Saturday 15 September 2018 02:42 PM IST

എല്ലാവര്‍ക്കും അന്നേ അറിയാമായിരുന്നു ഞാന്‍ ശശിയേട്ടന്റെ പെണ്ണെന്ന്!

Sujith P Nair

Sub Editor

seema_main ഫോട്ടോ: സരിൻ രാംദാസ്

അല്ല ഇതാരാ... സീമച്ചേച്ചിയോ? ചേച്ചിയുടെ അവളുടെ രാവുകൾ ഞാൻ  17 തവണയാണ് കണ്ടത്.’’ ചെന്നൈ സാലിഗ്രാമത്തിലെ സീമയുടെ ‘അനീസ്’ എന്ന വീടിന്റെ കോളിങ് ബെൽ അമർത്തുമ്പോൾ ആ ഡയലോഗ് ചിരിച്ചുകൊണ്ട് നാവിൻതുമ്പിലേക്ക് ഒാടിക്കയറിവന്നു. ‘നാടോടിക്കാറ്റ്’ എന്ന സിനിമയിൽ ശ്രീനിവാസന്റെ കഥാപാത്രമായ വിജയൻ ആവേശത്തോടെ പറയുന്ന വാചകങ്ങൾ. പുഞ്ചിരിച്ചു കൊണ്ടു വാതിൽ തുറന്നത് സീമ തന്നെ. ആദ്യം ചോദിച്ചത് ‘ശശിയേട്ടനില്ലേ...’ എ ന്നുതന്നെയായിരുന്നു. ‘ഭരണീ’ലാണെന്ന ‘പഴയ’ ഉത്തരം പ്ര തീക്ഷിച്ചു നിൽക്കുമ്പോൾ അകത്തുനിന്ന് മുഴക്കമുള്ള ആ ശബ്ദം, ‘ഇവിടുണ്ടെടോ, കയറിവാ...’


സീമയുടെ മുണ്ഡനം ചെയ്ത തലയിൽ കുറ്റിമുടി വളർന്നു തുടങ്ങിയിരിക്കുന്നു. നെറ്റിയിൽ വലിയ കുങ്കുമപ്പൊട്ടും ചന്ദന ക്കുറിയും. നാൽപ്പതു വർഷം മുമ്പ് നനഞ്ഞൊട്ടിയ ഷർട്ടിട്ട് ‘അ വളുടെ രാവുകളി’ൽ സീമ മുന്നോട്ടുവച്ച വലതുകാൽ താര സിംഹാസനത്തിലേക്കായിരുന്നു. അതുവരെയുണ്ടായിരുന്ന നായികാസങ്കൽപ്പങ്ങളെ തകർത്തെറിഞ്ഞ് വലിയ കണ്ണുകളും വിടർന്ന ചുണ്ടുമായി സീമ എൺപതുകളിൽ യുവാക്കളുടെ ഹരമായി. നായകനു പിന്നിൽ നാണത്തോടെ ഒതുങ്ങിനിന്ന നായികമാരുടെ കാലത്താണ് ബെൽബോട്ടം പാന്റും സ്ലീവ് ലെസ് ബനിയനുമണിഞ്ഞ് ബുള്ളറ്റ് ഓടിച്ചു കൊണ്ടു സീമ ആരാധകരുടെ മനസ്സിലേക്ക് കുതിച്ചെത്തിയത്. പിന്നീടുള്ള രണ്ടു പതിറ്റാണ്ട് മലയാള സിനിമയില്‍ ‘സീമ യുഗ’മായിരുന്നു.
‘‘ഞാൻ അന്ന് കൊറിയോഗ്രഫർ ചോപ്ര മാസ്‌റ്ററുടെ അ സിസ്റ്റന്റാണ്. നായകനും നായികയ്ക്കും ചുവടുകൾ പരിശീലിപ്പിക്കാൻ വേണ്ടി മാത്രമേ അദ്ദേഹം എന്നെ വിളിക്കൂ. അ പ്പോഴാണ് സംവിധായകൻ ഐ.വി. ശശി വിളിച്ചു നായികയാകാൻ തയാറാണോ എന്നു ചോദിക്കുന്നത്. ‘ഞാൻ പറയുന്ന കാശ് തരുമോ’ എന്നായിരുന്നു എന്റെ മറുചോദ്യം. തരാം  എ ന്നു പറഞ്ഞതോടെ ഞാൻ ഓകെ. മൂവായിരം രൂപയായിരുന്നു ആദ്യപ്രതിഫലം. വെറും 18 ദിവസം കൊണ്ടാണ് ‘അവളുടെ രാവുകൾ’ പൂർത്തിയാക്കിയത്. ആ കഥാപാത്രം ഇത്ര കരുത്തുറ്റതാണെന്നൊന്നും അന്ന് എനിക്ക് അറിയില്ലായിരുന്നു.’’

എനിക്ക് സംസാരിക്കാൻ അറിയില്ല, സംസാരിപ്പിക്കാനേ അറിയൂ... ‘വനിത അവാർഡ്സിൽ’ പറഞ്ഞത്

ഐ.വി. ശശി– സീമ കൂട്ടുകെട്ട് 38ാം വർഷത്തിലും സൂപ്പർഹിറ്റാണല്ലോ? ചോദ്യത്തിന് സീമ നൽകിയ മറുപടി ആരുടെയും മനസ് നിറയ്ക്കും

ഐ.വി.ശശി യാത്രയായത് അവസാന ചിത്രം എന്ന സ്വപ്നം ബാക്കിയാക്കി! ബേണിങ് വെൽസിൽ കഥാപാത്രങ്ങളായി മനസിൽ കണ്ടിരുന്നത് മമ്മൂട്ടി അടക്കമുള്ള താരങ്ങളെ..

അവളില്ലെങ്കിൽ അന്നേ ഞാൻ മരിച്ചു പോകുമായിരുന്നു...! ഐ.വി. ശശി നൽകിയ അവസാന അഭിമുഖത്തിൽ ‘വനിത’യോടു പറഞ്ഞത്

എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം! ഐ വി ശശിക്ക് മോഹൻലാലിന്റെ കണ്ണീരഞ്ജലി


അങ്ങനെയാണോ അവളുടെ രാവുകളിലെ രാജിയായത്?


ശശിയേട്ടന്റെ ‘ഇതാ ഇവിടെ വരെ’ എന്ന സിനിമയിലെ പാ ട്ടുസീനിൽ സംഘത്തിലെ എട്ടു പേരിൽ ഒരാളായി നൃത്തം ചെയ്തിരുന്നു. ക്യാമറയുടെ അടുത്ത് വെള്ളത്തൊപ്പിയൊക്കെ വച്ചുനിന്ന് ശശിയേട്ടൻ എപ്പോഴും എന്നെ വഴക്കുപറയും. ‘ഇ ന്തമാതിരി ക്യാമറാ അസിസ്‌റ്റന്റിനെ നാൻ ഇതുവരെ പാ ക്കവേയില്ല...’ എന്ന് ഞാൻ അക്കയോടു പരാതി പറഞ്ഞു. അപ്പോൾ അവരാണ് പറഞ്ഞത്, ‘അത് താനാ ഡയറക്ടർ ഐ.വി. ശശി...’


പിന്നീട് ‘ഈ മനോഹര തീരം’ എന്ന ചിത്രത്തിൽ ഡാൻസ് ചെയ്യാൻ ശശിയേട്ടൻ വിളിച്ചു. ആ ചിത്രത്തിന്റെ കൊറിയോഗ്രഫറായിരുന്ന നടി നളിനിയുടെ അച്ഛൻ മൂർത്തി സാറ് വഴിയാണ് ആ റോൾ വന്നത്. ക്യാമറയ്ക്കു മുന്നിൽ നൃത്തം ചെയ്യുന്നതിന് ഞാൻ കൂടുതൽ പ്രതിഫലം ചോദിച്ചു. കാരണം അന്നു ഞാൻ നായികയായി ഒരു സിനിമ ചെയ്തിരുന്നു. ഡയറക്ടറോട് ചോദിച്ചിട്ട് ഒരു മണിക്കൂറിനുള്ളിൽ സമ്മതം അറിയിച്ചപ്പോൾ ഞാൻ അമ്പരന്നുപോയി. അപ്പോഴേക്കും ശശിയേട്ടന് എന്നോട് പ്രണയം തുടങ്ങിയിരുന്നു എന്നാണ് തോന്നുന്നത്. ഞാൻ സെറ്റിൽ ചെന്നിറങ്ങുമ്പോൾ ക്യാമറയിൽ എന്നെ സൂം ചെയ്യുന്നതു കണ്ടു. തൊപ്പി കൊണ്ടു മുഖം മറയ്ക്കുന്നതായി ഞാൻ ഭാവിച്ചു. അതുവരെ അന്യമായിരുന്ന ഒരു നാണം എന്റെ മുഖത്തും വന്നോ എന്ന് എനിക്കുതന്നെ സംശയമായി. (അടുത്തിരുന്ന ഐ.വി.ശശിയെ നോക്കി കണ്ണിറുക്കി പൊട്ടിച്ചിരിച്ചു. ഒരു കാലത്ത് യുവത്വം നെഞ്ചേറ്റിയ മനോഹരമായ ചിരി).


അഭിസാരികയുടെ വേഷം, ആശങ്ക തോന്നിയില്ലേ?


അവളുടെ രാവുകൾ ചെയ്യുമ്പോൾ 19 വയസായിരുന്നു. മുൻ നിര നായികമാർ നിരസിച്ച റോളാണെന്നു കേട്ടിരുന്നു. ഒരിക്കലും വൾഗർ ആകില്ലെന്ന് ശശിയേട്ടൻ ഉറപ്പു തന്നിരുന്നു. അതു ഞാൻ പൂർണമായി വിശ്വസിച്ചു. രാജിയുടെ നിൽപ്പും നടപ്പും പെരുമാറ്റവുമെല്ലാം അദ്ദേഹം പറഞ്ഞുതന്നു. ആ കഥാപാത്രം ചെയ്തതിൽ അന്നും ഇന്നും കുറ്റബോധം തോന്നിയിട്ടില്ല. ഇ പ്പോഴും  എന്നെ തേടി ആളുകൾ എത്തുന്നതും ആ കഥാപാത്ര ത്തിന്റെ കരുത്തു കൊണ്ടാണ്.

seema02


‘അവളുടെ രാവുകൾ’ എന്റെ ആദ്യ ചിത്രമായിരുന്നില്ല. കൊ റിയോഗ്രഫർ എ.കെ. ചോപ്ര മാസ്‌റ്ററിന്റെ അസിറ്റന്റായി പ്ര വർത്തിക്കുമ്പോൾ ലിസ ബേബിയേട്ടനെ പരിചയപ്പെട്ടിരുന്നു.സിനിമയിൽ നായികയായാൽ നന്നായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഭിനയം എനിക്കു വേണ്ടെന്നു പറഞ്ഞിട്ടും അ ദ്ദേഹം സമ്മതിച്ചില്ല. നിർബന്ധം സഹിക്കാതെ അമ്മയോട് പ റഞ്ഞപ്പോൾ ‘മര്യാദ കൊടുക്കണം’ എന്ന് അമ്മ. അങ്ങനെ ബേബിച്ചേട്ടന്റെ വീട്ടിലെത്തി. അവിടെ വച്ച് മൊയ്തീൻ എ ന്നൊരാളെ പരിചയപ്പെടുത്തി, കാഞ്ചനമാലയുടെ സ്വന്തം െമായ്തീൻ. അദ്ദേഹമായിരുന്നു നിർമാതാവ്. ബേബി സാറിന് ഓകെ ആണെങ്കിൽ തന്നോട് ചോദിക്കുന്നതെന്തിന് എന്നായിരുന്നു  മൊയ്തീനിക്കയുടെ മറുപടി. അങ്ങനെ ‘നിഴലേ നീ സാക്ഷി’യിൽ നായികയായി. പക്ഷേ, ആ ചിത്രം പൂർത്തിയായില്ല.


നൃത്തത്തിലൂടെയാണ് തുടക്കം ?


എനിക്ക് ഏഴു വയസുള്ളപ്പോൾ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചുപോയി. അച്ഛനില്ലാത്തതിനാൽത്തന്നെ അമ്മ വാസന്തി ഭയങ്കര സ്ട്രിക്ട് ആയിരുന്നു. കലാരംഗത്തേക്ക് വന്നത് അ പ്രതീക്ഷിതമായാണ്. അടുത്ത വീട്ടിലെ പയ്യൻ ഡാൻസ് പഠിപ്പിക്കുന്നതറിഞ്ഞപ്പോൾ ആഗ്രഹം തോന്നി. കമൽഹാസൻ എന്നായിരുന്നു അയാളുടെ പേര്. ചെറിയ കുട്ടികളെയാണ് കമൽ നൃത്തം പഠിപ്പിച്ചിരുന്നത്.  അമ്മയോടു വഴക്കുണ്ടാക്കി ഞാനും ചേർന്നു.


ഞായറാഴ്ചയാണ് ക്ലാസ്. എല്ലാ ആഴ്ചയിലും എന്റെ വയറിളക്കാനുള്ള എന്തോ മരുന്ന് അമ്മ നിർബന്ധിച്ച് കുടിപ്പിക്കും. അതിനുശേഷം പോയി നൃത്തം പഠിച്ചോ  എന്നുപറയും. ഞാൻ വാശിയോടെ ചുവടു വയ്ക്കുന്നതോടെ ഛർദിക്കും. കൃത്യമായ ഇടവേളകളിൽ ഛർദിക്കുന്ന എനിക്ക് കമലഹാസൻ പേരിട്ടു, ‘വാന്തി ശാന്തി.’ വാന്തി എന്നാൽ ഛർദി എന്നർഥം. ഒരിക്കൽ കമൽഹാസനെ കാണാൻ വന്ന ശശിയേട്ടൻ എന്നെ കണ്ടു. ചോദിച്ചപ്പോൾ ‘വാന്തി ശാന്തി’ എന്നാണ് കമൽഹാസൻ പരിചയപ്പെടുത്തിയത്.


ശാന്തി എന്ന പേര് എങ്ങനെ സീമയായി മാറി?

seema04


ഹൈദരാബാദിലായിരുന്നു ഷൂട്ടിങ്. നടൻ വിജയേട്ടൻ, ശ്രീലത ചേച്ചി, മല്ലിക ചേച്ചി, ഫിലോമിന ചേച്ചി എന്നിവരായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ജൂലി ഹിൽസിലായിരുന്നു ആദ്യ ഷോട്ട്. ഞങ്ങൾ മല കയറുകയാണ്. യാത്രയിലുടനീളം വിജയേട്ടൻ എന്നെ സീമ എന്നാണ് വിളിച്ചത്. മല്ലിക ചേച്ചിയാണ്  ചോദിച്ചത് എന്താ ഇങ്ങനെ വിളിക്കുന്നതെന്ന്. അദ്ദേഹം മ ലമുകളിലേക്ക് നോക്കി പറഞ്ഞു, ‘സീമ എന്നാൽ അതിര് എന്നാണ് അർഥം. ഇവൾ നായികയായി അതിരുകളില്ലാതെ വളരട്ടെ.’ മടങ്ങിയെത്തിയപ്പോൾ അദ്ദേഹം ബേബിയേട്ടനോടു പറഞ്ഞു, ‘ഇവൾക്കു പേരിട്ടു, സീമ.’ ന്യൂമറോളജി നോക്കിയപ്പോൾ ആ പേര് കൊള്ളാം. എന്നെ വിളിച്ചു പറഞ്ഞു, ‘നീ ഇ നി സീമ എന്നാകും അറിയപ്പെടുക. അടുത്തുതന്നെ ഒരു ദു ർഗാക്ഷേത്രമുണ്ട്. അവിടെ പോയി പേരും നാളും പറഞ്ഞു വ ഴിപാട് കഴിക്കണം.’ കാറും അദ്ദേഹം വിട്ടുതന്നു.


അക്കാലത്ത് ഒരുപാട് ആരാധകർ ഉണ്ടായിരിക്കുമല്ലോ?


ആരാധകർ കാണും. പക്ഷേ, എന്നെ കുറച്ചു ഭയമാണ്. നാവ് തന്നെ കാരണം. ഇഷ്ടമില്ലാത്തത് മുഖത്തു നോക്കി പറയും. സിനിമയിൽ നായിക ആയപ്പോൾത്തന്നെ ‘ഐ.വി.ശശിയുടെ ആള്’ എന്നൊരു ഇമേജ് ലഭിച്ചിരുന്നു. അതുകൊണ്ടു പ്രണയാഭ്യർഥനകൾ ഒന്നും ലഭിച്ചിരുന്നില്ല. ഞാൻ ഷൂട്ടിങ് സെറ്റുകളിൽ അമ്മയെ കൊണ്ടുപോയിട്ടില്ല. കൊറിയോഗ്രഫർ ആയിരുന്ന കാലത്ത് നായികമാരുടെ അമ്മമാരെ യൂണിറ്റിലുള്ളവർ, അവർ കേൾക്കാതെ ചീത്ത പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. മകൾക്കു വേണ്ടി ജ്യൂസും മറ്റും ചോദിക്കുമ്പോഴാണ് ഈ ശകാരം. എന്റെ അമ്മയെ അങ്ങനെ വിഷമിപ്പിക്കരുതെന്ന് ഉറപ്പിച്ചിരുന്നു. സിനിമയിൽ ഇന്നത്തെക്കാൾ അച്ചടക്കമായിരുന്നു അന്ന്. നായികമാരോടൊക്കെ ബഹുമാനത്തോടെയാണ് എല്ലാവരും ഇടപെടുന്നത്. എനിക്ക് ഇതുവരെ സിനിമയിൽ നിന്ന് തിക്താനുഭവങ്ങൾ ഉണ്ടായിട്ടില്ല.


സംവിധായകന്റെ ജീവിതത്തിലെ നായികയായത്?


ഞങ്ങൾ പരിചയപ്പെട്ടതു മുതൽ ഉടക്കാണ്. അന്ന് നായി ക മാർ അടക്കം എല്ലാവർക്കും സംവിധായകനെ വലിയ പേ ടി യാണ്. എനിക്ക് ആരെയും കൂസാത്ത പ്രകൃതവും. ചോപ്ര മാസ്‌റ്ററുടെ ട്രെയിനിങ്ങാണത്. സംവിധായകനാണെങ്കിൽ പോലും പേരുവിളിച്ചാലേ നോക്കാവൂ എന്നാണ് അദ്ദേഹം നിർദേശിച്ചിരിക്കുന്നത്. ‘‍ഡീ’ എന്നോ മറ്റോ വിളിച്ചാൽ നോ ക്കില്ല. ഭയങ്കര നർത്തകി ആണെന്നൊരു അഹങ്കാരവും എ നിക്കുണ്ടായിരുന്നു. ‘ഈ മനോഹര തീര’ത്തിന്റെ സെറ്റിൽ വ ച്ച് ശശിയേട്ടൻ എന്നെ കൈ ഞൊടിച്ചു വിളിച്ചു. ഞാൻ നോ ക്കിയില്ല. ഒടുവിൽ പേരു വിളിച്ചപ്പോൾ ഞാൻ നോക്കി. ‘നീ എന്താണ് വിളിച്ചിട്ടു മൈൻഡ് ചെയ്യാതിരുന്നതെ’ന്ന് ചോദി ച്ചപ്പോൾ ഞാൻ ദേഷ്യപ്പെട്ടു, ‘കൈ ഞൊടിച്ചു വിളിക്കാൻ ഞാ ൻ പട്ടിയൊന്നും അല്ല’. ‘നീ വല്യ വായാടിയാണല്ലോ ’എന്നു പറഞ്ഞ് അദ്ദേഹം പോയി.

seema_05


ശശിയേട്ടൻ എന്നോട് പ്രണയാഭ്യർഥന നടത്തിയിട്ടില്ല.  എന്നെ വലിയ നടി ആക്കാൻ ആഗ്രഹമുണ്ടെന്നു തോന്നിയിട്ടുണ്ട്. മറ്റു നായികമാരോടില്ലാത്ത എന്തോ ഒരു പ്രത്യേകത എന്നോടുണ്ട് എന്നും. ആ ധൈര്യത്തിലാണ് വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. അപ്പോൾ വിവാഹം നടന്നില്ലെങ്കിൽ പിന്നെ, 32 വയസു കഴിയുമെന്ന് ആരോ അമ്മയെ പേടിപ്പിച്ചി രുന്നു. വിവാഹാലോചന മുറുകിയപ്പോഴാണ് അദ്ദേഹത്തോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ വായാടി പെണ്ണിനെ ഭാര്യയാ ക്കേണ്ടി വരുമെന്ന് ശശിയേട്ടൻ ഒരിക്കലും വിചാരിച്ചു കാണി ല്ല. അല്ലേ ശശിയേട്ടാ?’’


എല്ലാം കേട്ടുകൊണ്ട് അടുത്തുതന്നെ ഐ.വി.ശശി ഇരിപ്പു ണ്ട്. കണ്ടു പരിചയിച്ച വെളുത്ത തൊപ്പിയും ഉടയാത്ത വെ ളുത്ത ഷർട്ടും. ക്ഷീണിതനെങ്കിലും രോഗങ്ങളോടും പ്രതിസ ന്ധികളോടും പോരാടി ജയിച്ചതിന്റെ തിളക്കമുണ്ട് കണ്ണുകളിൽ. ‘‘അന്ന് സംവിധായകനോട് എല്ലാവരും ഭയഭക്തി യോടെയാണ് ഇടപെട്ടിരുന്നത്. സീമയാകട്ടെ  ആരെയും കൂ സാത്ത പ്രകൃതം. അതാകാം അവളിലേക്ക് അടുപ്പിച്ചത്. അങ്ങനെയിരിക്കെ കൊല്ലത്ത് ‘ആറാട്ട്’ എന്ന സിനിമയുടെ ഷൂട്ടിങ്. ബീച്ചില്‍ ചെരിപ്പിടാതെ നടന്ന സീമയുടെ കാലിൽ വിഷക്കല്ല് കൊണ്ടു മുറിഞ്ഞു. കാര്യമാക്കിയില്ലെങ്കിലും പിന്നീട് മുറിവ് പഴുത്തു. ഇതോടെ സീമ ആശുപത്രിയിലായി. ഇതെന്നെ വ ല്ലാതെ അസ്വസ്ഥനാക്കി.


എനിക്ക് വിവാഹം ആലോചിക്കുന്ന സമയമായിരുന്നു. ഒ രു ദിവസം അമ്മ ചോദിച്ചു, സീമയെ ആലോചിച്ചാലോ എന്ന്. ഞാൻ അമ്പരന്നുപോയി. അന്ന് ആശുപത്രിയിൽ നിന്ന് മടങ്ങി യെത്തി ഒന്നു മയങ്ങിയപ്പോൾ ഉറക്കത്തിൽ സീമ... സീമ എ ന്നു ഞാൻ വിളിച്ചത്രേ. ‘എന്നെ കല്യാണം കഴിക്കുന്നെങ്കിൽ ഇപ്പോൾ വേണം’ എന്നു  സീമയും വാശിയിൽ. പിന്നെ, വൈകിയില്ല. 1980ൽ വിവാഹം നടന്നു.’’


തെന്നിന്ത്യൻ സിനിമാലോകം മുഴുവനും പങ്കെടുത്ത താ രവിവാഹമായിരുന്നില്ലേ?


വിവാഹം തീരുമാനിക്കുമ്പോൾ ഞാന്‍ ആർ.എസ്. പ്രഭുവിന്റെ ‘അരങ്ങും അണിയറയും’ എന്ന സിനിമയുടെ സെറ്റിലായിരുന്നു. ചന്ദ്രകുമാറായിരുന്നു സംവിധായകൻ. വിവരം പറഞ്ഞ പ്പോൾ സർ എന്നോടു പറഞ്ഞു, ‘അയ്യോ ചതിക്കല്ലേ.  ഷൂട്ട് തീർത്തു തരണേ’ എന്ന്. ഒടുവിൽ വിവാഹത്തലേന്ന് രാത്രി യാണ് വീട്ടിലെത്തിയത്. കല്യാണം കഴിഞ്ഞ് പിറ്റേന്ന് വീണ്ടും അഭിനയിക്കാൻ പോയി. അനുവിനെ പ്രസവിച്ചതും അതു പോലെ തന്നെയായിരുന്നു. ഹരി പോത്തന്റെ ‘പവിഴമുത്തി’ ൽ അഭിനയിക്കുമ്പോൾ ഞാൻ പൂർണ ഗർഭിണിയാണ്. സോമേട്ടനായിരുന്നു ഹീറോ. അവസാനം ചിത്രീകരിച്ച പാട്ടിൽ നായകനും നായികയും കെട്ടിപ്പിടിക്കുന്ന രംഗങ്ങളൊക്കെയുണ്ട്. സോമേട്ടന് ഭയങ്കര കുടവയറാണ്. ഞാൻ നിറവയറുമായി നിൽക്കുന്നു. കെട്ടിപ്പിടിച്ചിട്ട് എത്തേണ്ടേ?


മകളുണ്ടായ ശേഷമാണ് കരുത്തുറ്റ കഥാപാത്രങ്ങൾ ലഭിച്ച ത്. അനുബന്ധവും അക്ഷരങ്ങളും ആരൂഢവും... ഗർഭിണി ആയിരുന്നപ്പോൾ ഞാൻ വല്ലാതെ തടിച്ചു. ഇതോടെ സീമ യുടെ കാലം കഴിഞ്ഞുവെന്ന് ചിലർ പ്രചരിപ്പിച്ചു. എനിക്കു വാശിയായി. പ്രസവിച്ചു മൂന്നാം മാസം പഴയ ശരീരഘടന വീണ്ടെടുത്തു നൃത്തം ചെയ്തു. അതിനുശേഷം ഞാൻ വേണ്ടെ ന്നു വയ്ക്കും വരെ എനിക്കു സിനിമയിൽ തിരക്കോടു തിരക്കാ യിരുന്നു. മമ്മൂട്ടി നായകനായ മഹായാനത്തിലാണ് അവസാനമായി നായികയായത്. അപ്പോഴേക്കും ഞങ്ങൾ പ്രൊഡക്‌ഷൻ യൂണിറ്റ് തുടങ്ങിയിരുന്നു. ഓഫിസ് നോക്കാൻ ഒരാൾ മാറി നിന്നേ മതിയാകൂ. പിന്നെ, 20 വർഷത്തോളം വല്ലപ്പോഴും മാത്രമാണ് സിനിമകൾ സ്വീകരിച്ചത്. ശശിയേട്ടന്‍ അപ്പോഴും വലിയ വിജയങ്ങൾ തുടർന്നു.


അച്ഛൻ ഉപേക്ഷിച്ചുപോയ ശേഷം അമ്മയ്ക്ക് ശാപ്പാടിന് മുട്ടു വരുത്തരുതെന്ന വാശി ആയിരുന്നു എനിക്ക്. വയസായപ്പോൾ അച്ഛൻ ഞങ്ങളെത്തേടി എത്തി. അദ്ദേഹത്തിന്റെ മറ്റൊരു ബന്ധത്തിലെ മക്കളുമായൊക്കെ ഇപ്പോഴും അടുപ്പ മുണ്ട്. കൂട്ടത്തിൽ ഇളയവൾ ലക്ഷ്മി എപ്പോഴും കാണാൻ വരും. വല്യ സ്നേഹമാണ്. അന്ന് അമ്മയ്ക്ക് എങ്ങനെയും ത ണലാകണം എന്ന ഒറ്റ ചിന്തയായിരുന്നു. അമ്മയ്ക്ക് ഇപ്പോൾ 85 വയസ്സായി.  

seema_family


പ്രതിസന്ധികളിൽ കരുത്തായത് ഈ തന്റേടമാണ് ?


2007 വരെ ശാന്തമായി ഒഴുകുന്ന നദിയായിരുന്നു ഞങ്ങളുടെ ജീവിതം. പിന്നെ, സിനിമയിലെപ്പോലൊരു ട്വിസ്റ്റ്. ബൽറാം വേഴ്സസ് താരാദാസ് എന്ന ചിത്രം പായ്ക്കപ്പായി വീട്ടിലെത്തിയപ്പോൾ ശശിയേട്ടനു നല്ല ക്ഷീണം. പരിശോധിച്ചപ്പോൾ സ്ട്രോക്ക്. ഭയന്നു പോയി. ആശുപത്രിയും വീടുമായി മാസങ്ങൾ. ആ സമയത്ത് ബിസിനസും തകർന്നു. ചില ഉദ്യോഗ സ്ഥർ കുടുക്കിയതാണ്. ദിവസം കഴിയും തോറും കടം വർധിച്ചു വരുന്നു. ചിലർ ഞങ്ങൾക്കെതിരേ കോടതിയെ സമീപിച്ചു. ഞാൻ ആത്മവിശ്വാസം കൈവിട്ടില്ല. അന്ന് ജയലളിതയാണ് മുഖ്യമന്ത്രി. ഞാൻ അവരെ ഓഫിസിലെത്തി കണ്ടു. അകത്തേക്ക് കയറുമ്പോൾ അവർ കസേരയിൽ നിന്ന് കൈകൂപ്പി എഴുന്നേറ്റു. ‘ഉങ്കളുടെ ആക്ടിങ് നിറയെ പാത്തിറുക്കേൻ. നീങ്ക പെരിയ ആക്ടർ...’ എന്നു പറഞ്ഞ് അടുത്തെത്തി. പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. അവർ ഇടപെട്ടതോടെയാണ് ഒരുപരിധിവരെ പിടിച്ചു നിൽക്കാൻ കഴിഞ്ഞത്. വലിയൊരു തുക കൊടുത്ത് കേസ് തീർപ്പാക്കാൻ തീരുമാനമായി. പണം സംഘടിപ്പിക്കുക യായിരുന്നു അടുത്ത വെല്ലുവിളി. അപ്പോഴാണ് തിരുവനന്തപുരത്തെ സൗത്ത് പാർക് ഉടമ റാണി മോഹൻദാസ് ദൈവത്തെപ്പോലെ എത്തിയത്. ഒരു രേഖയുമില്ലാതെ അവർ പണം ന ൽകി. കേസ് തീർന്നതോടെ വീടു വിറ്റ് പണം മടക്കി നൽകി. അതിനുശേഷമാണ് ഈ വീട്ടിലേക്ക് മാറുന്നത്.


പിന്നീടൊരിക്കൽ ശശിയേട്ടന് ബിപി പരിശോധിക്കാൻ പോ യതാണ്. ഡ്രിങ്ക്സ് പൂർണമായും ഒഴിവാക്കാൻ പറയണമെന്ന് ഞാൻ ഡോക്ടറെ ചട്ടം കെട്ടി. അതുകൊണ്ടുതന്നെ അദ്ദേഹം കുറച്ചു പരിശോധനകൾ നിർദേശിച്ചു. അപ്പോഴാണ് കാൻസർ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും എന്തും നേരിടാനുള്ള കരുത്തു നേടിയിരുന്നു. പരമാവധി രണ്ടു വർഷം കൂടിയേ ആയുസ്സുണ്ടാകൂ എന്നു ഡോക്ടർമാർ വിധിച്ചു. ഇപ്പോൾ അഞ്ചു വർഷം കഴിഞ്ഞു. തീരെ വയ്യാതിരുന്നപ്പോൾ കമൽഹാസൻ ശശിയേട്ടനെ കാണാൻ വന്നിരുന്നു. ശശിയേട്ടനെ കെട്ടിപ്പിടിച്ചു കമൽ പറഞ്ഞു, ‘നമ്മളൊക്കെ ഒരുപാട് വിജയങ്ങൾ കണ്ടവരാണ്. നമ്മൾ സന്തോഷിച്ചതു പോലെ ആരും സന്തോഷിച്ചിട്ടുണ്ടാകില്ല. അതുകൊണ്ട് ഈ തോൽവികളിൽ നിന്നൊക്കെ നമ്മൾ കരകയറും.’ ആ വാക്കുകൾ സത്യമായി. അടുത്തിടെ ഞങ്ങൾ വേർപിരിയുന്നു എന്നു ചില ഓൺലൈൻ പത്രങ്ങൾ പ്രചരിപ്പിച്ചു. അതു വായിച്ച് കുറേ ചിരിച്ചു. പ്രതിസന്ധികളോടു കരുത്തോടെ പൊരുതിയാണ് ഇ വിടം വരെ എത്തിയത്. ഇനിയും അഭിമാനത്തോടെ മുന്നോട്ടു പോകും.


ക്ലൈമാക്സിൽ എല്ലാം കലങ്ങിത്തെളിഞ്ഞു?


ശശിയേട്ടൻ പുതിയ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ്. മകൾക്ക് നല്ലൊരു പങ്കാളിയെ കിട്ടി. ഭർത്താവ് മിലനും മകൻ ആരവിനുമൊപ്പം ഓസ്ട്രേലിയയിലാണ് അനു. മകൻ അനി സംവിധായകൻ പ്രിയദർശന്റെ അസിസ്‌റ്റന്റാണ്. എല്ലാം മു രുകന്റെ അനുഗ്രഹമാണ്. വർഷങ്ങൾക്കു മുൻപേ നേർന്നതാണ്, മുടി മുരുകന് നൽകാമെന്ന്. അത് ഈയിടെ സാധിച്ചു. വടപളനിയിലെ മുരുകൻ കോവിലിലാണ് മുടി വഴിപാടായി നൽകിയത്. ഇപ്പോഴും ഞാൻ സിനിമയിലും ടെലിവിഷനിലും സജീവമാണ്. നടി രമ്യാ കൃഷ്ണന്റെ കമ്പനിയുടെ മെഗാസീരിയൽ ഒമ്പതാം വർഷത്തിലേക്ക് കടക്കുന്നു. പഴയ തലമുറയിലെ ഷീലാമ്മയുമായും പൊന്നമ്മയുമായെല്ലാം ഇപ്പോഴും ബന്ധമുണ്ട്. അടുത്തിടെ സുലുവിനെ കണ്ടു. ദുൽഖറിന്റെ വിശേഷങ്ങൾ പറഞ്ഞു. അവന് എട്ടു ദിവസം  ഉള്ളപ്പോളായിരുന്നു ഞാൻ ആദ്യം കണ്ടത്.


38ാം വർഷം പിന്നിട്ട ദാമ്പത്യ ജീവിതം എന്ന സൂപ്പർഹിറ്റിനു പിന്നിലെ രഹസ്യം ?


‘‘പരസ്പര ബഹുമാനമാണ് വിജയരഹസ്യം. ഒരാളുടെ കാര്യ ത്തിൽ മറ്റൊരാൾ ഇടപെടില്ല. അദ്ദേഹം ചെയ്യുന്ന സിനിമ ഏ താണെന്നു പോലും ഞാൻ ചോദിക്കില്ല. ഞാൻ അഭിനയിക്കുന്നത് ഏതു ചിത്രത്തിലാണെന്ന് ശശിയേട്ടനും തിരക്കാറില്ല. ന ല്ല കാലത്തും മോശം സമയത്തും ഞങ്ങൾ ഒരുമിച്ചു നിന്നു. ’’
സമയം ഉച്ചയായി. ശശിയേട്ടന് ഊണു കഴിക്കാൻ സമയ മായെന്ന് ഓർമിപ്പിച്ച് സീമ അഭിമുഖം അവാസാനിപ്പിച്ചു.  ഡാ ൻസേഴ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോകണം. ഊണു വിളമ്പുമ്പോഴാണ് മേശപ്പുറത്ത് ഗ്ലാസിൽ ഒഴിച്ചു വച്ചിരിക്കുന്ന സൂപ്പ് കണ്ടത്... ‘അയ്യയ്യോ... ശശിയേട്ടൻ ഇതു കുടിച്ചില്ലേ...’ സ്നേഹത്തോടെയുള്ള പരിഭവം. ഊണു കഴിഞ്ഞിട്ടു കുടിക്കാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും സീമ സമ്മതിക്കുന്നില്ല. ‘ഇതങ്ങ് കൂടിക്കൂ...’ കൊച്ചുകുട്ടിയോടെന്ന പോലെയുള്ള നിർബന്ധം. സീമയാണ് നൽകുന്നത്, അദ്ദേഹത്തിന് എതിർക്കാനാകില്ല. ജീവിതത്തിൽ സീമകളില്ലാതെ പ്രണയവും പ്രാണനും പകർന്നവളല്ലേ?