Monday 13 August 2018 04:51 PM IST

മൂന്നു സിനിമയിലും നായകൻ പൃഥ്വിരാജ്... നയം വ്യക്തമാക്കി ആദം ജോണിന്റെ സംവിധായകൻ ജിനു എബ്രഹാം

Rakhi Parvathy

Sub Editor

adam_joan1

വ്യത്യസ്തമായ പ്രമേയവുമായെത്തിയ ‘മാസ്റ്റേഴ്സ്’, ഒരു ലണ്ടൻ പ്രണയകഥ പറഞ്ഞെത്തിയ ‘ലണ്ടൻബ്രിഡ്ജ്’, ഇപ്പോൾ സ്കോട്ട് ലാൻഡിൽ വച്ച് ചിത്രീകരിച്ച ഒരു മുഴുനീള ത്രില്ലർ ആദം ജോൺ...മൂന്നിലും പൃഥ്വിരാജ് തന്നെ നായകൻ. തിരക്കഥാകൃത്തിൽ നിന്ന് സംവിധായകനിലേക്ക് ചുവടുവച്ച ജിനു എബ്രഹാമിനോട് പലരും ചോദിച്ചു, നിങ്ങൾക്ക് പൃഥ്വിരാജിനെ വച്ചല്ലാതെ സിനിമ ചെയ്യാൻ കഴിയില്ലേ? അതിനുള്ള ഉത്തരം ഒരു ചെറുപുഞ്ചിരിയോടെയാണ് ജിനു വി എബ്രഹാം പറയുന്നു. ആദം ജോൺ എന്ന സിനിമയെക്കുറിച്ച് മോശം അഭിപ്രായങ്ങൾ കേട്ട് സിനിമ കാണാൻ മടിച്ചവർ പോലും തിയേറ്ററിലെത്തി സിനിമ കണ്ടു കഴിഞ്ഞ് തിരുത്തി പറയുന്നു, ‘ ഇത് ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ സിനിമ’. സോഷ്യൽമീഡിയയിൽ ഉടലെടുക്കുന്ന നെഗറ്റീവ് പബ്ലിസ്റ്റിയെക്കുറിച്ചും പൃഥ്വിരാജ് എന്ന നടനെ നായകനാക്കിയുള്ള സിനിമ അനുഭവവും വനിത ഓൺലൈനോട് പങ്കുവയ്ക്കുകയാണ് ആദം ജോണിന്റെ സംവിധായകൻ ജിനു. വി. എബ്രഹാം.

തിരക്കഥാകൃത്തിൽ നിന്ന് ആദം ജോൺ എന്ന ചിത്രത്തിന്റെ സംവിധായകനിലേക്ക് എത്തുമ്പോൾ?

2013 മുതലുള്ള നാല് വർഷം നീണ്ട പ്രയത്നമാണ് ആദം ജോൺ എന്ന സിനിമ. അനിൽ സി മേനോൻ സംവിധാനം ചെയ്ത് ഞാൻ തിരക്കഥ എഴുതിയ ‘ലണ്ടൻ ബ്രിഡ്ജ്’ എന്ന ചിത്രത്തിന്റെ സമയത്താണ് ഇത്തരത്തിലൊരു പ്രോജക്ട് മനസ്സിലേക്ക് കയറുന്നത്. അന്ന് നിഗൂഢമായ ഒരു കഥാ സാഹചര്യവും അത് സ്കോട്ട്ലാൻഡ് പശ്ചാത്തലമാക്കി ഒരുക്കുന്നതും മനസ്സിലേക്ക് വന്നു. സിനിമയ്ക്ക് വേണ്ടി മാത്രം പിന്നീടും സ്കോട്ട്ലാൻഡിലേക്ക് പോയി. സ്ഥലവും അവിടുത്തെ സംസ്കാരവും ഒക്കെ പഠിച്ചു. അങ്ങനെയാണ് കഥ വികസിക്കുന്നത്.

അച്ഛൻ മകളെ തേടുന്ന കഥ എന്ന നിലയിൽ സിനിമയുെടെ ഒരു പ്രാരംഭ രൂപ രേഖ മാത്രമാണ് ആദ്യം പൃഥ്വിരാജിനോട് സംസാരിച്ചിരുന്നത്. കഥയുടെ വൺലൈൻ വിശദമായി കേൾക്കാൻ അദ്ദേഹം ആഗ്രഹിച്ചു. പിന്നീട് എന്ന് നിന്റെ മൊയ്തീൻ സിനിമ ഷൂട്ട് നടക്കുമ്പോൾ ഞാൻ രാജുവിനെ കണ്ട് കഥ പറഞ്ഞു. അന്നു മുതൽ സിനിമയുടെ ഡീറ്റെയ്‌ലിങ്ങിനാുള്ള ഗവേഷണത്തിലായിരുന്നു. അങ്ങനെ സ്കോട്ട്ലാൻഡ് സമ്മറും രാജുവിന്റെ ഡേറ്റും ഒത്തുവന്നപ്പോൾ സിനിമ ചെയ്തു.

adam_joan08

മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ്, ഇപ്പോൾ ആദം ജോൺ...എന്ത് കൊണ്ട് പൃഥ്വിരാജ്?

ഒരു നടൻ എന്ന നിലയിൽ ഏറെ അതിശയിപ്പിച്ചിട്ടുണ്ട് പൃഥ്വിരാജ്. സിഎഫ്എ പഠിച്ച് ഗൾഫിലെ ഒരു ഓയിൽ കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുമ്പോഴാണ് സ്വന്തം അനുഭവങ്ങളുടെ രൂപത്തിൽ മാസ്റ്റേഴ്സ് എന്ന ആശയം മനസ്സിലേക്ക് വരുന്നത്. സിനിമയാകുമെന്നോ സ്വന്തം പാഷൻ സിനിമയാണെന്ന തിരിച്ചറിവോ ഒന്നും അന്നില്ലായിരുന്നു. പക്ഷെ തിരക്കഥാ രചനയ്ക്കായി ഞാൻ ജോലി ഉപേക്ഷിച്ചു. 2010 ൽ മാസ്റ്റേഴ്സിന്റെ ബൈൻഡ് സ്ക്രിപ്റ്റുമായി കഥ പറയാൻ പൃഥ്വിരാജിന്റെ ഫ്ലാറ്റിലെത്തുമ്പോഴാണ് ആദ്യമായി രാജുവിനോട് സംസാരിക്കുന്നത്. തുടക്കക്കാരനോടെന്ന പോലെ അല്ല രാജു പെരുമാറിയിട്ടുള്ളത്. പുതിയ ആളുകളെയോ പഴയ ആളുകളെയോ വേർതിരിച്ച് കാണാതെ കഥ കേൾക്കുന്ന ഇഷ്ടമായാലും ഇഷ്ടമായില്ലെങ്കിലും ബഹുമാനത്തോടെ തന്നെ അത് തുറന്നു പറയുന്ന ഒരു നടനാണ് അദ്ദേഹം.

adam_joan02

മലയാളത്തിൽ മറ്റു പല നടന്മാരെയും കഥ പറയാൻ സമീപിച്ചിട്ടുണ്ട്. കഥ മുഴുവൻ കേൾക്കാത്തവരുണ്ട്, കേട്ടിട്ട് കടുത്ത ഭാഷയിൽ ആക്ഷേപിച്ചിട്ടുള്ളവരുണ്ട്, പുച്ഛിച്ചിട്ടുണ്ട് പലരും. എന്നാൽ പൃഥ്വിരാജ് എന്ന വ്യക്തിയോട് ആദരവ് തോന്നുന്നത് അവിടെയാണ്. അദ്ദേഹത്തെ സംബന്ധിച്ച് ആളുകൾ അല്ല സബ്ജക്ട് ആണ് പ്രധാനം. ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ നമ്മൾ എഴുതിയ കഥ വായിക്കുമ്പോൾ അതേ ആകാംഷ രാജുവിന്റെ മുഖത്ത് മിന്നി മറയുന്നത് കാണാം. രാജു എപ്പോഴും പറയും എനിക്ക് നിങ്ങളോടൊന്നുമല്ല സ്നേഹം. നിങ്ങളിലെ പ്രതിഭയെ ഞാൻ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു.

ഇതുപോലൊരു സിനിമ, അതും വ്യത്യസ്തമായ കഥാ സന്ദർഭങ്ങളിൽ പരിചിതമല്ലാത്ത സ്ഥലത്ത് ഷൂട്ട് ചെയ്യുമ്പോഴുള്ള വെല്ലുവിളികൾ?

എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ വളരെ നിർണായകമായ ഒന്നായിരുന്നു ഈ സിനിമ. മാസ്്റ്റേഴ്സ്, ലണ്ടൻബ്രിഡ്ജ് എന്നീ സിനിമകളുടെ ബോക്സ് ഓഫീസ് പരാജയത്തിന് ശേഷം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ. അടുത്ത സുഹൃത്തുക്കളിൽനിന്നു പോലും എതിർപ്പുണ്ടായിരുന്നു. പലരും എന്നെ പിന്തിരിപ്പിച്ചു, സെയ്ഫ് ആയ ഏതെങ്കിലും സബ്ജക്ട് എടുക്കാൻ പലരും പറഞ്ഞു. ഒരു സിനിമ ചെയ്യുമ്പോൾ സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലയിൽ എന്നെ എക്സൈറ്റ് ചെയ്യിക്കുന്ന സബ്ജക്ട് ആകണം അതും വ്യത്യസ്തമായ ഇതുവരെ ആരും പറയാത്ത രീതിയിൽ എന്നതിനാണ് ഞാൻ പ്രാധാന്യം നൽകിയത്. പിന്നെ എന്റെ ടീം, പൃഥ്വിരാജ് എന്ന നടനിലുള്ള എന്റെ വിശ്വാസം. എല്ലാം ഈ സിനിമ സംവിധാനം ചെയ്യാനുള്ള പ്രേരക ഘടകങ്ങളാണ്. കേരളത്തിലെ തിയേറ്ററുകളോടൊപ്പം തന്നെ ജിസിസിയിലും മികച്ച പ്രതികരണവുമായി സിനിമ മുന്നേറുന്നു.

adam_joan03

ഭാവനയെ പോലെ ഒരു നടിയെ രണ്ടാമത്തെ റോൾ ആക്കി പുതുമുഖ നായിക ?

അങ്ങനെ ഒന്നാമത്തേത് രണ്ടാമത്തേത് അങ്ങനെ ഒന്നുമില്ല. ഓരോരുത്തർക്കും അവരവരുടേതായ പ്രാധാന്യമുള്ള സിനിമയാണ് ആദം ജോൺ. ഒരു ഫ്രഷ് ഫെയ്സ് തന്നെയായിരുന്നു നായികയായി എന്റെ മനസ്സിൽ. മിഷ്ടി എന്ന പുതുമുഖ നായികയെ കൊണ്ടുവന്നത് അങ്ങനെയാണ്. മാത്രമല്ല ഒരു ജ്യൂയിഷ് ഫെയ്സ് ആവണം എന്നും ഉണ്ടായിരുന്നു. പൃഥ്വിരാജിന്റെ അനുജന്റെ ഭാര്യയായി ആദ്യം മറ്റൊരു നടിയെയാണ് കണ്ടിരുന്നത്. ആദ്യം അവർ ഓകെ പറഞ്ഞതുമാണ്. എന്നാൽ പിന്നീട് എന്നെ വിളിച്ച് ചോദിച്ചു, ഏഴ് വയസ്സുകാരിയുടെ അമ്മയായി അഭിനയിക്കണോ? കുട്ടിയുടെ പ്രായം കുറയ്ക്കാമോ എന്നൊക്കെ. അങ്ങനെയാണ് അവർ മാറുന്നത്. പിന്നീട് ഭാവനയെ വിളിച്ച് കാര്യം അങ്ങോട്ട് തന്നെ പറഞ്ഞു. നായിക മറ്റൊരു കുട്ടിയാണ് അനുജന്റെ ഭാര്യയുടെ റോൾ ആണ് ഒരു ഏഴുവയസ്സുകാരിയുടെ അമ്മയാണ് എന്നൊക്കെ. ‘എനിക്ക് അതൊന്നും ഒരു പ്രശ്നമല്ല... സ്ക്രിപ്റ്റ് കേൾക്കണം’ എന്നുമാത്രമാണ് ഭാവന മറുപടി പറഞ്ഞത്. സ്ക്രിപ്റ്റ് ഇഷ്ടമായപ്പോൾ ഭാവനയ്ക്ക് സമ്മതം.

adam_joan07

ഭാവനയുടെ ഭർത്താവായി അഭിനയിക്കുന്നത്, രാഹുൽ ആണ്. രാജുവിന്റെ അനുജന്റെ റോളിലേക്ക് രാഹുലിനെ നിർദേശിച്ചത് പൃഥ്വിരാജ് തന്നെയാണ്. മെമ്മറീസിലും പൃഥ്വിരാജ് ആണ് രാഹുലിനെ നിർദേശിച്ചത്. ലിസമ്മയുടെ വീട് എന്ന ചിത്രത്തിന്റെ സമയത്താണ് രാഹുലിന്റെ അഭിനയം പൃഥ്വിരാജ് ശ്രദ്ധിക്കുന്നത്. വളരെ നല്ല ഒരു നടൻ ആണ് രാഹുൽ എന്നാണ് പൃഥ്വിരാജ് അഭിപ്രായം പറഞ്ഞത്. അത് സത്യമാവുകയും ചെയ്തു.

മറ്റ് അഭിനേതാക്കൾ, സ്കോട്ട്ലാൻഡിന്റെ സൗന്ദര്യം നിറയുന്ന ലൊക്കേഷൻ ഇതൊക്കെ സിനിമയിൽ?

പൃഥ്വിരാജ്, രാഹുൽ മാധവ്, കെപിഎസി ലളിത, നരെയ്ൻ,ലെന എന്നിവരൊക്കെ മനസ്സിൽ ആദ്യമേ ഉണ്ടായിരുന്നു. മകളായി അഭിനയിച്ച കുട്ടി എയർലിഫ്റ്റ് എന്ന ഹിന്ദി സിനിമയിൽ അക്ഷയ് കുമാറിന്റെ മകളായി വേഷമിട്ട അബിദ ഹുസൈൻ ആണ്. പൃഥ്വിരാജിന്റെ അമ്മയുടെ കഥാപാത്രം ചെയ്തത് ബഹറൈൻ മലയാളിയായ ജയ മേനോൻ ആണ്. ഋതു എന്ന സിനിമയ്ക്ക് ശേഷം നീലത്താമരയിൽ സംവൃതയുടെ പ്രായമായ മുഖമായെത്തിയത് ജയ മേനോൻ ആയിരുന്നു. ലെനയുടെ ഭർത്താവായി അഭിനയിച്ചത് സ്കോട്ടിഷ് മലയാളിയായ ഷൈൻ എം ടോം എന്റെ സുഹൃത്തു കൂടെയാണ്.

adam_joan05

സിനിമയുടെ കഥ ആദ്യമേ ഷൈന് ഞാൻ അയച്ചു കൊടുത്തിരുന്നു. സ്കോട്ട്ലാൻഡിലെ പശ്ചാത്തലം കഥയ്ക്ക് വളരെ വലിയ സപ്പോർട്ട് ആയത് ഉചിതമായ ലൊക്കേഷൻ കണ്ടെത്താൻ ഷൈൻ കൂടെ പ്രയത്നിച്ചാണ്. സ്കോട്ട്ലാൻഡ് സൗന്ദര്യം ഒപ്പിയെടുക്കാൻ ക്യാമറമാൻ ജിത്തു ദാമോദറും ഒപ്പം ആത്മാർത്ഥമായി തന്നെ നിന്നു. ഒരു ജ്യേഷ്ഠ സഹോദരനെ പോലെയാണ് അദ്ദേഹം.

സാത്താൻ ആരാധന പോലുള്ള കാര്യങ്ങൾ സിനിമയിൽ ? അതിനുള്ള പശ്ചാത്തലം കണ്ടെത്തിയത്?

സാത്താൻ ആരാധനയും അതിന്റെ പിന്നിൽ നടക്കുന്ന കുറ്റകൃത്യങ്ങളുമെല്ലാം വിശദമായി തന്നെ പഠിച്ചു. യഥാർത്ഥ സംഭവങ്ങൾ പോലും അന്വേഷിച്ചു മനസ്സിലാക്കി. ഹോളി ബൈബിൾ വായിച്ച് സത്യ ക്രിസ്ത്യാനിയായി ജീവിച്ചിരുന്ന ഞാൻ കഴിഞ്ഞ രണ്ട് വർഷം വായിച്ചത് സാത്താൻ ബൈബിൾ ആണ്. അത് സിനിമയിൽ അവതരിപ്പിക്കുമ്പോൾ ഒട്ടും അതിശയോക്തി വരാതെ നോക്കണം എന്നത് വെല്ലുവിളിയായി തന്നെ കണ്ടായിരുന്നു അവതരണം. ബ്ലാക്ക് മാസുകൾ നടക്കുന്ന സ്ഥലങ്ങൾ ചിത്രീകരിച്ചത് ഓക്സെൻഫോർഡ് കാസിൽ, ക്രിക്റ്റ്ൻ കാസിൽ എന്നിങ്ങനെ രണ്ടിടങ്ങളാണ് കാണിച്ചത്. അതും ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ച ക്രിക്റ്റൻ കാസിൽ അത്രയും വിജനമായ എന്നാൽ വാഹനങ്ങൾ എത്തിപ്പെടുന്ന നിഗൂഢമായ സ്ഥലം തന്നെ കിട്ടി.

adam_joan04

നെഗറ്റീവ് റിപ്പോർട്ടുകൾ ഉണ്ടല്ലോ സോഷ്യൽ മീഡിയയിൽ ? മലയാള സിനിമയിൽ അടുത്തിടെ സംഭവിച്ച കാര്യങ്ങളും സിനിമയെ ബാധിച്ചില്ലെന്ന് പറയാനാകുമോ?

പോസ്റ്റീവ് ആയും നെഗറ്റീവ് ആയും അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്. ആരോഗ്യപരമായ വിമർശനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നു. പക്ഷെ വിമർശിക്കാൻ വേണ്ടി വിമർശിക്കുന്ന ഒരു കൂട്ടരുണ്ട്. അവരോട് പറയാനുള്ളത് ഇത്രമാത്രം. ‘നല്ല ഒരു ആസ്വാദക മനസ്സാണ് നിങ്ങൾ നശിപ്പിക്കുന്നത്. അതിൽ കുറെ അധികം അസ്വാദകരെയാണ് നിങ്ങൾ പിന്തിരിപ്പിക്കുന്നത്്. വളരെ സങ്കടമുണ്ട്.’പ്രേക്ഷകരോട് ഒന്നേ പറയാനുള്ളൂ. സിനിമ ആസ്വദിക്കാനുള്ള മനസ്സ് പലരിലും വ്യത്യാസപ്പെട്ടിരിക്കും. നല്ല സിനിമകളെ തിയേറ്ററിൽ പോയി കണ്ട് സ്വയം വിലയിരുത്താം. സോഷ്യൽ മീഡിയയിലെ വ്യക്തിഗത റീവ്യുകൾ എപ്പോഴും ശരിയാകണമെന്നില്ല.

മലയാള സിനിമയിൽ അടുത്തിടെയുണ്ടായ സംഭവങ്ങൾ നെഗറ്റീവ് ആയ ഒന്നും എനിക്ക് ഇതുവരെ അനുഭവപ്പെട്ടില്ല. സിനിമയ്ക്ക് പുറത്ത് വ്യക്തിപരമായ കാര്യങ്ങൾ ഒന്നും തന്നെ സിനിമയെ ബാധിക്കില്ല എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ.