Monday 13 July 2020 12:35 PM IST

‘കണ്ടിട്ട് അമ്മയുടെ ഛായയുണ്ടല്ലോ... അതാരാ?’; ദക്ഷിന് അച്ഛൻ മാത്രമാണ് സിനിമാതാരം: രസകരമായ അനുഭവം പങ്കുവച്ച് സംയുക്ത

Lakshmi Premkumar

Sub Editor

_REE0464 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ചില കാര്യങ്ങൾ കടന്നു വരുമ്പോൾ ജീവിതം മാറുന്നു, മാജിക് പോലെ...’’ മലയാളത്തിന്റെ എക്കാലത്തേയും പ്രിയ നായിക സംയുക്താ വർമ മനസ്സ് തുറക്കുന്നു...

വീട്ടിലെ ബിജു മേനോന്‍ ആളൊരു പുലിയാണോ ? 

സിനിമയിൽ കാണുന്ന പോലെയൊക്കെത്തന്നെ. പിന്നെ, സിനിമയെപ്പോഴും വീടിന്റെ പുറത്തെ ചർച്ചയാണ്. ബിജുവേട്ടനും ഞാനും പരസ്പരം സ്പേസ് നൽകുന്നവരാണ്. എനിക്കു മിക്കപ്പോഴും യോഗയുടെ ക്ലാസുകളും പ്രാക്ടീസും, യാത്രയുമുണ്ടാകാറുണ്ട്. അതെന്റെ സന്തോഷമാണ്. ഒരിക്കൽപോലും ബിജുവേട്ടൻ എതിർക്കുകയോ, വേണ്ടെന്നു പറയുകയോ ചെയ്യാറില്ല. അതേ സ്പേസ് അദ്ദേഹത്തിന് ഞാനും  കൊടുത്തിട്ടുണ്ട്. ഷൂട്ടിനു ശേഷം ബിജുവേട്ടൻ സുഹൃത്തുക്കൾക്കൊപ്പം യാത്ര പോകാറുണ്ട്.

ഒരിക്കൽ എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ഒരാശ്രമത്തിൽ കൂടെ വന്നു. അവിടെ ചെന്നപ്പോള്‍ മുതൽ ഇവിടെ ഒന്നും കാണാനില്ലല്ലോ എന്ന പരാതി കേട്ടുേകട്ട് ഞാൻ മടുത്തു. അതിനു ശേഷം അത്തരം യാത്രകൾ ആവർത്തിച്ചിട്ടില്ല. ചില തിരക്കഥകളൊക്കെ കേട്ടു കഴിഞ്ഞ് എന്നോട് പറയും. ഞങ്ങള്‍ ആലോചിച്ചാണ് വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത്. ചില കഥാപാത്രങ്ങള്‍ ടിപ്പിക്കല്‍ ആകുമ്പോൾ ഞാൻ ചോദിക്കാറുണ്ട്. ‘കഥ കേട്ടപ്പോൾ വ്യത്യസ്തമായിരിക്കും എന്നു കരുതിയതാണ്, എന്തോ സിനിമയിൽ അതു വർക്കായില്ല...’ എന്നു ബിജുവേട്ടന്‍ പറയും. അടുത്ത കാലത്ത് എന്നെ ഏറ്റവും സന്തോഷിപ്പിച്ചത് അയ്യപ്പനും കോശിയിലെയും അയ്യപ്പൻ നായരാണ്. 

ഒരുമിച്ചുള്ള സെൽഫികളോ വിഡിയോകളോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാത്ത ദമ്പതികളാണ്

ദാ, ഞാൻ ഇപ്പോഴാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് എടുത്തത്. സോഷ്യൽമീഡിയ നമ്മളെ അഡിക്ടാക്കി മാറ്റും. വാട്സ്ആപ് പോലും അൺ ഇൻസ്റ്റാൾ ചെയ്ത് ഫോണിന്റെ ബാറ്ററി ഊരി വയ്ക്കുന്നയാളാണ് ഞാൻ. യോഗയ്ക്ക് പോകുമ്പോൾ ഒരു ഗ്രൂപ്പ് ഉണ്ടാകുമല്ലോ. അവരെയെല്ലാം കോൺടാക്ട് ചെയ്യാനാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് എടുത്തത്. യോഗ ചെയ്യുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ തന്നെയാണ് കൂടുതലും പങ്കു വയ്ക്കുന്നത്. അതിനപ്പുറത്തേക്ക് ഒരുപാട് സമയം സോഷ്യൽ മീഡിയയിൽ ചെലവഴിക്കാറില്ല. 

ബിജുവേട്ടന്റെ കാര്യം അതിലും കഷ്ടമാണ്. മൂപ്പർക്ക് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പേജുണ്ട്. ഇൻസ്റ്റഗ്രാമിൽ ഇതുവരെയുള്ളത് രണ്ട് ചിത്രങ്ങൾ. ഫെയ്സ്ബുക്ക് അഡ്മിൻ മറ്റൊരാളാണ്. വെഡ്ഡിങ് ആനിവേഴ്സറിയൊക്കെ വരുമ്പോൾ അഡ്മിൻ വിളിക്കും ‘ഒരു കപ്പിൾ ഫോട്ടോ എടുത്ത് അയക്കാമോ’ന്ന്. ബിജുവേട്ടനാണെങ്കിൽ അതിലൊന്നും താൽപര്യമേയില്ല. തോളിൽ ഒന്നു കൈ പോലും വയ്ക്കാതെ എൺപതുകളിലെ പോലെ ഒരു ഫോട്ടോ ഒടുവിൽ എടുക്കും. ‘ബ്ലാക് ആൻഡ് വൈറ്റ് മതിട്ടോ’ന്ന് ഒരു അഭിപ്രായവും പാസ്സാക്കും. 

സിനിമാ ചർച്ചകൾ നടക്കുന്ന വീടാണോ ? 

പണ്ടും  സിനിമാ ചർച്ചകളൊന്നും  നടക്കാറില്ല. അഭിപ്രായങ്ങൾ ചോദിക്കും  പറയും. അത്രതന്നെ. പിന്നെ, ബിജുവേട്ടന്റെ സിനിമാഗ്രാഫ് കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞതാണ്. ഹിറ്റാകുമ്പോൾ ഞങ്ങൾ അമിതമായി സന്തോഷിക്കാറില്ല. ഫ്ലോപ്പ് ആകുമ്പോൾ അതുകൊണ്ട് ദുഃഖവുമില്ല. പിന്നെ ചിലപ്പോൾ അദ്ദേഹം അസ്വസ്ഥനാണെന്നു തോന്നുമ്പോൾ മാനസിക പിന്തുണ കൊടുക്കാറുണ്ട്. എല്ലാ ഭാര്യമാരും ഭർത്താക്കൻമാർക്ക് നൽകാറില്ലേ, അതുപോലെ. 

ചില സിനിമകൾ കണ്ടുകൊണ്ടിരിക്കുമ്പോൾ എനിക്കു തോന്നും, ഈ സീനിൽ ബിജുവേട്ടൻ ഇത്തിരി ഉഴപ്പിയിട്ടുണ്ടല്ലോ എന്ന്. അത് എനിക്കു മാത്രമേ മനസ്സിലാകൂ. ചോദിക്കുമ്പോൾ സംഭവം കൃത്യമായിരിക്കും. മോന്‍ ദക്ഷിന് അച്ഛൻ മാത്രമാണ് സിനിമാതാരം. ഞാനും ബിജുവേട്ടനും അഭിനയിച്ച ‘മഴ’യിലെ പാട്ട് കഴിഞ്ഞ ദിവസം ടിവിയിൽ വന്നപ്പോൾ അമ്മ അവനെ വിളിച്ചു കാണിച്ചു. കുറച്ചു നേരം നോക്കി നിന്നിട്ട് അവൻ പറഞ്ഞു, ‘ആഹാ.. അച്ഛൻ നന്നായിട്ടുണ്ടല്ലോ..’

അപ്പോൾ അമ്മ ചോദിച്ചു, ‘കൂടെ ആരാന്നു മനസിലായോ?’ അപ്പോ ഒന്നു കൂടി അടുത്തു പോയി നോക്കിയിട്ടു ചോദിച്ചു, ‘കണ്ടിട്ട് അമ്മയുടെ ഛായയുണ്ടല്ലോ... അതാരാ?’  ഇതാണ് വീട്ടിലെ അവസ്ഥ. 

ദക്ഷ് ധർമികിന്റെ വിശേഷങ്ങള്‍ ?

ദക്ഷ് എന്നത് എന്റെ സെലക്‌ഷനും ധർമിക് ബിജുവേട്ടന്റെ സെലക്‌ഷനുമാണ്. ഒമ്പതാം ക്ലാസിലാണ്. അമ്മയെന്ന നിലയിൽ ഞാൻ ശബ്ദമുയർത്തേണ്ടിടത്ത് ശബ്ദമുയർത്തി തന്നെയാണ് വളർത്തുന്നത്. ആള് ഒരു പഠിപ്പിസ്റ്റ് ഒന്നുമല്ല. പക്ഷേ, ഉഴപ്പനുമല്ല. ചിത്രങ്ങൾ വരയ്ക്കാൻ നല്ല ഇഷ്ടമാണ്. അവനിങ്ങനെ സ്വന്തമായി ഗെയിമുകളൊക്കെ കണ്ടുപിടിച്ച് അതു വരച്ച് പ്രസന്റ് ചെയ്യുന്നതൊക്കെ കാണാം. ഭാവിയിൽ അവൻ ആരാകണം എന്നൊന്നും ഇപ്പോഴേ പ്ലാൻ ചെയ്തിട്ടില്ല. പലരും ചോദിക്കാറുണ്ട്, സിനിമയിലേക്കായിരിക്കും അല്ലേ എന്ന്. അതൊക്കെ ഭഗവാന്റെ തീരുമാനങ്ങളാണ്. അവന് അഭിനയിക്കാനാണ് ഇഷ്ടമെങ്കിൽ ആ വഴി തിരഞ്ഞെടുക്കട്ടെ. 

Tags:
  • Spotlight
  • Celebrity Interview