Wednesday 30 September 2020 03:33 PM IST

കോവിഡ് ‘തോറ്റ് തൊപ്പിയിടും’ ആദിയുടെ തൊപ്പിക്കു മുന്നിൽ; മൂന്നാം ക്ലാസുകാരന്റെ യമണ്ടൻ ബുദ്ധി; വിഡിയോ

Binsha Muhammed

sensor-cap

നമ്മൾ അകന്നു മാറി നിന്നാലും അകലം പാലിക്കില്ലെന്ന് വാശിപിടിക്കുന്ന കുറേപേർ. ‘സാമൂഹ്യ അകലമോ അതെന്താ?’ സംഭവമെന്ന് ചോദിക്കുന്ന മാനസികാവസ്ഥയിലേക്ക് മലയാളി മാറിയത് എത്രവേഗമാണ്. സാമൂഹ്യ അകലംപാലിക്കാതെ കറങ്ങി നടക്കുന്നവരെ ബീപ് അടിച്ച് അകറ്റി നിർത്താൻ ഉഗ്രനൊരു സൂത്രം ഉണ്ടെങ്കിലോ? പയന്നൂരുള്ള മൂന്നാം ക്ലാസുകാരൻ ആദിനാഥിന്റെ കുഞ്ഞ് തലയിലാണ് ആ വലിയ ബുദ്ധി വിരിഞ്ഞത്. കോവിഡ് കാലത്ത് ആദിനാഥിന്റെ ഈ ‘യമണ്ടൻ സൂത്രവിദ്യ’ കയ്യടി നേടുമ്പോൾ തലയിൽ ബൾബ് മിന്നിച്ച ആ യന്ത്രത്തിന്റെ കഥ ഇതാ... കുഞ്ഞുപ്രായത്തിൽ വലിയ നേട്ടം സ്വന്തമാക്കിയ ആദിനാഥിന്റെ കഥ അച്ഛൻ അജിത്ത് ഉണ്ണികൃഷ്ണൻ വനിത ഓൺലൈനോട് പറയുന്നു.

ചെറ്യേ പുള്ളിയല്ല ആദി

കോവിഡും ലോക്ഡൗണും പലർക്കും നേരമ്പോക്കിന്റേതായിരുന്നു. പാചകത്തിലും യൂ ട്യൂബ് വിഡിയോകളിലുമായി ക്രിയാത്മകമായി സമയം ചെലവഴിച്ചവരുമുണ്ട്. പക്ഷേ ആദിനാഥ് അവന്റെ താത്പര്യങ്ങളെ... ഹോബിയെ... സമയത്തെ നല്ലൊരു കാര്യത്തിനായി മാറ്റിവച്ചു എന്നത് അച്ഛനെന്ന നിലയിൽ ഏറെ സന്തോഷം പകരുന്നു. സാമൂഹ്യ അകലമെന്ന വലിയ സന്ദേശം മനസിലേറ്റു വാങ്ങുന്ന ഒരാളുണ്ടെങ്കിൽ... അപകടകരമായ സാഹചര്യത്തിലൂടെയാണ് നാട് കടന്നു പോകുന്നുവെന്ന ബോധ്യമുണ്ടെങ്കിൽ അവർക്ക് വേണ്ടിയാണ് ഈ കണ്ടുപിടിത്തം. ഒപ്പം ശാസ്ത്രകുതുകികളുടെ കണ്ണുതുറപ്പിക്കും എന്നും പ്രത്യാശിക്കുന്നു– അജിത്ത് പറഞ്ഞു തുടങ്ങുകയാണ്.

നാലു വയസുള്ളപ്പോഴാണ് യന്ത്രങ്ങളോടും ടെക്നോളജികളോടുമുള്ള അവന്റെ താത്പര്യം ഞാൻ മനസിലാക്കുന്നത്. അവന് മോട്ടോറിൽ പ്രവർത്തിക്കുന്ന ഒരു ലോറിയുടേയും ജെസിബിയുടേയും ടോയ്സ് ഞാൻ സമ്മാനമായി നൽകി. പക്ഷേ ഈ വിരുതൻ ചെയ്തതോ? ആ ടോയ്സിൽ നിന്ന് മോട്ടോർ ഇളക്കിയെടുത്ത് തെർമോകോളിൽ പിടിപ്പിച്ച് അതിനെ ബോട്ടാക്കി മാറ്റി. ടോയ്സിനെ നാല് പീസാക്കിയതിന് ദേഷ്യം വന്നെങ്കിലും അവന്റെ കണ്ടുപിടിത്തം കണ്ട് അമ്പരന്നു. ഇവൻ ചെറ്യേ പുള്ളിയല്ല എന്ന് മനസിലായത് അന്ന് മുതലാണ്. അതിനു ശേഷം ശ്രീനിവാസൻ പറയുന്ന പോലെ യന്ത്രങ്ങളുടെ പ്രവർത്തനങ്ങൾക്ക് മേലായി അവന്റെ കണ്ണ്. മറ്റുള്ള കുട്ടികൾ കളിക്കോപ്പുമായി നേരംകളഞ്ഞപ്പോൾ ഇവൻ തേടിയത് സ്ക്രൂ ഡ്രൈവറും സ്പാനറും ടൂൾകിറ്റും. ഏഴ് വയസായപ്പോഴേ കക്ഷി റൂട്ട് വ്യക്തമാക്കി. ട്രാൻസിസ്സ്റ്ററർ, അംപ്ലിഫയർ, സ്പീക്കർ തുടങ്ങി സകലമാന സംഗതികളും ആദി സ്വയമേ ഉണ്ടാക്കി. മൊബൈൽ ഫോണിൽ നിന്നും കണക്റ്റ് ചെയ്യാവുന്ന സ്പീക്കർ അവൻ സ്വയമേ ഉണ്ടാക്കി. പ്രത്യേക ട്രാൻസിസ്റ്റർ ഉപയോഗിച്ചാണ് അവൻ അത് നിർമ്മിച്ചത്.

adi-1

ടെക് ലോകത്തെ പുത്തൻ സാധ്യതകൾ, നൂതന സാങ്കേതിക വിദ്യകൾ, യന്ത്ര പ്രവർത്തനങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന യൂ ട്യൂബ് വിഡിയോകൾ നെറ്റിൽ കണ്ട് പഠിക്കുന്നതോടെയാണ് പരീക്ഷണങ്ങൾ പുതിയ തലത്തിലേക്ക് നീങ്ങുന്നത്. യന്ത്രങ്ങളെ നിയന്ത്രിക്കാനാവുന്ന നൂതന പ്രോഗ്രാമിങ്ങ് സംവിധാനമായ അർഡൂനോ സി പ്രോഗ്രാമിങ്ങ് അവൻ ആറു വയസുള്ളപ്പോഴാണ് സ്വായത്തമാക്കിയത്.ഈ പ്രോഗ്രാമിന്റെ സഹായത്തോടെയാണ് ഒരു യന്ത്രം പ്രവർത്തിക്കാനാവശ്യമായ സെൻസർ നമുക്ക് തന്നെ തയ്യാറാക്കാം. ലളിതമായി പറഞ്ഞാൽ മനുഷ്യന്റെ ഇടപെടലില്ലാതെ സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കാവുന്ന യന്ത്രങ്ങൾ നമുക്ക് ഉണ്ടാക്കാം.

ഡ്രൈവർലെസ് ടോയ് കാർ, പ്രത്യേക കീ പാഡ് വഴി നിയന്ത്രിക്കാവുന്ന പിയാനോ, ലേസർ ഉപയോഗിച്ച് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ഗേറ്റ് തുടങ്ങി നിരവധി സങ്കേതങ്ങൾ അവൻ ഉണ്ടാക്കി. കാറിലൊരു സെൻസറും വീലിൽ മോട്ടോറും പിടിപ്പിച്ച് മുന്നോട്ടു പോകുന്ന കാർ തടസങ്ങൾക്കു മുന്നിൽ സ്റ്റോപ്പിടും. ദൂരെ നിന്ന് കൺട്രോള്‍ ചെയ്യാവുന്ന ഗേറ്റ്, ലേസർ കിരണങ്ങൾ വഴി തുറക്കുകയും അടക്കുകയും ചെയ്യാം. ലേസർ രശ്മി ഗേറ്റിൽ വീണാൽ അപ്പോൾ തുറക്കും. അങ്ങനെ ഒരുപാട് സംവിധാനങ്ങൾ അവൻ ഉണ്ടാക്കി. അങ്ങനെയിരിക്കെയാണ് കോവിഡ് കാലത്ത് പുതിയൊരു ആശയം അവന്റെ ബുദ്ധിയിൽ വിരിയുന്നത്.

അകലം പാലിച്ചില്ലെങ്കിൽ കേൾക്കും ബീപ്!

കോവിഡ് നിയന്ത്രണങ്ങളുടേയും സാമൂഹ്യ അകലങ്ങളുടേയും കാലത്ത് സാങ്കേതിക വിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയാണ് ‘തൊപ്പിയിലേക്ക്’ എത്തിച്ചത്. അർഡൂനോ സാങ്കേതിക വിദ്യ ഉപയോഗിച്ച് തൊപ്പിയിൽ വച്ച് പ്രവർത്തിക്കാവുന്ന ഡിസ്റ്റൻസ് സെൻസർ സിസ്റ്റം അങ്ങനെയാണ് പിറവിയെടുക്കുന്നത്. തൊപ്പിയിൽ ഘടിപ്പിക്കുന്ന സെൻസർ നമ്മുടെ അടുത്ത് നിൽക്കുന്നവരെ എളുപ്പം തിരിച്ചറിയും. ഉദാഹരണത്തിന് നിശ്ചിത അകലം പാലിക്കാതെ ഒരുമീറ്റർ പരിധിക്കുള്ളിൽ നമ്മുടെ അരികിൽ ഒരാൾ ഉണ്ടെങ്കിൽ സെൻസർ ബീപ് ചെയ്യും. സിമ്പിളായി പറഞ്ഞാൽ സാമൂഹിക അകലം പാലിക്കാതെയും നിയന്ത്രണമില്ലാതെയും നമുക്കരികിലേക്ക് വരുന്നവരെ എളുപ്പം തിരിച്ചറിയാം. നമുക്ക് സുരക്ഷിതമായി ഇരിക്കുകയും ചെയ്യാം.

adinath

നിയന്ത്രണങ്ങൾ മുതലാക്കി നിരത്തിൽ കൂട്ടം കൂടുന്നവരുടെ കാലത്ത് ഇതൊക്കെ പ്രായോഗികമാണോ ഇതൊക്കെ വേണോ എന്ന് പലരും ചോദിച്ചേക്കും. നമ്മളും നാടും ഒരു പോലെ സുരക്ഷിതമാകാൻ ഇങ്ങനെയൊക്കെ വേണം എന്ന് മാത്രമേ പറയാനുള്ളു. സുരക്ഷിതരായി സാമൂഹിക അകലം പോലിക്കുന്ന ഒരു ശതമാനം ഉണ്ടെങ്കില്‍ അവർക്ക് ഇത് ഗുണകരമാകും എന്ന് പ്രതീക്ഷിക്കുന്നു.

എന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ ഈ ഡിസ്റ്റൻർ സെൻസസ് പരിചയപ്പെടുത്തി കൊണ്ട് വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേർ ആദിയെ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഒരുപാട് പേരിലേക്ക് എത്തുകയും പലരുടേയും കണ്ണുതുറപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.– അജിത്ത് പറയുന്നു.

ബംഗളുരുവിലെ ഡൽഹി പബ്ലിക് സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുകയാണ് ആദിനാഥ്. ഞാന്‌‍ ബംഗളുരു ഐബിഎമ്മിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു. ഭാര്യ ശ്യാമ.– അജിത്ത് പറഞ്ഞു നിർത്തി.