Friday 17 May 2019 02:56 PM IST

‘ഞാനും അപ്പനും അപ്പന്റെ പെങ്ങൾ ശാരദയും’; ഞെട്ടേണ്ട, കിടുക്കൻ ഫ്രൂട്ട് സാലഡിന്റെ പേരാണിത്!

Tency Jacob

Sub Editor

adholokan3332

‘കൊളപ്പുളളി അപ്പനായാലോ?’

‘വേണ്ട ഡാഡി ഗിരിജയാ നല്ലത്’

‘അല്ല, കീരിക്കാടൻ ജോസായാ കൊഴപ്പം വല്ലതൂണ്ടോ?’

സിനിമയ്ക്ക് അവാർഡ് നൽകാൻ മാർക്കിടാനിരിക്കുന്ന കമ്മിറ്റി അംഗങ്ങളാണെന്നു കരുതിയോ? എങ്കിൽ തെറ്റി ഉണ്ണീ, ഇതു ചാലക്കുടിയിലെ അധോലോകമാണ്. ഒന്നു കൈഞൊടിച്ചാൽ അഭ്രപാളിയിലെ വില്ലൻമാർ മുന്നിലെത്തുന്ന അധോലോകം െഎസ്ക്രീം പാർലർ. ഇവിടുത്തെ പ്രധാന വില്ലന്മാർ രണ്ടു പേരാണ്, ജിഷ്മോനും സുമോജും. അയൽക്കാരായ ഈ വിരുതന്മാരുടെ പ്ലാനും സ്കെച്ചുമാണ് ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ഈ കട്ട ലോക്കൽ ഐസ്ക്രീം കട. ഇപ്പോൾ അങ്കമാലിയിലും അധോലോകം എത്തിയിട്ടുണ്ട്.

‘‘ഞങ്ങൾ രണ്ടുപേരും എപ്പോ കാണുമ്പോഴും മറക്കാതെ ആവർത്തിക്കുന്ന ഒരു ചോദ്യമുണ്ടായിരുന്നു. ‘എന്തേലും തുടങ്ങിയാലോ ഗഡീ?’’  ജിഷ്മോൻ ചിരിക്കുന്നു.

 ‘‘ചർച്ചകളൊക്കെ ഒരുപാടു നടന്നു. ഒടുവിലാണ് ഐ സ്ക്രീം പാർലറിലെത്തിയത്. ഏതു കാലാവസ്ഥയിലും നമ്മുടെ നാട്ടിലെ ആൾക്കാർക്കിഷ്ടമാണ്  ഐസ്ക്രീം കഴിക്കാൻ. നല്ലൊരു ആംബിയൻസുണ്ടെങ്കിൽ കുറേ സമയം ഇവിടെ ചെലവഴിക്കാൻ ഇഷ്ടമുണ്ടാകുമല്ലോ. ‘ഈ ചാലക്കുടി അങ്ങാടീല് തന്നെ കാണും പത്തു പതിനഞ്ച് ഐസ്ക്രീം പാർലർ. അതിന്റെടേല് രണ്ടു മാസം കഴിഞ്ഞ് പൂട്ടാനായി വേറൊരൊണ്ണം കൂടി തുറക്കേണ്ട കാര്യമുണ്ടോ? അതും ഈ മഴക്കാലത്ത്...’ ഇതായിരുന്നു പലരുടേയും ചോദ്യം. ശരിക്കു പറഞ്ഞാൽ ശരിയല്ലേ. പക്ഷേ, ഞങ്ങളാ ശരിയെ വക വച്ചില്ല.

പേരു വന്ന കഥ

വീട്ടുകാരോടും കൂട്ടുകാരോടുമൊക്കെ കടയ്ക്ക് പേരിടാനുള്ള സജഷൻ ചോദിച്ചിരുന്നു. പേരു കേട്ടാൽ കിടുക്കണം എന്നേ പറഞ്ഞുള്ളൂ. ഭാര്യയുടെ അനിയത്തി ദീപ്തിയാണ് ‘അധോലോകം’ എന്ന പേരു നിർദേശിച്ചത്. എങ്കിൽ നമുക്ക് തീം ബേസായിട്ട് ഓരോ വിഭവങ്ങൾക്കും സിനിമയിലെ വില്ലൻമാരുടെ പേരു കൊടുക്കാം  എന്നെല്ലാം തീർച്ചപ്പെടുത്തി. കടയുടെ ഓരോ കാര്യങ്ങൾക്ക് ഓടിനടക്കുന്നതിന്നിടയിൽ പിന്നീടതെല്ലാം മറന്നു. ഉദ്ഘാടനത്തിനു തലേന്നാണ് മെനുകാർഡിന്റെ കാര്യം ഓർക്കുന്നത്. അപ്പോൾ തന്നെ കൂട്ടുകാരോടൊപ്പമിരുന്ന് പേരുകളിട്ടു. സ്ഥിരം സിനിമ കാണുന്നവരായതുകൊണ്ട് വില്ലന്മാർക്കുണ്ടോ വല്ല പഞ്ഞവും?.

ആദ്യമിട്ടത് ഫ്രൂട്ട്സലാഡിന്റെ പേരാണ്. ‘ആറാം തമ്പുരാനി’ലെ പഞ്ച് ഡയലോഗില്ലേ, അതു തന്നെ. ‘ഞാനും അപ്പനും അപ്പന്റെ പെങ്ങൾ ശാരദയും’. ഈ ഫ്രൂട്ട് സാലഡിൽ വനില, സ്ട്രോബെറി, ചോക്‌ലെറ്റ് എന്നിങ്ങനെ മൂന്നു തരം ഐസ്ക്രീമാണ് വിളമ്പുന്നത്. ഡ്രൈ ഫ്രൂട്സ് സാലഡിന് പേരിട്ടത് ‘ആലിബാബയും നാൽപ്പത്തൊന്നു കള്ളന്മാരും’ എന്നാണ്. നട്സ്, ഈന്തപ്പഴം, ബദാം എന്നിങ്ങനെ കുറേ ആൾക്കാരില്ലേ.

അറയ്ക്കൽ അബു ചോര കണ്ട് അറപ്പു മാറിയവനാണല്ലോ. അതുകൊണ്ട് ബെറി ജ്യൂസിന് ആ പേരു കൊടുത്തു. ഫ്രഷ് മിന്റ് ലൈമിൽ കണകുണ ചേരുവകളെല്ലാമുള്ള കാരണം കണകുണ മാർട്ടിയാക്കി. കീലേരി അച്ചു മെനു കാർഡിൽ കൊടുത്തിട്ടില്ല. മിക്കപ്പോഴും ഞങ്ങളുടെ ടുഡേ സ്പെഷൽ കീലേരി അച്ചുവാണ്. ഐസ്ക്രീം സാൻവിച്ചാണ് വിഭവം. ഞങ്ങൾക്ക് അത്ര ഇഷ്ടമാണ് മാമൂക്കോയയുടെ കീലേരി അച്ചുവിനെ. അതുപോലെ ഉരുക്കു സതീശനുണ്ട്. പൊരിച്ച ഐസ്ക്രീമാണ് കക്ഷി.

ആരും കേറില്ലെന്നായിരുന്നു വീട്ടുകാരുടേയും കൂട്ടുകാരുടേയും കണക്കുകൂട്ടൽ. പക്ഷേ, ആദ്യ ദിവസം തന്നെ നല്ല തിരക്കായിരുന്നു. യൂത്തന്മാരു മാത്രമല്ല, ഫാമിലിയും കട്ടയ്ക്ക് നിക്കുന്നുണ്ട്. ചിലർ കഴിച്ചു കഴിഞ്ഞു ‘ഇത്ര ആത്മാർഥത വേണ്ടായിരുന്നു’ എന്നു പറയും. വേറൊന്നുമല്ല, ഫ്രൂട്ട് സാലഡി ൽ നിറയെ ഡ്രൈ ഫ്രൂട്സ് കണ്ടിട്ടാണ്. വിഭവങ്ങളിൽ നോ കോംപ്രമൈസ്. ഐസ്ക്രീമും ഫ്രൂട്സും നല്ല ക്വാളിറ്റിയുള്ളതാണ് ഉപയോഗിക്കുന്നത്. അധികം വിലയുമില്ല.

സിനിമയായിരുന്നു സുമോജേട്ടനെയും എന്നെയും ചങ്കാക്കിയത്. പിന്നെ, പള്ളിയിലെ സംഘടനയും. ഇറങ്ങുന്ന എല്ലാ സിനിമയും കാണും. പോരാത്തതിന് ചുറ്റുപാടും ഷൂട്ട് ചെയ്യുന്ന സിനിമയുടെ ഓഡിഷന് പോകുകയും ചെയ്യും. ‘അങ്കമാലി ഡയറീസി’ന്റെ ഓഡിഷന് പോയിട്ടുണ്ടായിരുന്നു. െപപ്പെയാവേണ്ടതായിരുന്നു. വര വരച്ചപ്പോൾ ചെറുതായൊന്ന് മാറിപ്പോയി. അതിന്റെ ദേഷ്യം  ലൈം ജ്യൂസിന് ‘അപ്പാനി രവി’എന്നു പേരിട്ടു തീർത്തു, ’’

ബിലാൽ പഴയ ബിലാല്‍ തന്നെ

മാമ്പഴ സീസണായതോടെ ബിലാൽ ജോൺ കുരിശിങ്കലിന് ഫാൻസ് കൂടി. ഇവിടുത്തെ സ്പെഷൽ റോൾ ഐ സ്ക്രീം വൈറൈറ്റിയാണ് ഇപ്പ പറഞ്ഞ ഐറ്റം. മാമ്പഴത്തി നൊപ്പം ഇഷ്ടമുള്ള ഐസ്ക്രീം ഫ്ലേവറും രുചിക്കൂട്ടുകളും ചേർത്തൊരു കളമാണ് സംഗതി. അടിയും ഇടിയും ചുഴറ്റലുമൊക്കെ കഴിഞ്ഞ് റോളായി എടുത്ത് ഐറ്റം വിളമ്പും.  ഇഷ്ടമുള്ള ചേരുവകൾ ചേർത്ത് ഓൺ ദ് സ്പോട്ട് ഉണ്ടാക്കി കയ്യിൽ തരുന്ന ഐസ്ക്രീമാണിത്. പച്ചമുളകു കൊണ്ടു വേണേലും റോൾ ഐസ്ക്രീം ഉണ്ടാക്കാൻ ഇവർ റെഡിയാ...