Thursday 06 February 2020 05:26 PM IST

‘അത്ര ഭംഗിയാണ് ഏട്ടൻ എനിക്കുവേണ്ടി എന്തു വാങ്ങിയാലും’; ജീവിതത്തിലെ ഭാര്യ, അമ്മ റോളുകളെക്കുറിച്ച് നവ്യ!

Lakshmi Premkumar

Sub Editor

navya-family5567 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

കണ്ണുകളിൽ ഒളിപ്പിച്ച കുസൃതി, ആരെയും ആകർഷിക്കുന്ന സംസാരം, ഇടയ്ക്കിടെ ‘എന്റെ ഗുരുവായൂരപ്പനാണെ സത്യം’ എന്ന ഓർമപ്പെടുത്തൽ, ചെറിയ തമാശകൾക്ക് പോലും കിലുക്കാംപെട്ടി പോലെയുള്ള പൊട്ടിച്ചിരി... ഇത് പഴയ നവ്യ തന്നെ. 

ഭാര്യ, അമ്മ... പോയ വർഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ എന്തു തോന്നുന്നു ? 

വീട്ടുകാരാണ് സന്തോഷേട്ടനെ എനിക്കായി കണ്ടെത്തിയത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ആളുടെ ഒപ്പമാണ് ജീവിതം തുടങ്ങിയത്. പക്ഷേ, അദ്ദേഹം പൂർണപിന്തുണ നൽകി. എനിക്ക് എത്ര സിനിമകൾ വേണമെങ്കിലും കാണാൻ പോകാം. ഡാൻസ് പഠിക്കാം. ഞങ്ങളങ്ങനെ മുംബൈയിലും കേരളത്തിലുമായി ഷട്ടിലടിച്ച് ജീവിക്കുന്നതിനിടയിലേക്കാണ് മോൻ വന്നത്. 

ഞാനൊരു പെർഫക്ട് അമ്മയൊന്നുമല്ല. പക്ഷേ, ലൈഫിലെ ഏറ്റവും വലിയ കൺസേൺ ഇപ്പോൾ മകൻ സായിയാണ്. പണ്ടൊക്കെ അമ്മ പറയും, ഞാൻ ഉറങ്ങുകയാണെങ്കിൽ ഭൂകമ്പം ഉണ്ടായാൽ പോലും അറിയില്ലെന്ന്. പക്ഷേ, മോനുണ്ടായ അന്നു മുതൽ ഈ നിമിഷം വരെ അരികിൽ കിടന്ന് അവനൊന്നു മൂളിയാൽ പോലും ഞാൻ ഞെട്ടിയെഴുന്നേൽക്കും. അമ്മയ്ക്ക് അതിപ്പോഴും അദ്ഭുതമാണ്. 

ഭർത്താവ് സിനിമ കാണാറില്ല, അപ്പോൾ നവ്യ വീണ്ടും അഭിനേത്രിയാകുമ്പോൾ? 

സന്തോഷേട്ടന് വലിയ അഭിമാനമാണ് ഭാര്യ നടിയാണെന്ന് പറയുന്നതിൽ. അപ്പോൾ പിന്നെ, തിരിച്ചു വരുന്നതിലും ഏറ്റവും സന്തോഷിക്കുന്നയാൾ ഏട്ടനായിരിക്കും. എന്റെ സുഹൃത്തുക്കൾ പറയാറുണ്ട്, ‘നവ്യയുടെ വസ്ത്രത്തിലും ആഭരണങ്ങളിലും സന്തോഷേട്ടൻ വാങ്ങുന്നത് പ്രത്യേകം തിരിച്ചറിയാമെ’ന്ന്. അത്ര ഭംഗിയാണ് ഏട്ടൻ എനിക്കുവേണ്ടി എന്തു വാങ്ങിയാലും. സന്തോഷേട്ടന് ഇഷ്ടം ആൺകുട്ടിയോടായിരുന്നു. എനിക്ക് പെൺകുട്ടിയോടും. ഗർഭിണിയായപ്പോൾ ഏട്ടൻ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു, ‘നമ്മുടെ മോൻ’ എന്ന്. ഒടുവിൽ ഡെലിവറി കഴിഞ്ഞ് എന്റെ നെറ്റിയിൽ ഉമ്മ വച്ചിട്ട് പറഞ്ഞു, ‘എന്റെ ആഗ്രഹം പോലെ നല്ലൊരു മോനാണ് നമുക്ക്.’ ജീവിതത്തിൽ ഒരിക്കലും ആ സീൻ മറക്കാൻ പറ്റില്ല.

മകന്റെ വിശേഷങ്ങൾ പറയൂ? 

സായിക്കിപ്പോൾ ഒൻപത് വയസായി. എന്റെ ഏറ്റവും അടുത്ത രണ്ട് ആളുകളാണ് ഷിർദി സായിയും ഭഗവാൻ കൃഷ്ണനും. അതുകൊണ്ടു തന്നെ മോനുണ്ടായപ്പോൾ രണ്ടാമതൊരു പേര് ആലോചിക്കേണ്ടി വന്നില്ല. അവന്റെയെല്ലാ കാര്യങ്ങളും ഞാനാണ് നോക്കുന്നത്. അവൻ വല്യ കുട്ടിയായി എന്ന് ഈ അടുത്താണ് മനസ്സിലായത്. എന്റെ പിറന്നാളിന് അവനൊരുക്കിയ സർപ്രൈസ് പാർട്ടി കണ്ടപ്പോൾ. ഞാനറിയാതെ ഞങ്ങൾ താമസിക്കുന്ന വീടിന്റെ മുകളിൽ അവൻ പാർട്ടി വച്ചു. നാട്ടിലായിരുന്ന എന്റെ അച്ഛനേയും അമ്മയെയുമൊക്കെ വിളിച്ചു വരുത്തി, എന്റെ സുഹൃത്തുക്കളേയും. അത്രയുമെല്ലാം ഓർഗനൈസ് ചെയ്ത് വിജയിച്ചതിന്റെ തിളക്കം അവന്റെ കണ്ണുകളിലുണ്ടായിരുന്നു. എനിക്കും കരച്ചിൽ വന്നു. 

കൃഷ്ണൻ നൽകിയ ഒരു അദ്‌ഭുതം പറയാമോ ?

കൃഷ്ണന്റെ ദിവസം വ്യാഴാഴ്ചയാണ്. എന്റെ ജീവിതത്തിൽ എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളും നടന്നിട്ടുള്ളത് വ്യാഴാഴ്ചയാണ്. വിവാഹം, സിനിമയിലേക്കുള്ള വരവ്, നോർമൽ ഡെലിവറിയിലൂടെ എന്റെ മകൻ ജനിച്ചതു പോലും വ്യാഴാഴ്ചയാണ്. അവന്റെ നാൾ കൃഷ്ണന്റെ നാളായ രോഹിണിയും. ബാക്കിയുള്ളവർക്ക് ഇതെല്ലാം ഒരു തമാശയായി തോന്നാം. പക്ഷേ, എനിക്ക് കൃഷ്ണന്റെ അദ്‌ഭുതങ്ങളായി മാത്രമേ കാണാൻ കഴിയൂ... 

Tags:
  • Spotlight