Friday 15 October 2021 04:25 PM IST : By എ.ജെ. വിൻസൻ

‘ഞാൻ തെറ്റു ചെയ്തു, ഈ രോഗം എനിക്ക് വരില്ലെന്നു കരുതി’; ഹ്രസ്വചിത്രത്തിലെ പോലെ മരണം, നടന്റെ ജീവനെടുത്ത് കോവിഡ്

covid-therajj

‘ഞാൻ തെറ്റു ചെയ്തുപോയി.. ഞാനൊന്നും ശ്രദ്ധിച്ചില്ല. ഈ രോഗം എനിക്കു വരില്ലെന്നു കരുതി...’ മരണക്കിടക്കയിൽ കിടന്ന് കോവിഡ് രോഗി അവസാനശ്വാസം വലിക്കും മുൻപ് തന്നോടു തന്നെ നടത്തിയ കുമ്പസാരം. അത് തെരാജ് കുമാർ എന്ന നടൻ കോവിഡിനെതിരെ ഒന്നാം തരംഗ കാലത്ത് ചെയ്ത ഏകാംഗ ലഘുചിത്രം. അതിലെ നായകനെ രണ്ടാം തരംഗത്തിൽ കോവിഡ് എന്ന വില്ലൻ തന്നെ തട്ടിയെടുത്തു. ചൊവ്വാഴ്ച മെഡിക്കൽ കോളജിലായിരുന്നു മരണം.

മികച്ച നാടക നടനും നല്ല ചിത്രകാരനും മിമിക്രി കലാകാരനും ഓടക്കുഴൽ വാദകനും മേക്കപ്പ് ആർട്ടിസ്റ്റുമായിരുന്നു അരിമ്പൂർ കൈപ്പിള്ളി സ്വദേശി തെരാജ് കുമാർ. കുമ്പസാരം എന്ന ലഘുചിത്രം എടുത്തത് സ്വന്തം വീട്ടിൽ ആശുപത്രിക്കിടക്ക സെറ്റിട്ടായിരുന്നു. ആദ്യത്തെ ലോക്ഡൗൺ കാലമായിരുന്നു അത്. ഡ്രൈവർ ജോലി നഷ്ടപ്പെട്ടു വീട്ടിലിരിക്കുന്ന സമയം കോവിഡ് ബോധവൽക്കരണത്തിനായി കല ഉപയോഗിക്കുകയായിരുന്നു.

രചനയും സംഭാഷണവും പശ്ചാത്തലസംഗീതവും നിർമാണവും സംവിധാനവുമെല്ലാം തെരാജ് കുമാർ തന്നെയായിരുന്നു.മൊബൈൽ ഫോണിൽ ചിത്രീകരിച്ചത് ഭാര്യ ധന്യ. കോവിഡ് ബാധിച്ച് കിടക്കയിൽ കിടക്കുന്ന രോഗിയുടെ അന്ത്യ നിമിഷങ്ങൾ തെരാജ് കുമാർ മികവുറ്റതാക്കി. ആ ജാഗ്രതാസന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. തെരാജിന് കോവിഡ് ദേദമായി ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും പനിയും ശ്വാസതടസ്സവും മൂലം തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ന്യൂമോണിയ ബാധിച്ചു.

വൃക്കകളും തകരാറിലായി. നാലു ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാവിലെ കാഞ്ഞാണിയിലെ ക്രിമറ്റോറിയത്തിൽ സംസ്കാരം നടത്തി. വർഷങ്ങളായി കലക്ടറേറ്റിലെ സാക്ഷരതാ തുടർ വിദ്യാഭ്യാസ സെക്ഷനിൽതാൽക്കാലിക ഡ്രൈവറായിരുന്നു. തൃശൂർ ഉർവശി തിയറ്റേഴ്സ്, കലാകേന്ദ്രം എന്നിവയുടേത് അടക്കം പ്രഫഷനൽ നാടകങ്ങളിലും അമച്വർ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Tags:
  • Spotlight