Monday 25 October 2021 02:13 PM IST : By സ്വന്തം ലേഖകൻ

‘കരുതലും സ്നേഹവുമുള്ള ഏതൊരു അച്ഛനും അത് അന്വേഷിക്കും, ശ്രമിച്ചത് മകളെ സഹായിക്കാൻ’: അനുപമയുടെ അച്ഛൻ

anupama-father

തിരുവനന്തപുരത്ത് കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ വഞ്ചിയൂര്‍ കുടുംബക്കോടതി ഇന്ന് വിധി പറയും. ദത്തെടുപ്പ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി കോടതിയിൽ നൽകിയത്.തിരുവനന്തപുരം കുടുംബ കോടതിയാണ് ഹര്‍ജികൾ പരിഗണിക്കുക. കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കല്‍ നടപടികള‍് സംബന്ധിച്ച് പോലീസും സര്‍ക്കാരും അന്വേഷണം നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ഇക്കാര്യങ്ങളില്‍ തീരുമാനമാകുന്നത് വരെ ദത്തില്‍ തീര്‍പ്പുകല്‍പ്പിക്കരുതെന്ന ആവശ്യമാണ് കോടതി ഇന്ന് പരിഗണിക്കുക. സര്‍ക്കാരിന്‍റെ ഹര്‍ജി കോടതി അംഗീകരിക്കുകയാണെങ്കില്‍ കുട്ടിയെ ദത്തെടുത്തവരില്‍ നിന്ന് തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. പിന്നീടാകും ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍.

അതേസമയം സ്വന്തം കുടുംബത്തെ അപമാനത്തില്‍ നിന്ന് രക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്ന് അനുപമയുടെ പിതാവും പേരൂര്‍ക്കട സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ എസ്. ജയചന്ദ്രന്‍. കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ സമ്മതത്തോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘അനുപമയ്‌ക്ക് മികച്ച വിദ്യാഭ്യാസം നല്‍കിയിരുന്നു. ഏറെ സ്‌നേഹവും ലാളനയും പിന്തുണയും നല്‍കി , ഏതു വെല്ലുവിളികളെയും നേരിടാന്‍ ഏറെ സ്വാതന്ത്യത്തോടെയും ധൈര്യത്തോടെയുമാണ് മകളെ വളര്‍ത്തിയത്. ഡിഗ്രി അവസാന വര്‍ഷ വേളയിലാണ് മകള്‍ അജിത്തുമായി പ്രണയത്തിലാകുന്നത്. കരുതലും സ്‌നേഹവുമുള്ള ഒരച്ഛന്‍ മകള്‍ പ്രണയിക്കുന്ന ആളുടെ പശ്ചാത്തല വിവരങ്ങള്‍ അന്വേഷിക്കും. മകളുടെ തീരുമാനം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ എല്ലാ അച്ഛന്‍മാരും ആ ബന്ധം അവസാനിപ്പിക്കാനാണ് ശ്രമിക്കുക. പ്രണയ ബന്ധത്തെക്കുറിച്ച് അറിഞ്ഞിട്ടും അനുപമയെ കോളജിലേക്ക് വിട്ടിരുന്നു. അവള്‍ തെറ്റൊന്നും ചെയ്യില്ലെന്ന് തനിക്ക് ഉറപ്പായിരുന്നു’. ജയചന്ദ്രൻ പറഞ്ഞു.

അജിത്ത് വിവാഹിതനായിരുന്നു. അജിത്തിന്റെ ആദ്യ ഭാര്യയും മുമ്പ് വിവാഹിതയായിരുന്നു. അവരുടെ കുടുംബ ജീവിതം തകര്‍ത്താണ് അജിത്ത് നസിയയുമായി ബന്ധം സ്ഥാപിച്ചത്. ഇക്കാര്യങ്ങളെല്ലാം മകളെ അറിയിച്ചതാണ്. എന്നാല്‍ അവള്‍ അതൊന്നും കേള്‍ക്കാന്‍ തയ്യറായില്ല. മൂത്ത മകളുടെ വിവാഹത്തിന് മാസങ്ങള്‍ക്ക് മുമ്പാണ് അനുപമ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത് . കാര്യങ്ങളെല്ലാം ഞങ്ങള്‍ അറിയുമ്പോള്‍ അനുപമ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. അന്നവളെ പരിചരിക്കാന്‍ ആരുമുണ്ടായിരുന്നില്ല.

അന്ന് കുഞ്ഞിനെ പരിപാലിക്കാവുന്ന സ്ഥിതിയിലായിരുന്നില്ല അനുപമ. കുഞ്ഞിനെ ശിശുക്ഷേമ സമിതില്‍ ഏല്‍പ്പിക്കാമെന്ന് പ്രസവത്തിന് മുമ്പേ തന്നെ ഞങ്ങള്‍ കൂട്ടായി തീരുമാനിച്ചിരുന്നു. വിവാഹ ബന്ധത്തിലൂടെയല്ലാതെ ഒരു കുഞ്ഞിനെ പ്രസവിച്ച നാണക്കേട് ഒഴിവാക്കാന്‍ അനുപമയും ആഗ്രഹിച്ചിരുന്നു . പ്രസവിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 22ന് രാത്രിയാണ് ഭാര്യയേയും കൂട്ടി കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് കൈമാറിയത്. ഇതിനുശേഷം എല്ലാം ശാന്തമായി. ഇതിനിടെ മൂത്ത മകളുടെ കല്യാണവും കഴിഞ്ഞതായി ജയചന്ദ്രൻ പറയുന്നു.

പിന്നീട് 2021 ഏപ്രിലിലാണ് അനുപമ കുട്ടിയെ ആവശ്യപ്പെട്ട് തന്റെ അടുക്കലെത്തിയത്. കുഞ്ഞിനെ തിരികേ വേണമെങ്കില്‍ ശിശുക്ഷേമ സമിതിയെ സമീപിക്കാനാണ് അനുപമയോട് പറഞ്ഞത്. ഇതിനുശേഷമാണ് അജിത്തും അനുപമയും വീണ്ടും ബന്ധപ്പെട്ടിരുന്നുവെന്ന കാര്യവും അറിഞ്ഞത്. മകളെ സഹായിക്കുക മാത്രമേ ചെയ്തിട്ടുള്ളു. കുട്ടിയെ തിരികെ വാങ്ങുന്നതിനെ ഒരിക്കലും എതിര്‍ത്തിട്ടില്ലെന്നും ജയചന്ദ്രൻ പറഞ്ഞു.