Monday 15 October 2018 05:18 PM IST

ആചാരങ്ങളെ നിഷേധിക്കാനില്ല, അയ്യപ്പനെ കാണാൻ കാത്തിരിക്കും! ‘പതിനെട്ടാംപടിയിൽ’ നൃത്തം ചെയ്ത സുധാ ചന്ദ്രൻ ‘വനിത’യോടു പറയുന്നു

Roopa Thayabji

Sub Editor

sudha-chandran-sabarimala2

‘വീട്ടിലെ പൂജാമുറിയിലും അമ്പലത്തിലും ശബരിമലയിലുമെല്ലാം ദൈവമാണുള്ളത്. ആരു പ്രാർഥിച്ചാലും ദൈവം വിളി കേൾക്കും. അയ്യപ്പനും എല്ലായിടത്തുമുണ്ട്.’– വർഷങ്ങൾക്കു മുൻപ് സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ശബരിമലയിലെത്തി പതിനെട്ടാംപടിയിൽ നൃത്തം ചെയ്ത നടിയെന്ന പേരിൽ ഉണ്ടായ വിവാദത്തെക്കുറിച്ച് ആദ്യമായി ഈ ലക്കം ‘വനിത’യിലൂടെ പ്രതികരിക്കുകയാണ് നടി സുധാ ചന്ദ്രൻ.

ആ നൃത്തരംഗം ചിത്രീകരിച്ചത് ചെന്നൈയിലെ സ്റ്റുഡിയോയിൽ സെറ്റിട്ടാണ്. മറ്റു ഭാഗങ്ങൾ ശബരിമലയ്ക്കു താഴെ വച്ചും പിന്നിലെ കവാടത്തിലുമൊക്കെയായി ചിത്രീകരിക്കുകയായിരുന്നുവെന്നും സുധാ ചന്ദ്രൻ വെളിപ്പെടുത്തുന്നു.

‘ഒരേ സമയം ട്രഡീഷണലും മോഡേണുമാണ് ഞാൻ. വിശ്വാസവും പ്രാർഥനയും ഒക്കെ വ്യക്തികൾക്ക് ഓരോന്നല്ലേ. ദൈവം ഓരോരുത്തരുടെയും ഉള്ളിലാണ്. വിവാഹശേഷം 41 ദിവസം വ്രതമെടുത്ത് എന്റെ ഭർത്താവ് ശബരിമലയിൽ പോയിട്ടുണ്ട്. അയ്യപ്പനെ തൊഴണമെന്നത് എന്റെയും ഏറ്റവും വലിയ ആഗ്രഹമാണ്. പക്ഷേ, ഏതു കോടതിവിധി വന്നാലും ആചാരങ്ങളെ നിഷേധിച്ച് ഒന്നും ചെയ്യില്ല. 52 വയസ്സായി എനിക്ക്. അയ്യപ്പനെ കാണാനായി കാത്തിരിക്കാൻ തയാറാണ്.’– ‘വനിത’യിലൂടെ അനുശ്രീ പങ്കുവച്ച നിലപാടിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് സുധയും.

1986 ചിത്രീകരിച്ച 'നമ്പിനോര്‍ കെടുവതില്ലൈ' എന്ന ചിത്രത്തില്‍ യുവനടി പതിനെട്ടാംപടിയില്‍ പാടി അഭിനയിക്കുന്ന രംഗമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നത്. അയ്യപ്പ ഭക്തനായ കെ ശങ്കരന്‍ 1986 മാര്‍ച്ച് 8 മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയിരുന്നത്. യുവ നടിമാരായ ജയശ്രീ, സുധാ ചന്ദ്രന്‍, അനു (ഭാമ), വടിവുകരസി, മനോരമ എന്നിവരാണ് സന്നിധിയിൽവച്ച് നൃത്തം ചെയ്തതെന്ന കാട്ടി ഇവർക്കെതിരെ കായംകുളം കൃഷ്ണപുരം സ്വദേശിയായ വി രാജേന്ദ്രന്‍ റാന്നി കോടതിയെ സമീപിച്ചിരുന്നതായും വാർത്തകൾ‌ പ്രചരിച്ചിരുന്നു.

അഭിമുഖം പൂർണ്ണമായും പുതിയ ലക്കം വനിതയിൽ വായിക്കാം...