി എന്ന തോന്നൽ വേണ്ട.നിങ്ങളെ കേൾക്കാൻ ആളുകളുണ്ട്. ‘ബി ഫ്രണ്ടേഴ്സ് വേൾഡ് വൈഡ് നെറ്റ്് വർക്ക്’ എന്നിവരുടെ കേരളത്തിലെ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാം.

മൈത്രി, കൊച്ചി

(രാവിലെ 10 മുതൽ 7 വരെ)

ഫോൺ–0484 2540530)

സഞ്ജീവനി, തിരുവനന്തപുരം

ഫോൺ– 0471 2533900

തണൽ, കോഴിക്കോട്

ഫോൺ–0495 2760000

പ്രതീക്ഷ, എറണാകുളം

ഫോൺ–0484 2448830

വിവരങ്ങൾക്കു കടപ്പാട്: ഡോ. സന്ദീഷ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഗവൺമെന്റ് മാനസികാരോഗ്യ കേന്ദ്രം, കോഴിക്കോട്

Tags:
  • Spotlight
  • Vanitha Exclusive