Tuesday 19 February 2019 04:25 PM IST : By സ്വന്തം ലേഖകൻ

വീരമൃത്യു വരിച്ച ജവാന് അന്ത്യവിശ്രമത്തിന് ഒരുതരി മണ്ണില്ല; അരയേക്കർ ഭൂമി ദാനം നൽകി നടി സുമലത!

sumalatha-pulwama-attack

ആറു മാസം മുൻപായിരുന്നു ജവാനായ മണ്ഡ്യ സ്വദേശി എച്ച്. ഗുരുവിന്റെയും (33) കലാവതിയുടെയും വിവാഹം. ഭാര്യ നാലുമാസം ഗർഭിണിയായിരിക്കുമ്പോഴായിരുന്നു പുൽവാമ ഭീകരാക്രമണത്തിൽ ഗുരുവിന്റെ വീരമൃത്യു. 10 വർഷം കൂടി സൈന്യത്തിൽ സേവനം ചെയ്യണമെന്നാണു ഭർത്താവ് ആഗ്രഹിച്ചത്. "എനിക്ക് കരസേനയിൽ ചേർന്ന് സേവനം അനുഷ്ഠിക്കണമെന്നായിരുന്നു."– ഭാര്യ കലാവതിയുടെ പ്രതികരണം. ബിരുദധാരിയായ കലാവതിയെ എംഎയ്ക്കു ചേർക്കാനുള്ള ഒരുക്കത്തിലായിരുന്നു ഗുരു. ഗുരുവിന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനെയും മറ്റു ചെറുമക്കളെയും സൈന്യത്തിൽ ചേർക്കുമെന്ന് ഗുരുവിന്റ മാതാപിതാക്കളും വ്യക്തമാക്കിയിരുന്നു. 

കർണാടകയിൽ മണ്ഡ്യയ്ക്കടുത്ത് മെല്ലഹള്ളി സ്വദേശിയാണ് എച്ച് ഗുരു. "എനിക്കൊരു മകൻ കൂടിയുണ്ട്. ദയവുചെയ്ത് അവനെക്കൂടി സൈന്യത്തിലെടുക്കുക. കേന്ദ്രസർക്കാരിനോട് എനിക്കുള്ള അപേക്ഷ ഇതുമാത്രമാണ്. രാജ്യത്തിനുവേണ്ടി രണ്ടാമത്തെ മകനെയും ഞാനിതാ സമർപ്പിക്കുന്നു. രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച മകനെയോർത്ത് എനിക്ക് അഭിമാനം മാത്രമേയുള്ളൂ..."- പറയുന്നത് ചിക്കൊലമ്മയാണ്. ഗുരുവിന്റെ അമ്മ. ഗുരുവിന്റെ അച്ഛൻ ഹൊന്നയ്യയും ചിക്കൊലമ്മയെ പിന്താങ്ങുന്നു. ജന്മനാട്ടിൽ നിന്ന് ഒരു കീലോമീറ്റർ അകലെ ഒരിടത്താണ് ഗുരുവിന് അന്ത്യവിശ്രമം ഒരുക്കിയിരുന്നത്. മൃതദേഹം എത്താൻ വൈകിയതതിനെത്തുടർന്ന് ശനിയാഴ്ച ഗുരുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടായിരുന്നില്ല. 

ഇപ്പോൾ ഹോം ഗാർഡായി ജോലി ചെയ്യുന്ന രണ്ടാമത്തെ മകൻ ആനന്ദിനെയും ഉടനെ സൈന്യത്തിൽ ചേർക്കാൻ ഞാൻ തയാറാണ്. സിആർപിഎഫിൽ ചേർന്ന കാര്യം ഗുരു തുടക്കത്തിൽ കുടുംബത്തിൽ അറിയിച്ചിരുന്നില്ലെന്നു പറയുന്നു ചിക്കൊലമ്മ. പൊലീസിൽ ചേരുന്നു എന്നാണ് ആദ്യം പറഞ്ഞിരുന്നത്. മാസങ്ങൾ പലതു കഴിഞ്ഞതിനുശേഷം മാത്രമാണ് മകൻ അതിർത്തി രക്ഷാസേനയിലാണ് ചേർന്നതെന്ന് കുടുംബം അറിയുന്നത്. 

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലാണ് ഗുരു ജനിച്ചത്. കുടുംബത്തിന് ഒരു അലക്കുകടയാണ് ഉണ്ടായിരുന്നത്. സ്വന്തമായി അവർക്കു ഭൂമിയുമില്ല. ഗുരുവിന്റെ സംസ്കാരം നടത്താനും കുടുംബത്തിനു സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ് ഗുരുവിന്റെ കുടുംബത്തിന് അരയേക്കർ ഭൂമി ദാനം ചെയ്യുകയാണെന്ന് അടുത്തിടെ അന്തരിച്ച നടനും രാഷ്ട്രീയക്കാരനുമായ അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലതയുടെ പ്രഖ്യാപനം ഏറെ ആശ്വാസകരമായി.

കർണാടകയുടെ മകൾ എന്ന നിലയിലും മാണ്ഡ്യയുടെ മരുമകൾ എന്ന നിലയിലുമാണ് താൻ ഭൂമി ദാനം ചെയ്യുന്നതെന്നും സുമതല അറിയിച്ചു. ജലസേചന സൗകര്യമുള്ള ഭൂമിയാണ് സുമലത ഗുരുവിന്റെ കുടുംബത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. കർണാടകയുടെ വിവിധയിടങ്ങങ്ങളിൽ നടന്നുകൊണ്ടിരുന്ന ഷൂട്ടിങ് നിർത്തിവച്ച് സിനിമാതാരങ്ങളും കഴിഞ്ഞ ദിവസം ഗുരുവിന്റെ സമാധി സ്ഥലത്തെത്തി സാധാരണക്കാർക്കൊപ്പം പ്രാർഥനകളിൽ പങ്കെടുത്തു.

more...